Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശത്രുക്കൾ ആരുമില്ലാതെ ലോകം ഉപേക്ഷിച്ച മഹാനുഭാവന്റെ പേരിൽ വഴക്ക് മൂത്തു; കലാമിന്റെ ഫേസ്‌ബുക്ക് - ട്വിറ്റർ അനന്തരാവകാശികളെ ചൊല്ലി ഉഗ്രൻ തർക്കം

ശത്രുക്കൾ ആരുമില്ലാതെ ലോകം ഉപേക്ഷിച്ച മഹാനുഭാവന്റെ പേരിൽ വഴക്ക് മൂത്തു; കലാമിന്റെ ഫേസ്‌ബുക്ക് - ട്വിറ്റർ അനന്തരാവകാശികളെ ചൊല്ലി ഉഗ്രൻ തർക്കം

ന്യൂഡൽഹി: ഒരു ഉറുമ്പിനെപ്പോലും ദ്രോഹിക്കാതെ സമസ്ത ചരാചരങ്ങളെയും ഹൃദയത്തോട് ചേർത്ത സ്‌നേഹാർദ്രമായ ഒരു മൃദുസാന്നിധ്യമായിരുന്നു യശ്ശശരീരനായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം. ഒരൊറ്റ ശത്രുപോലുമില്ലാതെ അദ്ദേഹം ഭൂമി വിട്ട് പോയിട്ട് ദിവസങ്ങളാകുന്നേയുള്ളൂ. എന്നാൽ ആ മഹാനുഭാവന്റെ പേരിലും വഴക്ക് മൂത്തിരിക്കുകയാണിപ്പോൾ. കലാമിന്റെ സ്വത്തുക്കളുടെ പേരിലല്ല ഈ തർക്കം. മറിച്ച് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക്-ട്വിറ്റർ എന്നിവയുടെ അനന്തരാവകാശത്തിന്റെ പേരിലാണിപ്പോൾ ഉഗ്രൻ തർക്കം ഉയർന്ന് വന്നിരിക്കുന്നത്.ജീവിച്ചിരിക്കുന്ന കാലത്ത് തന്റെ അക്കൗണ്ടുകളിലൂടെ പ്രചോദനകരമായ നിരവധി സന്ദേശങ്ങൾ കലാം നൽകിയിരുന്നു.

പ്രസ്തുത അക്കൗണ്ടുകൾ കലാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ മുഖ്യ സഹായിയും പുസ്തകങ്ങളുടെ സഹരചയിതാവുമായ ശ്രീജൻ പാൽ സിങ് സ്വന്തം നിലയിൽ ഉപയോഗിക്കുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രസിഡന്റിന്റെ പേരിൽ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റുകൾ ഇടുന്നതും സന്ദേശങ്ങൾ കൈമാറുന്നതും നിർത്തണമെന്നാണ് ഓഫീസ് ഇന്നലെ ഇറക്കിയ ഒരു പ്രസ്താവനയിലൂടെ ശ്രീജനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രസ്തുത അക്കൗണ്ടുകൾ എത്രയും പെട്ടെന്ന് ഡിആക്ടിവേറ്റ് ചെയ്യാനും കലാമിന്റെ ഓഫീസ് ശ്രീജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇതിൽ ശ്രീജന് കടുത്ത അസംതൃപ്തിയാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കലാമിന്റെ രണ്ട് പുസ്തകങ്ങളുടെ സഹരചയിതാവാണ് ഇദ്ദേഹം. കലാമിന്റെ മരണത്തിന് ശേഷം കലാമിനൊപ്പം അവസാന എട്ട് മണിക്കൂറുകൾ എന്ന പേരിൽ ശ്രീജൻ പ്രസ്തുത അക്കൗണ്ടുകളിലിട്ട പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

ഒരു വിദ്യാർത്ഥിയെന്ന നിലയിൽ കലാമിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ ശ്രീജൻ ഷെയർ ചെയ്യുന്നതിന് ഓഫീസിന് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ അത് കലാമിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയായിരിക്കരുതെന്നും അതിന് ശ്രീജന് യാതൊരു അവകാശവുമില്ലെന്നുമാണ് രണ്ടു ദശാബ്ദങ്ങളായി കലാമിന്റെ ശാസ്ത്ര ഉപദേഷ്ടായി പ്രവർത്തിക്കുന്ന വി. പോൻരാജ് പറയുന്നത്.എന്നാൽ താൻ കലാമുമൊത്തുള്ള വ്യക്തിപരമായ അനുഭവങ്ങൾ മാത്രമെ ഷെയർ ചെയ്തിട്ടുള്ളുവെന്നാണ് ശ്രീജൻ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യാൻ തന്നെയാണ് അധികാരപ്പെടുത്തിയതെന്നും ശ്രീജൻ പറയുന്നു.

അക്കാര്യം ചെയ്യാൻ തനിക്ക് സന്തോഷമേയുള്ളൂവെന്നും എന്നാൽ ഓഫീസിന് ഇക്കാര്യത്തിൽ അസംതൃപ്തി ഉണ്ടെങ്കിൽ അവ ഡീ ആക്ടിവേറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ശ്രീജൻ പറയുന്നു. എന്നാൽ അദ്ദേഹവുമൊത്തുള്ള തന്റെ അനുഭവങ്ങൾ ജനങ്ങളുമായി പങ്ക് വയ്ക്കുന്നത് തടയാൻ ഓഫീസിന് അധികാരമില്ലെന്നും ശ്രീജൻ കൂട്ടിച്ചേർത്തു. കലാം തന്റെ ഗുരുവും രക്ഷിതാവുമായിരുന്നുവെന്നാണ് ശ്രീജൻ പറയുന്നത്. ചെന്നൈയിൽ കലാമിന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ശ്രീജൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

താൻ രണ്ട് പുസ്തകങ്ങൾ കലാമിനൊപ്പം ചേർന്ന് എഴുതിയിരുന്നുവെന്നും മൂന്നാമതൊന്ന് കൂടി എഴുതാനിരിക്കവെയാണ് കലാം മരിച്ചതെന്നും ശ്രീജൻ പാൽ സിങ് വെളിപ്പെടുത്തുന്നു.തന്റെ എല്ലാമെല്ലാമായിരുന്നു കലാം. അദ്ദേഹവുമായുള്ള വ്യക്തിപരമായ അനുഭവം താൻ മറ്റുള്ളവരുമായി പങ്ക് വയ്ക്കുകയായിരുന്നുവെന്നും ഇക്കാര്യത്തിൽ തന്നെ തടയാൻ ആർക്കുമാവില്ലെന്നും ശ്രീജൻ തുറന്നടിക്കുന്നു. മുൻ രാഷ്ട്രപതിയെന്ന നിലയിലും റോക്കറ്റ് സയന്റിസ്റ്റ് എന്ന നിലയിലും സർക്കാർ കലാമിന് ഒരു ഓഫീസും അഞ്ച് സ്‌ററാഫുകളെയും ഏർപ്പെടുത്തിക്കൊടുത്തിരുന്നു. എന്നാൽ ഒഫീഷ്യൽ സ്റ്റാഫുകൾക്ക് പുറമെ മറ്റ് പലകാര്യങ്ങളിലും സഹായിക്കാനായി കലാം മറ്റ് പല സ്വകാര്യ സ്റ്റാഫുകളെയും നിയമിച്ചിരുന്നുത്.

എന്നാൽ ശ്രീജനെതിരെ കലാമിന്റെ ഓഫീസ് അഹിതമായി ഒന്നു ചെയ്യുന്നില്ലെന്നാണ് പോൻരാജ് പറയുന്നത്. ശ്രീജൻ കലാമിന്റെ നല്ലൊരു വിദ്യാർത്ഥിയായിരുന്നുവെന്നും ആ നിലയ്ക്ക് അദ്ദേഹത്തിനുള്ള അനുഭവങ്ങൾ യുവജനങ്ങളുമായി പങ്ക് വയ്ക്കാനുള്ള അവകാശമുണ്ടെന്നും കലാമിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും പൊൻ രാജ് പറയുന്നു. താൻ രണ്ടു ദശാബ്ദങ്ങളായി കലാമിനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ന് കലാമിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രചരിപ്പിക്കുകയാണ് തന്റെ മുഖ്യ ദൗത്യമെന്നും പൊൻരാജ് പറയുന്നു.എന്നാൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതിന് ചില പ്രത്യേക നിയമങ്ങൾ തങ്ങൾ കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും പൊൻരാജ് പറയുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ തനിക്ക് പ്രശസ്തിയുണ്ടായത് മൂലമാണ് ഓഫീസിന്റെ അസംതൃപ്തിക്ക് മുഖ്യകാരണമെന്നാണ് ശ്രീജൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പറയാൻ തനിക്കിപ്പോൾ താൽപര്യമില്ലെന്നും കാരണം തനിക്കുണ്ടായത് കനത്ത നഷ്ടമാണെന്നും ശ്രീജൻ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP