Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറങ്ങി തിരിഞ്ഞും മാറിക്കയറിയും വിഷമിക്കേണ്ട; വെറും പത്തു മണിക്കൂറിൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറക്കാം; ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടൻ എയർ ഇന്ത്യ ഡയറക്ട് സർവീസ്; ഇത് സിയാലിന്റെ മാത്രം വിജയം; യുകെ മലയാളികളുടെ പരാതികൾ കേന്ദ്ര കേരള സർക്കാരുകളുടെ ചവറ്റു കൊട്ടയിൽ

കറങ്ങി തിരിഞ്ഞും മാറിക്കയറിയും വിഷമിക്കേണ്ട; വെറും പത്തു മണിക്കൂറിൽ ലണ്ടനിൽ നിന്നും  കൊച്ചിയിലേക്ക് പറക്കാം; ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടൻ എയർ ഇന്ത്യ ഡയറക്ട് സർവീസ്;  ഇത് സിയാലിന്റെ മാത്രം വിജയം; യുകെ മലയാളികളുടെ പരാതികൾ കേന്ദ്ര കേരള സർക്കാരുകളുടെ ചവറ്റു കൊട്ടയിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ആറു മാസം സേവനം നടത്തിയ ശേഷം പിൻവാങ്ങിയ ലണ്ടൻ - കൊച്ചി എയർ ഇന്ത്യ ഡയറക്റ്റ് സർവീസ് വീണ്ടും ഓണ സമ്മാനമായി എത്തുന്നു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് ഡിസംബറിൽ നിലച്ച ശേഷം എത്തുമ്പോൾ മേനി നടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കോ അവകാശം ഇല്ലെന്നതും പ്രത്യേകതയാണ്.

കോവിഡ് ലോകമൊട്ടാകെ ആഞ്ഞടിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ നിലത്തിറങ്ങിയപ്പോൾ എയർ ബബിൾ പാക്കേജ് പ്രകാരമാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നു ലണ്ടനിൽ നിന്നും കൊച്ചിയിലേക്കു സർവീസ് ആരംഭിക്കുന്നത്. അനേക കാലമായി ഇത്തരം ഒരു സർവീസ് വേണമെന്നു യുകെ മലയാളി സമൂഹം ആവശ്യപ്പെടുന്നത് ആണെങ്കിലും ബിർമിങ്ഹാം - അമൃത്സർ റൂട്ടിൽ പോലും എയർ ഇന്ത്യ പറന്നു തുടങ്ങിയിട്ടും ആളെ കിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി എക്കാലവും എയർ ഇന്ത്യ കൊച്ചി സർവീസിനോട് മുഖം തിരിക്കുക ആയിരുന്നു.

ഇപ്പോൾ വിമാനം മടങ്ങി വരുമ്പോൾ എല്ലാ ബുധനാഴ്ചയും പുലർച്ചെ മൂന്നരയ്ക്ക് കൊച്ചിയിൽ എത്തുന്ന വിധമാണ് സർവീസ് ക്രമീകരണം. മടക്ക വിമാനം കൊച്ചിയിൽ നിന്നും രാവിലെ ആറുമണിയോടെ പറന്നുയരും. സർവീസ് പുനരാരംഭിക്കുമ്പോഴും പഴയ പോലെ പാർക്കിങ്, ലാൻഡിങ് ഫീസുകൾ സിയാൽ ഒഴിവാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അധിക ചെലവ് ഇല്ലാതെ എയർ ഇന്ത്യക്കു ഈ റൂട്ടിൽ സർവീസ് നടത്താനുമാകും.

കറങ്ങി തിരിഞ്ഞു മാറിക്കയറി എത്തുമ്പോൾ വേണ്ടി വരുന്ന 23 മണിക്കൂറിനു പകരം വെറും പത്തു മണിക്കൂറിൽ ലണ്ടനിൽ നിന്നും കൊച്ചിയിൽ എത്തും എന്നതാണ് ഈ സർവീസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ വിമാനം വീണ്ടും എത്തുമ്പോൾ ബ്രിട്ടീഷ് എയർവേയ്‌സ് അടക്കം ഈ റൂട്ടിൽ കണ്ണ് വച്ചിരിക്കുന്ന പല വമ്പൻ കമ്പനികളെയും കയ്യിലെടുക്കുക എന്നതും സിയാൽ ലക്ഷ്യമിടുന്നുണ്ട്. ഇതും സൂചിപ്പിക്കും വിധമുള്ള വാക്കുകളാണ് എയർപോർട്ട് മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ എ എസ ലണ്ടൻ - കൊച്ചി വിമാനത്തിന്റെ മടങ്ങി വരവ് അറിയിക്കവേ മാധ്യമങ്ങളോട് പങ്കുവച്ചതും.

എന്നാൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ അവസാന വെള്ളിയാഴ്ച പുലർച്ചെ 3.28 നു കൊച്ചി എയർപോർട്ടിൽ 130 യാത്രക്കാരുമായി പറന്നിറങ്ങിയ എയർ ഇന്ത്യ ഡ്രീം ലൈനർ ഒരു ചരിത്ര മുഹൂർത്തമാണ് സൃഷ്ടിച്ചത്. ലാഭകരമായി പറക്കാൻ ആളെ കിട്ടില്ലെന്ന് പറഞ്ഞ എയർ ഇന്ത്യ മാനേജമെന്റിനു പിന്നീട് തിരക്ക് മൂലം ആഴ്ചയിൽ മൂന്നു വട്ടം കൊച്ചിയിലേക്ക് പറക്കേണ്ട സാഹചര്യമാണ് പിന്നീട് ഉണ്ടായത്. ഡൽഹിക്കും മുംബൈയ്ക്കും ശേഷം എയർ ഇന്ത്യക്കു ലണ്ടനിൽ നിന്നും ഏറ്റവും കൂടുതൽ യാത്രക്കാരെ ലഭിക്കുന്നതും കൊച്ചിയിലേക്കായി.

ഇതോടെ കൊച്ചി - ഗൾഫ് - ലണ്ടൻ / ബിർമിങ്ങാം / മാഞ്ചസ്റ്റർ / ഗാട്വിക് / എഡിൻബറോ തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന സ്വകര്യ ഗൾഫ് എയർലൈനുകളുടെ ലോബിയിങ്ങും ശക്തമായി. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കു നേരിട്ടുള്ള സർവീസ് വന്നപ്പോൾ ഗൾഫ് - കൊച്ചി റൂട്ടിൽ കുത്തക ആയി പറന്നിരുന്ന സ്വകാര്യ കമ്പനികൾക്ക് കുറഞ്ഞ നിരക്കിൽ പറക്കേണ്ടി വന്നതാണ് എയർ ഇന്ത്യയുടെ ലണ്ടൻ - കൊച്ചി സർവീസിനെതിരെ പാരകൾ അണിയറയിൽ രൂപം കൊള്ളാൻ കാരണമായത്.

ഇതോടൊപ്പം ഡൽഹിയിലും മുംബൈയിലും താമസിച്ചിരുന്ന എയർ ഇന്ത്യ കാബിൻ ക്രൂവിനും കൊച്ചി സർവീസിനോട് മുറുമുറുപ്പായി. സിയാൽ അധികൃതർ മികച്ച ഹോട്ടൽ തന്നെ താമസിക്കാൻ നൽകിയെങ്കിലും വീട്ടിൽ പോകാൻ പറ്റുന്നില്ല എന്നതായിരുന്നു എയർ ഇന്ത്യ ലണ്ടൻ - കൊച്ചി സർവീസിലെ ജീവനക്കാരുടെ പരാതി . ഈ രണ്ടു ഘടകങ്ങളും അണിയറയിൽ സർവീസിനെതിരെ ഉള്ള അണിയറ നാടകമായി പുരോഗമിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇന്ത്യയിലേക്കുള്ള മുഴുവൻ സർവീസുകളും ബ്രിട്ടൻ താൽക്കാലികമായി തടയുന്നത്.

എന്നാൽ ഒരാഴ്ച മാത്രം നിലനിന്ന താൽക്കാലിക നിരോധനം മാറി തിരക്ക് കുറവായ ലണ്ടൻ - ബാംഗ്ലൂർ റൂട്ടിൽ പോലും അധികം താമസം വരുത്താതെ എയർ ഇന്ത്യ പറന്നിട്ടും ലണ്ടൻ - കൊച്ചി വിമാനത്തിന്റെ കാര്യത്തിൽ തികഞ്ഞ നിശബ്ദതയാണ് തുടർന്ന് പോന്നത്. ഇതോടെ ഡൽഹി, മുംബൈ, ബാംഗ്ലൂർ വിമാനാത്താവളങ്ങൾ കയറിയിറങ്ങി കോവിഡ് ടെസ്റ്റുകൾ നടത്തി നാട്ടിലെത്തുക എന്ന ദുർഘട സാഹചര്യമാണ് കഴിഞ്ഞ എട്ടുമാസമായി യുകെ മലയാളികൾ അനുഭവിച്ചു കൊണ്ടിരുന്നത്. എന്നാൽ അന്നുമുതൽ കൊച്ചി റൂട്ടിലേക്കു ഡയറക്റ്റ് ഷെഡ്യൂൾ പുറത്തു വിട്ടിരുന്ന എയർ ഇന്ത്യ യാത്രക്ക് തൊട്ടു മുന്നേ റൂട്ട് ഡൽഹി വഴിയോ മുംബൈ വഴിയോ തിരിച്ചു വിടുകയെന്ന തന്ത്രമാണ് പുലർത്തിയിരുന്നത്.

യുകെ മലയാളികളുടെ പരാതികൾക്ക് പുല്ലുവില

ഇതോടെ തങ്ങൾക്കു പഴയ ലണ്ടൻ - കൊച്ചി സർവീസ് ആവശ്യമാണെന്ന് കാണിച്ചു യുകെ മലയാളികൾക്കിടയിലെ സാമൂഹ്യ പ്രവർത്തകർ ഓൺലൈൻ ഒപ്പുശേഖരണം നടത്തി കേന്ദ്ര, കേരള സർക്കാരുകളുടെ ശ്രദ്ധയിൽ പ്രശനം എത്തിക്കാൻ ശ്രമിച്ചു. മലയാളി കൂട്ടായ്മയായ യുക്മ ഏറ്റവും അധികം യുകെ മലയാളികളെ പ്രതിനിധീകരിക്കുന്ന സീറോ മലബാർ സഭ, വിവിധ സംഘടനകൾ എന്നിവയൊക്കെ ഒറ്റയ്ക്കും കൂട്ടായും കേന്ദ്ര, കേരള സർക്കാരുകളെ തങ്ങളുടെ പരാതികൾ അറിയിച്ചു കൊണ്ടിരുന്നു. എന്നാൽ പതിവ് പോലെ ഒരക്ഷരം അനുകൂലമായി പ്രതികരിക്കാൻ ഇരു സർക്കാരുകളും തയ്യാറായില്ല.

മാത്രമല്ല കെന്റ് വേരിയന്റ് പടരുന്നു എന്ന ന്യായം പറഞ്ഞു കൂടുതൽ യുകെ മലയാളികൾ കേരളത്തിൽ എത്തേണ്ടതില്ല എന്ന അനൗദ്യോഗിക അഭിപ്രായം കേരള സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും രഹസ്യമായി കേൾക്കുവാനും കഴിഞ്ഞു. ഈ അനുഭവം ലോക് കേരള സഭ അംഗങ്ങളിൽ ചിലർക്ക് പോലും ഉണ്ടായി എന്നതാണ് സത്യം. എത്ര പ്രവാസികൾ വേണമെങ്കിലും വന്നോട്ടെ എന്ന് തുടക്കത്തിൽ നിലപാട് എടുത്തിരുന്ന കേരളം ഒരു ഘട്ടം എത്തിയപ്പോൾ ഇനിയധികം പ്രവാസികൾ വരണ്ട എന്ന നിലപാടിൽ എത്തിയതാണ് ലണ്ടൻ - കൊച്ചി സർവീസിന്റെ മടങ്ങി വരവിനു കാലതാമസം സൃഷ്ടിച്ചത്. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ എത്തിച്ചപ്പോൾ കേരളം ഔദ്യോഗികമായി ആവശ്യപ്പെടട്ടെ എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇരു കൂട്ടരുടെയും ചക്കിയും ചങ്കരനും കളിയിൽ അനുഭവിച്ചത് മുഴുവൻ യുകെ മലയാളികളും.

യുകെ മലയാളികൾക്കൊപ്പം നിന്നതു സിയാൽ അധികൃതർ

അതേസമയം തങ്ങൾക്കു ലഭിച്ച ഒരു പ്രസ്റ്റീജ് റൂട്ട് കൈമോശം വരുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല എന്ന സിയാൽ അധികൃതരുടെ നിശ്ചയ ദാർഢ്യമാണ് ഇപ്പോൾ ലണ്ടൻ - കൊച്ചി സർവീസിനെ വീണ്ടും ജീവൻ വയ്‌പ്പിക്കാൻ കാരണമായത്. ലാൻഡിങ് ഫീ. യൂസേഴ്സ് ഫീ, ജീവനക്കാരുടെ താമസം തുടങ്ങി ഒരു ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഏകദേശം രണ്ടു ലക്ഷം രൂപയോളം കയ്യിൽ നിന്നും ചെലവാക്കിയാണ് സിയാൽ അധികൃതർ ഈ വിമാനത്തെ പിടിച്ചു നിർത്തിയിരുന്നത്.

മാത്രമല്ല നിരക്ക് നോക്കാതെ നേരിട്ട് പറന്നു വേഗത്തിൽ വീടെത്താൻ യുകെ മലയാളികളും ശ്രമം തുടങ്ങിയതോടെ ആര് വിചാരിച്ചാലും ഈ വിമാനത്തെ തടയാൻ സാധിക്കില്ലെന്ന സാഹചര്യവുമായി. പക്ഷെ ഈ അനുകൂല ഘടകങ്ങൾ ഒക്കെ കോവിഡിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടപ്പോളാണ് എയർ ഇന്ത്യ ഡ്രീം ലൈനറിനു കൊച്ചിയുടെ ആകാശം നഷ്ടമായത്.

ഡയറക്റ്റ് ഫ്‌ളൈറ്റ് ഇല്ലാതായതോടെ 23 മണിക്കൂർ വരെ സമയമെടുത്ത് നാട്ടിൽ എത്തിയിരുന്ന യുകെ മലയാളികൾക്ക് ഇപ്പോൾ ഉച്ചക്ക് പുറപ്പെട്ടു രാത്രിയിൽ വീടെത്താവുന്ന സാഹചര്യമാണ് വീണ്ടും ലഭ്യമാകുന്നത്. യുകെ മലയാളികൾ മാത്രമല്ല ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരെ മലയാളികൾ ഈ നേരിട്ടുള്ള സർവീസിനെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സർവീസുകളുടെ എണ്ണം ആഴ്ചയിൽ മൂന്നായി ഉയർന്നത്. തമിഴ്‌നാട്ടിൽ കോയമ്പത്തൂർ ഭാഗത്തേക്ക് എത്തേണ്ടവരും ശ്രീലങ്കയിലേക്ക് പോകേണ്ടവരും വരെ കൊച്ചി വിമാനത്തെ ആശ്രയിച്ചു തുടങ്ങിയതും ഈ റൂട്ടിനെ അതിവേഗം പോപുലരാക്കി മാറ്റാൻ സഹായിക്കുകയും ചെയ്തിരുന്നു.

ഈ മാസം 18 നു വീണ്ടും പറക്കാൻ തുടങ്ങുന്ന ലണ്ടൻ - കൊച്ചി സർവീസുകൾ ഏറെക്കുറെ മുഴുവൻ സീറ്റുകളും ഫുൾ ആയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിയ അനുകൂല സാഹചര്യം പരമാവധി മുതലെടുക്കാൻ എയർ ഇന്ത്യ കാണിച്ച ഉത്സാഹം സമീപ കാലത്ത് ഒന്നും വിമാനയാത്രികരുടെ ഓർമ്മയിൽ പോലും ഇല്ലാത്തതാണ്. ഈ സേവനത്തിനു യുകെ മലയാളി സമൂഹം എയർ ഇന്ത്യയോടും സിയാൽ എയർപോർട്ട് അധികൃതരോടും എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം.

കേന്ദ്രവും കേരളവും ഒരേപോലെ മുഖം തിരിച്ചു

എന്നാൽ നാലു വർഷം മുൻപത്തെ പ്രളയകാലത്തിൽ ഏകദേശം പത്തു കോടി രൂപയും അടുത്ത കാലത്തു കാൽ കോടി രൂപ വാക്സിൻ ചലഞ്ച് എന്ന പേരിലും കേരള സർക്കാരിനെ നേരിട്ടേൽപ്പിച്ച യുകെ മലയാളി സമൂഹം ഒരു പ്രയാസകലത്തു കൂടെ നിൽക്കണം എന്നപേക്ഷിച്ചപ്പോൾ കേരളവും കേന്ദ്രവും ഒരുപോലെ മുഖം തിരിച്ചു കളഞ്ഞതും പ്രവാസികൾ എക്കാലവും ഓർത്തിരിക്കുക തന്നെ ചെയ്യും എന്നും വ്യക്തമാണ്.

ചുരുങ്ങിയ പക്ഷം ലണ്ടൻ കൊച്ചി സർവീസ് ആരംഭിക്കാതിരിക്കാൻ എന്താണ് തടസം എന്നെങ്കിലും സർക്കാരുകൾ വ്യക്തമാക്കിയിരുന്നെങ്കിൽ പിറന്ന നാട് കൂടെയുണ്ടല്ലോ എന്ന ആശ്വാസം എങ്കിലും യുകെ മലയാളി സമൂഹത്തിനു ലഭിക്കുമായിരുന്നു. എന്നാൽ എണ്ണത്തിൽ കുറവായ യുകെ മലയാളികൾ ഇത്രയൊക്കെ പരിഗണനയെ അർഹിക്കുന്നുള്ളൂ എന്ന വിധമാണ് ലണ്ടൻ - കൊച്ചി വിമാനം മടക്കി തരണം എന്ന ആവശ്യത്തോട് നിശബ്ദമായി മുഖം തിരിച്ച കേന്ദ്ര, കേരള സർക്കാരുകൾ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP