Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയോധികയെ കബളിപ്പിച്ച് മകനും മരുമകളും ചേർന്ന് വീടും സ്ഥലവും എഴുതി വാങ്ങിയ ശേഷം അടിച്ചിറക്കി വിട്ടു; പരാതി നൽകിയപ്പോൾ നടപടി ഉറപ്പെന്ന് മറുപടി; പിന്നീട് പറഞ്ഞത് തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന്; ഏനാത്ത് പൊലീസ് ഇൻസ്പെക്ടർക്കെതിരേ വീണ്ടും പരാതി

വയോധികയെ കബളിപ്പിച്ച് മകനും മരുമകളും ചേർന്ന് വീടും സ്ഥലവും എഴുതി വാങ്ങിയ ശേഷം അടിച്ചിറക്കി വിട്ടു; പരാതി നൽകിയപ്പോൾ നടപടി ഉറപ്പെന്ന് മറുപടി; പിന്നീട് പറഞ്ഞത് തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന്; ഏനാത്ത് പൊലീസ് ഇൻസ്പെക്ടർക്കെതിരേ വീണ്ടും പരാതി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എൺപത്തിനാലുകാരിയെ സ്വത്തുക്കൾ തട്ടിയെടുത്ത ശേഷം മകനും മരുമകളും ചേർന്ന് വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടുവെന്ന് പരാതി. ആദ്യം സഹായിക്കാമെന്ന് ഉറപ്പു നൽകിയ ഏനാത്ത് പൊലീസ് രാഷ്ട്രീയ സമ്മർദം കാരണം തങ്ങൾക്കൊന്നും പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പൊലീസ് ഇൻസ്പെക്ടർ കൈക്കൂലി വാങ്ങി കേസൊതുക്കിയെന്ന് കാണിച്ച് വയോധിക എസ്‌പിക്ക് പരാതി നൽകി.

കടമ്പനാട് തുവയൂർ തെക്ക് മേലൂട്ട് വീട്ടിൽ ഇന്ദിരാമ്മയാണ് മകൻ ഗോപിനാഥ്, മരുമകൾ രാജലക്ഷ്മി, കടമ്പനാട് വെണ്ടർ മിനി ജി. ബേബി, 2017 സെപ്റ്റംബർ ഒമ്പതിന് കടമ്പനാട് സബ് രജിസ്ട്രാർ ഓഫീസിൽ ഓഫീസറായിരുന്നയാൾ, ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ സുജിത്ത് എന്നിവർക്കെതിരേ എസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. സിപിഎം നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടമറിക്കുന്നുവെന്ന പരാതി സുജിത്തിനെതിരേ വരുന്നത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്നാം തവണയാണ്. രണ്ടു പരാതികളിൽ അടൂർ ഡിവൈഎസ്‌പി അന്വേഷണം നടത്തി വരികയാണ്.

ഇന്ദിരാമ്മയുടെ കൈവശത്തിലും അനുഭവത്തിലുമുണ്ടായിരുന്ന 31 ആർ 81 ച. മീറ്റർ വസ്തു തട്ടിയെടുത്തുവെന്നാണ് പരാതി. ഇതിന് വെണ്ടറും സബ്രജിസ്ട്രാറും കൂട്ടുനിന്നുവെന്നും താൻ നൽകിയ പരാതി അന്വേഷണം നടത്താതെ ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ അട്ടിമറിച്ചുവെന്നും പരാതിയിൽ പറയുന്നു.

മകനായ ഗോപിനാഥിന് വ്യവസ്ഥകളോടെ നൽകിയിരുന്ന ഭൂമിയാണിത്. അവിടെ കുടുംബവീട് ഉണ്ടായിരുന്നു. ഈ വീട്ടിലും വസ്തുവിലും മരണം വരെ താമസിക്കാനുള്ള അവകാശവും അധികാരവും നിലനിർത്തിയാണ് ഇന്ദിരാമ്മ മകന് സ്വത്ത് കൈമാറിയത്. എന്നാൽ തന്നെ ചതിക്കുന്നതിനും വഞ്ചിക്കുന്നതിനുമായി കുടുംബ വീട് പൊളിച്ച് കളഞ്ഞ് പുതിയത് വച്ചു. അതിന് ശേഷം തന്നോട് പീഡനം തുടങ്ങി. മരുന്നും ഭക്ഷണവും നൽകിയില്ല. ആശുപത്രിയിൽ കൊണ്ടു പോകാൻ തയാറായില്ല.

കഴിഞ്ഞ ജൂലൈ ഒന്നിന് മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും പരാതിയിലുണ്ട്. ഇപ്പോൾ മറ്റൊരു വീട്ടിൽ അവരുടെ ദയാവായ്പിലാണ് കഴിയുന്നത്. മകൻ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് സ്വത്തുക്കൾ വ്യവസ്ഥകളോടെ കൈമാറിയത്. ഇപ്പോൾ ഭൂമി മരുമകളുടെ പേരിലാണെന്ന് അറിയുന്നു. അതിനായി കൃത്രിമത്വം നടത്തിയിട്ടുണ്ട്. മകന്റെ വീടു പണിയോട് അനുബന്ധിച്ച് ലോൺ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടു വന്ന ചില പേപ്പറുകളിൽ താൻ ഒപ്പിട്ടു കൊടുത്തിരുന്നുവെന്ന് പരാതിയിൽ ഇന്ദിരാമ്മ പറയുന്നു.

കേൾവിക്കുറവും ബുദ്ധിക്കുറവുമുള്ള തന്നെ എഴുതി വച്ചതൊന്നും വായിച്ചു കേൾപ്പിച്ചിട്ടില്ല. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് എനിക്ക് അവകാശപ്പെട്ട വസ്തു ചതിച്ച് കൈവശപ്പെടുത്തിയതെന്നും പറയുന്നു. ഈ വിവരങ്ങൾ കാണിച്ച് ഏനാത്ത് പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ഇൻസ്പെക്ടർ സുജിത്ത് തൽക്കാലം കൊച്ചുമകൾക്കൊപ്പം താമസിക്കാൻ നിർദ്ദേശിച്ചു. പരാതിയിൽ നടപടി എടുക്കാമെന്നും അറിയിച്ചു. ഈ വിവരം അറിഞ്ഞ എതിർ കക്ഷികൾ കൊച്ചുമകളെ വിളിച്ച് ഭീഷണി മുഴക്കി. തനിക്ക് പണവും സംരക്ഷിക്കാൻ പാർട്ടിക്കാരുമുണ്ടെന്നായിരുന്നു മകന്റെ ഭീഷണി.

ഏനാത്ത് സിഐയെ കൊണ്ടു വന്ന് നിന്നെയൊക്കെ ശരിയാക്കുമെന്നും പറഞ്ഞു. അതിന് ശേഷം പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇൻസ്പെക്ടറെ വിളിക്കുമ്പോൾ ആദ്യമൊക്കെ നടപടി എടുക്കാമെന്നാണ് പറഞ്ഞിരുന്നത്. അവസാനം എതിർ കക്ഷികളൊക്കെ വലിയ പിടിപാടുള്ളവരാണെന്നും നിങ്ങളെ സഹായിച്ചാൽ എനിക്ക് ദോഷമുണ്ടാകുമെന്നും ഇൻസ്പെക്ടർ സുജിത്ത് പറഞ്ഞുവെന്ന് പരാതിയിലുണ്ട്. തന്റെ പരാതിയിൽ ഒരു നടപടിയും നാളിതുവരെ ഇൻസ്പെക്ടർ എടുത്തിട്ടില്ല.

താൻ നടത്തിയ അന്വേഷണത്തിൽ എതിർ കക്ഷിയിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയിട്ടാണ് കേസ് അട്ടിമറിച്ചതെന്ന് മനസിലായെന്നും പരാതിയിലുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ എതിർകക്ഷികളും ഏനാത്ത് ഇൻസ്പെക്ടർ സുജിത്തുമാണെന്ന് ഇന്ദിരാമ്മ പരാതിയിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP