Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പള്ളിപ്പുറം സ്വർണക്കവർച്ച: കേസിലെ മുഖ്യപ്രതി ജാസിംഖാനും കൂട്ടാളികളും അറസ്റ്റിൽ; പ്രതികളെ പിടികൂടിയത്, രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സാഹസികമായി; അധോലോക സംഘങ്ങളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞത് അന്ധേരിയിൽ; കേസിൽ ഇതുവരെ 20 പേർ അറസ്റ്റിൽ

പള്ളിപ്പുറം സ്വർണക്കവർച്ച: കേസിലെ മുഖ്യപ്രതി ജാസിംഖാനും കൂട്ടാളികളും അറസ്റ്റിൽ; പ്രതികളെ പിടികൂടിയത്, രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സാഹസികമായി; അധോലോക സംഘങ്ങളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞത് അന്ധേരിയിൽ; കേസിൽ ഇതുവരെ 20 പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പള്ളിപ്പുറത്തിന് സമീപം ദേശീയപാതയിൽ സ്വർണവ്യാപാരിയെ കാർ തടഞ്ഞ് വെട്ടിപരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ജാസിംഖാനും കൂട്ടാളികളും അറസ്റ്റിൽ. മംഗലപുരം പൊലീസും തിരുവനന്തപുരം റൂറൽ ഷാഡോ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടാനായത്.

കേസിലെ ഒന്നാം പ്രതിയായ കവർച്ച നടത്തിയ ക്വട്ടേഷൻ സംഘത്തിന്റെ തലവൻ ജാസിംഖാൻ(28) കൂട്ടാളികളായ മംഗലപുരം എം.കെ നഗറിൽ ബൈദുനൂർ ചാരുമൂട് വീട്ടിൽ അജ്മൽ (25) തോന്നയ്ക്കൽ കല്ലൂർ മുഹമ്മദ്‌റാസി (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി.

സ്വർണം കവർന്നതിന് ശേഷം പ്രതികൾ ബെംഗളൂരുവിലേക്കും അവിടെനിന്ന് ഗോവയിലേക്കും കാർ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെയും കാറും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം ഇവരെ പിടികൂടാനായി കർണ്ണാടകയിലും ഗോവയിലും എത്തിയെങ്കിലും പ്രതികൾ അവിടെ നിന്നും മുംബൈയിലേക്ക് കടന്നു.

കഴിഞ്ഞ രണ്ട് മാസമായി ഇവർ മുംബൈ അന്ധേരിയിലെ വിവിധയിടങ്ങളിൽ അധോലോക സംഘങ്ങളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. അന്ധേരിയിലെ ഒളിത്താവളം അന്വേഷണസംഘം മനസ്സിലാക്കിയതറിഞ്ഞ് പ്രതികൾ തമിഴ്‌നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്.

നിരവധി വധശ്രമ,കവർച്ച കേസുകളിലെ പ്രതിയായ ജാസിംഖാനെതിരെ ജില്ലയിൽ കഴക്കൂട്ടം, മംഗലപുരം,കല്ലമ്പലം, വർക്കല എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലും കേസുകൾ നിലവിലുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്ത് ഒളിവിൽ പോയശേഷം നേരിട്ട് കോടതിയിൽ കീഴടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ഇത് മനസ്സിലാക്കിയ പൊലീസ് കോടതിക്ക് പുറത്ത് തുടർച്ചയായി ഷാഡോ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ആദ്യമായാണ് ഇയാൾ നേരിട്ട് പൊലീസിന്റെ പിടിയിലാകുന്നത്

കവർന്ന സ്വർണം മുഖ്യപ്രതിയായ ജാസിംഖാനാണ് വിവിധ സംഘാംഗങ്ങൾക്ക് വീതിച്ചുനൽകി വിറ്റതും പണയം വെച്ചതും. കണ്ടെത്താനുള്ള 60 പവനോളം സ്വർണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇയാളിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയാൽ കവർച്ച ചെയ്ത മുഴുവൻ സ്വർണവും കണ്ടെത്താനാകും. രണ്ട് ദിവസം മുമ്പ് ഈ കേസിലെ മുഖ്യ ആസൂത്രകനും തമിഴ്‌നാട് ചെന്നൈയിൽ താമസക്കാരനുമായ സന്തോഷിനെയും രണ്ട് കൂട്ടാളികളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതികളെ അന്വേഷണ സംഘത്തിന് പിടികൂടാനായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്‌പി സുനീഷ്ബാബുവിന്റെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി എം.കെ സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.

മംഗലപുരം പൊലീസ് ഇൻസ്‌പെക്ടർ എച്ച്.എൽ.സജീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ എസ്.ജയൻ, ഫ്രാങ്ക്‌ളിൻ, ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ എം.ഫിറോസ്ഖാൻ , എഎസ്ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ, അനൂപ് എന്നിവരാണ് നാല് മാസത്തോളമായി പൊലീസിന് പിടിതരാതെ മുങ്ങി നടന്ന പ്രതികളെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു. കേസിൽ 40 പവനോളം സ്വർണവും 73000 രൂപയും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ച ആറ് കാറുകളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP