Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലാവസ്ഥാ വ്യതിയാനം അതിവിപത്താകുമ്പോൾ സമുദ്രനിരപ്പ് ഉയരും; കൊച്ചിയും ചെന്നൈയും മുംബൈയും അടക്കമുള്ള ഇന്ത്യൻ നഗരങ്ങളെയും ബാധിക്കും; കടലിൽ ചൂടു കൂടിയതോടെ ചുഴലികളും വർധിക്കുന്നു; അപ്രതീക്ഷിത കാട്ടുതീയും പേമാരിയും ലോകത്തെ വിഴുങ്ങുന്നു; ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് വൻ വിപത്ത്

കാലാവസ്ഥാ വ്യതിയാനം അതിവിപത്താകുമ്പോൾ സമുദ്രനിരപ്പ് ഉയരും; കൊച്ചിയും ചെന്നൈയും മുംബൈയും അടക്കമുള്ള ഇന്ത്യൻ നഗരങ്ങളെയും ബാധിക്കും; കടലിൽ ചൂടു കൂടിയതോടെ ചുഴലികളും വർധിക്കുന്നു; അപ്രതീക്ഷിത കാട്ടുതീയും പേമാരിയും ലോകത്തെ വിഴുങ്ങുന്നു; ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് വൻ വിപത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ലോകത്തിന്റെ പല രാജ്യങ്ങളെ അപ്രതീക്ഷിത പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരിക്കയാണ്. ഇപ്പോഴത്തെ കാട്ടുതീയും പേമാരിയും തിരയിളക്കവും എല്ലാം നമ്മുടെ തൊട്ടരികിലേക്കാ് എത്തുന്നത്. ഒരുകാലത്ത് ശീതമേഖലയായ രാജ്യങ്ങളിൽ പോലും ഇപ്പോൾ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. നെതർലൻഡ്‌സിനെ പേമാരി വിഴുങ്ങി. ഗ്രീസിൽ കാട്ടുതീ നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിലേക്ക് മാറിയിരിക്കുന്നു. സൈക്ലോളുകൾ രൂപം കൊള്ളുന്നതും പതിവു സംഭങ്ങളായി മാറിയിരിക്കുന്നു. ഇങ്ങനെ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണി ഉയർത്തിക്കഴിഞ്ഞു.

കാലാവസ്ഥാ വ്യതിയാനം പിടിച്ചുനിർത്താൻ സാധിച്ചില്ലെങ്കിൽ ഭൂമിക്കും മനുഷ്യനും വൻ വിപത്താകുമെന്നു റിപ്പോർട്ടാണ് പുറത്തുവരുന്നത്. സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളെ ബാധിക്കും. ഉയരുന്ന സമുദ്രനിരപ്പ് 7,517 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിലെ ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, സൂറത്ത്, വിശാഖപട്ടണം എന്നീ ആറു തുറമുഖ നഗരങ്ങൾക്കു ദോഷകരമാണ്. കൊച്ചിയിൽ അടക്കം രണ്ട് മീറ്റർ സമുദ്രം ഉയരുമെന്നാണ് റിപ്പോർട്ട്. ഇത് നഗരത്തെ വെള്ളത്തിൽ മുക്കിയേക്കും.

സമുദ്രനിരപ്പ് 50 സെന്റിമീറ്റർ ഉയർന്നാൽ തീരദേശത്തു പ്രളയമുണ്ടാവുകയും ഇവിടങ്ങളിലെ 28.6 ദശലക്ഷം ആളുകൾ ദുരിതത്തിലാവുകയും ചെയ്യും. ഏകദേശം 4 ട്രില്യൻ ഡോളറിന്റെ നഷ്ടമാണുണ്ടാവുക. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. ആഗോളതാപനത്തിനു മനുഷ്യരാകെ ഉത്തരവാദികളാണെന്നും ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

അടുത്ത ദശകങ്ങളിൽ ആഗോളതാപനം നേരത്തേ കണക്കുകൂട്ടിയതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാനാണു സാധ്യത. അതിവേഗം, വിപുലമായ തോതിൽ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറച്ചില്ലെങ്കിൽ ആഗോളതാപനം 1.5 2 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തണമെന്ന ലക്ഷ്യം നിറവേറില്ല. 2030 ഓടെ സർക്കാരുകൾ ഹരിതഗൃഹവാതക ബഹിർഗമനം പകുതിയായി കുറയ്‌ക്കേണ്ടതുണ്ടെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

മഴയുടെ രീതി മാറിയതടക്കം കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നുണ്ട്. കൂടുതൽ തീവ്രമായ മഴ, തുടർന്നുള്ള വെള്ളപ്പൊക്കം, പല പ്രദേശങ്ങളിലും കൂടുതൽ വരൾച്ച എന്നിവ ഇതിന്റെ ഭാഗമാണ്. സമുദ്രനിരപ്പ് ഉയരുന്നതു താഴ്ന്ന പ്രദേശങ്ങളിൽ നിരന്തരവും രൂക്ഷമായതുമായ തീരപ്രളയത്തിനും മണ്ണൊലിപ്പിനും കാരണമാകുന്നു. ഹിമാനി ഉരുകൽ, ഹിമപാളികളുടെ നഷ്ടം, സമുദ്ര താപതരംഗങ്ങൾ, സമുദ്രത്തിലെ അമ്ലവൽക്കരണവും ഓക്‌സിജന്റെ അളവ് കുറയലും എന്നിവയെല്ലാം അനന്തര ഫലങ്ങളാണ്.

യൂറോപ്യൻ യൂണിയനെ ഒരു ബ്ലോക്കായി കണക്കാക്കിയാൽ, നിലവിൽ ലോകത്തിലെ ഹരിതഗൃഹവാതക ബഹിർഗമനത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 2018ലെ കണക്കനുസരിച്ച് ഇന്ത്യയേക്കാൾ ഒൻപതു മടങ്ങ് കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ യുഎസ് പുറന്തള്ളുന്നുണ്ട്. ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ മഴയാണു പുതിയ കാലാവസ്ഥാ ശാസ്ത്ര പ്രവചനങ്ങൾ പറയുന്നത്. തെക്കുപടിഞ്ഞാറൻ തീരത്ത്, 1850-1900 കാലഘട്ടത്തെ അപേക്ഷിച്ച് മഴ ഏകദേശം 20 ശതമാനം വർധിക്കും. താപനില 4 ഡിഗ്രി സെൽഷ്യസ് ഉയരുകയാണെങ്കിൽ, ഇന്ത്യയിൽ പ്രതിവർഷം മഴയുടെ അളവിൽ 40 ശതമാനം വർധനയുണ്ടാകും ഐപിസിസി റിപ്പോർട്ട് പറയുന്നു. തീവ്ര കാലാവസ്ഥാ മാറ്റങ്ങൾ ഇനി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമെന്ന റിപ്പോർട്ടാണ് ഐപിസിസിയുടേത്. പല മാറ്റങ്ങളും തിരുത്താനാവാത്തതും നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീളുന്നവയും ആയേക്കാമെന്നത് മനുഷ്യരാശിയെ ഭീതിപ്പെടുത്തുന്ന അവസ്ഥയിലേക്ക കാര്യങ്ങൾ എത്തിക്കുന്നു.

എന്താണ് ഐപിസിസി റിപ്പോർട്ട്, എന്തുകൊണ്ട് നാം ഭയക്കണം?

കാലാവസ്ഥമാറ്റം സംബന്ധിച്ച റിപ്പോർട്ട് ഓരോ ഏഴു വർഷം കൂടുമ്പോഴും ഐപിസിസി (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) തയാറാക്കുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോർട്ടാണ് നമ്മുടെ കൊച്ചിയെ അടക്കം ഭീതിപ്പെടുത്തുന്നത്. മനുഷ്യരുടെ ജീവിതരീതിമൂലം ലോകത്തു കാലാവസ്ഥകൾ തീവ്രമായി മാറുന്നുവെന്നു മാത്രമല്ല, വൻപ്രളയവും പൊള്ളുന്ന ചൂടുമെല്ലാം നമ്മുടെ വാതിലിൽ മുട്ടുകയുമാണ്. ആഗോളതാപനം കുറയ്ക്കാൻ ലോകരാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ചതാണു പാരിസ് കരാർ. ലോകത്തെ ശരാശരി താപവർധന 1.5 മുതൽ 2 ഡിഗ്രി വരെ എന്ന പരിധി കടക്കാതെ നോക്കുകയായിരുന്നു കരാറിന്റെ ലക്ഷ്യം. എന്നാൽ ഇതനുസരിച്ചു നീങ്ങിയാലും താപനം നിയന്ത്രിച്ചു കാലാവസ്ഥയെ പിടിച്ചുനിർത്തി പാരിസ്ഥിതിക വീണ്ടെടുപ്പു സാധ്യമല്ലെന്നതാണ് ഐപിസിസിയുടെ ആറാമത് അസസ്‌മെന്റ് റിപ്പോർട്ടിന്റെ ചുരുക്കം.

അന്തരീക്ഷത്തിലേക്കുള്ള വാതക പുറന്തള്ളൽ കുറയ്ക്കുന്നതിൽ നാമെല്ലാം പരാജയപ്പെട്ടിരിക്കുന്നു. നാളിതുവരെ കണ്ടിട്ടില്ലാത്തവിധം അതിതീവ്ര മഴയും അസഹ്യ ചൂടും കാട്ടുതീയും തൽഫലമായുള്ള ചുഴലിക്കാറ്റുകളും കടലേറ്റവും ഒക്കെയായി ഭൂമി ഒരു ആസന്നപ്രതിസന്ധിയുടെ തുരങ്കത്തിലേക്കു കടന്നിരിക്കുന്നു. തീവ്രകാലാവസ്ഥമാറ്റങ്ങൾ ഇനി മുതൽ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകാൻ പോകുന്നു.

മൂന്നുദിക്കിലും കടലും വടക്കു ഹിമാലയവും കോട്ടപോലെ സംരക്ഷിക്കുന്ന ഇന്ത്യയുടെ സന്തുലിത കാലാവസ്ഥയും വെല്ലുവിളി നേരിടുകയാണെന്നു റിപ്പോർട്ട് പറയുന്നു. ലോകത്തുതന്നെ ഏറ്റവും ചൂടേറിയ കടലായി അറേബ്യൻ സമുദ്രമേഖല മാറി. ബംഗാൾ ഉൾക്കടലും ചൂടേറ്റത്തിന്റെ പിടിയിലാണ്. ചൂടേറുന്നതോടെ കടലിലെ അമ്ലത(അസിഡിറ്റി) വർധിക്കും. ഓക്‌സിജൻ തോതുകുറഞ്ഞ് കടൽപായലും മറ്റും പെരുകുന്ന സാഹചര്യവുമുണ്ട്. ആർട്ടിക്‌സമുദ്രത്തിൽ 2050 ആകുമ്പോൾ മഞ്ഞില്ലാതാകും. ഗ്രീൻലൻഡിലെ മഞ്ഞുപാളിയും കുറയുന്നു. യൂറോപ്പിലെ ആൽപ്‌സ് പർവതനിരയും മഞ്ഞുരുക്കത്തിലാണ്. ഹിമാലയത്തിൽ മഞ്ഞുരുകൽ തുടങ്ങിക്കഴിഞ്ഞു. ഹിമാവരണം ഓരോ വർഷവും നേർത്തുവരുന്നു. ഈ ജലം എത്തുന്നതോടെ സമുദ്രജലം തിളച്ചുതൂവും. ഇതു തീരത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കു ഉപ്പുവെള്ളം കയറാൻ ഇടയാക്കും.

അറബിക്കടലിലും ഇന്ത്യൻ സമുദ്രത്തിൽ ചുഴലിക്കൾ പതിവാകുന്നത് എന്തുകൊണ്ട് ?

ഒരുകാലത്ത അറബിക്കടലിൽ ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നത് വിരളമായ സംഗതിയായിരുന്നു. എന്നാൽ, ഇന്ന് കാലം മാറിയതോടെ ഇത് പതിവ് സംഭവമായി മാറിയിരിക്കയാണ്. ലോകത്താകമാനം ചുഴലികളുടെ (സൈക്ലോൺ) എണ്ണം 50 ശതമാനം വർധിച്ചുവെന്നതും ആശങ്കപ്പെടുത്തുന്ന കണക്കാണ്. മൺസൂൺകാലത്തെ തീവ്രമഴയുടെ തോതിൽ മൂന്നുമടങ്ങിന്റെ വർധന. സമുദ്രജലം ചൂടായാൽ നീരാവിയായി ഉയരും. ഇതാണു മഴയാകുന്നത്. ചൂട് പിന്നെയും കൂടിയാൽ നീരാവിയുടെ അളവുകൂടി മഴമേഘങ്ങൾ ജലകുംഭങ്ങളായി മാറും. മേഘസ്‌ഫോടനങ്ങൾ ഇങ്ങനെയാണുണ്ടാകുന്നത്. അന്തരീക്ഷത്തിലേക്കു തള്ളുന്ന ചൂടിന്റെ 93 ശതമാനത്തെയും ആഗിരണം ചെയ്യുന്നതു കടലാണ്. ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്നതും കടലിന്. ഇന്ത്യൻ തീരത്തോടു ചേർന്നുകിടക്കുന്ന മഹാസമുദ്രമേഖലയിലാണ് ഇന്നു ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുകൂടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അസാധാരണ പ്രളയത്തിനും ചൂടേറ്റത്തിനുമാണു ചൈനയും ജർമനിയും സാക്ഷ്യം വഹിക്കുന്നത്. ഇത്തരം മാറിയ കാലാവസ്ഥയെ വർണിക്കാൻ ജർമൻ ഭാഷയിൽ വാക്കുകളേയില്ലെന്നാണു ചാൻസലർ അംഗല മെർക്കൽ പറയുന്നത്. അതെ, നാം ചരിത്രത്തിലെ വലിയൊരു മാറ്റത്തിന്റെ തുറമുഖത്താണ്. കാനഡയിലും യുഎസിലും ഇന്നുവരെ കാണാത്തത്ര ചൂടായിരുന്നു. ഗ്രീസിൽ കാട്ടുതീ മൂലം 56,000 ഹെക്ടർ വനം കത്തിപ്പോയി. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ അനുഭവപ്പെട്ട 49.6 ഡിഗ്രി സെൽഷ്യസ് ചൂട് റെക്കോർഡാണ്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ആഗോളതാപനവുമായി നേരിട്ടു ബന്ധപ്പെട്ട കാലാവസ്ഥാ ദുരന്തങ്ങളാണെന്നു ഗവേഷകർ തെളിയിച്ചു കഴിഞ്ഞു.

ഇന്ത്യയും ഭയക്കണം

അടുത്തകാലത്ത് ഇന്ത്യയിൽ പേമാരികൾ പതിവായിരിക്കയാണ്. കേരളത്തിലെ മഹാപ്രളയം അടക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രമാണ്. അടുത്തിടെയാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ 48 മണിക്കൂറിൽ 107 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഭൂമിക്കും മണ്ണിനും താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഈ പെയ്ത്ത്. എന്നു വച്ചാൽ ഓരോ ചതുരശ്രമീറ്ററിലും ഒരു മീറ്റർ ഉയരത്തിൽ മഴവെള്ളം സങ്കൽപിച്ചു നോക്കൂ. 200 പേരാണു മരിച്ചത്. നമ്മുടെ നഗരങ്ങളും നദികളും മലയോരങ്ങളുമെല്ലാം ചൂടിനെ ആഗിരണം ചെയ്യാനോ പ്രളയജലത്തെ ഉൾക്കൊള്ളാനോ ആവാത്തവിധം ദീർഘവീക്ഷണമില്ലാത്ത വികസനത്തിന്റെ ദുരന്തഭൂമികളായി മാറുന്നു. ലോകത്തുതന്നെ, ഇന്ത്യയിൽ മണ്ണിടിച്ചിൽ ഏറ്റവുമധികം വർധിച്ചുവരുന്നതിന്റെ കാരണം മൺഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണ്.

കാലാവസ്ഥാ പാരിസ്ഥിതിക ദുരന്തസാധ്യതാ വിലയിരുത്തലിന് ഇന്ത്യ തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തീവ്രകാലാവസ്ഥയുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾ പതിയിരിക്കുന്നു എന്നു കണ്ടെത്തി അടയാളപ്പെടുത്തണം. വലിയ അതിവേഗ റെയിൽവേ നിർമ്മാണം മുതൽ ചെറിയ വീടുവയ്ക്കുന്നതിനു വരെ ഇത് അടിസ്ഥാനമാക്കണം. ദുർബല മേഖലകളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കിയാൽ ഭാവിദുരന്തങ്ങളെ ഒഴിവാക്കുകയോ ആഘാതം കുറയ്ക്കുകയോ ചെയ്യാം. അപകടസാധ്യത കുറവുള്ള മേഖലകൾ കണ്ടെത്തി അവിടെ അനുയോജ്യ വികസനം നടപ്പാക്കാം. നമ്മുടെ നഗരങ്ങളെ പുനർരൂപകൽപന ചെയ്യണം.

ദുരന്തകവചിതമാകണം രാജ്യത്തെ ഓരോ ജില്ലയും. കാലാവസ്ഥമാറ്റം ആഗോള പ്രതിഭാസമാണെങ്കിലും അതു ദുരന്തമായി പെയ്തിറങ്ങുന്നത് ഒരു പ്രദേശത്തേക്കു മാത്രമായിരിക്കും. ഓരോ സ്ഥലത്തെയും കാലാവസ്ഥാ പ്രത്യേകതകളും ദുരന്തസാധ്യതകളും സംബന്ധിച്ച തൽസ്ഥിതിയും സ്ഥിതിവിവരക്കണക്കും നൽകുന്ന ഡേറ്റാ ടൂളുകൾ ഇന്നു ലഭ്യമാണ്. എന്തുകൊണ്ടു നടപ്പാക്കാൻ വൈകുന്നു എന്ന ചോദ്യംമാത്രം ബാക്കി. പ്രളയവും സൈക്ലോണുകളും സംബന്ധിച്ച ആസൂത്രണത്തിന് ഒരു ഗവേഷണ കേന്ദ്രംതന്നെ ആരംഭിക്കാം. കാർബൺ സന്തുലിത സാങ്കേതികവിദ്യകളിലേക്കും കാർഷിക ഭക്ഷ്യ ജീവിതരീതികളിലേക്കും ചുവടുമാറ്റണം. മനുഷ്യനിർമ്മിത കാർബൺ ഡയോക്‌സൈഡാണു ചൂടുകൂടാൻ കാരണം. ഇന്നത്തെ നമ്മുടെ രീതിവച്ചു നോക്കിയാൽ ഈ താപനതോത് 2040 ആകുമ്പോഴേക്കും ശരാശരി രണ്ട് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാം.

മിത ശീതോഷ്ണ കാലാവസ്ഥയ്ക്കു പേരുകേട്ട പുണെയിൽ ഇക്കുറി 34 ശതമാനം അധികമഴ ലഭിച്ചു. പലപ്പോഴും കാലാവസ്ഥാ ദുരന്തങ്ങൾക്ക് ആദ്യം ഇരയാകുന്നതു ദുർബല ജനവിഭാഗങ്ങളാണ്. ദുരന്തതീവ്രത ഏറ്റവും അനുഭവിക്കേണ്ടതും ഇവർ തന്നെ. പ്രളയവും കൃഷിനാശവും പലായനത്തിലേക്കും ദാരിദ്ര്യത്തിലേക്കുമാണു മറനീക്കുന്നത്. മുംബൈയിൽ 2005ലെ പ്രളയം (മരണം 1000), യൂറോപ്പിലെ 2003ലെ താപതരംഗം (മരണം 70,000) തുടങ്ങി അനേകം സംഭവങ്ങളുണ്ടായിട്ടും നാം പാഠം പഠിച്ചില്ല. ഉറക്കം തുടരുകയാണ്. മനുഷ്യ നിർമ്മിത കാലാവസ്ഥാമാറ്റമാണ് ഈ ദുരന്തങ്ങൾക്കെല്ലാം പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP