Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വരിഞ്ഞു മുറക്കാൻ ഇംഗ്ലണ്ട്; ഒന്നാം ടെസ്റ്റിന് നോട്ടിങ്ഹാമിൽ ഒരുക്കിയത് പുല്ലു വളർന്ന വിക്കറ്റ്; ദുഷ്‌കരമായ സാഹചര്യം ഒരുക്കി ഇന്ത്യൻ ബാറ്റിങ് നിരയെ വീഴ്‌ത്തുക ലക്ഷ്യം; സോണി ചെറുവത്തൂർ വിലയിരുത്തുന്നത് ഇങ്ങനെ

പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വരിഞ്ഞു മുറക്കാൻ ഇംഗ്ലണ്ട്; ഒന്നാം ടെസ്റ്റിന് നോട്ടിങ്ഹാമിൽ ഒരുക്കിയത് പുല്ലു വളർന്ന വിക്കറ്റ്; ദുഷ്‌കരമായ സാഹചര്യം ഒരുക്കി ഇന്ത്യൻ ബാറ്റിങ് നിരയെ വീഴ്‌ത്തുക ലക്ഷ്യം; സോണി ചെറുവത്തൂർ വിലയിരുത്തുന്നത് ഇങ്ങനെ

സ്പോർട്സ് ഡെസ്ക്

കൊച്ചി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കും തുടക്കമായിരിക്കുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പര. ആദ്യ ടെസ്റ്റിനാണ് ബുധനാഴ്ച നോട്ടിങ്ഹാമിൽ തുടക്കമായിരിക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്‌സിൽ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യയെ സമ്മർദ്ദിലാക്കാനാണ് ഇംഗ്ലണ്ട് നിര ലക്ഷ്യമിടുന്നത്.

എന്നാൽ നോട്ടിംഹാമിൽ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുക്കിയിരിക്കുന്ന വിക്കറ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സമീപ കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ നിര. പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ അടക്കം വിദേശമണ്ണിൽ.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ആതിഥേയർക്ക് അനുകൂലമാക്കാനും കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനും പോന്ന പിച്ചാണ് നോട്ടിങ്ഹാമിൽ ഒരുക്കിയിരിക്കുന്നതെന്ന് ഇതിനകം വിമർശനം ഉയർന്നുകഴിഞ്ഞു. വിഷയത്തിൽ പ്രതികരിക്കുകയാണ് കേരള ക്രിക്കറ്റ് ടീം മുൻ നായകൻ സോണി ചെറുവത്തൂർ.



'ഇംഗ്ലണ്ട് പരമ്പര തുടങ്ങുമ്പോൾ ഓസ്‌ട്രേലിയയിലെ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇംഗ്ലണ്ടിൽ കഴിഞ്ഞ പരമ്പരയും അതിന് തൊട്ടു മുമ്പുള്ള പരമ്പരയും ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചില്ല. പക്ഷേ കഴിഞ്ഞ തവണ ഇന്ത്യ ഇംഗ്ലണ്ടിൽ 4 - 1 ന് പരാജയപ്പെട്ടു എങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്'.

'പരമ്പര ഇന്ത്യയ്ക്ക് ജയിക്കാൻ സാധിച്ചില്ലെങ്കിൽ പോലും നിർണായകമായ സമയങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തു. അതിന് ശേഷം ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുമ്പോൾ സ്പിന്നിൽ കറക്കി വീഴ്‌ത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു എന്നുള്ളത് ഇംഗ്ലണ്ട് ആരാധകരുടേയും ഇംഗ്ലണ്ട് മാനേജ്‌മെന്റിന്റെയും ഇംഗ്ലണ്ട് താരങ്ങളുടേയും മനസിൽ ഉണ്ട് എന്നതിന് സംശയമില്ല'.

'അതുകൊണ്ട് തന്നെ ആ ഒരു പരാജയത്തിന്റെ വിഷമം മാറ്റാനായിട്ട് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ സന്ദർശക ടീമിന് എത്രത്തോളം ദുഷ്‌കരമാക്കാൻ സാധിക്കുമോ അതിനുള്ള സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. ആദ്യ ടെസ്റ്റിനായി ഒരുക്കിയിരിക്കുന്ന വിക്കറ്റു കാണുമ്പോൾ, അതിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവരുമ്പോൾ ഏതാണ്ട് അതേ രീതിയിൽ തന്നെയാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് തയ്യാറായിരിക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. പരാജയത്തിന്റെ ഒരു വിഷമം മാറ്റാനായിട്ടാണിത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഇന്ത്യൻ നിരയ്ക്ക് അത് എത്രത്തോളം ദുഷ്‌കരമാക്കാൻ സാധിക്കുമോ ആ രീതിയിൽ ദുഷ്‌കരമാക്കാനുള്ള സാധ്യതയാണ് കാണുന്നത്'.

'നല്ലരീതിയിൽ പുല്ല് വളർന്ന് നിൽക്കുന്ന ഒരു വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. വിക്കറ്റ് സീം ബോളിങ്ങിന സഹായിക്കുന്നതാണ്. ഡ്യൂക്ക് ബോൾ കൂടിയാകുമ്പോൾ ഇന്ത്യക്ക് പരമ്പര കടുത്തത് ആകുമെന്നുള്ളതിൽ സംശയമില്ല. പക്ഷേ അവിടെയും എനിക്ക് തോന്നുന്നത് ഓസ്‌ട്രേലിയ പോലെയുള്ള സാഹചര്യത്തിൽ പരമ്പര വിജയം സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ആ ഒരു വിജയതൃഷ്ണയും സംസ്‌കാരവും ഉണ്ടാക്കിയെടുക്കാൻ ടീം ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു നല്ല പ്രകടനം കാഴ്ചവയ്ക്കാനാകും. പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ വിജയങ്ങൾ പൊരുതി നേടുക എന്നതാണ് വെല്ലുവിളി വിരാട് കോലിയും സംഘവും ഏറ്റെടുക്കും. ആ വെല്ലുവിളി നേരിടാൻ ഇന്ത്യ തയ്യാറാണ് എന്നാണ് എനിക്ക് മനസിലാകുന്നത്', സോണി ചെറുവത്തൂർ പറയുന്നു.

സോണി ചെറുവത്തൂർ പറഞ്ഞത് ശരിവയ്ക്കുന്നതാണ് ഒന്നാം ടെസ്റ്റിനായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന്റെ ലൈനപ്പ്. ജെയിംസ് ആൻഡേഴ്‌സൻ നയിക്കുന്ന പേസ് ആക്രമണ നിരയിൽ സ്റ്റുവർട് ബ്രോഡും ഒലി റോബിൻസണും പിന്നെ ഓൾറൗണ്ടർ സാം കറനും. ഇംഗ്ലണ്ട് നിരയിൽ സ്പിന്നർമാരില്ല.

ഇന്ത്യൻ നിരയും വ്യത്യസ്തമല്ല. പേസ് ബൗളർമാർക്ക് പ്രാമുഖ്യം നൽകുന്നതാണ് ടീം ലൈനപ്പ്. ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ, പിന്നെ സ്പിൻ പരീക്ഷണത്തിന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും.

പിച്ച് ഒരുക്കുന്നത്

പിച്ചിന്റെ സ്വഭാവം എങ്ങനെയാവണം എന്നതനുസരിച്ചാണ് ഒരുക്കുന്നത്. വെള്ളം നനയും പുല്ല് വെട്ടലും റോളിങ്ങും അടിസ്ഥാനമാക്കിയാണു പിച്ചിന്റെ സ്വഭാവം മാറ്റുക. ആതിഥേയർക്ക് അനുകൂലമാവുന്നതരത്തിൽ പിച്ച് ഒരുക്കുന്നത് സ്വാഭാവികമാണ്. മൽസരം തുടങ്ങിക്കഴിഞ്ഞാൽ കഴിയുന്നതുവരെ ഇന്നിങ്‌സുകളുടെ ഇടവേളകളിൽ റോൾ ചെയ്യുന്നത് ഒഴിച്ചു പിച്ചിൽ നന ഉൾപ്പെടെ ഒരുവിധ ഇടപെടലുകളും ഉണ്ടാകാറില്ല.

പേസ് പിച്ച്

പിച്ചിന്റെ ഉറപ്പും പുല്ലിന്റെ സാന്നിധ്യവുമാണു ബൗൺസും പേസും നൽകുക. സാധാരണ മൽസരത്തലേദിവസമാണു പുല്ല് അരിയുന്നതെങ്കിൽ ഇത്തരം പിച്ചൊരുക്കാൻ രണ്ടുദിവസം മുൻപേ പുല്ല് ചെത്തും. മൽസരദിവസമാവുമ്പോൾ പുതുനാമ്പുകൾ കിളിർത്തു പച്ചപ്പുള്ള പിച്ചായിരിക്കും മൽസരത്തിനു ലഭിക്കുക. പുല്ലിൽ കുത്തി ബോൾ തെന്നിനീങ്ങുന്നതിനാൽ നല്ല പേസ് ലഭിക്കുകയാണു ചെയ്യുന്നത്.

സ്പിൻ പിച്ച്

നാലുദിവസം മുൻപേ പിച്ചിലെ വെള്ളം നനയ്ക്കൽ നിർത്തും. ഇതോടെ വരണ്ടുണങ്ങും. പുല്ല് പൂർണമായും ചെത്തിമാറ്റുകയും ചെയ്യും. ഇതോടെ പിച്ച് വിണ്ടുകീറുന്ന സ്ഥിതിയാവും. ഇത്തരം പിച്ചിൽ ബോൾ പിച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന പിടിത്തം മൂലം യഥേഷ്ടം തിരിയും.

ബാറ്റിങ് പിച്ച്

ബോൾ ബാറ്റിലേക്ക് യഥേഷ്ടം വരുന്നതരത്തിൽ നല്ലവണ്ണം ഉറപ്പിച്ചു ലെവൽ ചെയ്യും. തലേദിവസംവരെ ചെറുതായി നനയ്ക്കും. തലേദിവസം പുല്ല് ചെത്തി ബ്രൗൺ നിറത്തിലാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP