Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ  

കോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ   

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യയിൽ പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തിൽ പോരാളികൾ ആയി മാറിയപ്പോൾ കേരളം മാത്രം എന്തേ ഇപ്പോഴും കൂടുതൽ രോഗികളും മരണവുമായി കുതിപ്പ് തുടരുന്നു? ഈ ചോദ്യവുമായി ഒരിക്കൽ കൂടി ബിബിസി വാർത്ത സംഘം കേരളത്തിൽ എത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പു മുന്നിൽ ഉള്ള വർഷമായതിനാൽ കഴിഞ്ഞ വർഷം കോവിഡ് കണക്കുകൾ കേരളം മറച്ചു വയ്ക്കുന്നു എന്ന് കഴിഞ്ഞ നവംബറിൽ ബിബിസി വെളിപ്പെടുത്തിയപ്പോൾ എങ്കിലും സംസ്ഥാനം അത് ആരോഗ്യപരമായ വിമർശം ആയി കണ്ടിരുന്നുവെങ്കിൽ ഇപ്പോഴെങ്കിലും കേരളത്തിന് അഭിമാനത്തോടെ തല ഉയർത്താമായിരുന്നു. എന്നാൽ സകല നിയന്ത്രണങ്ങളും പാളിയ നിലയ്ക്ക് വ്യാപാര സമൂഹം അടക്കം സർക്കാരിനെ വെല്ലുവിളിക്കാൻ പരസ്യമായി ഇറങ്ങിയതോടെ കേരളം വീണ്ടും തുറന്നിടാൻ തീരുമാനിച്ച അവസരത്തിൽ തന്നെയാണ് ബിബിസി സംഘം കേരളത്തിന്റെ പരാജയ കാരണങ്ങൾ വെളിപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം നവംബറിൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ തങ്ങി പ്രാദേശിക മാധ്യങ്ങളിൽ വന്ന മരണ വാർത്തകൾ കൂടി ശേഖരിച്ചാണ് അന്ന് കേരളം പറഞ്ഞ കണക്കുകൾ കള്ളം ആണെന്ന് ബിബിസി വെളിപ്പെടുത്തിയത്. എന്നാൽ അതിനെ ഖണ്ഡിക്കാൻ സർക്കാർ തയാറായില്ലെങ്കിലും മരണക്കണക്കിൽ ഒളിച്ചു കളി തുടരുക തന്നെ ആയിരുന്നു. കോവിഡിനെ തുടർന്ന് ഉള്ള ന്യുമോണിയ മരണം പോലും കോവിഡ് കണക്കിൽ എഴുതാതെയാണ് കേരളം ഇപ്പോഴും 17000 മരണം എന്ന മേനി നടിക്കുന്നത്. യഥാർത്ഥത്തിൽ ഇതിന്റെ ഇരട്ടിയിലേറെ മരണം നടന്നു കഴിഞ്ഞു എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നു.

അടുത്തിടെ കോവിഡ് മരണത്തിലെ യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞ നിലയ്ക്ക് തർക്കത്തില്ലെന്നും കുടുംബം ആവശ്യപ്പെട്ടാൽ മരണം കോവിഡ് കണക്കിൽ ഉൾപ്പെടുത്താമെന്നുമാണ് സർക്കാർ നിലപാട് എടുത്തത്. അത് തങ്ങളായി ചെയ്യുന്നില്ലെന്നും ഒരു ജാള്യതയും കൂടാതെ പറയാനും മുൻ മാധ്യമ പ്രവർത്തക കൂടിയായ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് പറയുകയും ചെയ്തു. ഇതോടെ എങ്ങനെയാണു കോവിഡിന്റെ കാര്യത്തിൽ ലോക മാധ്യമങ്ങളിൽ പോലും കേരളത്തിന്റെ പേര് പ്രകീർത്തിക്കപ്പെട്ടതെന്ന കാര്യത്തിൽ ഉയർന്ന വിവാദങ്ങളിൽ കഴമ്പ് ഉണ്ടെന്നു പൊതു സമൂഹം കൂടുതലായി തിരിച്ചറിയുകയും ചെയ്തു.

ഇക്കൂട്ടത്തിൽ ഒടുവിലായി എത്തുന്ന വിമർശമാണ് ബിബിസി വേൾഡ് നടത്തുന്നത് . ഇവരുടെ കണ്ടെത്തലിൽ കേരളത്തിൽ ഇപ്പോഴുള്ള ജനങ്ങളിൽ 34 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടു കഴിഞ്ഞു. നിലവിൽ ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളിൽ പാതിയിലേറെയും കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ബിബിസി വേൾഡിനെ സംസ്ഥാനത്തേക്കു വീണ്ടും ആകർഷിക്കാൻ കാരണമായത്.

മറ്റു സംസ്ഥാനങ്ങൾ ടെസ്റ്റ് നടത്താത്തതുകൊണ്ടാണെന്ന പതിവ് ന്യായീകരണമൊന്നും കോവിഡിന് മുന്നിൽ നിലനിൽക്കില്ലെന്ന് ബോധ്യമായതോടെ കേരളവും ന്യായീകരിക്കലിന്റെ പാതയിൽ നിന്നും പതിയെ പിൻവാങ്ങുകയാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ടെസ്റ്റ് നടത്തുന്ന ഇന്ത്യൻ സംസ്ഥാനം കേരളം തന്നെയാണ് എന്ന് ബിബിസിയും സമ്മതിക്കുന്നുണ്ട്. രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് വളരെ നേരത്തെ ലഭിച്ചിട്ടും കേരളം എന്തുകൊണ്ട് രോഗികൾ ആശങ്കപ്പെടുത്തും വിധം വർധിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ബിബിസി സംഘം അന്വേഷിച്ചത്.

ഒന്നാം തരംഗത്തെ ഫലപ്രദമായി നേരിട്ട കേരളത്തിന് രണ്ടാം തരംഗത്തിൽ കാലിടറുക ആയിരുന്നു എന്നാണ് ബിബിസി റിപ്പോർട്ടിന്റെ ഉള്ളടക്കം. വൈറസിന്റെ റീപ്രൊഡക്ടിവ് നിരക്ക് ഒന്നിന് മുകളിൽ ആണെന്നതും കേരളത്തെ സംബന്ധിച്ചു നല്ല സൂചനയല്ല നൽകുന്നത്. ഇതോടെ സൂചനകൾ പ്രകാരം കൂടുതൽ നിയന്ത്രണം വേണ്ട സമയമാണ് ഇതെന്നും ബിബിസി പറയുന്നു. എന്നാൽ കേരളം കടുത്ത സമ്മർദ്ദത്തിലാണ്. ഇതിനെ അതിജീവിക്കാൻ സംസ്ഥാന സർക്കാരിനും കഴിഞ്ഞേക്കില്ല.

ഇതിന് തെളിവാണ് ഇപ്പോൾ ആഴ്ചയിൽ ആറുദിവസവും കടകൾ തുറക്കാനുള്ള അനുമതിയിലൂടെ തെളിയുന്നതും. ഒരു മാസത്തിലേറെയായി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ അധികം ഉയർന്നു നിൽക്കുന്നതും ആശങ്ക പരത്തുന്നതാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ആകട്ടെ പോസിറ്റിവിറ്റി 20 ശതമാനത്തിനും മുകളിലാണ്. ഈ പ്രദേശങ്ങൾ കണ്ടൈന്മെന്റ് സോൺ ആണെങ്കിൽ പോലും ജനം നിർബാധം സ്വൈര്യ സഞ്ചാരം നടത്തുന്നു എന്നാണ് കേരളത്തിൽ നിന്നും ലഭ്യമായ വിവരം.

ഏറ്റവും പുതിയ ആന്റിബോഡി ടെസ്റ്റ് പ്രകാരം കേരളത്തിൽ 43 ശതമാനം ജനങ്ങളാണ് രോഗസാധ്യത ഉള്ളതായി കണക്കാക്കുന്നത്. എന്നാൽ ഇന്ത്യൻ ശരാശരി 68 ശതമാനത്തിനു മുകളിലാണ്. അതിനിടെ കേരളത്തിൽ കോവിഡ് കൂടുതൽ പോസിറ്റീവ് രോഗികളെ സമ്മാനിക്കുന്നുണ്ടെങ്കിലും അതിനു സമാനമായ തരത്തിൽ ആശുപത്രികളിൽ രോഗികൾ എത്തപ്പെടുന്നില്ല എന്നതും പ്രധാനമാണ്. എന്നാൽ രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ കുറവ് കാണിക്കുമ്പോഴും മരണ നിരക്ക് താഴാൻ പ്രയാസപ്പെടുകയാണ്.

കേരളത്തിൽ 20 ശതമാനത്തിലേറെ ആളുകൾ വാക്‌സിൻ എടുത്തതും നല്ല കാര്യമായി ബിബിസി പറയുന്നു. കേരളം കുറച്ചുകൂടി വേഗത്തിൽ വാക്സിൻ നൽകാനായാൽ മൂന്നാം തരംഗം പ്രതീക്ഷിച്ച പോലെ ജീവനൊടുക്കില്ല എന്നാണ് വൈറോളജിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ രണ്ടാം തരംഗം സൃഷ്ടിച്ച ഡെൽറ്റ വേരിയന്റ് വൈറസ് നൽകുന്ന വൈറൽ ലോഡ് കേരളത്തിന് തിരിച്ചടി ആയതായി വിശ്വസിക്കുന്ന അനേകം വൈറോളജിസ്റ്റുകൾ ഉണ്ട്.

മാത്രമല്ല ഇടയ്ക്കിടെ എത്തിയ പെരുന്നാളും ഉത്സവവും ഒക്കെ ആഘോഷിക്കാൻ ജനങ്ങൾക്കായി ലോക്ഡൗൺ ഇളവുകൾ നൽകിയത് ശാസ്ത്രീയ തീരുമാനം ആയിരുന്നില്ലെന്നാണ് ബിബിസി കണ്ടെത്തുന്നത്. പുതിയ പോസിറ്റീവ് കേസുകൾ കുറച്ചു വരേണ്ട സമയത്തു രോഗവ്യാപനത്തിനായി എല്ലാം തുറന്നിടുന്ന മണ്ടൻ തീരുമാനമാണ് കേരളം സ്വീകരിച്ചത്. ജാഗ്രതയിൽ ഒരു കുറവും വരുത്താതെയാണ് കോവിഡിനെ നേരിടേണ്ടത് എന്ന് ഈ രോഗത്തിന്റെ വ്യാപനം ഇതിനകം പഠിപ്പിച്ചു കഴിഞ്ഞു. കേരളത്തിന് മാത്രം ആ യാഥാർഥ്യത്തെ അംഗീകരിക്കാതിരിക്കാനാകില്ല.

കോവിഡിന്റെ ഓരോ രാജ്യത്തെയും വ്യാപനം സസൂക്ഷമം പഠിച്ചു കൊണ്ടിരിക്കുന്ന ലണ്ടനിലെ മിഡിൽ സെക്സ് യൂണിവേഴ്‌സിറ്റി വിദഗ്ധൻ ഡോ. മുറാദ് ബെൻജിയും മുന്നറിയിപ്പ് നൽകുന്നു. ഓരോ ഘട്ടത്തിലും ഇളവുകൾ നൽകാൻ കേരളം കാണിച്ച വ്യഗ്രതയാണ് ഇപ്പോൾ രോഗവ്യാപനം വർധിപ്പിക്കാൻ കാരണമായി മാറുന്നതും. ഇത്തരത്തിൽ അക്കമിട്ടു കാരണങ്ങൾ നിരത്തി ബിബിസി നൽകിയ റിപ്പോർട്ടും കേരളം കണ്ടില്ലെന്നു നടിച്ചാൽ ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റവും ദയനീയമായി കോവിഡിനെ നേരിട്ട സംസ്ഥാനം എന്ന ബഹുമതിയും കേരളത്തെ തേടി എത്താതിരിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP