Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഷ്ടമില്ലാത്തവരോട് ഒരുമിച്ച് ജീവിക്കാൻ എങ്ങനെ കോടതിക്ക് പറയാനാവും? വിവാഹ മോചന കേസിന്റെ പിന്നാലെ കോടതി കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കാൻ ആവും? മതവ്യത്യാസമില്ലാതെ ഒരു നിയമം സാധ്യമല്ലേ? ഡിവോഴ്സ് നിയമം പൊളിച്ചെഴുതാൻ നിർദ്ദേശിച്ച് ഹൈക്കോടതി

ഇഷ്ടമില്ലാത്തവരോട് ഒരുമിച്ച് ജീവിക്കാൻ എങ്ങനെ കോടതിക്ക് പറയാനാവും? വിവാഹ മോചന കേസിന്റെ പിന്നാലെ കോടതി കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കാൻ ആവും? മതവ്യത്യാസമില്ലാതെ ഒരു നിയമം സാധ്യമല്ലേ? ഡിവോഴ്സ് നിയമം പൊളിച്ചെഴുതാൻ നിർദ്ദേശിച്ച് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :ഇഷ്ടമില്ലാത്തവരോട് ഒരുമിച്ച് ജീവിക്കാൻ എങ്ങനെ കോടതിക്ക് പറയാനാവും? വിവാഹ മോചന കേസിന്റെ പിന്നിാലെ കോടതി കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കാൻ ആവും? മതവ്യത്യാസമില്ലാതെ ഒരു നിയമം സാധ്യമല്ലേ? ഡിവോഴ്‌സ് നിയമം പൊളിച്ചെഴുതാൻ നിർദ്ദേശിച്ച് ഹൈക്കോടതി എത്തുമ്പോൾ സമൂഹം പ്രതീക്ഷിക്കുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവാണ്. അതിനിർണ്ണായക വിധിയാണ് ഇന്നലെ ഹൈക്കോടതി പുറപ്പെടുവിച്ചത്.

രാജ്യത്തെ വിവാഹ നിയമങ്ങൾ ഉടച്ചു വാർക്കേണ്ട സമയമായെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും എല്ലാവർക്കും പൊതുവിൽ ബാധകമായ മതനിരപേക്ഷ നിയമം കാലത്തിന്റെ ആവശ്യമാണ്. സ്വന്തം മതവിശ്വാസം അനുസരിച്ചു വ്യക്തികൾ വിവാഹം നടത്തുന്നതിനു പുറമേ ഏകീകൃത നിയമപ്രകാരമുള്ള വിവാഹ നടപടികളും നിർബന്ധമാക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. വിവാഹ മോചനത്തിൽ ഏകീകൃത നിയമം വേണമെന്ന നിർദ്ദേശമാണ് ഹൈക്കോടതിയും മുമ്പോട്ട് വയ്ക്കുന്നത്.

തീർത്തും അനിവാര്യമായ കാരണത്താൽ മാത്രം വിവാഹമോചനം അനുവദിച്ചിരുന്ന കാലത്ത് തയാറാക്കിയ നിയമമാണു നിലവിലുള്ളതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊങ്ങച്ച വേദികളായി മാറുന്ന വിവാഹങ്ങളിൽ പലപ്പോഴും ബന്ധത്തിന്റെ മൂല്യങ്ങളോ വ്യക്തി താൽപര്യങ്ങളോ പരിഗണിക്കാറില്ല. താളപ്പിഴകളും സ്വാഭാവികം. എന്നാലും സമൂഹത്തെ പേടിച്ച് വിവാഹമോചനത്തിനു പലരും തയാറായിരുന്നില്ല. ഇന്നു സ്ഥിതി മാറിയെന്ന് കോടതി നിരീക്ഷിക്കുന്നു. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്തവർക്ക് അതിവേഗ വിവാഹ മോചനം എന്ന ആശയമാണ് ഇവിടെ ചർച്ചയാകുന്നത്.

വിവാഹവും വിവാഹ മോചനവും സംബന്ധിച്ചു വ്യക്തികളുടെ കാഴ്ചപ്പാടിനു പ്രാധാന്യം കിട്ടിത്തുടങ്ങി. വിവാഹജീവിതം ദുസ്സഹമാണെങ്കിൽ പിരിയാൻ തീരുമാനിച്ച് ഏറെപ്പേർ മുന്നോട്ടു വരുന്നു. പക്ഷേ നിലവിലുള്ള നിയമം വ്യക്തികളുടെ ഉത്തമ താൽപര്യം സംരക്ഷിക്കാൻ പോന്നതാണോ? വ്യക്തികളുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ സാധ്യമാകുന്ന നിയമം വേണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കാത്ത ഒരാളുണ്ടെങ്കിൽ പോലും വിവാഹ മോചനം അനുവദിക്കണമെന്നതാണ് ഉയരുന്ന ആവശ്യം. നിലവിലെ നിയമം അനുസരിച്ച് രണ്ടു പേരിൽ ഒരാൾ എതിർത്താൽ പോലും വിവാഹ മോചനം അനുവദിക്കുന്നതിന് പരിമിതികൾ ഏറെയുണ്ട്.

വ്യക്തികളുടെ മേൽ കോടതികളുടെ അധികാരം പ്രയോഗിക്കുകയല്ല, സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ സഹായിക്കുകയാണു ചെയ്യേണ്ടത് എന്ന് കോടതി പറയുന്നു. കോടതി പരിഗണിച്ച കേസിലെ വീട്ടമ്മ വിവാഹ മോചനം തേടി 12 വർഷമായി കോടതിയുടെ പടിക്കൽ നിൽക്കുന്നു. വ്യക്തി സ്വാതന്ത്ര്യം തിരിച്ചറിയാൻ നീതിനിർവഹണ സംവിധാനം പര്യാപ്തമാണോ എന്ന സംശയവും ഹൈക്കോടതി ചർച്ചയാക്കി. വിവാഹവും വിവാഹ മോചനവും മൂലമുണ്ടാവുന്ന നഷ്ടങ്ങൾക്കു പരിഹാരം നിർദ്ദേശിക്കാനും വ്യവസ്ഥ വേണം. മനുഷ്യന്റെ പ്രശ്‌നങ്ങൾ മനുഷ്യത്വപരമായി കൈകാര്യം ചെയ്യുന്ന നിയമവും സംവിധാനവുമാണു വേണ്ടതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്കു വിവാഹമോചനം അനുവദിച്ചതു ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ അപ്പീൽ തള്ളിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. വിവാഹമോചന നിയമത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്ന വിധിന്യായത്തിൽ, പങ്കാളിക്കു താൽപര്യമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു 'വൈവാഹിക പീഡനം' (മാരിറ്റൽ റേപ്) ആണെന്നും അതു വിവാഹമോചനം അനുവദിക്കാൻ തക്ക ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. .

വിവാഹ, വിവാഹമോചന കാര്യങ്ങളിൽ ഏകീകൃത നിയമം കൊണ്ടുവരാൻ ബുദ്ധിമുട്ടില്ല. വ്യക്തി നിയമത്തിന്റെ പേരിൽ പൊതുനിയമത്തിൽ നിന്ന് ആരെയും ഒഴിവാക്കരുത്. സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം പങ്കാളിയുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും മേലെയുള്ള അതിക്രമമാണ്. ഇത്തരം കേസുകളിൽ വിവാഹമോചനം നിഷേധിച്ച് ദുരിത ജീവിതം തുടരണമെന്നു പറയാൻ കോടതികൾക്കാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP