Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൈതൽമലയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികൾ കാട്ടാന കൂട്ടത്തിന്റെ മുന്നിൽപ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൈതൽമലയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികൾ കാട്ടാന കൂട്ടത്തിന്റെ മുന്നിൽപ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അനീഷ് കുമാർ

കണ്ണൂർ: പൈതൽമലയിൽ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് വിനോദ സഞ്ചാരത്തിനെത്തിയവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എട്ട് വിദ്യാർത്ഥികളും വനംവകുപ്പ് ജീവനക്കാരനും അടുങ്ങുന്ന സംഘമാണ് ആനക്കൂട്ടത്തിന്റെ അഞ്ച് മീറ്ററോളം അടുത്ത് ചെന്നുപെട്ടത്. നടുവിൽ സ്വദേശികളായ ആറുപേരും പൊട്ടൻപ്ലാവ് സ്വദേശികളായ രണ്ടുപേരുമാണ് മലയിൽ എത്തിയത്.

ഓടിയടുത്ത ആനകൾ അഞ്ഞൂറ് മീറ്ററോളം ഇവരെ പിന്തുടർന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പൈതൽ മലയിൽ ആനകൾ ക്യാംപ് ചെയ്യുന്ന വിവരം അറിയാമായിരുന്ന വനംവകുപ്പ് ജീവനക്കാരൻ ആന്റണി മേനോൻ പറമ്പിലിന്റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. മലയിൽനിന്ന് എതിർ ഭാഗത്തു കൂടെ അഞ്ചു കിലോമീറ്റർ വനത്തിലൂടെ ഓടി മൂന്നാം കൂപ്പ് വഴിയാണ് ഇവർ വെളിയിലെത്തിയത്.

മാസങ്ങളായി കാട്ടാനകൾ പൈതൽ മലയിൽ തങ്ങുകയാണ്. രണ്ട് കുഞ്ഞുങ്ങളുൾപ്പെടുന്ന അഞ്ച് കാട്ടാനകളാണ് ഉണ്ടായിരുന്നത്. മറ്റൊരാനക്കൂട്ടം മുന്നൂർ 'കൊച്ചി ഭാഗത്തും ക്യാംപ് ചെയ്യുന്നുണ്ട്. ഇവിടെ കൃഷിയിടങ്ങളിലും മറ്റുമായി കഴിയുകയാണിവ.

ആനകളെത്തിയെങ്കിൽ എടുക്കേണ്ട മുൻകരുതൽ നേരത്തേ പറഞ്ഞുകൊടുത്തിരുന്നതിനാൽ കുത്തനെയുള്ള ഇറക്കത്തിലൂടെ ഇറങ്ങിയോടുകയായിരുന്നു ഇവർ. രാവിലെ 11-ന് മലയിലെത്തിയ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം അവിടെ തങ്ങി തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് ആനകളുടെ തൊട്ടുമുന്നിൽ ചെന്നുപെട്ടത്.

കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് ഇവ അക്രമസ്വഭാവം കാട്ടിയത്.നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് തിങ്കളാഴ്ച മുതലാണ് മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് വനത്തിലേക്ക് പ്രവേശനം അനുവദിച്ചത്. തിങ്കളാഴ്ച ആറു പേരാണ് ആകെയെത്തിയത്.

മൺസൂൺ കാലത്ത് പൈതൽമലയിലെത്തുന്ന ആനക്കൂട്ടം ഓഗസ്റ്റ് ഒടുവിൽ മാത്രമേ കർണാടക വനത്തിലേക്ക് തിരികെ പോകാറുള്ളൂ. രണ്ടു വർഷമായി കോവിഡ് നിയന്ത്രണത്തെ തുടർന്ന് പൈതൽവനവും പുൽമേടും മനുഷ്യസാന്നിധ്യമില്ലാതെ കഴിയുകയാണ്. അതുമൂലം വന്യജീവികൾ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.

കാട്ടുനായ, കടുവ തുടങ്ങിയ ജീവികളെയും വനത്തിൽ നേരത്തേ കണ്ടിരുന്നു. കാട്ടാനകൾ മല വിട്ട് പോകുന്നതുവരെ സന്ദർശനം നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഹിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP