Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാവശേരിയിൽ കടയിൽ സാധനം വാങ്ങാൻ പോയ ദളിത് യുവാവിനെ എക്‌സൈസ് തല്ലിച്ചതച്ചു; തലയ്ക്കും കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; മട്ടന്നൂർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ കുടുംബത്തിന് ഒരിക്കലും മറക്കാത്ത ദുരനുഭവം; കേസെടുക്കാതെ പ്രതികളെ രക്ഷിക്കാൻ പൊലിസിന്റെ ഒത്തുകളി

ചാവശേരിയിൽ കടയിൽ സാധനം വാങ്ങാൻ പോയ ദളിത് യുവാവിനെ എക്‌സൈസ് തല്ലിച്ചതച്ചു; തലയ്ക്കും കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; മട്ടന്നൂർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ കുടുംബത്തിന് ഒരിക്കലും മറക്കാത്ത ദുരനുഭവം; കേസെടുക്കാതെ പ്രതികളെ രക്ഷിക്കാൻ പൊലിസിന്റെ ഒത്തുകളി

അനീഷ് കുമാർ

ഇരിട്ടി: ചാവശേരിയിൽ കടയിൽ സാധനം വാങ്ങാൻ പോയ ദളിത് യുവാവിനെ എക്‌സൈസ് സംഘം നടുറോഡിലിട്ട് മർദ്ദിച്ചു അവശനാക്കി തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ കണ്ണുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവശേരി മുഖപറമ്പ് ഹൗസിൽ സെബിനാണ് (23) അതിക്രൂരമായി മർദ്ദനമേറ്റത്. തലയ്ക്കും കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ സെബിൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. മട്ടന്നൂർ നഗരസഭയിലെ ചാവശേരി മുഖപറമ്പ് കാവിനടുത്തു വച്ചാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകുന്നേരം ഓട്ടോ റിക്ഷയിൽ കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ ജീപ്പിൽ പിൻതുടർന്നെത്തിയ എക്‌സെസ് സംഘം നിർത്താതെ പോയതിനെ ചോദ്യം ചെയ്യുകയും പിന്നീട് അകാരണമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് സെബിൻ പറയുന്നു. ഇരിട്ടി നഗരസഭയിലെ എസ്.സി പ്രമോട്ടറായ സെബിൻ ബിരുദധാരിയാണ്. മട്ടന്നൂർ എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ നാലംഗ എക്‌സെസ് സംഘമാണ് തന്നെ മർദ്ദിച്ചതെന്നും എസ്.സി പ്രമോട്ടറാണെന്നു പറഞ്ഞിട്ടും തല്ലുകയായിരുന്നുവെന്നും സെബിൻ ആരോപിച്ചു.

ഇതിനെ തുടർന്ന് യുവാവിന്റെ പിതാവ് വർക്കി മട്ടന്നൂർ പൊലിസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാനൊ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനോ തയ്യാറായില്ലെന്നു പരാതിയുണ്ട്. പൊലിസ് മൊഴിയെടുക്കാൻ കൂടി ഇതുവരെ തയ്യാറായിട്ടില്ലെന്നും തങ്ങൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറാവാതെ ഓടിച്ചു വിടാനാണ് ശ്രമിച്ചതെന്നും പിതാവ് ആരോപിച്ചു.

തന്റെ മകനെ മർദ്ദിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥരായതിനാൽ പൊലിസ് കേസൊതുക്കാൻ ശ്രമിച്ചുവെന്നും എക്‌സൈസുകാർ പ്രതിസ്ഥാനത്ത് വരുന്നതിനാൽ പരാതി പിൻവലിച്ച് ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തിയെന്നും ഇദ്ദേഹം ആരോപിച്ചു. നീതി തേടി പോയ മട്ടന്നൂർ പൊലിസ് സ്റ്റേഷനിൽ നിന്നും ഒരിക്കലും മറക്കാനാവാത്ത ദുരനുഭവമാണുണ്ടായത്. പരാതി സ്വീകരിച്ചിട്ടും കേസെടുക്കാൻ തയ്യാറാവാത്ത പൊലിസിനെതിരെ കോടതിയെ സമീപിക്കാനാണ് മർദ്ദനമേറ്റ കുടുംബത്തിന്റെയും ദളിത് സംഘടനകളുടെയും തീരുമാനം.

ദളിത് യുവാവിനെതിരെയുള്ള എക്‌സൈസ് അക്രമത്തിലും ഇതിനെതിരെ കേസെടുക്കാത്ത പൊലിസ് നടപടിയിലും ദളിത് ആക്ടിവിസ്റ്റ് ധന്യ രാമൻ പ്രതിഷേധിച്ചു. സെബിൻ പട്ടികജാതി കോളനിക്കാരനായതു കൊണ്ടാണ് എക്‌സൈസ് അകാരണമായി മർദ്ദിച്ചതെന്നും ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക് മർദ്ദനമേറ്റപ്പോൾ പരാതിയുമായി പോയിട്ട് കേസെടുക്കാൻ പോലും പൊലിസ് തയ്യാറായില്ലെന്നും അവരെ ഓടിച്ചു വിടുകയാണ് ചെയ്തതെന്നും ധന്യാ രാമൻ ആരോപിച്ചു.

ചാവശേരിയിൽ വ്യാജമദ്യ വിൽപ്പന പകൽനേരങ്ങളിൽ പോലും തകൃതിയായി നടക്കുന്ന സാഹചര്യത്തിൽ അവർക്കെതിരെ നടപടിയെടുക്കാത്ത എക്‌സൈസ് നിരപരാധിയായ ദളിത് യുവാവിനെ മർദ്ദിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ധന്യ രാമൻ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെ ചോദിച്ചു. ഇതേ സമയം സെബിൻ തങ്ങളെ മർദ്ദിച്ചുവെന്ന് ആരോപിച്ച് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും ചികിത്സ തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP