Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊണ്ണൂറുകൾ മുതൽ മുസ്ലിം ലീഗിലെ പ്രതാപശാലി; മുഹമ്മദലി ശിഹാബ് തങ്ങളുടെ മാനസ പുത്രനായതോടെ എതിർശബ്ദങ്ങൾ ഉയർന്നില്ല; ഐസ്‌ക്രീം പാർലർ കേസിൽ അടിപതറിയപ്പോഴും ഇരട്ടക്കരുത്തനായി മടങ്ങിവരവ്; അണികളുടെ പ്രിയങ്കരനായ കുഞ്ഞാപ്പയും മലപ്പുറം സുൽത്താനും; തങ്ങൾ കുടുംബത്തിലുള്ള പിടി അയയുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഇത് രാഷ്ട്രീയ പടിയിറക്കത്തിന്റെ സമയമോ?

തൊണ്ണൂറുകൾ മുതൽ മുസ്ലിം ലീഗിലെ പ്രതാപശാലി; മുഹമ്മദലി ശിഹാബ് തങ്ങളുടെ മാനസ പുത്രനായതോടെ എതിർശബ്ദങ്ങൾ ഉയർന്നില്ല; ഐസ്‌ക്രീം പാർലർ കേസിൽ അടിപതറിയപ്പോഴും ഇരട്ടക്കരുത്തനായി മടങ്ങിവരവ്;  അണികളുടെ പ്രിയങ്കരനായ കുഞ്ഞാപ്പയും മലപ്പുറം സുൽത്താനും; തങ്ങൾ കുടുംബത്തിലുള്ള പിടി അയയുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഇത് രാഷ്ട്രീയ പടിയിറക്കത്തിന്റെ സമയമോ?

വിഷ്ണു ജെ ജെ നായർ

കോഴിക്കോട്: മലബാറിൽ ലീഗ് അണികളുടെ കുഞ്ഞാപ്പയാണ് പി കെ കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ നേതാവ്. യുഡിഎഫ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ വ്യക്തിത്വം. മലപ്പുറത്തെ മുൻസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും രാഷ്ട്രീയജീവിതം തുടങ്ങിയ പി കെ ഇന്ന് കേരള രാഷ്ട്രീയത്തിലെ തന്ത്രമറിയുന്ന ചാണക്യനാണ്. കോൺഗ്രസ്-ലീഗ് രാഷ്ട്രീയത്തെ തന്ത്രപരമായി വിളക്കിച്ചേർക്കുന്ന കണ്ണി. ഏതാനും ദിവസങ്ങളായി ലീഗ് രാഷ്ട്രീയത്തിൽ ചില നീറിപ്പുകച്ചിലുകൾ നടക്കുന്നുണ്ട്. മുഈൻ അലി തങ്ങളുടെ വിവാദമായ വാർത്താസമ്മേളനമാണ് ലീഗിൽ പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കിയത്. ഈ വിവാദങ്ങൾ കൊഴുക്കുമ്പോൾ ചർച്ചകളുടെ കേന്ദ്രബിന്ദുമായി പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യമുണ്ട്.

ചർച്ചകളിലും പത്രസമ്മേളനങ്ങളിലും പ്രത്യക്ഷത്തിൽ കുഞ്ഞാലിക്കുട്ടി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ വായിൽ നിന്നും പാർട്ടിക്ക് എതിരായ ഒരു വാക്കും ഉയർന്നിട്ടില്ല. എന്നാൽ ഓരോ വാക്കുകളിലും ആരോപണങ്ങളിലും ലക്ഷ്യം കുഞ്ഞാപ്പയാണ്. മുസ്ലിംലീഗ് എന്ന പാർട്ടി തന്നെ കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്ന രണ്ട് ധ്രുവങ്ങളിലേയ്ക്ക് അടർന്നുമാറിയിരിക്കുന്നു. ഇതിനെ കൊഴിപ്പിച്ച് മാധ്യമ വാർത്തകളും. കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതുശത്രുക്കൾ ഒന്നിക്കുന്നതിന്റെ ആരവമാണ് ലീഗിൽ നിന്നുയരുന്നത്. അതോ ലീഗിനുള്ളിൽ പതിറ്റാണ്ടുകൾ നീണ്ട കുഞ്ഞാപ്പയുടെ എതിരില്ലാത്ത പ്രതാപത്തിന്റെ വില്ലൊടിയുന്നതിന്റെ പ്രകമ്പനമോ? എന്നാൽ, ചാരത്തിൽ നിന്നും ഉയർത്തെഴുനേൽക്കുന്ന കനൽപ്പൊരിയാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് അണികൾ പറയുന്നത്. പ്രതിസന്ധികൾ പുത്തരിയല്ലാത്ത കുഞ്ഞാലിക്കുട്ടി വീണ്ടും ലീഗ് രാഷ്ട്രീയത്തിൽ കരുത്തനായി കാണുമെന്നും അവർ കരുതുന്നു.

കേരള രാഷ്ട്രീയത്തിലെ ഒരേയൊരു കുഞ്ഞാപ്പ

പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന പി.കെ കുഞ്ഞാലിക്കുട്ടി അടുപ്പമുള്ളവർക്ക് കുഞ്ഞാപ്പയാണ്. പാണ്ടിക്കടവത്ത് വീട്ടിലും അടുപ്പമുള്ളവർക്കുമിടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ആ വിളിപ്പേര് ഇന്ന് മലപ്പുറത്തുകാർക്കും കേരളരാഷ്ട്രീയത്തിലും ഒരു പോലെ പ്രശസ്തമാണ്. കുഞ്ഞാപ്പ എന്ന വിളിയിൽ ചേർന്ന് കിടക്കുന്ന, അത്രമേൽ പ്രിയപ്പെട്ടൊരാൾ എന്ന ഈ പ്രതിച്ഛായയാണ് കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയനേതാവിന്റെ ഇന്നത്തെ അടിത്തറ.

ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതം. പാണക്കാട് തറവാട്ടിലെ വിനീത വിധേയനിൽ നിന്ന് കേരളരാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയനേതാവായുള്ള ആ വളർച്ച, ഐസ്‌ക്രീം പാർലർ കേസിന്റെ പേരിൽ നേരിടേണ്ടി വന്ന വിവാദങ്ങൾ, വിചാരണങ്ങൾ, കുറ്റിപ്പുറത്തെ പരാജയം, പിന്നെ എംഎൽഎ പോലുമല്ലാതെ അഞ്ച് വർഷങ്ങൾ, ശേഷം 2011-ൽ വേങ്ങരയിൽ നേടിയ മിന്നും വിജയത്തിലൂടെയുള്ള തിരിച്ചു വരവ്, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനും ശക്തനുമായ നേതാവായി നിൽക്കുമ്പോൾ തീർത്തും അപ്രതീക്ഷിതമായി ദേശീയരാഷ്ട്രീയത്തിലേക്കുള്ള വഴിമാറൽ, രണ്ടാം ടേം പൂർത്തിയാകാതെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്കുള്ള തിരിച്ചുവരവ്.. കുഞ്ഞാലിക്കുട്ടിയെ പോലെ ഇത്രയേറെ വിവാദ നായകനായ മാധ്യമങ്ങളാൽ വേട്ടയാടപ്പെട്ട, അതിനെയെല്ലാം ഒറ്റയ്ക്ക് അതിജീവിച്ച ഒരു ഫൈറ്ററെ കണ്ടെത്താൻ എളുപ്പമല്ല കേരളരാഷ്ട്രീയത്തിൽ.

ലീഗിന്റെ ഈറ്റില്ലമായ പാണക്കാടിനടുത്തെ ഊരകം എന്ന ഗ്രാമത്തിൽ 1951-ലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ജനനം. പിതാവ് വ്യവസായിയായ പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയും മാതാവ് കെ.പി ഫാത്തിമക്കുട്ടിയും. പിൽക്കാലത്തുകൊമേഴ്‌സിൽ ബിരുദവും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും സ്വന്തമാക്കി. മുസ്ലിംലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിലൂടെയാണ് കുഞ്ഞാലിക്കുട്ടി സജീവരാഷ്ട്രീയത്തിലെത്തുന്നത്. കുറഞ്ഞകാലത്തിനുള്ളിൽ തന്നെ സംഘടനയുടെ സംസ്ഥാന ട്രഷററായി കുഞ്ഞാലിക്കുട്ടി.

1980-ൽ 27-ാം വയസിൽ മലപ്പുറം മുൻസിപ്പാലിറ്റിയിലേയ്ക്ക് മൽസരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഗോദയിൽ കുഞ്ഞാപ്പയുടെ തുടക്കം. ജയിച്ചു വന്ന കുഞ്ഞാലിക്കുട്ടി മുൻസിപ്പാലിറ്റി അധ്യക്ഷനുമായി. നാല് വർഷങ്ങൾക്ക് ശേഷം 1982-ൽ മലപ്പുറം നിയോജകമണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് ഹരിശ്രീ കുറിച്ചു. 1987 ൽ വീണ്ടും മലപ്പുറത്തു നിന്നും 1991 ൽ കുറ്റിപ്പുറത്ത് നിന്നും വിജയിച്ചു. 1991 ൽ മുസ്ലിംലീഗിൽ തലമുറമാറ്റം യാഥാർത്ഥ്യമായി. ബാവാ ഹാജിയും യു.എ. ബീരാനും പി.എം. അബൂബക്കറുമടക്കമുള്ള മുതിർന്ന നേതാക്കളുടെ സ്ഥാനത്ത് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ.കെ. ബാവ, സി.ടി. അഹമ്മദലി എന്നിങ്ങനെയുള്ള യുവനേതാക്കൾ പ്രതിഷ്ഠിക്കപ്പെട്ടു.

1991 ൽ മൂന്നാം തവണയും വിജയിച്ചു വന്നതോടെ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്യത്തിന് തുടക്കം കുറിക്കുന്നത് ആ കാലയളവിലാണ്. കുഞ്ഞാലിക്കുട്ടിയുടെ തന്ത്രജ്ഞതയേയും നയചാരുതയേയും നന്നായി മനസിലാക്കിയിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ സ്വന്തം മകനെ പോലെ കുഞ്ഞാപ്പയെ ചേർത്തുനിർത്തി. ഈ പിന്തുണയെ ചവിട്ടുപടിയാക്കി കുഞ്ഞാലിക്കുട്ടി ലീഗിന്റെ ശാക്തീയചേരികളെ ചൊൽപ്പടിയിലാക്കി. ശേഷം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ കാലമായിരുന്നു.

കാലത്തിനൊപ്പം കരുത്തരായി കുഞ്ഞാപ്പയ്ക്കെതിരായ മറുചേരി

1996 ലും 2001 ലും കുറ്റിപ്പുറത്തു നിന്ന് വീണ്ടും വിജയിച്ച കുഞ്ഞാലിക്കുട്ടി എ.കെ ആന്റണി മന്ത്രിസഭയിൽ വ്യവസായ, ഐടി വകുപ്പ് മന്ത്രിയായി. കേരളത്തിൽ ഇൻഫർമേഷൻ ടെക്നോളജി സജീവ ചർച്ചയായി മാറുന്നത് അക്കാലത്താണ്. തൊട്ടുപിന്നാലെ വന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു വ്യവസായ-ഐടി വകുപ്പ് മന്ത്രി. ഇക്കാലയളവിൽ പാർട്ടിയിലും രണ്ടാമനായി അദ്ദേഹം വളർന്നു.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ തണലിൽ കുഞ്ഞാലിക്കുട്ടി വന്മരമായി വളരുമ്പോൾ എതിർശബ്ദങ്ങളും പാർട്ടിയിൽ ഉയരുന്നുണ്ടായിരുന്നു. രണ്ട് വിഭാഗങ്ങളായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എതിർവശത്ത്. കുഞ്ഞാലിക്കുട്ടിയുടെ കോർപ്പറേറ്റ് രാഷ്ട്രീയശൈലിയോട് എതിർപ്പുള്ള ഒരുവിഭാഗം. പ്രധാനമായും എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള ആ വിഭാഗത്തിൽ കെഎം ഷാജി അടക്കമുള്ള യൂത്ത് ലീഗ്- മുൻ യൂത്ത് ലീഗ് നേതാക്കളായിരുന്നു ഉണ്ടായിരുന്നത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള രണ്ടാമത്തെ വിഭാഗം ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള മതവാദികളെന്നോ ആചാരവാദികളെന്നോ പറയാവുന്ന വിഭാഗമാണ്. ലീഗിനൊപ്പം നിൽക്കുന്ന സമസ്തയുടെ പിന്തുണ ഈ വിഭാഗത്തിനാണ്. പാണക്കാട് കുടുംബത്തിലെ അംഗങ്ങളിൽ സാദിഖലിയും മുഈൻ തങ്ങളുമടക്കമുള്ളവരും ഈ പക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്നു.

പലപ്പോഴും യഥാസ്ഥിതികത്വത്തിനെതിരായ നിലപാടെടുക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ മതേതര നയങ്ങളാണ് ഇവരെ എതിർപക്ഷത്താക്കുന്നത്. മുനവറലി തങ്ങൾ അടക്കമുള്ളവർ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അനുനയത്തിന്റെ പാത പിന്തുടരുന്ന ഇദ്ദേഹം മനസ് കൊണ്ട് മുനീർ പക്ഷത്തിനൊപ്പമാണെന്നാണ് കരുതപ്പെടുന്നത്. പക്ഷെ ഇവർ പല കാരണങ്ങൾ കൊണ്ട് ഒന്നിച്ചു നിൽക്കാത്തതുകൊണ്ടും കുഞ്ഞാലിക്കുട്ടി അതിപ്രബലനും തങ്ങളുടെ പിന്തുണ ഉള്ളയാളുമായതിനാലും ഒരു തലവേദന ആവാൻ പോലും ഈ രണ്ട് വിഭാഗങ്ങൾക്കും കഴിഞ്ഞില്ല.

കുഞ്ഞാലിക്കുട്ടി ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കുന്ന കാലത്താണ് കുപ്രസിദ്ധമായ ഐസ്‌ക്രീം പാർലർ കേസ് വിവാദങ്ങളിൽ നിറയുന്നത്. തന്നെ പണം നൽകി സ്വാധീനിക്കുവാൻ ശ്രമിച്ചെന്ന ഐസ്‌ക്രീം പാർലർ കേസിലെ സാക്ഷി റജീനയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ചു. ആ വാർത്ത റജീനയുടെ അഭിമുഖമടക്കം ആദ്യം പുറത്തുവിടുന്നത് ലീഗ് നേതാവും മന്ത്രിയുമായിരുന്ന എംകെ മുനീർ ചെയർമാനായ ഇന്ത്യാവിഷൻ ചാനലായിരുന്നു. ലീഗിലെ വിഭാഗീയതയുടെ ഭാഗമായി കൂടിയായിരുന്നു ആ വാർത്ത പുറത്തുവന്നത്. ലീഗിനുള്ളിലെ വിഭാഗീയത ആളിക്കത്തുന്നതിനും നേതാക്കൾ തമ്മിൽ അകലുന്നതിനും ഈ പ്രശ്നമൊരു കാരണമായി.

കുഞ്ഞാലിക്കുട്ടിയുടെ രാജിക്കായി പ്രതിപക്ഷസംഘടനകൾ തെരുവിലിറങ്ങി. മുന്നണിക്കുള്ളിലും അദ്ദേഹത്തിന്റെ രാജി ആവശ്യം ശക്തമായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി തുടരട്ടേയെന്ന നിലപാടിലായിരുന്നു അന്നത്തെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യീദലി ശിഹാബ് തങ്ങൾ.

എന്തായാലും പെൺവാണിഭക്കേസിൽ ആരോപണവിധേയനായിട്ടും അധികാരത്തിൽ തുടരുന്ന മന്ത്രിക്കെതിരെ പ്രതിപക്ഷസമരങ്ങൾ ശക്തമായി. ഒരു രീതിയിലും അധികാരത്തിൽ തുടരാൻ സാധിക്കാതെ വന്നതോടെ കുഞ്ഞാലിക്കുട്ടി രാജിവച്ചു. അദ്ദേഹത്തിന്റെ വിശ്വസ്തനായ ഇബ്രാഹിംകുഞ്ഞ് വ്യവസായമന്ത്രിയായി. 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പെത്തി. ജനവിധി നേരിട്ട് അഗ്നിശുദ്ധി വരുത്താനിറങ്ങിയ കുഞ്ഞാലിക്കുട്ടിക്കും മുസ്ലിംലീഗിനും പക്ഷേ അടിതെറ്റി.

യൂത്ത് ലീഗ് വിട്ട് എൽഡിഎഫിലെത്തിയ കെടി ജലീൽ എന്ന യുവനേതാവിന് മുൻപിൽ കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടു. 8781 വോട്ടുകൾക്ക് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ കെടി ജലീൽ തോൽപിച്ചു. കുഞ്ഞാലിക്കുട്ടിയിൽ ഒതുങ്ങിയില്ല ആ പരാജയം, എംകെ മുനീർ അടക്കമുള്ള പ്രമുഖ ലീഗ് നേതാക്കൾ ആ തിരഞ്ഞെടുപ്പിൽ പരാജയം നുണഞ്ഞു. മലപ്പുറത്തെ പന്ത്രണ്ട് സീറ്റുകളിൽ അഞ്ചും ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചടക്കി. 99 സീറ്റുകൾ നേടി ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിലെത്തി.

ഐക്യജനാധിപത്യമുന്നണി നേരിട്ട കടുത്ത പരാജയത്തിന് കാരണക്കാരനായി ഐസ്‌ക്രീ പാർലർ കേസും പികെ കുഞ്ഞാലിക്കുട്ടിയും ചിത്രീകരിക്കപ്പെട്ടു. അതേ വർഷം തെളിവുകളുടെ അഭാവത്തിൽ ഐസ്‌ക്രീ കേസ് സുപ്രീം കോടതി തള്ളിക്കളഞ്ഞെങ്കിലും രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹത്തെ അത് തുടർന്നും വേട്ടയാടിക്കൊണ്ടിരുന്നു.

തിരിച്ചടിയായി ഐസ്‌ക്രീം കേസ്, തെന്നിവീണെങ്കിലും കരുത്തനായി തിരിച്ചുവരവ്

2006-ന് ശേഷം കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയനേതാവിനും വ്യക്തിക്കും സംഭവിച്ച മാറ്റങ്ങൾ അത്ഭുതകരമായിരുന്നു. സാധാരണഗതിയിൽ ഒരു രാഷ്ട്രീയനേതാവിന് എളുപ്പം മറികടക്കാൻ സാധിക്കാത്ത തിരിച്ചടികളായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വന്നതെങ്കിലും അസാമാന്യമായ മെയ് വഴക്കത്തോടെ അദ്ദേഹം ആ പ്രതിസന്ധിയെ മറികടന്നു. പാർട്ടിയിൽ കൂടുതൽ സജീവമായും അണികളോട് കൂടുതൽ അടുത്ത് പെരുമാറിയും കുഞ്ഞാലിക്കുട്ടി സ്വയം പരിവർത്തനം നടത്തി.

2011-ൽ മണ്ഡലപുനർനിർണയത്തിന് ശേഷം രൂപം കൊണ്ട വേങ്ങര എന്ന മുസ്ലിംലീഗിന്റെ ഏറ്റവും ശക്തമായ മണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി ജനവിധി തേടി. 38237 എന്ന മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ജയിച്ചു കയറിയത്. തുടർന്ന ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായം-ന്യൂനപക്ഷക്ഷേമം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അദ്ദേഹം അധികാരമേറ്റു. അഞ്ച് വർഷവും സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം കാര്യമായ ഒരു വിവാദങ്ങളിലും ഇക്കാലയളവിൽ ചെന്നു ചാടിയില്ല. വളരെ സൂക്ഷമതയോടെയായിരുന്നു ഇക്കാലയളവിൽ അദ്ദേഹത്തിന്റെ പ്രവർത്തനം.

സർക്കാരും മുന്നണിയും നേരിട്ട പലപ്രതിസന്ധികളിലും പ്രശ്‌നപരിഹാരകനായും മധ്യസ്ഥനായും കുഞ്ഞാലിക്കുട്ടി വർത്തിച്ചു. ഇതിനിടെ മുഹമ്മദലി ശിഹാബ് തങ്ങൾ മരണപ്പെടുകയും ഹൈദരലി ശിഹാബ് തങ്ങൾ ലീഗ് അധ്യക്ഷനാവുകയും ചെയ്തിരുന്നുവെങ്കിലും പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ അധികാരത്തിലോ സ്വാധീനത്തിലോ മാറ്റങ്ങൾ സംഭവിച്ചിരുന്നില്ല. മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യക്തിപ്രഭാവം ഇല്ലാതിരുന്ന ഹൈദരലി ശിഹാബ് തങ്ങൾക്ക് കുഞ്ഞാലിക്കുട്ടിയെ ഒപ്പംനിർത്തേണ്ടത് അനിവാര്യമായിരുന്നു. മാത്രമല്ല കുഞ്ഞാലിക്കുട്ടിയെ പോലൊരു പ്രബലനെ പിണക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് തന്നെ മത്സരിച്ച കുഞ്ഞാലിക്കുട്ടി മികച്ച വിജയം ആവർത്തിച്ചു. എന്നാൽ ഇ.അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കുഞ്ഞാലിക്കുട്ടി ഇവിടെ മത്സരിക്കാനെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക റോൾ വഹിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടി ദേശീയരാഷ്ട്രീയത്തിലേക്ക് കളംമാറാൻ തീരുമാനിച്ചത് എതിരാളികളെ പോലും അമ്പരിപ്പിച്ചെങ്കിലും ബിജെപി ശക്തിപ്പെടുന്ന ഈ കാലത്ത് തനിക്ക് ഡൽഹിയിൽ ചിലത് ചെയ്യാനുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പക്ഷം.

എന്നാൽ രണ്ടാംതവണയും ബിജെപി അധികാരത്തിലെത്തിയതോടെ തനിക്ക് അവിടെ ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിഞ്ഞ കുഞ്ഞാപ്പ 2020 ഡിസംബറിൽ ലോകസഭാ അംഗത്വം രാജിവച്ച് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയായിരുന്നു. പതിവ് തെറ്റാതെ മികച്ച ഭൂരിപക്ഷത്തിൽ അദ്ദേഹം സഭയിലെത്തുകയും ചെയ്തു. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരെ യുഡിഎഫിനുള്ളിലും പ്രത്യേകിച്ച് ലീഗിനുള്ളിലും അപസ്വരങ്ങളുയർന്നു. ടേം തികയ്ക്കാതെയുള്ള കുഞ്ഞാപ്പയുടെ തിരിച്ചുവരവ് പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന് കെഎം ഷാജിയും മുഈൻ തങ്ങളും അടക്കമുള്ളവർ ലീഗ് യോഗങ്ങൾക്കുള്ളിൽ ആഞ്ഞടിച്ചു. എന്നാൽ താൻ ഡൽഹിയിലേയ്ക്ക് തട്ടകം മാറ്റിയ ചെറിയ കാലയളവിനുള്ളിൽ തന്നെ തന്റെ കാൽകീഴിലെ മണ്ണൊലിച്ചുതുടങ്ങി എന്ന് തിരിച്ചറിഞ്ഞ കുഞ്ഞാലിക്കുട്ടി എതിർപ്പുകളെയൊന്നും വകവയ്ക്കാതെ തിരിച്ചെത്തുകയായിരുന്നു.

പാളിയത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം

കുഞ്ഞാപ്പ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നംകണ്ട് ലോകസഭയിൽ പോയി തിരിച്ചുവന്ന 19 മാസങ്ങളിലാണ് കേരളത്തിൽ കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞത്. കേന്ദ്രത്തിൽ അടുത്ത ഭരണം യു.പി.എ വരുമെന്ന ധാരണയിലായിരുന്നു ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മൽസരിച്ചത്. ക്യത്യമായി പറഞ്ഞാൽ ഒരു മുഴം മുമ്പെ എറിഞ്ഞു. പാണക്കാട് തങ്ങൾ കുടുംബത്തിന് കാര്യം മനസ്സിലാക്കാൻ അൽപ്പം വൈകി. ഇ അഹമ്മദ് സാഹിബിന്റെ പിന്മുറക്കാരനായി ദേശീയരാഷ്ട്രീയത്തിൽ ലീഗിന്റെ മുഖമാകാനായിട്ടാണ് കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോയത്.

 പക്ഷെ അവിടെ ഇടിയുടെ പ്രകടനത്തിന്റെ നിഴലാകാൻ പോലും കുഞ്ഞാപ്പയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും ലോകസഭയിലേക്ക് പോകാൻ തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. യു.പി.എ.വരുന്ന മുറക്ക് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൽസരിക്കുകയില്ലെന്ന ഉറപ്പ് കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങൾക്ക് അന്ന് നൽകിയിരുന്നു. അതിന്റെ വെളിച്ചത്തിലായിരുന്നു ലോകസഭാ സീറ്റ് കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങൾ നൽകിയത്.

എം.കെ.മുനീർ,കെ.എം.ഷാജി അടക്കമുള്ള നേതാക്കൾ കുഞ്ഞാലിക്കുട്ടിയുടെ ന്യൂഡൽഹിയിലേക്കുള്ള യാത്രയെ മനസ്സറിഞ്ഞ് അനുഗ്രഹിച്ചു. ന്യൂഡൽഹിയിലുണ്ടായിരുന്ന ഇ.ടി.പ്രതിഷേധം മനസ്സിൽ ഒതുക്കി. എന്നാൽ ലോകസഭയിലേക്ക് പോയ സമയത്ത് കുഞ്ഞാലിക്കുട്ടിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. പ്രവർത്തകരം നേതാക്കളും തിരിഞ്ഞ് നോക്കാതെയായി. ലോകസഭയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഇ.ടി.യുടെ ഇടയിൽ ഒന്നുറക്കെ കരയാൻ പോലും സാധിക്കാതെ കുഞ്ഞാലിക്കുട്ടി നല്ല കുട്ടിയായി ഇരുന്നു.

അപ്പോഴേയ്ക്കും കേരളത്തിൽ കുഞ്ഞാപ്പയുടെ അസാന്നിദ്ധ്യം മുതലെടുത്ത് എതിരാളികൾ കൈകോർക്കുകയായിരുന്നു. തിരിച്ചെത്തുന്ന കുഞ്ഞാപ്പയെ എതിരിടാൻ അവർ നിലവുമൊരുക്കി. ഇതിനിടെ ഡൽഹിയിൽ മുത്തലാഖ് ബില്ല് പാർലമെന്റിൽ ചർച്ചയ്ക്കെടുത്ത സമയത്ത് മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണത്തിലെ കോഴി ബിരിയാണിയിൽ അഭിരമിച്ചതിന് കുഞ്ഞാലിക്കുട്ടി ഏറെ പഴികേട്ടു. വീണുകിട്ടിയ ഈ അവസരം പാർട്ടിക്കുള്ളിൽ ആയുധമാക്കാനും എതിരാളികൾ മറന്നില്ല. ഡൽഹിവാസം തനിക്ക് എന്തുകൊണ്ടും നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടി കേരളത്തിലേയ്ക്ക് തിരിച്ചുവരാനുള്ള ആഗ്രഹം തങ്ങളെ അറിയിച്ചത്.

യുഡിഎഫ് സർക്കാർ രൂപീകരിക്കുമ്പോൾ മന്ത്രിയാകാനുള്ള, പറ്റുമെങ്കിൽ ഉപമുഖ്യമന്ത്രി പദം തന്നെ അടിച്ചെടുക്കാനുള്ള തന്ത്രമാണ് തിരിച്ചുവരവിന് പിന്നിലെന്ന് മനസിലാക്കിയ തങ്ങൾ ആദ്യം അനുമതി നൽകിയില്ല. എന്നാൽ ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ കൊണ്ട് സമ്മർദ്ദം ചെലുത്തി കുഞ്ഞാലിക്കുട്ടി കാര്യം സാധിച്ചെടുത്തു. മനസില്ലാമനസോടെ അനുമതി നൽകിയ തങ്ങൾ കുഞ്ഞാലിക്കുട്ടിയിൽ നിന്നും മാനസികമായി അകലുകയായിരുന്നു. ലോകസഭയിൽ ടേം തികയ്ക്കുമെന്ന് തങ്ങൾക്ക് നൽകിയ വാക്ക് വെള്ളത്തിൽ വരച്ച വരയായതിൽ അദ്ദഹത്തിന് അമർഷമുണ്ടായിരുന്നു. ആ അമർഷവും എതിരാളികൾ തങ്ങളെ അവർക്കൊപ്പം നിർത്താൻ ഉപയോഗിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ഇ.ടിക്ക് ഒരുതരത്തിൽ സമാധാനമായിരുന്നു. ഡൽഹിയിലെ പാർട്ടി പാർലമെന്ററി നേതൃത്വം വീണ്ടും ഇ.ടിയുടെ കൈകളിലെത്തി. എന്നാൽ അദ്ദേഹം സംസ്ഥാനരാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നത് ആത്യന്തികമായി തനിക്ക് ദോഷം ചെയ്യുമെന്ന ബോധം ഇ.ടിക്കുണ്ട്. സംസ്ഥാനരാഷ്ട്രീയം കൈപിടിയിലൊതുക്കാൻ തയ്യാറായി നിന്ന എംകെ മുനീറിനും കെഎം ഷാജിക്കും നിരാശയുണ്ടാക്കുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. കുഞ്ഞാപ്പയെ ഒതുക്കുക എന്നത് എല്ലാവരുടെയും ആവശ്യമായി മാറുന്നത് അങ്ങനെയാണ്.

തങ്ങൾ കുടുംബത്തിൽ നിന്നും ആദ്യമായി എതിർ ശബ്ദം, ഇത് പടിയിറക്കത്തിന്റെ സമയമോ?

കുഞ്ഞാലിക്കുട്ടിക്ക് കീഴിൽ രണ്ടാംനിരയിലാണ് തങ്ങളെന്ന തിരിച്ചറിവിൽ നിന്ന് ഇടി മുഹമ്മദ് ബഷീർ, എംകെ മുനീർ തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ഉടലെടുത്ത അരക്ഷിതബോധവും ശക്തനായ കുഞ്ഞാലിക്കുട്ടിയുടെ അധികാരപ്രയോഗങ്ങളിൽ നിരായുധരായി പോയ ലീഗ് നേതാക്കളുടെ പ്രതിഷേധവുമാണ് നിലവിലെ പൊട്ടിത്തെറിയിലേയ്ക്ക് ലീഗിനെ നയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വളർച്ചയിൽ ഹൈദരലി തങ്ങൾ പോലും അപ്രസക്തനായി പോയെന്ന ഭയം പാണക്കാട് കുടുംബത്തിനുണ്ട്. അതുകൊണ്ടുകൂടിയാണ് കളത്തിൽ ഇറങ്ങിക്കളിക്കാൻ കൂട്ടത്തിലെ ഇളംമുറക്കാരനെ തന്നെ അവർ നിയോഗിച്ചതെന്ന് കരുതുന്നവരുണ്ട്.

മുഈൻ അലി തങ്ങൾക്ക് എല്ലാ കരുത്തും നൽകുന്നത് അടുത്ത സംസ്ഥാന പ്രസിഡന്റെന്ന് കരുതപ്പെടുന്ന നിലവിലെ മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ്. കുഞ്ഞാപ്പയ്ക്കെതിരെ പൊതുശത്രുക്കൾ മറ്റെല്ലാം മറന്ന് ഒന്നിച്ചതാണ് അപ്രതീക്ഷിതമായി കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത്. അദ്ദേഹത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ എതിർപ്പുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണയും ഈ വിഭാഗത്തിനുണ്ട്.

അരനൂറ്റാണ്ടിലേറെകാലത്തെ രാഷ്ട്രീയഅനുഭജ്ഞാനമുണ്ട് കുഞ്ഞാലിക്കുട്ടിക്ക്. നാല് പതിറ്റാണ്ടിലേറെക്കാലത്തെ പാർലമെന്ററി പാരമ്പര്യമുള്ള അദ്ദേഹം കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ലീഗിൽ പ്രതാപശാലിയുമാണ്. പിടിച്ചുലച്ച പ്രതിസന്ധികളെ കൂളായി നേരിട്ടാണ് പികെ കുഞ്ഞാലിക്കുട്ടി എന്ന ജനകീയ നേതാവ് വളർന്നത്. ഏതൊരു രാഷ്ട്രീയ നേതാവും തകർന്ന് പോയേക്കാവുന്ന പ്രതിസന്ധികളിൽ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ചരിത്രം. എന്നാൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും കുഞ്ഞാലിക്കുട്ടി ഇത്രയേറെ തിരിച്ചടികൾ നേരിടുന്നത് ഇതാദ്യം. ഐസ്‌ക്രീം പാർലർ കേസിനെ തുടർന്ന് പൊതുസമൂഹത്തിൽ കുഞ്ഞാപ്പ ഒറ്റപ്പെട്ടപ്പോൾ പോലും അദ്ദേഹത്തിന് വേണ്ടി നെഞ്ച് കൊടുത്ത് ഒപ്പം നിന്നതാണ് പാർട്ടി. എന്നാൽ ആ പാർട്ടി വീണ്ടും ഒരുമിക്കുന്നത് കുഞ്ഞാപ്പയ്ക്കെതിരെ കൈകോർക്കാനായാണ്.

ഒരുഭാഗത്ത് പാണക്കാട് കുടുംബവും ലീഗിനുള്ളിലെ മറ്റ് ശാക്തിക ചേരികളും കുഞ്ഞാപ്പയ്ക്കെതിരെ കൈകോർത്ത് രംഗത്തെത്തുമ്പോൾ, ചന്ദ്രികയിലടക്കം നടന്ന അനധികൃത സാമ്പത്തിക ഇടപാടുകൾ ഓരോന്നോരോന്നായി വെളിച്ചത്ത് വരുമ്പോൾ, പാർട്ടിക്കുള്ളിൽ നിന്നും കെഎംഎ സലാമിന്റെതല്ലാതെ മറ്റൊരു ശബ്ദവും കുഞ്ഞാപ്പയ്ക്കനുകൂലമായി കേൾക്കാതിരിക്കുമ്പോൾ ലീഗിനുള്ളിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതാപകാലം അസ്തമിക്കുന്നോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്. എന്നാൽ വീഴ്‌ച്ചകളിൽ നിന്നും എഴുന്നേറ്റ് ഓടിയ ശീലമാണ് കുഞ്ഞാപ്പയ്ക്കുള്ളത്. ഇന്ന് തള്ളിപ്പറയുന്നവരെ കൊണ്ട് നാളെ കൈയടിപ്പിക്കാൻ നന്നായി അറിയുന്ന രാഷ്ട്രീയ ജീനിയസ്. അത്രപെട്ടെന്നൊന്നും കണങ്കാൽ വച്ച് വീഴ്‌ത്താൻ കഴിയില്ല. അത് എരിയുന്ന ഉമിത്തീ പോലെയാണ്. കെട്ടെന്ന് കരുതി കനൽ ചികയുന്നവർ ശ്രദ്ധിക്കുക. ചിലപ്പോൾ പൊള്ളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP