Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗാളിൽ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവസാന ചിരി ദീദിക്ക്; തൃണമൂലിന്റെ പോരാട്ട വീര്യം കണ്ട് ദേശീയ തിരഞ്ഞെടുപ്പിലും മോദിക്കെതിരെ ഒരുകൈനോക്കാമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം; വിശാല സഖ്യത്തിന് വഴിയൊരുക്കി മമത-സോണിയ കൂടിക്കാഴ്ച; ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് മമത; തൃണമൂലിനോട് കൂടുതൽ അടുത്ത് കോൺഗ്രസും

ബംഗാളിൽ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവസാന ചിരി ദീദിക്ക്; തൃണമൂലിന്റെ പോരാട്ട വീര്യം കണ്ട് ദേശീയ തിരഞ്ഞെടുപ്പിലും മോദിക്കെതിരെ ഒരുകൈനോക്കാമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം; വിശാല സഖ്യത്തിന് വഴിയൊരുക്കി മമത-സോണിയ കൂടിക്കാഴ്ച; ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് മമത; തൃണമൂലിനോട് കൂടുതൽ അടുത്ത് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബംഗാൾ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും പരസ്പരം മത്സരിച്ചതിന് ശേഷം ഇതാദ്യമായി മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയും ചർച്ചകളിൽ പങ്കെടുത്തു. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനായുള്ള സുപ്രധാന ചുവട് വയ്പാണിത്. നേരത്തെ എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ പ്രതിപക്ഷ കക്ഷികളുടെ സമാന കൂടിക്കാഴ്ച നടന്നിരുന്നു.

'ചായയ്ക്കാണ് സോണിയജി എന്നെ ക്ഷണിച്ചത്. രാഹുൽ ജിയും ഉണ്ടായിരുന്നു. രാജ്യത്തെ കോവിഡ് സാഹചര്യവും, പെഗസ്സസ് വിവാദവും ഞങ്ങൾ ചർച്ച ചെയ്തു. പ്രതിപക്ഷ ഐക്യവും സംസാരവിഷയമായി. വളരെ നല്ല ക്രിയാത്മകമായ കൂടിക്കാഴ്ചയായിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ എല്ലാവരും ഒന്നിക്കേണ്ടതുണ്ട്. എല്ലാവരും ഇതിനായി യോജിച്ച് പ്രവർത്തിക്കണം'-45 മിനിറ്റ് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചുദിവസമായി ഡൽഹിയിലുള്ള മമത മുതിർന്ന കോൺഗ്രസ് നേതാക്കളായ കമൽ നാഥിനെയും ആനന്ദ് ശർമയെയും ഇന്നലെ കണ്ടിരുന്നു. സോണിയ ഗാന്ധിയെ കണ്ട ശേഷം മമത ഡൽഹി മുഖ്യമന്ത്രി അരവിദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തി. ബംഗാളിലെ വിജയത്തിന് ശേഷം മമത പ്രതിപക്ഷ നിരയിലെ നിർണായക ശക്തിയായി മാറിയിട്ടുണ്ട്. ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാൻ മമത ഇപ്പോൾ മുൻകൈയെടുക്കുകയാണ്.

ബിജെപി വളരെ തകർപ്പൻ പ്രചാരണം നടത്തിയിട്ടും ബംഗാളിൽ ജയം മമതയ്‌ക്കൊപ്പമായിരുന്നു. ബംഗാളിൽ മമതയ്ക്ക് ജയിക്കാമെങ്കിൽ ദേശീയതലത്തിലും ബിജപിക്കെതിരെ ഒരുകൈ നോക്കാമെന്ന തോന്നൽ പ്രതിപക്ഷ കക്ഷികൾക്ക് വന്നുതുടങ്ങിയിട്ടുണ്ട്. ജയത്തിന് ശേഷമുള്ള ആദ്യഡൽഹി സന്ദർശനത്തിൽ നിരവധി മുഖ്യ പ്രതിപക്ഷ നേതാക്കളുമായും മമത ചർച്ചകൾ നടത്തുന്നുണ്ട്. സഖ്യത്തെ ആരുനയിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് മമത ബാനർജി. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതൽ ചർച്ചകളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കിയെന്നുമാണ് വിവരം.

ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനർജി ചർച്ച നടത്തും. ദേശീയ തലത്തിലെ സഖ്യനീക്കങ്ങളിൽ തൃണമൂൽ എംപിമാരുടെ അഭിപ്രായവും മമത ആരായും. അതേ സമയം പെഗസ്സെസടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റിൽ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുൽഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നത് ശ്രദ്ധേയമായി.

'രാജ്യം മുഴുവനും ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനീങ്ങും. പൊതുതിരഞ്ഞെടുപ്പ് വരുമ്പോൾ മോദിയും രാജ്യവും തമ്മിലായിരിക്കും പോരാട്ടം. പാർലമെന്റ് സമ്മേളനത്തിന് ശേഷവും ചർച്ചകൾ നടക്കും. ഇതിനായി ഒരുപൊതുപ്ലാറ്റ്‌ഫോം ഉണ്ടാകണം. ഇന്നലെ ലാലു പ്രസാദ് യാദവുമായി സംസാരിച്ചിരുന്നു. എല്ലാ പ്രതിപക്ഷ കക്ഷികളുമായും സംസാരിക്കും, മമത പറഞ്ഞു.

ആരായിരിക്കും സഖ്യത്തെ നയിക്കുക എന്ന ചോദ്യത്തിന് താനൊരു രാഷ്ട്രീയ പ്രവാചക അല്ലെന്നായിരുന്നു മമതയുടെ മറുപടിയ അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നും അവർ പറഞ്ഞു. കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം പ്രതിപക്ഷ ഐക്യത്തിലെ ദുർബല കണ്ണിയാണ് ആ പാർട്ടി എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഒരു പാർട്ടിയുടെയും ആഭ്യന്തര കണക്കിൽ തനിക്ക് തലയിടേണ്ടെന്ന് മമത പറഞ്ഞു. സോണിയ ഗാന്ധി പ്രതിപക്ഷ ഐക്യം ആഗ്രഹിക്കുന്നുണ്ട് എന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു.

നേരത്തെയും താൻ പ്രതിപക്ഷ സഖ്യത്തിന് അനുകൂലമാണെന്നും അത് കോൺഗ്രസ് ഇല്ലാതെ സാധ്യമല്ലെന്നും മമത അഭിപ്രായപ്പെട്ടിരുന്നു. ബംഗാളിലെ പരാജയത്തിന് ശേഷം കോൺഗ്രസും തൃണമൂലിനോട് അടുക്കാൻ ശ്രമിക്കുകയാണ്. മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വിജയകരമായി നയിച്ച പ്രശാന്ത് കിഷോർ അടുത്തിടെ ഗാന്ധി കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP