Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവാക്‌സിന്റെ അഞ്ച് ശതമാനം റോയൽറ്റി ഐ.സി.എം.ആറിന്; റോയൽറ്റി ഒഴിവാക്കി വില കുറയ്ക്കണം; ലാഭം പങ്കുവയ്ക്കുന്നതിൽ സർക്കാരും കമ്പനിയും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് ആരോപണം

കോവാക്‌സിന്റെ അഞ്ച് ശതമാനം റോയൽറ്റി ഐ.സി.എം.ആറിന്; റോയൽറ്റി ഒഴിവാക്കി വില കുറയ്ക്കണം; ലാഭം പങ്കുവയ്ക്കുന്നതിൽ സർക്കാരും കമ്പനിയും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് ആരോപണം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ 5 ശതമാനം റോയൽറ്റി നിർമ്മാതാക്കളായ ഭാരത് ബയോടെകിൽ നിന്നും ഐ.സി.എം.ആർ വാങ്ങുന്നതിൽ പ്രതിഷേധം. വാക്‌സിൻ വികസിപ്പിക്കുന്നതിൽ ഭാരത് ബയോടെകിനൊപ്പം ഐ.സി.എം.ആറും പങ്കാളിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റോയൽറ്റിയുടെ 5 ശതമാനം ഐ.സി.എം.ആറിന് നൽകുന്നത്.

എന്നാൽ ഐ.സി.എം.ആറിന്റെ റോയൽറ്റി ഒഴിവാക്കിയാൽ വാക്‌സിന്റെ വില കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഐ.സി.എം.ആറിന്റെ റോയൽറ്റിയ്‌ക്കെതിരെ വിദഗ്ദ്ധർ രംഗത്തെത്തുകയും ചെയ്തു. നിലവിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ വില കോവാക്‌സിനാണ്. 1410 രൂപയാണ് കോവാക്‌സിന്റെ വില.

ഐ.സി.എം.ആറിന്റെ റോയൽറ്റി കോവാക്‌സിൻ വിലയിൽ കാര്യമായി പ്രതിഫലിക്കുന്നുവെന്നും ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോവാക്‌സിനിലെ ലാഭം പങ്കുവെക്കുന്ന കാര്യത്തിൽ സർക്കാരും കമ്പനിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് അമൂല്യ നിധി ഓഫ് ജൻ സ്വസ്ത്യ അഭിയാൻ ആരോപിച്ചു.

കോവിൻ വെബ്‌സൈറ്റ് പ്രകാരം വാക്‌സിൻ പുറത്തിറക്കിയ ജനുവരി 16 മുതൽ ഏകദേശം അഞ്ച് കോടി ഡോസ് കോവാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. എന്നാൽ 45 കോടിയോളം വാക്‌സിനേഷനുകളാണ് രാജ്യത്ത് ഇതുവരെയായി നടത്തിയത്. ഇതിൽ വെറും 5 കോടി മാത്രമാണ് കോവാക്‌സിൻ. അതേസമയം കോവാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് വേണ്ടി മാത്രമായി സർക്കാർ ചെലവഴിച്ചത് 35 കോടി രൂപയാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

അഞ്ച് ശതമാനം റോയൽറ്റി കിട്ടുന്ന ഐ.സി.എം.ആർ 35 കോടി നിക്ഷേപിച്ചപ്പോൾ ഭാരത് ബയോടെക് 650 കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപിച്ചിട്ടുണ്ടാകുുമെന്നും സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അഭിഭാഷകനായ മുരളി നീലകണ്ഠൻ ചോദിച്ചു..

കോവാക്‌സിൻ വികസിപ്പിക്കാൻ ഐ.സി.എം.ആറും ഭാരത് ബയോടെക്കും തമ്മിലുണ്ടാക്കിയ ധാരണാപത്രമാണ് റോയൽറ്റി നിയന്ത്രിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പാർലിമെന്റിൽ പറഞ്ഞത്.

രാജ്യം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത്, പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ രാജ്യത്തെ പൗരന്മാർക്ക് വാക്‌സിൻ വില കുറച്ചു നൽകുന്നതിന് പകരം റോയൽറ്റിയിലൂടെ വില വർധിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കോവിഡ് ദുരന്തനിവാരണത്തിനായി ഏൽപ്പിച്ച സർക്കാർ സ്ഥാപനങ്ങളായ ഐ.സി.എം.ആറിനെ പോലുള്ളവ വരുമാന സ്രോതസ്സുകളല്ല. റോയൽറ്റിക്ക് പകരം വാക്‌സിൻ സാങ്കേതിക വിദ്യ വാക്‌സിൻ നിർമ്മിക്കാൻ സാധിക്കുന്ന എല്ലാ കമ്പനികളുമായും പങ്കുവെക്കാൻ നിർദേശിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP