Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചികിത്സാസഹായ അക്കൗണ്ട് നമ്പർ തിരുത്തി പണം കൈക്കലാക്കിയ സംഭവം; മുഖ്യപ്രതി അരുൺ ജോസഫ് അറസ്റ്റിൽ; പ്രതി കീഴടങ്ങിയത് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ; അരുൺ ജോസഫ് നേരത്തെയും സാമ്പത്തീക തട്ടിപ്പിൽ പ്രതിയാക്കപ്പെട്ടയാൾ

ചികിത്സാസഹായ അക്കൗണ്ട് നമ്പർ തിരുത്തി പണം കൈക്കലാക്കിയ സംഭവം; മുഖ്യപ്രതി അരുൺ ജോസഫ് അറസ്റ്റിൽ;  പ്രതി കീഴടങ്ങിയത് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ;  അരുൺ ജോസഫ് നേരത്തെയും സാമ്പത്തീക തട്ടിപ്പിൽ പ്രതിയാക്കപ്പെട്ടയാൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നു വയസ്സുകാരിയുടെ ചികിത്സാ സഹായത്തിനായി ഫേസ്‌ബുക്കിൽ നൽകിയ പോസ്റ്റിലെ അക്കൗണ്ട് നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതി പാലാ സ്വദേശി അരുൺ ജോസഫ് അറസ്റ്റിൽ.എരൂരിലെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന അരുണിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ അരുണിന്റെ മാതാവ് മറിയാമ്മ സെബാസ്റ്റ്യനും സഹോദരി അനിത ടി. ജോസഫും കഴിഞ്ഞ മാസം ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായിരുന്നു.

രായമംഗലം സ്വദേശി മന്മഥൻ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായത്തിനായി സാമൂഹിക മാധ്യമങ്ങളിൽ ചിത്രം സഹിതം കുറിപ്പിട്ടിരുന്നു.ഈ കുറിപ്പ് തിരുത്തി തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു പ്രതികൾ. ഇതുവഴി വലിയൊരു തുക അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു.അക്കൗണ്ട്, ഗൂഗിൾ പേ നമ്പരുകളിൽ സംശയം തോന്നിയ ഡോക്ടർ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

എന്നാൽ അപ്പോഴേക്കും വൻതുക അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഈ തുക മകൾ അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതിൽ ഒരു ലക്ഷത്തോളം രൂപ പിൻവലിച്ചിട്ടുമുണ്ടായിരുന്നു.പിടിയിലാകുമെന്ന വിവരം ലഭിച്ചതോടെ മറിയാമ മകനെ അറിയിക്കുകയും അരുൺ ഒളിവിൽ പോവുകയുമായിരുന്നു.ഇത് മനസിലാക്കിയ പൊലീസ് അരുണിനായുള്ള തിരച്ചിലിനൊപ്പം ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു.ഒളിവിൽ പോയ അരുൺ മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് ഇന്ന് കീഴടങ്ങിയത്.

കുടുംബത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.പാല കിഴതടിയുർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 50.86 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിൽ ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ടതായിരുന്നു അമ്മ മറിയാമ സെബാസ്റ്റ്യൻ.മകൻ അരുൺ സെബാസ്റ്റ്യനാകട്ടെ വ്യാജനോട്ട് കേസിൽ മുൻപ് അറസ്റ്റിലായിട്ടുമുണ്ട്. മകൾക്ക് സി എ പാസായി എന്നും പറഞ്ഞ് ഇതേ ബാങ്കിൽ നിന്നും മുപ്പത് ലക്ഷം രൂപ സമ്മാനതുകയായി നൽകുകയും ചെയ്തിരുന്നുവത്രെ.

ബാങ്കിൽ സ്വീപ്പറായി കയറിയ മറിയാമയ്ക്ക് അതേ ബാങ്കിൽ എത്താൻ പറ്റുന്ന പരമാവധി പോസ്റ്റ് അപ്രൈസറുടേതാണ്. എന്നാൽ ബാങ്ക് ഭരണസമിതിയുമായുള്ള അടുപ്പം കാരണം ബാങ്കിന്റെ ഹെഡ്ഓഫീസിൽ ക്യാഷറായി വരെ മറിയാമ എത്തിയെന്നും ആരോപണമുണ്ട്.രണ്ടായിരത്തിൽ പതിനഞ്ചിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയപ്പോൾ എല്ലാ ജീവനക്കാരെയും പോസ്റ്റുകളിൽ നിന്ന് മാറ്റണമെന്ന് തീരുമാനിച്ചിരുന്നുവത്രെ.എന്നാൽ അപ്പോഴും മറിയാമയെ മാത്രം അതേ സീറ്റിലിരുത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.അതേസമയം ബാങ്ക് അധികൃതരുടെ തട്ടിപ്പിന്റെ ഇരയായിരുന്നു മറിയാമയും മകനുമെന്ന വാദവും ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP