Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒളിംപിക്‌സാണെന്ന് അറിയാതെ 1900ൽ പാരീസിൽ ക്രിക്കറ്റ് കളിച്ചത് ബ്രിട്ടനും ഫ്രാൻസും; 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ തിരിച്ചുവരവിന് ഒരുങ്ങി ക്രിക്കറ്റ്; നീക്കങ്ങൾ ശക്തമാക്കി ഐസിസി; വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു; കോമൺവെൽത്ത് ഗെയിംസിലും മാറ്റുരയ്ക്കും

ഒളിംപിക്‌സാണെന്ന് അറിയാതെ 1900ൽ പാരീസിൽ ക്രിക്കറ്റ് കളിച്ചത് ബ്രിട്ടനും ഫ്രാൻസും; 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ തിരിച്ചുവരവിന് ഒരുങ്ങി ക്രിക്കറ്റ്; നീക്കങ്ങൾ ശക്തമാക്കി ഐസിസി; വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു; കോമൺവെൽത്ത് ഗെയിംസിലും മാറ്റുരയ്ക്കും

സ്പോർട്സ് ഡെസ്ക്

ദുബായ്: ഒളിമ്പിക്സിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി 'ക്രിക്കറ്റ്'. ലോക കായിക മാമാങ്കത്തിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. ഇതിനായി ഒരു വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തലവൻ ഇയാൻ വാട്മോറാണ് ഐസിസി ഒളിമ്പിക് വർക്കിങ് കമ്മിറ്റി ഗ്രൂപ്പ് അധ്യക്ഷൻ.

ഇതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഏറെനാളത്തെ ആഗ്രഹത്തിന് തിരി തെളിയുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് ഈ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം എടുക്കുവാൻ യാതൊരു അധികാരവും ഇല്ലെങ്കിലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മേൽ ഈ ഒരു നിർദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി സമ്മർദ്ദം ചെലുത്തുന്നത് ആയിരിക്കും തങ്ങളുടെ പ്രഥമപരിഗണന എന്നതാണ് ഇപ്പോൾ ഐസിസിയുടെ തീരുമാനം.

ക്രിക്കറ്റ് എന്ന വിനോദത്തിന്റെ അന്താരാഷ്ട്ര അംഗീകാരത്തിനെ പോലും ചോദ്യം ചെയ്യുന്ന ഒരു ഘടകമായിരുന്നു എന്തുകൊണ്ട് ഒളിമ്പിക്‌സിൽ ഇതുവരെ ക്രിക്കറ്റ് ഭാഗമായി ഇല്ല എന്നത്. ക്രിക്കറ്റ് എന്ന ഗെയിമിന്റെ സമയ ബാഹുല്യമാണ് ക്രിക്കറ്റിനെ ഒരുപരിധിവരെയെങ്കിലും ഒളിമ്പിക്‌സിൽ നിന്നും അകറ്റി നിർത്തുന്നത്. പാരീസിൽ വച്ച് നടന്ന 1900 ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും അന്ന് രണ്ട് ടീമുകൾ മാത്രമായിരുന്നു മത്സരിച്ചത്.

എന്നാൽ ട്വന്റി20 ക്രിക്കറ്റിന്റെ വരവോടുകൂടി സമയദൈർഘ്യം എന്ന കടമ്പ ഒരുപരിധിവരെയെങ്കിലും മറികടക്കാനായി. അമേരിക്കയിൽ 30 മില്ല്യൺ ക്രിക്കറ്റ് ആരാധകരാണുള്ളത്. ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അനുയോജ്യമായ വേദിയാണ് ലോസ് ഏഞ്ചൽസിലേതെന്നും ഐസിസി വ്യക്തമാക്കുന്നു. എന്നാൽ ഒളിമ്പിക്‌സ് പോലെയുള്ള വലിയ വേദികളിൽ മാത്രം മത്സരിക്കാനുള്ള ടീമുകളുടെ എണ്ണം തികയ്ക്കുക എന്നത് ഇവിടെ ഏറെ പ്രയാസം നേരിടേണ്ടി വന്നേക്കാം. രാജ്യാന്തര ക്രിക്കറ്റിൽ സജീവമായി പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വിരളമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.

ഒളിമ്പിക്സിൽ ഒരൊറ്റ തവണ മാത്രമാണ് ക്രിക്കറ്റ് മത്സര ഇനമായത്. 1900-ത്തിലെ പാരിസ് ഒളിമ്പിക്സിലായിരുന്നു ഇത്. നാലു രാജ്യങ്ങൾ പങ്കെടുക്കാൻ തയാറാണെന്ന് അറിയിച്ചു. ഇംഗ്ലണ്ട്, ഫ്രാൻസ്, ബെൽജിയം, ഹോളണ്ട് എന്നീ ടീമുകളാണ് സമ്മതമറിയിച്ചത്. എന്നാൽ ബെൽജിയവും, ഹോളണ്ടും മൽസരിച്ചില്ല. ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചത് അവരുടെ ഔദ്യോഗിക ദേശീയ ടീമായിരുന്നില്ല. മറിച്ച് ഫ്രാൻസിൽ പര്യടനം നടത്തുന്ന ഒരു ക്ലബ്ബായിരുന്നുഡെവൺ ആൻഡ് സോമർസെറ്റ് വാണ്ടറേഴ്സ്. ഫ്രഞ്ച് ടീമിനെ പ്രതിനിധീകരിച്ചത് ഏറെക്കുറെ ബ്രിട്ടീഷുകാർ തന്നെയായിരുന്നു, എംബസിയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാർ. യൂണിയൻ ക്ലബ്, സ്റ്റാൻഡേഡ് അത്ലറ്റിക് ക്ലബ് എന്നീ ക്ലബ്ബുകൾ ചേർന്ന് ഫ്രാൻസിന് ടീമുണ്ടാക്കി.

ഓഗസ്റ്റ് 19, 20 തീയതികളിലായിരുന്നു മൽസരം. സൈക്ലിങ് മൽസരത്തിനായി തയാറാക്കിയ വിൻസെന്നീസ് വെലോഡ്രോം ആണ് മൽസരത്തിന് വേദിയൊരുക്കിയത്. കാണികൾ നന്നേ കുറവ്. ആദ്യം ബാറ്റ് ചെയ്ത ബ്രിട്ടൻ 117 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫ്രാൻസിന് 78 റൺസ് മാത്രമേ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്സിൽ ബ്രിട്ടൻ 145/5 എന്ന നിലയിൽ ഡിക്ലേയർ ചെയ്തു. ഫ്രാൻസിന്റെ രണ്ടാം ഇന്നിങ്സ് 26 റൺസിന് അവസാനിച്ചു. ബ്രിട്ടന് 158 റൺസിന്റെ തകർപ്പൻ വിജയം.

ബ്രിട്ടന് വെള്ളിയും ഫ്രാൻസിന് വെങ്കലവും (ഒളിംപിക് ജേതാക്കൾക്ക് സ്വർണവും വെള്ളിയും വെങ്കലവും സമ്മാനിക്കുന്ന രീതി പിന്നീടാണ് നിലവിൽവന്നത്). മറ്റൊരു കാര്യത്തിലാണ് ഏറ്റവും വലിയ രസം. തങ്ങൾ കളിക്കുന്നത് ഒളിംപിക്സിലാണെന്ന് ഇരു ടീമുകൾക്കും അറിയില്ലായിരുന്നത്രെ. ഈ മൽസരത്തിന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1912ൽ മാത്രമാണ്. 1912ൽ ചേർന്ന ഐഒസി യോഗത്തിലാണ് അതുവരെ നടന്ന ഒളിംപിക്സുകളിലെ മൽസരങ്ങളും ഫലങ്ങളും ക്രോഡീകരിച്ചത്. രാജ്യാന്തര പദവിയില്ലെങ്കിൽപ്പോലും ഇതോടെ പാരിസ് മേളയിലെ ക്രിക്കറ്റിനും അംഗീകാരമായി. ഒടുവിൽ ഒളിമ്പിക്‌സ് വേദിയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് വീണ്ടും ക്രിക്കറ്റ്.

അതേസമയം അടുത്ത വർഷം ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മത്സര ഇനമായി ഉണ്ടാകും. 1998-ന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇത്തവണ വനിതാ ക്രിക്കറ്റും മത്സര ഇനമായി ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP