Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ സെമിയിൽ പൊരുതിവീണ് വനിതകളും; സ്വപ്‌ന കുതിപ്പിൽ അർജന്റീനയോട് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇന്ത്യക്ക് ഇനി പ്രതീക്ഷ വെങ്കല മെഡലിൽ; എതിരാളി ബ്രിട്ടൻ; ഫൈനലിൽ അർജന്റീനയും നെതർലൻഡും ഏറ്റുമുട്ടും

ഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ സെമിയിൽ പൊരുതിവീണ് വനിതകളും; സ്വപ്‌ന കുതിപ്പിൽ അർജന്റീനയോട് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇന്ത്യക്ക് ഇനി പ്രതീക്ഷ വെങ്കല മെഡലിൽ; എതിരാളി ബ്രിട്ടൻ; ഫൈനലിൽ അർജന്റീനയും നെതർലൻഡും ഏറ്റുമുട്ടും

സ്പോർട്സ് ഡെസ്ക്

ടോക്യോ: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ വിഭാഗത്തിന് പിന്നാലെ വനിതകളും സെമിയിൽ പൊരുതി പുറത്തായി. ഫൈനൽ ലക്ഷ്യമിട്ടുള്ള സ്വപ്‌ന കുതിപ്പിൽ മുന്നേറിയ ഇന്ത്യൻ വനിതാ ടീമിനെ കരുത്തരായ അർജന്റീനയാണ് കീഴടക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ ലീഡ് എടുത്ത ശേഷം ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് അർജന്റീനയോട് പരാജയപ്പെട്ടത്.

അർജന്റീനയ്ക്ക് വേണ്ടി നായിക മരിയ നോയൽ ബരിയോനുവേനോ ഇരട്ട ഗോളുകൾ നേടി വിജയശിൽപ്പിയായപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി ഗുർജിത് കൗർ ലക്ഷ്യം കണ്ടു. 18, 36 മിനിറ്റുകളിലായിരുന്നു മരിയയുടെ ഗോളുകൾ. ഇന്ത്യയുടെ ആശ്വാസഗോൾ രണ്ടാം മിനിറ്റിൽ ഗുർജീത് കൗർ നേടി. ക്വാർട്ടറിൽ ശക്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ അട്ടിമറിച്ചപ്പോഴും വിജയഗോൾ ഗുർജീതിന്റെ വകയായിരുന്നു.

ഇതോടെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് സ്വർണമെന്ന സ്വപ്നം തകർന്നു.ഒരു ഗോളിന് പിന്നിൽ നിന്നശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ബ്രിട്ടനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ വനിതാ ഹോക്കി ടീം ഇതുവരെ ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടില്ല. 1980 മോസ്‌കോ ഒളിംപിക്‌സിൽ നേടിയ 4ാം സ്ഥാനമാണ് ഇന്ത്യയുടെ ഇതിനു മുൻപുള്ള മികച്ച പ്രകടനം.

മറ്റൈാരു സെമിയിൽ ബ്രിട്ടനെ കീഴടക്കി നെതൽലൻഡും ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെമിയിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് നെതർലൻഡ്‌സ് ബ്രിട്ടനെ തോൽപ്പിച്ചത്.

മൂന്നു തവണ ഒളിംപിക് ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ഇന്ത്യ സെമിയിലും ഉശിരൻ പ്രകടനമാണ് പുറത്തെടുത്തത്. ലോക റാങ്കിങ്ങിൽ കഴിഞ്ഞ ദിവസം 7ാം സ്ഥാനത്തേക്കു കയറിയ ഇന്ത്യ രണ്ടാം റാങ്കുകാരായ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 

മത്സരം തുടങ്ങിയപ്പോൾ തൊട്ട് ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഭാഗമായി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ പെനാൽട്ടി കോർണർ നേടിയെടുത്തു. ആദ്യ പെനാൽട്ടി കോർണറിൽ നിന്നും തന്നെ ഗോൾ കണ്ടെത്തി ഇന്ത്യ അർജന്റീനയെ ഞെട്ടിച്ചു. പരിചയസമ്പന്നയായ ഗുർജിത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്. ക്വാർട്ടറിൽ ഗുർജിതാണ് ഇന്ത്യയ്ക്ക് വേണ്ടി ഏകഗോൾ നേടിയത്.

ഗോൾ വഴങ്ങിയതോടെ അർജന്റീന ആക്രമിച്ച് കളിക്കാൻ ആരംഭിച്ചു. പക്ഷേ ഇന്ത്യൻ പ്രതിരോധം അവരെ സമർഥമായി തന്നെ നേരിട്ടു. ആദ്യ ക്വാർട്ടറിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല.

രണ്ടാം ക്വാർട്ടറിൽ ഇന്ത്യ പ്രതിരോധത്തിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. നിരന്തരം ആക്രമിച്ച അർജന്റീന ഒടുവിൽ ലക്ഷ്യം കണ്ടു. പെനാൽട്ടി കോർണറിൽ നിന്നും 18-ാം മിനിട്ടിൽ ബരിയോനുവേനോയാണ് അർജന്റീനയ്ക്കായി സമനില ഗോൾ കണ്ടെത്തിയത്. അമിതമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ഇന്ത്യയ്ക്ക് വിനയായത്.

ഗോൾ വഴങ്ങിയതോടെ രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ആക്രമിച്ച് കളിക്കാൻ ആരംഭിച്ചു. അതിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് പെനാൽട്ടി കോർണറുകൾ നേടിയെടുത്തെങ്കിലും ഗോൾ നേടാനായില്ല.

മൂന്നാം ക്വാർട്ടറിൽ ഗോൾ നേടാനായി ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. മുന്നേറ്റനിര വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുത്തതുമില്ല. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളവസരമാക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞില്ല.

എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് അർജന്റീന മൂന്നാം ക്വാർട്ടറിൽ ലീഡെടുത്തു. ഇത്തവണയും നായിക ബരിയോനുവേനോയാണ് അർജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. പെനാൽട്ടി കോർണറിൽ നിന്നും പന്ത് സ്വീകരിച്ച ബരിയോനുവേനോയുടെ ഷോട്ട് വ്യതിചലിച്ച് പോസ്റ്റിൽ കയറുകയായിരുന്നു. ഇത് നോക്കി നിൽക്കാനേ ഇന്ത്യൻ ഗോൾകീപ്പർക്ക് സാധിച്ചുള്ളൂ. ഗോൾ വഴങ്ങിയതോടെ ഇന്ത്യ പതറി.

നാലാം ക്വാർട്ടറിൽ ലാൽറെംസിയാമിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഇന്ത്യയ്ക്കുള്ള ഗോളാക്കി മാറ്റാൻ സാധിച്ചില്ല. പിന്നാലെ പെനാൽട്ടി കോർണറിലൂടെ ഗുർജിത് വീണ്ടും ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും ആ ശ്രമം അർജന്റീന ഗോൾകീപ്പർ തട്ടിയകറ്റി. അവസാന മിനിട്ടുകളിൽ സമനില നേടാനായി പരമാവധി ശ്രമിച്ചെങ്കിലും അർജന്റീന പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

2008ലും 2012ലും വെള്ളി നേടിയ അർജന്റീന 2016ൽ ക്വാർട്ടറിൽ തന്നെ പുറത്തായിരുന്നു. റിയോയിലെ വെങ്കല മെഡൽ ജേതാക്കളായ ജർമനിയെ 30നു തോൽപിച്ചാണ് അർജന്റീന സെമിയിലെത്തിയത്. സമീപകാലത്തെ നേർക്കുനേർ മത്സരങ്ങളിലും അർജന്റീനയ്ക്കായിരുന്നു മുൻതൂക്കം. ഒളിംപിക്‌സിനു മുൻപു നടന്ന അർജന്റീന പര്യടനത്തിൽ ഇന്ത്യൻ ടീം ഇതേ ടീമിനെതിരെ 2 മത്സരങ്ങൾ തോറ്റു. ഒന്നിൽ സമനില നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP