Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേടിയുണ്ടാവണം, ചോദിക്കാനും പറയാനും ആളുണ്ടെന്ന്; ഗൗരിനന്ദ ഉയർത്തിയത് സാധാരണക്കാരുടെ ശബ്ദം; അതുകൊണ്ടാണ് കാണാൻ പോയത്; ബിവറേജിന് മുന്നിൽ നിൽക്കുന്നവർക്കും ഈ നിയമം ബാധകമല്ലേ? സുരേഷ് ഗോപി മറുനാടനോട്

മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേടിയുണ്ടാവണം, ചോദിക്കാനും പറയാനും ആളുണ്ടെന്ന്; ഗൗരിനന്ദ ഉയർത്തിയത് സാധാരണക്കാരുടെ ശബ്ദം; അതുകൊണ്ടാണ് കാണാൻ പോയത്; ബിവറേജിന് മുന്നിൽ നിൽക്കുന്നവർക്കും ഈ നിയമം ബാധകമല്ലേ? സുരേഷ് ഗോപി മറുനാടനോട്

ആർ പീയൂഷ്

കൊല്ലം: പൊതു ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേടിയുണ്ടാവണം. ചോദിക്കാനും പറയാനും ആളുണ്ട് എന്ന് അവർ മനസ്സിലാക്കുകയും വേണം. അതിനാലാണ് ഗൗരീ നന്ദയെ കാണാനെത്തിയതെന്ന് എംപി സുരേഷ് ഗോപി മറുനാടനോട് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്ന ജനതയെ ബുദ്ധിമുട്ടിക്കുന്ന രീതി ശരിയല്ല. എന്നാൽ കോവിഡ് മര്യാദ പാലിക്കാത്തവരെ സപ്പോർട്ട് ചെയ്യില്ല.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തന്നെയാണ് അവർ നിന്നത് എന്നാണ് ഗൗരിയുടെ വിഷയം വീഡിയോയിൽ കണ്ടപ്പോൾ മനസ്സിലായത്. ഗൗരി അവിടെ ശബ്ദമുയർത്തിയത് ഒരു സാധാരണക്കാരന് വേണ്ടിയാണ്. അത്തരത്തിൽ ശബ്ദമുയർത്തിയതിന് ഐഖ്യദാർഢ്യം പ്രഖ്യാപിക്കുക എന്നതു കൂടിയാണ് ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ പൊലീസിനെ ആരും നിർവ്വീര്യപ്പെടുത്താൻ പാടില്ല. അവരുടെ ഊർജ്ജസ്വലതയെ നഷ്ടപ്പെടുത്തുകയും അരുത്. അവർ ഈ പണിപറ്റില്ലാ എന്നു പറഞ്ഞ് പോയാൽ ഇവിടുത്തെ നിയമ സംവിധാനങ്ങളെല്ലാം താളം തെറ്റും. പൊലീസുകാരെയും സപ്പോർട്ട് ചെയ്യണം. പക്ഷേ ഇത്തരത്തിൽ ജനങ്ങളുടെ മേൽ കുതിരകയറാൻ പാടില്ല. മൂന്നു മീറ്റർ അകലം പാലിക്കാതെ കൂട്ടം കൂടി നൽക്കുന്നവർക്കെല്ലാം പൊലീസ് കനത്ത പിഴ ഈടാക്കട്ടെ. ബിവറേജിന് മുന്നിൽ നിൽക്കുന്നവർക്കും ഈ നിയമം ബാധകമല്ലേ? സാധാരണക്കാർ എ.ടി.എമ്മിന് മുന്നിൽ നിൽക്കുമ്പോൾ അനാവശ്യമായി പിഴ ചുമത്തുന്നതിനെ ഒട്ടും ന്യായീകരിക്കുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ചടയമംഗലത്ത് ബാങ്കിൽ ക്യൂ നിൽക്കുന്നവർക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാർത്ഥി ഗൗരിനന്ദയെ സന്ദർശിച്ച ശേഷം മറുനാടനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ശനിയാഴ്ച ഉച്ചയോടെ ഗൗരിനന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഗൗരിക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. ഗൗരിനന്ദയെപ്പോലുള്ള പെൺകുട്ടികൾ വളർന്നുവന്നാൽ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് യൂണിഫോം ഇട്ടാൽ എന്തുമാകാം എന്ന ധാരണ ശരിയല്ലെന്നും, അതിനെതിരായ പ്രതികരണമാണ് ഗൗരിനന്ദ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ജൂലൈ 27 ന് ചടയമംഗലം സർക്കാർ ആശുപത്രിയിൽ ഗൗരി നന്ദ അമ്മ സുമയുടെ ചെവി വേദനയ്ക്ക് ചികിത്സയ്ക്കായി പോയതാണ്. മരുന്ന് വാങ്ങാനായി എ.ടി.എമ്മിൽ നിന്നും പണം എടുക്കാനായി ഗൗരി ബാങ്കിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ് പിഴ ചുമത്തുന്ന നോട്ടീസ് നൽകുന്നത് ശ്രദ്ധയിൽപെട്ടത്. തിരിച്ചിറങ്ങിയപ്പോൾ ഷിഹാബുദീൻ പൊലീസുകാരുമായി തർക്കിക്കുന്നതു കണ്ടാണ് കാര്യം എന്തെന്ന് തിരക്കിയത്.

ഷിഹാബുദീൻ താൻ ബാങ്കിൽ പണമെടുക്കാൻ വന്നതാണെന്നും അന്യായമായി പിഴ ചുമത്തി പൊലീസ് നോട്ടീസ് തന്നെന്നും പറഞ്ഞു. ഇവരോട് പറയണ്ട ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറയാമെന്ന് ഗൗരി പറഞ്ഞപ്പോഴാണ് എസ്‌ഐ സാമൂഹിക അകലം പാലിച്ചില്ലെന്ന് കാട്ടി ഗൗരിക്കും നോട്ടീസ് നൽകിയത്. ഇതോടെയാണ് ഗൗരിയും പൊലീസുകാരും തമ്മിൽ തർക്കമുണ്ടാകുന്നത്.

അതേ സമയം പൊലീസിനെതിരെ ഗൗരിനന്ദ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ എടുത്ത കേസ് പിൻവലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിനെ തുടർന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അതുകൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്നും ഗൗരി നന്ദ മറുനാടനോട് പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്. അമ്മയ്ക്കും പുനലൂർ എംഎ‍ൽഎ പി.എസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP