Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; ആതിഥേയർ ഒന്നാം ഇന്നിങ്‌സിൽ 183 റൺസിന് പുറത്ത്; ജസ്പ്രീത് ബുമ്രയ്ക്ക് നാല് വിക്കറ്റ്; ഇംഗ്ലണ്ടിനായി രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ജോ റൂട്ട്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; ആതിഥേയർ ഒന്നാം ഇന്നിങ്‌സിൽ 183 റൺസിന് പുറത്ത്; ജസ്പ്രീത് ബുമ്രയ്ക്ക് നാല് വിക്കറ്റ്; ഇംഗ്ലണ്ടിനായി രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ജോ റൂട്ട്

സ്പോർട്സ് ഡെസ്ക്

ട്രെന്റ്ബ്രിഡ്ജ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 83 റൺസിന് എറിഞ്ഞൊതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 183 റൺസെടുത്തു പുറത്തായി. ജസ്പ്രീത് ബുറ നയിച്ച ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇംഗ്ലണ്ട് ബാറ്റിങ് നിര 65.4 ഓവറിൽ കൂടാരം കയറി.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്ന് ഇംഗ്ലീഷ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. 108 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 64 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ആതിഥേയരുടെ ടോപ്പ് സ്‌കോറർ.

ആറ് ഇംഗ്ലിഷ് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. ജോണി ബെയർ സ്റ്റോ (29), സാം കറൻ (27), സാക് ക്രൗലി (27), ഡോം സിബ്ലി (18) എന്നിവരാണു ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറർമാർ.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. ബേൺസിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ സാക് ക്രോളിക്കും പിടിച്ചു നിൽക്കാനായില്ല. സ്‌കോർ 42-ൽ നിൽക്കേ 27 റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജ് ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റിന് 42 റൺസ് എന്ന നിലയിലായി ആതിഥേയർ.

അടുത്തത് 18 റൺസെടുത്ത ഡോം സിബ്ലെയുടെ ഊഴമായിരുന്നു. 70 പന്ത് നേരിട്ട താരത്തെ മുഹമ്മദ് ഷമി, കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ചു. ജോണി ബെയർ‌സ്റ്റോവിനും അധികം പിടിച്ചുനിൽക്കാനായില്ല. രണ്ടാം സെഷനിലെ അവസാന പന്തിൽ 71 പന്തിൽ നിന്ന് 29 റൺസെടുത്ത ബെയർ‌സ്റ്റോവിനെ മുഹമമദ് ഷമി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ആ ഓവറിലെ അവസാന പന്തിൽ ഡാൻ ലോറൻസും പുറത്തായി. പിന്നീട് 18 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാത്ത ജോസ് ബട്‌ലറെ ജസ്പ്രീത് ബുംറ തിരിച്ചയച്ചു.

ജോ റൂട്ടിന്റെ ചെറുത്തുനിൽപ്പ് ശർദുൽ താക്കൂർ വിക്കറ്റിന് മുന്നിൽ കുരുക്കി. ആ ഓവറിൽ ഒലി റോബിൻസണും മടങ്ങി. സ്റ്റുവർട്ട് ബ്രോഡിനും ജെയിംസ് ആൻഡേഴ്‌സണും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ രണ്ടു വിക്കറ്റും ജസ്പ്രീത് ബുംറയ്ക്കാണ്.

ഇന്ത്യക്കായി ബുംറ 20.4 ഓവറിൽ 46 റൺസ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്‌ത്തിയത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തു. ശർദുൽ താക്കൂർ രണ്ടു വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റില്ല.

ഇതിനിടെ ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം നായകൻ ജോ റൂട്ട് പേരിൽ കുറിച്ചു. അലെയ്സ്റ്റർ കുക്കിനെ പിന്നിലാക്കി ഒന്നാമതെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ 33-ാം ഓവറിൽ മുഹമ്മദ് സിറാജിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് റൂട്ടിന്റെ നേട്ടം.

മത്സരത്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ 108 പന്തിൽ 11 ബൗണ്ടറിയുടെ സഹായത്തോടെ 64 റൺസ് നേടി. ടെസ്റ്റിൽ 50-ാം അർധ സെഞ്ചുറിയും താരം പൂർത്തിയാക്കി.

മൂന്നു ഫോർമാറ്റിലുമായി 15,737 റൺസാണ് കുക്കിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ ഇത്രയും റൺസെടുക്കാൻ കുക്ക് 387 ഇന്നിങ്സ് കളിച്ചപ്പോൾ റൂട്ട് കളിച്ചത് 366 ഇന്നിങ്സുകളാണ്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി 36 സെഞ്ചുറികളും 89 അർധ സെഞ്ചുറികളും റൂട്ടിന്റെ അക്കൗണ്ടിലുണ്ട്. 48.65 ആണ് ബാറ്റിങ് ശരാശരി.

13,779 റൺസുമായി കെവിൻ പീറ്റേഴ്സണാണ് മൂന്നാം സ്ഥാനത്ത്. ഇയാൻ ബെൽ (13,331) നാലാമതും ഗ്രഹാം ഗൂച്ച് (13,190) അഞ്ചാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്ന ലോക താരങ്ങളുടെ പട്ടികയിൽ 29-ാം സ്ഥാനമാണ് റൂട്ടിനുള്ളത്. 34,357 റൺസുമായി സച്ചിൻ തെണ്ടുൽക്കറാണ് ഒന്നാമത്. മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര (28,016) രണ്ടാമതും മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് (27,483) മൂന്നാം സ്ഥാനത്തുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP