Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഷീറിന്റെ ചരമ വാർഷികം ആരോഗ്യമന്ത്രിയുടെ പിറന്നാൾ ദിനം; മാധ്യമ പ്രവർത്തകയുടെ വകുപ്പിൽ ശ്രീറാം വെങ്കിട്ടരാമനും; കോവിഡ് പ്രതിരോധം പൊളിഞ്ഞിട്ടും പ്രതിയായ ഐഎഎസുകാരന് പൂർണ്ണ സംരക്ഷണം; ബെർത്ത് ഡേ മന്ത്രി വീണാ ജോർജിന് നൽകിയത് കേക്കിനൊപ്പം കഷായം!

ബഷീറിന്റെ ചരമ വാർഷികം ആരോഗ്യമന്ത്രിയുടെ പിറന്നാൾ ദിനം; മാധ്യമ പ്രവർത്തകയുടെ വകുപ്പിൽ ശ്രീറാം വെങ്കിട്ടരാമനും; കോവിഡ് പ്രതിരോധം പൊളിഞ്ഞിട്ടും പ്രതിയായ ഐഎഎസുകാരന് പൂർണ്ണ സംരക്ഷണം; ബെർത്ത് ഡേ മന്ത്രി വീണാ ജോർജിന് നൽകിയത് കേക്കിനൊപ്പം കഷായം!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി വീണയ്ക്ക് ജന്മദിനാശംസകൾ. ഇതു മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിന്റെ ചരമ വാർഷിക ദിനം കൂടിയാണ്. ഈ ഗാലറിയിൽ സുസ്‌മേര വദനനായിരുന്ന ആ ചെറുപ്പക്കാരന്റെ ആത്മാവിന് നീതി ഇനിയും വൈകരുത്-പി.സി.വിഷ്ണുനാഥിന്റെ ഈ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു.

ഡോക്ടറായ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പിൽ എത്തിച്ചാൽ കോവിഡിനെ പിടിച്ചു കെട്ടാമെന്നായിരുന്നു പഴയ വീമ്പെളക്കൽ. എന്നാൽ ഇന്ന് കോവിഡിൽ വിറയ്ക്കുകയാണ് കേരളം. അപ്പോഴും സെക്രട്ടറിയേറ്റിലെ സുരക്ഷിത കസേരയിൽ പൊലീസ് തന്നെ കുറ്റപത്രം നൽകിയ കേസിലെ പ്രതിയും ഉണ്ട്.

അതുകൊണ്ടാണ് വീണാ ജോർജ് എന്ന ആരോഗ്യമന്ത്രിക്ക് പിറന്നാൾ ആഘോഷം കയ്‌പേറിയതാകുന്നത്. മാധ്യമ പ്രവർത്തകയായിരുന്നു വീണാ ജോർജ്. വാർത്തകൾ വായിച്ച അവതാരക. ഈ അവതാരക മന്ത്രിയാകുമ്പോഴും കെ എം ബഷീറിനെ വണ്ടി ഇടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പിൽ സുഖവാസ കാലമാണ്. എല്ലാം മറന്നു പോയെന്ന് സമ്മതിച്ച ഐ എ എസുകാരന് കോവിഡിനെ പിടിച്ചു കെട്ടാനായില്ല. അപ്പോഴും ആരോഗ്യമന്ത്രിക്ക് ഈ ഐഎഎസുകാരനെ തൊടാൻ കഴിയുന്നില്ല.

ബഷീറിനെ വണ്ടി ഇടിച്ചു കൊന്ന ദിവസം തന്നെയാണ് കവടിയാറിൽ സ്വർണ്ണ കടത്തിലെ പണം ഇടപാട് നടക്കുന്നത്. ദുബായ് ബന്ധമുള്ള വഫാ ഫിറോസായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ കാറിൽ. ഏറെ ദുരൂഹതകൾ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇനിയും മയാനുണ്ട്. അതിലേക്കൊന്നും പൊലീസ് അന്വേഷണം കൊണ്ടു പോയില്ല. സ്വർണ്ണ കടത്തിലെ പണ കൈമാറ്റ ദിവസത്തിലെ പ്രതി എങ്ങനെ സർക്കാരിന് പ്രിയപ്പെട്ടവനായി എന്നതിനും ആർക്കും ഉത്തരമില്ല.

അതുകൊണ്ടാണ് മന്ത്രി വീണാ ജോർജിന് 45ാം ജന്മദിനം കേക്കിനൊപ്പം കഷായം നിറഞ്ഞതായി എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. അഥവാ കോവിഡ് ഭാഷയിൽ പോസിറ്റീവും നെഗറ്റീവും കലർന്നതായി. മന്ത്രിയുടെ ജന്മദിനവും ആരോഗ്യ വകുപ്പിന്റെ ചർച്ചയുമാണ് സഭയിൽ ഒത്തുവന്നത്. പക്ഷേ മന്ത്രിയെ 'ഫ്‌ളോറൻസ് നൈറ്റിങ്‌ഗേൽ' ആയി വരെ വാഴ്‌ത്തിയ ഭരണപക്ഷം ജന്മദിനം ആദ്യം ഓർമിച്ചില്ല. കേരളം രോഗക്കിടക്കയിൽ ആയപ്പോൾ മന്ത്രി വീണ വായിക്കുകയാണെന്നു വരെ ലീഗിലെ കെ.പി.എ.മജീദ് ആദ്യമേ ആക്ഷേപിക്കുകയും ചെയ്തു. ഇതിനൊപ്പമായിരുന്നു വിഷ്ണുനാഥ് ബഷീർ വിഷയവും ചർച്ചായാക്കിയത്.

ലീഗിനെ ആക്രമിച്ച് വീണാ ജോർജിന് പ്രതിരോധം തീർക്കാൻ കെടി ജലീലും എത്തി. മന്ത്രിയുടെ ജന്മദിന രഹസ്യം അനാവരണം ചെയ്ത് ആശംസ അർപ്പിച്ച ജലീൽ, ഭാവം തന്നെ മാറ്റി പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ തിരിഞ്ഞു.' 5 വർഷം നിങ്ങൾ എന്നെ വേട്ടയാടി, ഇനി ഞാൻ നിങ്ങൾക്കു പിന്നാലെയുണ്ടാകും.' കുടിപ്പകയുടെ കനം സഭയെ പൊതിഞ്ഞു. ഇതിനിടെയിലും ഇന്നലത്തെ സഭയിൽ മുഴച്ചു നിന്നത് ബഷീറിന് നീതിയൊരുക്കാനുള്ള വിഷ്ണുനാഥിന്റെ വാക്കുകൾ തന്നെ.

മാധ്യമ പ്രവർത്തകയുടെ മികവുമായാണ് വീണാ ജോർജ് രാഷ്ട്രീയത്തിൽ എത്തിയത്. എന്നിട്ടും മന്ത്രിയായപ്പോൾ ബഷീറിനെ മറന്നുവെന്ന് തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്കും പരാതിയുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നെങ്കിലും ശ്രീറാമിനെ മാറ്റാൻ ആരോഗ്യമന്ത്രി ശ്രമിക്കാത്തതാണ് ഇതിന് കാരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP