Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്കറിയാം ഡോക്ടർ..അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല; എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും: ജെലീനയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി; യുവതിയുടെ കാൽ തൊട്ടുവന്ദിച്ച് ന്യൂറോ സർജൻ ഡോ ഈശ്വർ

എനിക്കറിയാം ഡോക്ടർ..അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല; എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും: ജെലീനയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി; യുവതിയുടെ കാൽ തൊട്ടുവന്ദിച്ച് ന്യൂറോ സർജൻ ഡോ ഈശ്വർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവയവദാനത്തെ കുറിച്ച് പഴയകാലത്തേക്കാൾ ആളുകൾക്ക് അറിയാം. എന്നിരുന്നാലും 31 വയസ് മാത്രം പ്രായമുള്ള ഭർത്താവ് അപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അവയവദാനത്തിന് ഉറച്ച നിലപാട് എടുത്ത 30 കാരിയായ ഭാര്യയുടെ മുന്നിൽ ശിരസ് നമിക്കാതിരിക്കാൻ ആയില്ല ഡോ എച്ച് വി ഈശ്വറിന്. ബ്രയിൻ ഡെത്ത് പാനൽ അംഗമെന്ന നിലയിൽ നൂറോളം മസ്തിഷ്‌കമരണ സ്ഥിരീകരണത്തിൽ പങ്കാളിയായ ഡോ എച്ച് വി ഈശ്വറിന് ജെലീനയുടെ നിലപാടിനോട് അത്രയും ആദരവ് തോന്നി.

വെറും 31 വയസുമാത്രം പ്രായമുള്ള തന്റെ ഭർത്താവിന്റെ വിയോഗം ജെലീനയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജീവിതവഴിയിൽ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുമകളെയും കൊണ്ട് ജെറിയുടെ അച്ഛനമ്മമാർ അടക്കമുള്ള ബന്ധുക്കളോടൊപ്പം നിൽക്കുമ്പോഴാണ് ഡോ ഈശ്വർ അവിടേയ്‌ക്കെത്തുന്നത്. അപകടത്തിൽ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചതിനാൽ ജെറിക്കിനി ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാവില്ലെന്ന് ഉറപ്പായിരുന്നു. 'തന്റെ മകനെ രണ്ടുദിവസം കൂടി മെഷീനിൽ വച്ചേക്കണം. അവൻ തിരിച്ചുവരും' എന്നായിരുന്നു ഡോക്ടറെ കണ്ടയുടൻ ജെറിയുടെ അമ്മയുടെ പ്രതികരണം. എന്തുപറയണമെന്നറിയാതെ കുഴങ്ങിയ ഡോക്ടർ ജെറിയുടെ നില വളരെ ഗുരുതരമാണ്. രണ്ടുദിവസം കൂടി കഴിഞ്ഞാൽ എങ്ങനെയെന്നു പറയാനാവില്ലെന്ന മറുപടി നൽകി. ഇതുകേട്ടുനിന്ന ജെലീനയുടെ പറഞ്ഞു.' എനിക്കറിയാം ഡോക്ടർ. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളിൽ കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു.'

30 വയസുപോലും തികയാത്ത അവരുടെ നിലപാട് ദൃഢമായിരുന്നു. ബ്രയിൻ ഡെത്ത് പാനൽ അംഗമെന്ന നിലയിൽ പ്രവർത്തിച്ച ഇതുവരെ ഇങ്ങനൊരു നിലപാടെടുത്ത ബന്ധുക്കളെ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒരു മാനസികാവസ്ഥയിലും അവരെടുത്ത തീരുമാനത്തെ കാൽതൊട്ടുവന്ദിച്ചാണ് ഡോ ഈശ്വർ അഭിനന്ദിച്ചത്. ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം മേധാവിയായ ഡോ ഈശ്വറിന് രോഗികളുടെ മരണം പുതിയ അനുഭവമല്ലെങ്കിലും ദുഃഖം ഉള്ളിലൊതുക്കി ആ യുവതിയെടുത്ത നിലപാടിനുമുന്നിൽ തന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയെന്നും ഡോ ഈശ്വർ സാക്ഷ്യപ്പെടുത്തുന്നു.

ജെറി വർഗീസിന്റെ ജീവിതം ഇനി ആ അഞ്ചുപേരിലൂടെ

സ്‌കൂട്ടറപകടം ആ ജീവൻ കവർന്നെടുത്തില്ലായിരുന്നുവെങ്കിൽ ജെറി വർഗീസ് ഇനിയും ഏറെനാൾ ജീവിക്കുമായിരുന്നു. വെറും 31 വയസുമാത്രമായിരുന്നു പ്രായം. തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ജെലീന ജെറി വർഗീസും ഏകമകൾ രണ്ടുവയസുകാരി ലിൻസി പി എബ്രഹാമും ജീവിതത്തിലേയ്ക്ക് അയാൾ മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. മറ്റുള്ളവരുടെ ഏതൊരു സന്തോഷവും ജെറിയുടെ മനം നിറയ്ക്കുമായിരുന്നു.

ഒടുവിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാൽ ജീവിതം വഴിമുട്ടിനിൽക്കുന്നവർക്കുമുന്നിൽ ആശ്വാസവും സന്തോഷവും പകർന്ന് ജെറി കുടുംബാംഗങ്ങളെ വിട്ടകന്നു.ഇക്കഴിഞ്ഞ ജൂലായ് 27ന് രാത്രി ഒൻപതരയോടെയാണ് മണ്ണന്തല ടി സി 10/ 16123 കരിമാംപ്ലാക്കൽവീട്ടിൽ ജെറിവർഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്‌കൂട്ടറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ബൈജൂസ് ലേണിങ് ആപ്പിലെ ബിസിനസ് ഡവലപ്പ്‌മെന്റ് അസോസിയേറ്റായ ജെറി ജോലികഴിഞ്ഞ് മടങ്ങുമ്പോൾ മണ്ണന്തലയ്ക്ക് സമീപത്തുവച്ച് സ്‌കൂട്ടർ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മസ്തിഷ്‌കമരണാനന്തര അവയവദാനത്തെക്കുറിച്ച് എന്നും അനുകൂല നിലപാട് സ്വീകരിച്ചിരുന്നവരായിരുന്നു. ജെറിയും ഭാര്യ ജലീനയും. ഭർത്താവിന് സംഭവിച്ച അപകടവും മസ്തിഷകമരണവും ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കേണ്ടിവന്ന സന്ദർഭത്തിൽ ജലീനയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.

പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയിൽ ചികിത്സതേടുന്ന നിർധനരായ രോഗികളെയാണ് അവർക്ക് ആ ഘട്ടത്തിൽ ഓർമ്മവന്നത്. ഭർത്താവിന്റെ വിയോഗം സമ്മാനിച്ച ഹൃദയം നുറുക്കുന്ന വേദനയിലും അവർ തന്റെ ആഗ്രഹം ബ്രയിൻ ഡെത്ത് സർട്ടിഫിക്കേഷൻ പാനൽ അംഗവും ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം തലവനുമായ ഡോ എച്ച് വി ഈശ്വറിനെ അറിയിച്ചു. ജെലീനയുടെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം അവരുടെ കാൽ തൊട്ട് വന്ദിച്ചശേഷണമാണ് മറ്റ് നടപടികളിലേയ്ക്ക് കടന്നത്. ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ജലീനയുടെ തീരുമാനത്തെ അംഗീകരിച്ചു.

സമൂഹത്തിനാകെ മാതൃകാപരമായ നിലപാടു സ്വീകരിച്ച ജെലീനയ്ക്ക് ആദരവറിയിച്ച ആരോഗ്യവകുപ്പുമന്ത്രി വീണാജോർജ് മൃതസഞ്ജീവനി അധികൃതർക്ക് തുടർപ്രക്രിയകൾ സുഗമമാക്കാൻ വേണ്ട നിർദ്ദേശവും നൽകി. മൃതസഞ്ജീവനിയുടെ അപ്രോപ്രിയേറ്റ് അഥോറിറ്റി കൂടിയായ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ റംലാബീവി, മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറ വർഗീസ്, സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ്, കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ സബീർ എന്നിവർ അവയവദാന പ്രവർത്തനം ഏകോപിപ്പിച്ചു. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്‌തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ ചിത്രാ രാഘവൻ,എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP