Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെന്റൽ കാറിലെ വോയ്‌സ് ട്രാക്കർ ഓൺ ചെയ്തപ്പോൾ പൂട്ടു തകർക്കുന്നതിനെ കുറിച്ച് സംസാരം; വാഹന ഉടമ മംഗളൂരു പൊലീസിനെ അറിയിച്ചതോടെ പൊലീസ് അലേർട്ട്; പുലർച്ചെ തലപ്പാടി കെസി റോഡിൽ സംഘം മുന്നിൽ; ഹൊസങ്കടി രാജധാനി ജൂവലറി കവർച്ച നടത്തിയ സംഘം രക്ഷപ്പെട്ടത് ഇങ്ങനെ

റെന്റൽ കാറിലെ വോയ്‌സ് ട്രാക്കർ ഓൺ ചെയ്തപ്പോൾ പൂട്ടു തകർക്കുന്നതിനെ കുറിച്ച് സംസാരം; വാഹന ഉടമ മംഗളൂരു പൊലീസിനെ അറിയിച്ചതോടെ പൊലീസ് അലേർട്ട്; പുലർച്ചെ തലപ്പാടി കെസി റോഡിൽ സംഘം മുന്നിൽ; ഹൊസങ്കടി രാജധാനി ജൂവലറി കവർച്ച നടത്തിയ സംഘം രക്ഷപ്പെട്ടത് ഇങ്ങനെ

ബുർഹാൻ തളങ്കര

മംഗളൂരു: ഹൊസങ്കടിയിൽ വാച്ച്മാനെ ആക്രമിച്ച് രാജധാനി ജൂവലറി കവർച്ച നടത്തിയ സംഘം രക്ഷപ്പെട്ടത് എസ്‌ഐയെ വധിക്കാൻ ശ്രമിച്ച് ഭീതി പരത്തി. മംഗളൂരു പൊലീസ് പിടിച്ചെടുത്ത തൊണ്ടിമുതലുകൾ പ്രദർശിപ്പിക്കവേ സിറ്റി പൊലീസ് കമ്മീഷണാണ് ഇത് അറിയിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.45ന് തലപ്പാടി കെ.സി. റോഡിലാണ് ജൂവലറി കവർച്ച നടത്തിയവരെന്ന് കരുതുന്ന സംഘം സഞ്ചരിച്ച കാർ ഉള്ളാൾ പൊലീസിന്റെ മുന്നിൽപ്പെട്ടത്. വണ്ടി പൊലീസ് തടഞ്ഞതോടെ അതിലുണ്ടായിരുന്നവർ എസ്‌ഐ.യെ വധിക്കാൻ ശ്രമിച്ച് ഭീതി പരത്തിയാണ് സംഘം രക്ഷപ്പെട്ടതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരിറാംശങ്കർ എന്നിവർ പറഞ്ഞു. വാഹനത്തിൽ ബണ്ട്വാൾ ഫറാങ്കിപ്പേട്ടിലെ മുഹമ്മദ് ഗൗസ്, സുറത്കലിലെ ഇമ്രാൻ എന്നിവർ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.

പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവയിൽനിന്ന് 7.50 കിലോ വെള്ളി ആഭരണങ്ങളും 1,90,000 രൂപ, ആഭരണം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 30 കല്ലുകൾ, വിവിധ കമ്പനികളുടെ വാച്ചുകൾ, ഡി.വി.ആർ., ഇരുമ്പു കത്രിക, മുളകുപൊടി, സ്പ്രേ പെയിന്റ് കൺടെയ്‌നർ, ഇരുമ്പുകട്ടർ, വ്യാജ നമ്പർപ്ലേറ്റ്, ഇരുമ്പുദണ്ഡ്, ഇലക്ട്രോണിക്‌സ് ത്രാസ്, സൈറൺ മെഷീൻ, ഗ്യാസ് സിലിൻഡർ, കോടാലി തുടങ്ങിയവ കണ്ടെടുത്തു.

വാടകയ്ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങളാണ് കവർച്ചാസംഘത്തിനെ പിടികൂടാൻ സഹായകരമായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കർണാടക സൂറത്കലിലെ റൂബി കാർ റെന്റൽ എന്ന സ്ഥാപനത്തിൽ കാർ വാടകയ്‌ക്കെടുക്കാനെത്തുന്നത്.

ചിക്കമംഗളൂരുവിന് സമീപത്തെ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയിൽ പോകാനാണ് വാഹനമെന്നാണ് ഇവർ പറഞ്ഞത്. ചെറിയ കാറുകൾ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാൽ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വാഹനംതന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഹമ്മദ് മുസ്തഫ തന്റെ സ്വന്തം ഇന്നോവ കാർ ഇവർക്കായി വിട്ടുനൽകുകയായിരുന്നു.

ഗൗസിനെ മുഹമ്മദിന് മുൻപരിചയമുണ്ടായിരുന്നില്ല. മുഹമ്മദിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാർ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവർ കാറുമായി പുറപ്പെടുകയും ചെയ്തു. എന്നാൽ മുഹമ്മദ് കാറിൽ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവർച്ചാസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.

ജിപിഎസ് ട്രാക്കർ, കാറിലുള്ളവർ സംസാരിക്കുന്നത് കേൾക്കാനുള്ള സ്പീക്കർ, വേഗത നൂറു കിലോമീറ്ററിൽ കൂടിയാൽ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേക്ക് പോകുമെന്നാണ് ഗൗസ് മുഹമ്മദിനോടു പറഞ്ഞത്. എന്നാൽ രാത്രി 10.30 ആയിട്ടും തന്റെ കാർ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നിൽ കിടക്കുന്നത് മുഹമ്മദിൽ സംശയം ജനിപ്പിച്ചു.

കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററിൽ കൂടി എന്ന അലാറം മൊബൈൽ ഫോണിൽ വന്നു. തുടർന്ന് മുഹമ്മദ് തന്റെ ലാപ്ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കർ ഓൺ ചെയ്തപ്പോൾ കാർ കേരളത്തിലേക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ ജിപിഎസ് കൺട്രോൾഡ് ലൈവ് വോയിസ് ട്രാക്കർ ഓൺ ചെയ്തപ്പോൾ പൂട്ട് തകർക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റുന്നതിനെക്കുറിച്ചുമൊക്കെ കന്നടയും തുളുവും കലർന്ന ഭാഷയിൽ സംസാരമാണ് കേട്ടത്.

ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഹമ്മദ് വിവരം കർണാടക പൊലീസിനെ അറിയിക്കുകയായിരുന്നു. പുലർച്ചെ 1.30 മുതൽ മൂന്നു വരെ കവർച്ചാസംഘം രാജധാനി ജൂവലറിയിലുണ്ടായിരുന്നു. കേരള അതിർത്തി കടന്ന് അധികം കഴിയുന്നതിനുമുമ്പ് പുലർച്ചെ നാലോടെതന്നെ ഉള്ളാൾ പൊലീസ് കാർ പിടികൂടുകയും ചെയ്തിരുന്നു. ഗൗസിനും സംഘത്തിനുമെതിരേ പൊലീസ് 353, 380, 457 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP