Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോന്നി റീജണൽ സഹകരണ ബാങ്കിൽ നടന്നത് കോടികളുടെ വെട്ടിപ്പ്; ഏരിയാ കമ്മറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്റിനെ സിപിഎം പുറത്താക്കിയപ്പോൾ സിപിഐയിൽ ചേർന്നു: മൂന്നു വർഷം മുൻപ് നടന്ന തട്ടിപ്പിന് പരാതി നൽകിയിട്ടും കേസെടുത്തില്ല: മുഖ്യമന്ത്രിക്ക് പരാതി നൽകി സിപിഎം

കോന്നി റീജണൽ സഹകരണ ബാങ്കിൽ നടന്നത് കോടികളുടെ വെട്ടിപ്പ്; ഏരിയാ കമ്മറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്റിനെ സിപിഎം പുറത്താക്കിയപ്പോൾ സിപിഐയിൽ ചേർന്നു: മൂന്നു വർഷം മുൻപ് നടന്ന തട്ടിപ്പിന് പരാതി നൽകിയിട്ടും കേസെടുത്തില്ല: മുഖ്യമന്ത്രിക്ക് പരാതി നൽകി സിപിഎം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം ഭരണ സമിതിയുടെ നിയന്ത്രണത്തിലായിരുന്ന കോന്നി റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടന്നത് മൂന്നു കോടിയുടെ വെട്ടിപ്പ്. തട്ടിപ്പ് സ്ഥിരീകരിച്ചതോടെ സിപിഎം ഏരിയാ കമ്മറ്റിയംഗമായിരുന്ന ബാങ്ക് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

നേരെ പോയി സിപിഐയിൽ ചേർന്ന ഇയാളെ കുടുക്കാൻ സിപിഎം പൊലീസിൽ പരാതി നൽകി. മൂന്നു വർഷം കഴിഞ്ഞിട്ടും പൊലീസ് ചെറുവിരൽ പോലും അനക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഒളിവിലായിരുന്ന മുൻ പ്രസിഡന്റ് കോവിഡിന്റെ ആനുകൂല്യത്തിൽ മുൻകൂർ ജാമ്യം നേടി പുറത്തു വന്നു. നേരെ പോയി സിപിഐയിൽ ചേർന്നെങ്കിലും അവിടെയും കലാപം.

സിപിഎം മുൻ ഏരിയാ കമ്മിറ്റിയംഗത്തിന്റെയും പങ്കാളികളുടെയും അറസ്റ്റ് അടക്കമുള്ള നടപടികൾ ആവശ്യപ്പെട്ട് നിലവിലുള്ള ഭരണ സമിതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. നേരത്തേ ഭരണ സമിതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൂന്ന് വർഷം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ തയാറാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് ബാങ്ക് പ്രസിഡന്റ് തുളസീമണിയമ്മ പരാതി നൽകിയത്.

മുൻ ഭരണ സമിതിയുടെ കാലഘട്ടത്തിൽ നടന്ന തട്ടിപ്പായതിനാൽ അന്നത്തെ പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വി.ബി. ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. 2017 ഫെബ്രുവരിയിലാണ് ബാങ്കിലെ കാഷ്യർ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി പ്രസിഡന്റിനും ഭരണ സമിതിക്കും പരാതി നൽകിയത്. ബാങ്കിലെ വായ്പാ, ചിട്ടി ഇനങ്ങളിൽ വൻ ക്രമക്കേട് നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു.

സെക്രട്ടറി, ക്ലാർക്ക്, അറ്റൻഡർ എന്നിവർ അവരവരുടെ വകുപ്പിലുള്ള സ്വാധീനത്താൽ പലരുടെയും പേരിൽ തുക കൈക്കലാക്കുകയും ചെയ്തു. സഹകരണ വകുപ്പിന്റെയും ഭരണ സമിതിയുടെയും ആഭ്യന്തര അന്വേഷണം നേരത്തേ പൂർത്തീകരിച്ചിരുന്നു. മുൻ സെക്രട്ടറി എസ്. ഷൈലജ, ക്ലാർക്ക് ജൂലി ആർ. നായർ, അറ്റൻഡർ മോഹനൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. സെക്രട്ടറിയെയും ക്ലാർക്കിനെയും ജോലിയിൽ നിന്ന് പുറത്താക്കി. അറ്റൻഡർ സസ്പെൻഷനിലാണ്. ഇതിനിടെ ഒരു കോടി രൂപ ഇവർ തിരിച്ചടച്ചിട്ടുണ്ട്.

സിപിഎം നേതൃത്വം നൽകുന്ന ബാങ്ക് ഭരണ സമിതിയിൽ നടന്ന ക്രമക്കേടായതിനാൽ അന്നത്തെ ഏരിയാ കമ്മിറ്റി അംഗം കൂടിയായിരുന്ന വിബി ശ്രീനിവാസനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി. പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം ഭരണ സമിതി പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സമയം കോവിഡ് പ്രതിസന്ധിയും ഉടലെടുത്തതോ ടെ അന്വേഷണം മന്ദഗതിയിലായി. ഇതിനിടെ മുൻ ബാങ്ക് പ്രസിഡന്റ് ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുക്കുകയും ചെയ്തു. നടപടിയൊന്നും ഇല്ലാതെ പൊലീസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തിലാണ് ഭരണ സമിതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

പ്രതികളെ അറസ്റ്റു ചെയ്ത് നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ ബാങ്കിന് കോടികൾ തിരികെ ലഭിക്കൂ. ഇതിനായി പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടേണ്ടതായുണ്ട്. കോന്നി ഇൻസ്പെക്ടർ ആയിരുന്ന അർഷദിനായിരുന്നു അന്വേഷണച്ചുമതല. സ്ഥാനക്കയറ്റം ലഭിച്ച് ഇദ്ദേഹം പോയി. മാറി വന്ന ഇൻസ്പെക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല. ഇതിനിടെ വിബി ശ്രീനിവാസൻ സിപിഐയിൽ ചേർന്നു. കർഷക സംഘടനയുടെ നേതാവാകുകയും ചെയ്തു. എൽഡിഎഫിൽ തന്നെ തുടർന്ന് കേസിന്റെ തീവ്രത കുറയ്ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. ഏറെ നാൾ ഒളിവിലായിരുന്ന ശ്രീനിവാസൻ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ ശ്രമിച്ചെങ്കിലും നടന്നില്ല. കോവിഡ് ഇളവിലൂടെയാണ് പിന്നീട് ജാമ്യം നേടിയത്.

അതേസമയം, ബാങ്ക് ഭരണസമിതിയിലെ സിപിഐ അംഗത്തിന്റെ കൂടി നിർദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. പാർട്ടി സമ്മേളനം അടുത്തിരിക്കെ സിപിഐ നേതൃ സ്ഥാനത്തേക്ക് പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത ശ്രീനിവാസനെ കൊണ്ടു വരാൻ ജില്ലാ, നിയോജക മണ്ഡലം സെക്രട്ടറിമാർ ശ്രമിക്കുന്നതിനെതിരെ പ്രാദേശിക ഘടകത്തിൽ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഭരണ സമിതിയംഗവും ലോക്കൽ കമ്മിറ്റിയംഗവുമായ സോമശേഖരൻ പാർട്ടി കൺട്രോൾ കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റിയും ഇതിനെ പിന്തുണയ്ക്കുന്നു. ഇതോടെ ശ്രീനിവാസന്റെ സിപിഐ പ്രവേശനം മുടങ്ങാൻ സാധ്യതയേറി.

സിപിഐ നേതൃത്വത്തിന്റെ സഹായത്തോടെ കേസിൽ നിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാമെന്ന ശ്രമത്തിനും തിരിച്ചടിയായി. ബാങ്കിന്റെ നഷ്ടപ്പെട്ട കോടികൾ ഏതു വിധേനെയും തിരികെ പിടിക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് എൽഡിഎഫ് ഭരണ സമിതി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാജ ചിട്ടി ഇടപാടുകൾ, ബിനാമി വായ്പ, സോഫ്റ്റ്‌വേർ തട്ടിപ്പ്, ഫോട്ടോസ്റ്റാറ്റ് പ്രമാണങ്ങൾ വച്ച് വായ്പ നൽകൽ, ഒന്നിൽ കൂടുതൽ ശമ്പള സർട്ടിഫിക്കറ്റുകൾ ഒരേ ഉദ്യോഗസ്ഥരുടെ പേരിൽ നൽകി പണം പിൻവലിക്കൽ എന്നിവ നടന്നതായി കണ്ടെത്തിയിരുന്നു.

ഈ റിപ്പോർട്ട് ഉണ്ടായിരിക്കേ കടുത്ത നടപടികളിലേക്ക് കടന്നില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് സിപിഎം ഭരണ സമിതി മുഖ്യമന്ത്രിയെ സമീപിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP