Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ബാല്യം; ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി നേടിയ മനോധൈര്യം; ഗ്രൗണ്ടിൽനിന്നും കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം; ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഒളിംപിക്‌സ് സെമിയിലേക്ക് നയിച്ച് റാണി രാംപാൽ കളിക്കളത്തിലെ വിജയ 'റാണി'യാകുമ്പോൾ

പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ബാല്യം; ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി നേടിയ മനോധൈര്യം; ഗ്രൗണ്ടിൽനിന്നും കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം; ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഒളിംപിക്‌സ് സെമിയിലേക്ക് നയിച്ച് റാണി രാംപാൽ കളിക്കളത്തിലെ വിജയ 'റാണി'യാകുമ്പോൾ

സ്പോർട്സ് ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സെമി ഫൈനലേക്കു മുന്നേറുമ്പോൾ, രാജ്യത്തിന്റെ ഒന്നാകെ ശ്രദ്ധാകേന്ദ്രമാണ് ടീമിന്റെ നായികയായ റാണി രാംപാൽ. കരുത്തരായ ഓസ്‌ട്രേലിയയെ കടുത്ത പ്രതിരോധത്തിലൂടെ വരിഞ്ഞുമുറുക്കി പുതിയ വിജയചരിത്രം ഇന്ത്യൻ വനിതകൾ കുറിക്കുമ്പോൾ ഏവരും പ്രശംസിച്ചത് ആ പോരാട്ടവീര്യത്തെയാണ്. ടോക്യോയിൽ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകൾ സെമിയിലെത്തിയത്.

അവസാന മിനിറ്റുവരെ വിട്ടുകൊടുക്കാതെ പൊരുതാനുള്ള ആർജവം റാണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വനിതകൾ പ്രകടിപ്പിച്ചതാണ് മത്സരത്തിൽ വഴിത്തിരിവായത്. ഒളിപിക്‌സ് ചരിത്രത്തിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസീസിനെ, മൂന്നാം തവണ മാത്രം ഒളിംപിക്‌സ് കളിക്കുന്ന ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത് വിസ്മയത്തോടെയാണ് ആരാധകരും കണ്ടത്.

പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ജീവിതത്തിലെ വെല്ലുവിളികൾക്ക് മുന്നിലും നിശ്ചയദാർഢ്യത്തോടെ പൊരുതി ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ നായികയായി മാറിയ റാണി രാംപാലിന്റെ ജീവിതം തന്നെയാകും മത്സരത്തിൽ ടീമിനെ പ്രചോദിപ്പിച്ച് ജയത്തിലേക്ക് മുന്നേറുവാൻ റാണിക്ക് കരുത്ത് നൽകിയത്.

ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാത്ത ബാല്യം കടന്ന് ഇന്ത്യൻ ഹോക്കി ടീമിനെ ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് സെമിയിലേക്ക് നയിക്കാൻ റാണി രാംപാലിനു സാധിച്ചിട്ടുണ്ടെങ്കിൽ, കയ്യടിക്കേണ്ടത് ആ പോരാട്ടവീര്യത്തിനു തന്നെയാണ്.

ആറാം വയസ്സിലാണ് റാണി ഹോക്കിയിലേക്ക് തിരിയുന്നത്. ഹോക്കി താരമാകാൻ മോഹിച്ച റാണിക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള ത്രാണിയുണ്ടായിരുന്നില്ല, കൂലിപ്പണിക്കാരനായ പിതാവിന്. സൗകര്യങ്ങളുടെ അപര്യാപ്തത സ്വപ്നങ്ങളിലേക്കുള്ള കുതിപ്പിന് തടസ്സമാകുമെന്ന് വന്നപ്പോഴും റാണി തളർന്നില്ല. പിന്മാറിയുമില്ല. പ്രതിസന്ധികളോടെ പടവെട്ടി വളർന്ന റാണി, 14ാം വയസ്സ് മുതൽ ഇന്ത്യൻ വനിതാ ഹോക്കിയുടെ മുഖ്യധാരയിലുണ്ട്.

2010ലാണ് റാണി ആദ്യമായി ഇന്ത്യൻ ജഴ്‌സിയിൽ സീനിയർ ലോകകപ്പ് കളിക്കുന്നത്. ടൂർണമെന്റിൽ ഏഴു ഗോളുകളുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ റാണി, മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും നേടി. ഗ്രൗണ്ടിൽ കിടന്ന് കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം ഒടുവിൽ റാണിയെ എത്തിച്ചത് ഇന്ത്യൻ വനിതാ ടീമിന്റെ നായിക സ്ഥാനത്ത്.

'ചെറുപ്പത്തിൽ അന്നത്തെ കഷ്ടപ്പാടുകളിൽനിന്നൊക്കെ രക്ഷപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വീട്ടിൽ ഒരിക്കലും വൈദ്യുതിയുണ്ടാകില്ല. രാത്രി കൊതുകിന്റെ മൂളൽ കാരണം ഉറങ്ങാൻ പോലും കഴിയില്ല. മഴ പെയ്താൽ വീടു പിന്നെ കുളമാണ്. രണ്ടു നേരം ഭക്ഷണം പോലും കഷ്ടി. അച്ഛനും അമ്മയും അവരേക്കൊണ്ട് സാധിക്കുന്നതുപോലെ ശ്രമിച്ചു. പക്ഷേ, കൂലിപ്പണിക്കാരായ അവർക്ക് ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു' വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ റാണി പറഞ്ഞു.

'എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു ഹോക്കി അക്കാദമി ഉണ്ടായിരുന്നു. അവിടെ താരങ്ങൾ പരിശീലിക്കുന്നതു നോക്കി മണിക്കൂറുകളാണ് ഞാൻ ചെലവഴിച്ചിരുന്നത്. എനിക്കും കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദിവസേന 80 രൂപ പോലും കൂലി കിട്ടാത്ത അച്ഛന് എനിക്കായി ഹോക്കി സ്റ്റിക്ക് വാങ്ങിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നും അക്കാദമിയിലെ പരിശീലകനോട് എന്നെയും കളി പഠിപ്പിക്കാമോയെന്നു കെഞ്ചും. പക്ഷേ, ഹോക്കി കളിക്കാനുള്ള ആരോഗ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം പരിഗണിച്ചു പോലുമില്ല' റാണി പറഞ്ഞു.

'ഒരിക്കൽ എനിക്ക് ഗ്രൗണ്ടിൽ കിടന്ന് പൊട്ടിയ ഒരു ഹോക്കി സ്റ്റിക്ക് കിട്ടി. അതുവച്ചായിരുന്നു ആദ്യ പരിശീലനം. അന്ന് പരിശീലനത്തിനുള്ള വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സാൽവാർ കമ്മീസ് ധരിച്ചായിരുന്നു പരിശീലനം. പക്ഷേ, എന്നെങ്കിലും ഹോക്കിയിൽ കഴിവു തെളിയിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരു അവസരം തരാമോയെന്ന് എന്നും കോച്ചിനോടു ഞാൻ കെഞ്ചും. വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ഒരു അവസരം സംഘടിപ്പിച്ചത്' റാണി പറഞ്ഞു.

'ഹോക്കി താരമാകാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ വീട്ടുകാർ എതിർത്തു. പെൺകുട്ടികൾ വീട്ടുജോലി ചെയ്യേണ്ടവരാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് കളിക്കാൻ സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. ഹോക്കി കളിക്കാൻ അനുവാദം തേടി ഞാൻ എന്നും അച്ഛന്റെയും അമ്മയുടെയും അടുത്തുപോകും. ഈ മേഖലയിൽ കഴിവു തെളിയിക്കാനായില്ലെങ്കിൽ നിങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവർ എനിക്ക് അനുവാദം തന്നു.'

അക്കാദമിയിൽ പരിശീലനം അതിരാവിലെ ആരംഭിക്കും. വീട്ടിലാണെങ്കിൽ ക്ലോക്ക് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മ എന്നും ഉറങ്ങാതെയിരുന്ന് എന്നെ പുലർച്ചെ എഴുന്നേൽപ്പിച്ച് പരിശീലനത്തിനു വിടും. അക്കാദമിയിൽ പരിശീലനത്തിനു വരുമ്പോൾ പാൽ കൊണ്ടുവരണമെന്ന് നിർബന്ധമായിരുന്നു. അവിടെനിന്ന് പറയുന്നത്ര പാൽ വാങ്ങാനുള്ള ശേഷി വീട്ടുകാർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കുറച്ചു പാൽ വാങ്ങി ആരോടും പറയാതെ ബാക്കി വെള്ളം കൂടി ചേർത്താണ് ഞാൻ പരിശീലനത്തിന് പോയിരുന്നത്.'

'പ്രതിസന്ധി ഘട്ടങ്ങളിൽ അക്കാദമിയിലെ പരിശീലകൻ നൽകിയ പിന്തുണ മറക്കാനാകില്ല. അദ്ദേഹമാണ് എന്റെ കളി കണ്ട് ഹോക്കി കിറ്റും ഷൂവുമെല്ലാം വാങ്ങിത്തന്നിരുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ മക്കൾക്ക് തുല്യമായ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു ദിവസം പോലും ഞാൻ പരിശീലനം മുടക്കിയിരുന്നില്ല.'

'ഹോക്കി കളിച്ച് ആദ്യമായി പ്രതിഫലം കിട്ടിയത് ഇപ്പോഴും ഓർമയുണ്ട്. ഒരു ടൂർണമെന്റ് ജയിച്ചപ്പോൾ പ്രതിഫലമായി എനിക്ക് 500 രൂപ കിട്ടി. അത് അതേപടി അച്ഛനെ ഏൽപ്പിച്ചു. അദ്ദേഹത്തിന് അതിനു മുൻപ് ഒരിക്കലും അത്രയും പണം ഒരുമിച്ച് കയ്യിൽ കിട്ടിയിരുന്നില്ല. ഒരിക്കൽ നമ്മൾ സ്വന്തമായി ഒരു വീടു വയ്ക്കുമെന്ന് ഞാൻ വീട്ടുകാർക്ക് ഉറപ്പുകൊടുത്തു. ആ ലക്ഷ്യത്തിനായി ആകുന്നപോലെ അധ്വാനിച്ചു.'

'ആഭ്യന്തര ടൂർണമെന്റുകളിൽ സംസ്ഥാനത്തിനായി കളിച്ച് അധികം വൈകാതെ ദേശീയ ടീമിലേക്ക് വിളിയെത്തി. അന്നെനിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ഇത്ര കാലമായി മുഖ്യധാരയിൽത്തന്നെയുണ്ട്. എന്നാണ് വിവാഹമെന്നു മാത്രമാണ് ഇപ്പോഴും എന്റെ ബന്ധുക്കൾക്കുപോലും ചോദിക്കാനുള്ളത്. പക്ഷേ, ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കാൻ അച്ഛൻ അനുവാദം തന്നു. അവരുടെ പിന്തുണയോടെ ഞാൻ ഇന്നിതാ ഇന്ത്യൻ ക്യാപ്റ്റൻ വരെയായി.' റാണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP