Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒട്ടേറെ സിമ്മുകൾ ഒരേ സമയം ഉപയോഗിക്കാവുന്ന സിംബോക്‌സ് ഉപയോഗിച്ച് വിദേശ കോളുകളെ ലോക്കൽ കോളുകളാക്കും; ഉപകരണങ്ങളെല്ലാം പാക് നിർമ്മിതം; കൊരട്ടിയിലെ പ്രതികൾക്ക് തീവ്രവാദ പരിശീലനവും കിട്ടി; സമാന്തര എക്‌സ്‌ചേഞ്ചിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒട്ടേറെ സിമ്മുകൾ ഒരേ സമയം ഉപയോഗിക്കാവുന്ന സിംബോക്‌സ് ഉപയോഗിച്ച് വിദേശ കോളുകളെ ലോക്കൽ കോളുകളാക്കും; ഉപകരണങ്ങളെല്ലാം പാക് നിർമ്മിതം; കൊരട്ടിയിലെ പ്രതികൾക്ക് തീവ്രവാദ പരിശീലനവും കിട്ടി; സമാന്തര എക്‌സ്‌ചേഞ്ചിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സമാന്തര എക്‌സ്‌ചേഞ്ചുകളിൽ നടന്നത് ഒട്ടേറെ സിമ്മുകൾ ഒരേ സമയം ഉപയോഗിക്കാവുന്ന സിംബോക്‌സ് ഉപയോഗിച്ച് വിദേശ കോളുകളെ ലോക്കൽ കോളുകളാക്കിയുള്ള തട്ടിപ്പ്. കേരളത്തിലെ ഈ തട്ടിപ്പിന്റെ പ്രധാനി മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ആണ്. കൊരട്ടിയിലും ഇയാളുടെ പിന്തുണയോടെയാണ് എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചത്.

ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌ഐ. നൽകിയതെന്നാണ് സംശയം. നേരത്തേ ദുബായിൽ ഡ്രൈവറായിരുന്നു. തമിഴ്‌നാട് സ്വദേശി ഗൗതവും (27) ഇബ്രാഹിമിനൊപ്പം പിടിയിലായിരുന്നു. ഇവർക്കു വ്യാജ സിമ്മുകൾ സംഘടിപ്പിച്ചു നൽകിയ ബെംഗളൂരു, തൂത്തുക്കുടി സ്വദേശികളാണ്. കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയതിനു പിടിയിലായ പ്രതികളുടെ വിദേശ ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്.

അറസ്റ്റിലായ ആളൂർ ഹക്കിം, പറോക്കാരൻ നിഥിൻ, വള്ളിക്കപ്പെറ്റ റിഷാദ് എന്നിവർ ഒന്നിലധികം തവണ വിദേശയാത്രകൾ നടത്തി. ഒളിവിലുള്ള മുഖ്യപ്രതി സലിമിനൊപ്പമായിരുന്നു പ്രതികളുടെ വിദേശ യാത്രകൾ. റിഷാദിനു തീവ്രവാദ സമാനമായ പരിശീലനം ലഭിച്ചിരുന്നുവെന്ന് സൂചനയുണ്ട്. 1885ലെ ഇന്ത്യൻ ടെലഗ്രാഫ് നിയമപ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

രാജ്യസുരക്ഷയെ ബാധിക്കുംവിധം ഹവാല, സ്വർണക്കടത്ത്, തീവ്രവാദ ഇടപാടുകൾ സംശയിക്കുന്നതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കും. എക്‌സ്‌ചേഞ്ചിലേക്കു വിളിച്ചിരുന്നവർ ആരൊക്കെ, ഏതൊക്കെ നമ്പറുകളിലേക്കു കണക്ട് ചെയ്തു, വിളിയുടെ വിശദാംശങ്ങൾ എന്തൊക്കെ എന്നീ വിവരങ്ങൾ ലഭ്യമായില്ല. ഓട്ടമാറ്റിക് സംവിധാനമായതിനാൽ ഈ വിവരങ്ങൾ നേരിട്ടറിയാൻ കഴിയില്ലെന്നായിരുന്നു പ്രതികളുടെ നിലപാട്.

കൊരട്ടിയിലെ കടമുറിയിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം തടസ്സപ്പെടാതെ നോക്കുന്നതും മാത്രമായിരുന്നു തങ്ങളുടെ ഉത്തരവാദിത്തം എന്നും ഇവർ പറഞ്ഞതായി വിവരമുണ്ട്.എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിക്കാനുള്ള കടമുറി വാടകയ്‌ക്കെടുത്തതു സലിം നേരിട്ടെന്നാണ് സൂചന. ഇലക്ട്രിക്കൽ സർവീസ് സെന്റർ നടത്താൻ എന്ന പേരിലായിരുന്നു വാടകയ്‌ക്കെടുത്തതെന്ന് ഉടമ പൊലീസിനെ അറിയിച്ചു.

ബംഗളൂരുവിൽ ഇബ്രാഹിമിന്റെ അറസ്റ്റാണ് നിർണ്ണായകമായത്. സൈനികകേന്ദ്രത്തിലേക്ക് ഫോൺവിളി പോയതോടെയാണ് മിലിറ്ററി ഇന്റലിജൻസ് അന്വേഷണമാരംഭിച്ചത്. കോടികൾ മുടക്കിയാണ് ഇവർ ബെംഗളൂരു നഗരപരിധിയിൽ വ്യാജപേരിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേന്ദ്രം നടത്തിയത്. പിടിയിലായവരിൽ ആറ് പേർ മലയാളികളാണ്. ഇവരെയും ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുക്കും. ഇവർക്ക് ഇബ്രാഹിമുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. കർണാടക പൊലീസിന്റെ എഫ്.ഐ.ആർ. ലഭ്യമാക്കാനുള്ള ശ്രമവും സിറ്റി ക്രൈംബ്രാഞ്ച് ആരംഭിച്ചു.

ജമ്മുകശ്മീരിലെ മിലിറ്ററി ഇന്റലിജൻസ് വിഭാഗവും പ്രതികളുടെ ഫോൺകോളുകൾ പരിശോധിച്ചുവരുകയാണ്. നിരവധി വ്യാജപേരുകളിൽ ഇവർ നൂറുകണക്കിന് സിം കാർഡുകൾ സംഘടിപ്പിച്ചതെങ്ങനെയെന്നുള്ള പരിശോധനയും നടക്കുന്നുണ്ട്. ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണപരിധിയിലുണ്ട്. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇവരുടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേന്ദ്രത്തിൽനിന്ന് വിളികൾ പോയിട്ടുണ്ട്. കർണാടക പൊലീസ് കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിടാനുള്ള ആലോചനയിലാണ്.

കോഴിക്കോട് ഏഴ് ഇടങ്ങളിലായി പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പിന്നിലും ഇയാളാണ് പ്രവർത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേസമയം കേസിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇതുമായി ബന്ധമുള്ള നിരവധി പേർ ഒളിവിൽ പോയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംസ്ഥാനത്ത് മറ്റ് ഇടങ്ങളിൽ സമാന്തര എക്സ്ചേഞ്ചുകൾ നടത്തിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസന്വേഷണം മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP