Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പതുകൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം; മമ്മൂട്ടിയെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെച്ച് ഷാജികൈലാസ്; നടനാകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി, അല്ലെങ്കിൽ സച്ചിനോ യേശുദാസോ ആകുമായിരുന്നുവെന്നും കുറിപ്പ്

അമ്പതുകൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം; മമ്മൂട്ടിയെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെച്ച് ഷാജികൈലാസ്; നടനാകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി, അല്ലെങ്കിൽ സച്ചിനോ യേശുദാസോ ആകുമായിരുന്നുവെന്നും കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിൽ അമ്പതുവർഷം പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വന്നത്.മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങളും ചേർത്താണ് പലരും ആശംസകൾ നേർന്നത്.അക്കൂട്ടത്തിൽ ഇപ്പോഴിത സംവിധായകൻ ഷാജി കൈലാസിന്റെ ആശംസ കുറിപ്പ് ശ്രദ്ധനേടുകയാണ്.കഴിഞ്ഞ 50 കൊല്ലത്തിൽ മലയാളികളുടെ രാഷ്ട്രീയ സാമൂഹിക പരിവർത്തനങ്ങൾക്ക് സാക്ഷിയായിട്ടും മാറാതെ നിന്ന സ്വത്വം മമ്മൂട്ടിയായിരുന്നു എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഇക്കാലമത്രയും മമ്മൂട്ടി സ്‌ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം മമ്മൂട്ടിയിലാണ് അവസാനിച്ചത്. ചരിത്രം മമ്മൂട്ടിയെയല്ല, മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചതെന്ന് ഷാജി കൈലാസ് പറയുന്നു.

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം

കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലയാളി ധനികർക്കുള്ള ഫോബ്സ് പട്ടികയിലേക്കുള്ള ചുവടുവപ്പ് ആരംഭിച്ചു. 2010ൽ തുടങ്ങിയ ദശകത്തിൽ മലയാളി കൺസ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പതുകൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു.

ഇക്കാലമത്രയും മമ്മൂട്ടി സ്‌ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം ശ്രീ മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂർത്തങ്ങൾക്കുള്ള ആദരം കൂടിയായിരുന്നു.

മമ്മൂട്ടി ചന്തുവായി.. മമ്മൂട്ടി പഴശ്ശിരാജയായി.. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി.. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല... മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ തെൻഡുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്‌കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP