Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തങ്ങളെ തൊട്ടാൽ ശബ്ദരേഖ പുറത്തു വിടുമെന്ന് ജലീൽ; ഹൈദരലി തങ്ങളുടെ മകന്റെ രക്ഷയ്ക്ക് രണ്ടും കൽപ്പിച്ച് ഇടതു നേതാവ് എത്തുമ്പോൾ മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണം; ഇടിയും മുനീറും കെഎം ഷാജിയും വഹാബും മൗനത്തിൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുമോ?

തങ്ങളെ തൊട്ടാൽ ശബ്ദരേഖ പുറത്തു വിടുമെന്ന് ജലീൽ; ഹൈദരലി തങ്ങളുടെ മകന്റെ രക്ഷയ്ക്ക് രണ്ടും കൽപ്പിച്ച് ഇടതു നേതാവ് എത്തുമ്പോൾ മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണം; ഇടിയും മുനീറും കെഎം ഷാജിയും വഹാബും മൗനത്തിൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുമോ?

ബുർഹാൻ തളങ്കര

കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാൻ ഉറച്ച് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ. പാർട്ടിയിൽ നിന്ന് നടപടി നേരിട്ടാൽ കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തു വരുമെന്നാണ് സൂചന. തങ്ങൾ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കിൽ ആ വിചാരം തെറ്റാണെന്ന് കെടി ജലീൽ പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്. മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി പക്ഷം വലിയ പ്രതിസന്ധിയെ നേരിടുന്നുവെന്നാണ് സൂചന.

ഇ ഡി യുമായി ബന്ധപ്പെട്ട നടന്ന യോഗത്തിന്റെ സംഭാഷണവും മറ്റു വിവരങ്ങളും ചോർന്നിരുന്നു എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളി ചാനൽ ആണ്. ഇത് സാധൂകരിക്കുന്നതാണ് ജലീൽ ഇന്ന് നടത്തിയ പ്രസ്താവന. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താം എന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണെന്നും ജലീൽ കൂട്ടിച്ചേർത്തു. മുഈൻ അലി പറഞ്ഞത് വസ്തുതയാണ്. വസ്തുത പറഞ്ഞാൽ നടപടിയെടുക്കേണ്ട കാര്യമെന്താണ്. സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതെന്നും ജലീൽ മുന്നറിയിപ്പ് നൽകി.

മുഈൻ അലി തങ്ങൾക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ജലീൽ പറയുന്നത്. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരും. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ന് മുസ്ലിം ലീഗ് നേതൃയോഗം എടുക്കുന്ന നിലപാടുകളും നിർണ്ണായകമാകും. കുഞ്ഞാലിക്കുട്ടിയെ തകർക്കാനാണ് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ നീങ്ങുന്നതെന്നാണ് സൂചന. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനെന്ന പരിഗണനയിൽ മുഈൻ അലിയെ വെറുതെ വിടാൻ പാർട്ടി തയ്യാറായേക്കും.

ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിൽ ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ 40 വർഷമായി മുസ്ലിം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈൻ അലിയും ആരോപിച്ചിരുന്നു. ഇതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കെടി ജലീലാണ് മുഈൻ അലിക്ക് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് ജലീലിന്റെ പുതിയ പ്രസ്താവന. അപ്പോഴും നടപടി എടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്.

'സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തിൽ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കിൽ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകൾ അറ്റകൈക്ക് പുറത്തുവിടേണ്ടി വരും. അത് പുറത്തുവന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സൂക്ഷിച്ചുകൈകാര്യം ചെയ്താൽ അദ്ദേഹത്തിന് നല്ലതെന്ന് ജലീൽ പറഞ്ഞു.

'പാണക്കാട് തങ്ങളെ വളരെ മോശമായി എത്രമാത്രം വൃത്തിഹീനമായ ഭാഷയിലാണ് ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചത്. ഏതൊരാളും കേട്ടലറയ്ക്കുന്ന പദപ്രയോഗങ്ങൾ നടത്തിയെന്ന് മാത്രമല്ല സത്യവിരുദ്ധമായ പ്രസ്താവനകളും അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചു. ഇങ്ങനെയൊക്കെ പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം തെറ്റാണ്. 2006ൽ സംഭവിച്ചതല്ല സംഭവിക്കുക, അതിന്റെ അപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങും.' കെടി ജലീൽ പ്രതികരിച്ചു.

മുസ്ലിം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി പി.കെ.കുഞ്ഞാലിക്കുട്ടി മാറ്റി, പാണക്കാട് തങ്ങൾ കുടുംബത്തെയും ഇവർ കുഴിയിൽ ചാടിച്ചെന്ന് കെ.ടി.ജലീൽ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചു. രോഗാവസ്ഥയിലുള്ള പാണക്കാട് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാർത്ഥ കുറ്റവാളിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലീഗിലെ വിഷയങ്ങൾ അതീവ ഗൗരവമാണെന്നാണ് വിലയിരുത്തൽ.

ഇടി മുഹമ്മദ് ബഷീറും എംകെ മുനീറും കെ എം ഷാജിയും എടുക്കുന്ന നിലപാടാകും നിർണ്ണായകം. ഇവരും കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാൻ സാധ്യത കുറവാണ്. രാജ്യസഭാ അംഗമായ അബ്ദുൾ വഹാബും കുഞ്ഞാലിക്കുട്ടിക്ക് എതിരാണ്. ഈ സാഹചര്യത്തിൽ ലീഗ് നേതൃയോഗത്തിന്റെ തീരുമാനങ്ങൽ നിർണ്ണായകമാകും. മുസ്ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാൻ ശ്രമിച്ചുവെന്ന് കെ.ടി ജലീൽ ആരോപിക്കുന്നു.

ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സയ്യിദ് മുഈനലി തങ്ങൾ വലിഞ്ഞുകയറി ചെന്നതല്ലെന്ന് ജലീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഈനലി തങ്ങൾക്കെതിരെ തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ലീഗ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ജലീൽ ഫേസ്‌ബുക്കിലൂടെ വിമർശിച്ചിരുന്നു.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലീഗ് നേതൃയോഗം ഇന്ന് വൈകിട്ട് മലപ്പുറത്ത് ചേരുന്നുണ്ട്. മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP