Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ ലോക കായിക മാമാങ്കം; ജേതാക്കളായി അമേരിക്ക; വെല്ലുവിളി ഉയർത്തി ചൈനയും; അഭിമാനത്തോടെ ഇന്ത്യ; ടോക്യോ ഒളിമ്പിക്‌സിന് തിരശീലവീണു; ഇനി പാരീസിൽ വിസ്മയം നിറയാൻ കാത്തിരിപ്പ്

കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ ലോക കായിക മാമാങ്കം; ജേതാക്കളായി അമേരിക്ക; വെല്ലുവിളി ഉയർത്തി ചൈനയും; അഭിമാനത്തോടെ ഇന്ത്യ; ടോക്യോ ഒളിമ്പിക്‌സിന് തിരശീലവീണു; ഇനി പാരീസിൽ വിസ്മയം നിറയാൻ കാത്തിരിപ്പ്

സ്പോർട്സ് ഡെസ്ക്

ടോക്യോ: കോവിഡ് മഹാമാരി ഭീതി പരത്തി കൺമുന്നിൽ തുടരുമ്പോഴും ലോകത്തിന്റെ കായിക സ്വപ്‌നങ്ങൾ ചിറകു വിരിച്ച ടോക്യോ ഒളിമ്പിക്‌സിന് നിറപ്പകിട്ടാർന്ന സമാപനം. ലോകത്തെ നിശ്ചലമാക്കിയ മഹാമാരെ കരുതലോടെ നേരിട്ട് വിജയകരമായി സംഘടിപ്പിച്ച ഒളിംപിക്‌സിന്റെ സമാപന ചടങ്ങുകളും ഒരുമയുടെ സന്ദേശം പകരുന്നതായി.

ഇനി മൂന്നു വർഷങ്ങൾക്കപ്പുറം പാരിസിൽ കാണാമെന്ന ആശംസയോടെയാണ് ടോക്കിയോ ഒളിംപിക്‌സിന് സമാപനം കുറിച്ചത്. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും വിജയകരമായി ഗെയിംസ് പൂർത്തിയാക്കിയതിന്റെ ആവേശത്തിനിടെ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്, 2024 ഒളിംപിക്‌സിന്റെ ആതിഥേയരായ പാരിസ് നഗരത്തിന്റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് ഒളിംപിക് പതാക കൈമാറി. ജൂലൈ 23ന് ആരംഭിച്ച ടോക്കിയോ ഒളിംപിക്‌സിന് ഔദ്യോഗികമായി സമാപനം കുറിച്ചതായി തോമസ് ബാക് പ്രഖ്യാപിച്ചു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഒരു വർഷം വൈകിയെങ്കിലും, ഏറ്റവും മികച്ച രീതിയിൽത്തന്നെ സംഘടിപ്പിക്കപ്പെട്ട ഒളിംപിക്‌സിന്റെ പതിപ്പിനാണ് ടോക്കിയോയിൽ സമാപനമായത്. വർണശബളമായ അന്തരീക്ഷത്തിൽ പാട്ടും നൃത്തവുമെല്ലാം ഒത്തുചേർന്ന പരിപാടികളോടെയാണ് ജപ്പാൻ ലോകത്തിന്റെ വിവിധ ഭാങ്ങളിൽനിന്നെത്തിയ കായികതാരങ്ങളെ യാത്രയാക്കിയത്. ഇനി ഒളിംപിക്‌സിന്റെ തുടർച്ചയായ പാരാലിംപിക്‌സിന് ഈ മാസം 24ന് ടോക്കിയോയിൽ തുടക്കമാകും. സെപ്റ്റംബർ അഞ്ചിന് സമാപനം.

സമാപന ചടങ്ങിൽ താരങ്ങളുടെ പരേഡിൽ ഗുസ്തിയിൽ വെങ്കലം നേടിയ ബജ്രംഗ് പൂനിയയാണ് ഇന്ത്യൻ പതാക വഹിച്ചത്. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ, പ്രമുഖ താരങ്ങളിൽ പലരും സമാപന ചടങ്ങിൽ പങ്കെടുത്തില്ല.

 

ജൂലൈ 23ന് ടോക്കിയോയിലെ ഇതേ വേദിയിൽ തുടക്കമായ ഒളിംപിക്‌സ് സമാപിക്കുമ്പോൾ, അമേരിക്ക ചാംപ്യൻ പട്ടം നിലനിർത്തി. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും സഹിതം ആകെ 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്.

റിയോയിൽ വൻ ലീഡിലായിരുന്നു അമേരിക്കയുടെ വിജയമെങ്കിൽ, ഇവിടെ ചൈന കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തെത്തി. 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളാണ് ചൈനയുടെ സമ്പാദ്യം. 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവും സഹിതം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തെത്തി.

ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും സഹിതം ഏഴു മെഡലുകളുമായി 48ാം സ്ഥാനത്താണ്. ആകെ 86 രാജ്യങ്ങളാണ് ടോക്കിയോയിൽ മെഡൽ പട്ടികയിൽ ഇടംപിടിച്ചത്.

പ്രതിസന്ധി ഘട്ടത്തിലും ഒരുമയോടെ നിന്ന് ഗെയിംസ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ടോക്യോ നാഷനൽ സ്റ്റേഡിയത്തിൽ താരങ്ങൾ. കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന ഒളിംപിക്‌സ് ആപ്തവാക്യത്തിലേക്ക് ഒരുമിച്ച് എന്ന വാക്ക് കൂടി എഴുതിചേർത്താണ് ടോക്കിയോ ഒളിംപിക്‌സിന് തിരശീല വീഴുന്നത്.

 

ചരിത്രനേട്ടവുമായി ഇന്ത്യ

ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകൾ ഇന്ത്യക്ക് ലഭിച്ചു. ലണ്ടൻ ഒളിംപിക്സിലെ റെക്കോർഡ് ഇതോടെ പഴങ്കഥയായി. അത്‌ലറ്റിക്സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ ഇന്ത്യൻ ഹീറോയായപ്പോൾ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.

ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 'ടോക്കിയോ ഒളിംപിക്‌സിന് തിരശീല വീഴുമ്പോൾ, മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംഘത്തിന് അഭിനനന്ദനങ്ങൾ. കഴിവിന്റെയും കൂട്ടായ്മയുടെയും സമർപ്പണത്തിന്റെയും മഹനീയ മാതൃകകളായിരുന്നു അവർ. ഇന്ത്യയെ പ്രതിനിധീകരിച്ച ഓരോ താരവും ചാംപ്യനാണ്' മോദി ട്വിറ്ററിൽ കുറിച്ചു.

ഒളിംപിക്സ് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡിലെ മെഡലാണ് ജാവലിനിൽ നീരജ് ചോപ്രയുടെ സ്വർണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വർണം നേട്ടം. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജർമൻ താരം, ലോക ഒന്നാം നമ്പർ ജൊഹന്നാസ് വെറ്റർ പാടേ നിരാശപ്പെടുത്തി. 2008ലെ ബീജിങ് ഒളിംപിക്സിൽ ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയ ശേഷം ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടവുമാണിത്.

ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിർത്തി. മൂന്നാം ശ്രമത്തിൽ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങൾ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP