Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഓട്ടോ അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിലാക്കി മടങ്ങിയ യുവാവിനെ ക്വട്ടേഷൻ സംഘം കാറിടിച്ചു വീഴ്‌ത്തി; ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് തടഞ്ഞും ഭീഷണി; കൊട്ടാരക്കര സ്റ്റേഷനിൽ ആംബുലൻസ് എത്തിച്ചപ്പോൾ കൈമലർത്തി പൊലീസ്

ഓട്ടോ അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിലാക്കി മടങ്ങിയ യുവാവിനെ ക്വട്ടേഷൻ സംഘം കാറിടിച്ചു വീഴ്‌ത്തി; ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് തടഞ്ഞും ഭീഷണി; കൊട്ടാരക്കര സ്റ്റേഷനിൽ ആംബുലൻസ് എത്തിച്ചപ്പോൾ കൈമലർത്തി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: അടൂർ ജനറൽ ആശുപത്രിക്ക് മുന്നിൽ ക്വട്ടേഷൻ സംഘം കാറിടിച്ച് വീഴ്‌ത്തിയ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ആംബുലൻസ് തടഞ്ഞ് കൊലവിളി. ഒപ്പുമുണ്ടായിരുന്നവർ ആംബുലൻസ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് പരാതി.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ ഡ്രൈവറെ അടൂർ യുവത എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അഞ്ചൽ സ്വദേശിയായ ഓട്ടോഡ്രൈവർ ഓട്ടം പോയി മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

റോഡിന് നടുവിലെ ഡിവൈഡർ കാഴ്ചയിൽ ദൃശ്യമാകാതെ വന്നതാണ് അപകടകാരണമായത്. മറിഞ്ഞ ഓട്ടോയ്ക്ക് അടിയിൽ വീണ ഡ്രൈവറെ യുവതയുടെ പ്രവർത്തകർ ആണ് രക്ഷിച്ചത്. ഈ വിവരം അറിഞ്ഞ് യുവതയുടെ സജീവ പ്രവർത്തകനായ ബിജോയി തോമസ് (39) ജനറൽ ആശുപത്രിയിൽ എത്തി. ഡ്രൈവർക്ക് അപകടമൊന്നുമില്ലെന്ന് മനസിലാക്കിയ ശേഷം പുറത്തേക്ക് ഇറങ്ങി തന്റെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ക്വട്ടേഷൻ സംഘത്തിന്റെ വാഹനം പാഞ്ഞെത്തി ബിജോയിയെ ഇടിച്ചു തെറിപ്പിച്ചത്.

ബിജോയിയുടെ സ്വിഫ്ട് കാറിലും വാഹനമിടിച്ചു. കെഎൽ 26 ജെ 500 നമ്പർ മാരുതി ബ്രസ കാറാണ് അപകടമുണ്ടാക്കിയത്. സംഭവം കണ്ടു നിന്നവർ ഓടിക്കൂടി. ബിജോയി ബോധം മറഞ്ഞ നിലയിലായിരുന്നു. ഈ സമയം ഇടിച്ചു വീഴ്‌ത്തിയ ശേഷം മുന്നോട്ടു പോയ കാർ വീണ്ടും വീണു കിടക്കുന്ന ബിജോയിയെ ലക്ഷ്യമാക്കി അമിതവേഗതയിൽ പാഞ്ഞു വന്നു. നാട്ടുകാർ വീപ്പ എടുത്ത് കുറുകെ വച്ച് വാഹനം തടഞ്ഞു. കാറിന് നേരെ കല്ലെറിയുകയും ചെയ്തു. വാഹനത്തിന്റെ ചില്ലു തകർന്നു.

ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജോയ്ക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തോളെല്ലിന് ഗുരുതര പരുക്കുള്ളതിനാലാണ് ഇവിടെ നിന്ന് മാറ്റിയത്. അടൂർ യുവതയുടെ പ്രവർത്തകർ മുന്നിൽ ഒരു കാറിലും പിന്നിൽ ആംബുലൻസിൽ ബിജോയിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഏനാത്ത് പാലം കഴിഞ്ഞപ്പോൾ കെഎൽ 26 ജെ 4546 നമ്പർ താർ ജീപ്പ് ആംബുലൻസിനെ പിന്തുടർന്നു. കൊട്ടാരക്കര സ്റ്റേഷൻ പരിധിയോട് ചേർന്ന് ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞു ഭീഷണി മുഴക്കി.

ഈ സമയം ആംബുലൻസിന് ഒപ്പം കാറിലുണ്ടായിരുന്നവർ ഏറെ ദൂരം മുന്നോട്ടു പോയിരുന്നു. ആംബുലൻസ് ഡ്രൈവർ വിളിച്ചതിനെ തുടർന്ന് ഇവർ തിരികെ എത്തി. ഇതിനോടകം ജീപ്പിലുണ്ടായിരുന്നവർ സ്ഥലം വിട്ടിരുന്നു. പോകുന്ന വഴിക്ക് ആംബുലൻസുമായി കൊട്ടാരക്കര സ്റ്റേഷനിൽ ഇവർ കയറി. ക്വട്ടേഷൻ സംഘം ഭീഷണി മുഴക്കിയെന്ന വിവരം പറഞ്ഞു. നിങ്ങൾ അടൂർ സ്റ്റേഷനുമായി ബന്ധപ്പെടാനായിരുന്നു അവിടെ നിന്നുള്ള നിർദ്ദേശം. തങ്ങൾക്ക് ഒരു സഹായവും കൊട്ടാരക്കര പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന് യുവത പ്രവർത്തകർ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ബിജോയിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഏഴംകുളം പറക്കോട് കേന്ദ്രീകരിച്ചുള്ള മണ്ണു മാഫിയ സംഘമാണ് ബിജോയിയെ ആക്രമിച്ചതെന്ന് കരുതുന്നു. ബിജോയിക്കും പച്ചമണ്ണ് അടിക്കുന്ന ജോലിയുണ്ട്. സമീപ കാലത്ത് സിപിഎമ്മിൽ ചേരുകയും ഡിവൈഎഫ്ഐയുടെ ഭാരവാഹിയാവുകയും ചെയ്ത യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പറയുന്നു. കടുത്ത വിരോധം ബിജോയിക്ക് എതിരേ ഇവർക്ക് ഉണ്ടായിരുന്നുവെന്ന് വേണം കരുതാൻ. കൊലപ്പെടുത്താൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP