Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ചന്ദ്രികയിലേത് ഫണ്ട് തിരിമറിയല്ല, സാമ്പത്തിക പ്രതിസന്ധി; മുഈൻ അലിയെ ചുമതലപ്പെടുത്തിയത് പ്രശ്‌നം തീർക്കാൻ; മറ്റ് കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ല'; കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷമെന്ന് പി.എം.എ സലാം

'ചന്ദ്രികയിലേത് ഫണ്ട് തിരിമറിയല്ല, സാമ്പത്തിക പ്രതിസന്ധി; മുഈൻ അലിയെ ചുമതലപ്പെടുത്തിയത് പ്രശ്‌നം തീർക്കാൻ; മറ്റ് കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ല'; കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷമെന്ന് പി.എം.എ സലാം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈൻ അലി തങ്ങൾ ഉന്നയിച്ച വിഷയം ഇനിയും ചർച്ച ചെയ്യുമെന്ന് ലീഗ് നേതൃത്വം. ചന്ദ്രികയിൽ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അനധികൃതമായി പത്രസമ്മേളനത്തിൽ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

അദ്ദേഹത്തിന്റെ നടപടി തെറ്റായി പോയെന്ന് പാർട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. ചന്ദ്രികയുടെ പ്രശ്‌നങ്ങൾ തീർക്കാൻ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാൾ മറ്റ് കാര്യങ്ങളിൽ പാർട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങൾ മുഈൻ അലിയെ പ്രശ്‌ന പരിഹാരത്തിന് നിയോഗിച്ചത്. എന്നാൽ വിചാരിച്ച പോലെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല. ചന്ദ്രികയിൽ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. ഈ വിഷയത്തിൽ ഫിനാൻസ് ഡയറക്ടറെ മാറ്റാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ പല കമ്പനികൾക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചന്ദ്രികയ്ക്കും ഉണ്ടായത്. അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.

മുസ്ലിം ലീഗിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സിപിഎം കെ ടി ജലീലിനെ നിയോഗിച്ചിരിക്കുകയാണെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലാണ്. പാർട്ടിക്കാരൻ അല്ലാത്ത കെ ടി ജലീലിനെ ഇതിനായി നിയോഗിക്കുകയും ചെയ്തു. പാണക്കാട് കുടുംബത്തിൽ നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് പറഞ്ഞയാളാണ് ജലീൽ എന്നും പിഎംഎ സലാം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. പാർട്ടി മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹൈദരാലി തങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ലീഗ് പ്രവർത്തകർക്കെല്ലാം ബോധ്യമുണ്ട്. ആരും അതെ കുറിച്ച് ഞങ്ങളെ പ്രകോപിതരാക്കി പറയിപ്പിക്കേണ്ട. മുഈൻ അലിക്കെതിരേ നടപടി സ്വീകരിച്ചാൽ ഭൂകമ്പം ഉണ്ടാവുമെന്ന് പറഞ്ഞത് ലീഗുകാരല്ല സിപിഎമ്മുകാരാണ്. വിഷയത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പി.എം.എ സലാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP