Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം; സഭ തല്ലിത്തകർത്ത ആൾക്ക് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് വി ഡി സതീശൻ; കേസിനായി ചെലവഴിച്ചത് ജനങ്ങളുടെ പണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുധാകരൻ; കോടതിവിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം; സഭ തല്ലിത്തകർത്ത ആൾക്ക് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് വി ഡി സതീശൻ; കേസിനായി ചെലവഴിച്ചത് ജനങ്ങളുടെ പണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുധാകരൻ; കോടതിവിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം. ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. നിയമസഭ തല്ലിത്തകർത്ത ആൾ മന്ത്രിയായി തുടരരുതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മന്ത്രി രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നിയമസഭയുടെ മേശപ്പുറത്ത് കയറി നിന്നയാൾ വിദ്യാഭ്യാസമന്ത്രിയായി തുടരരുത്. മന്ത്രിയായി തുടരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് എന്തു സന്ദേശമാണ് ശിവൻകുട്ടി നൽകുന്നതെന്ന് സതീശൻ ചോദിച്ചു. കോടതി നടപടികൾക്ക് മുമ്പ് കെപി വിശ്വനാഥൻ രാജിവെച്ചതും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

നിയമസഭയിൽ നടക്കുന്ന ആക്രമസംഭവങ്ങളിൽ എംഎ‍ൽഎമാർക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈക്കാര്യം നേരത്തെ യു.ഡി.എഫ് ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ സഭയിലെ ഒരു മന്ത്രിയും ഒരു എംഎ‍ൽഎയും ഉൾപ്പെടെ ആറ് പേർ വിചാരണ നേരിടേണ്ട സ്ഥിതിയാണ്. വിചാരണ നേരിടാൻ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്ഥാനം രാജിവെയ്ക്കണം. വിചാരണ നേരിടുന്ന ഒരു മന്ത്രിസഭയിൽ ഉള്ളത് അംഗീകരിക്കാൻ കഴിയില്ല.

മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സ്വർണകള്ളക്കടത്തും മറ്റ് കേസുകളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പേരുകൾ ഡിവൈഎഫ്ഐയുടെയും സിപിഎം പ്രവർത്തകരുടെയും പേരാണ്.

നിയമസഭയിലെ അംഗങ്ങൾക്ക് പ്രിവിലേജ് ഉണ്ടെങ്കിൽ ഒരു നിയമസഭാ അംഗം മറ്റൊരു നിയമസഭാ അംഗത്തെ കുത്തികൊന്നാൽ കേസെടുക്കാൻ കഴിയില്ലെ എന്നാണ് തങ്ങൾ നേരത്തെ ചോദിച്ചത്. ഇത് തന്നെയാണ് സുപ്രീംകോടതി ആവർത്തിച്ചത്.

ഒരു നിയമസഭാ അംഗം മറ്റൊരു അംഗത്തെ വെടിവെച്ച് കൊന്നാൽ അത് കുറ്റമാണ്. അതിലൊരു പ്രിവിലേജുമില്ല. സഭയ്ക്ക് അകത്തും പുറത്തും ഏതൊരു പൗരൻ എന്ത് കുറ്റം ചെയ്താലും അത് തെറ്റാണെന്നും സതീശൻ പറഞ്ഞു

കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ വിധി ചരിത്രത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. അന്ന് നിയമസഭയിൽ നടന്നത് ജനകീയ സമരമല്ലെന്നും അദ്ദേഹം പറഞ്ഞു

നിയമസഭയ്ക്കുള്ളിൽ ഒരു പെരുമാറ്റച്ചട്ടമുണ്ട്. പരിരക്ഷ ആവശ്യപ്പെടാൻ സാധിക്കുന്ന സംഭവങ്ങളുമുണ്ട്. പക്ഷെ ക്രിമിനൽ കുറ്റം പരിരക്ഷ അവകാശപ്പെടാവുന്ന കുറ്റമല്ല എന്ന കോടതിയുടെ നിരീക്ഷണം തന്നെയാണ് ഭരണഘടന ചൂണ്ടിക്കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിലെ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള കേസ് നടത്താൻ എത്ര കോടി രൂപ സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കണക്ക് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾക്ക് പിന്തുണ നൽകാൻ കേസ് നടത്തി സർക്കാർ ചിലവഴിക്കുന്നത് ജനങ്ങളുടെ പണമാണെന്ന് മുഖ്യമന്ത്രി ഓർമ്മിക്കണമെന്ന് സുധാകരൻ പറഞ്ഞു.

നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ നിയമപോരാട്ടത്തിന് നാലുവർഷം നേതൃത്വം കൊടുത്ത ഒരാളെന്ന നിലയിൽ പൂർണ സംതൃപ്തിയുണ്ട്.

വിചാരണ നേരിടുന്ന മന്ത്രി, ആ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് തീരാകളങ്കം ആയിരിക്കും. അതിനാൽ, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കോടതിവിധി മാനിച്ച് സ്ഥാനത്തുനിന്ന് രാജിവെച്ച് മാറിനിന്ന് വിചാരണ നടപടികൾ നേരിടണം. മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശം ശിവൻകുട്ടിക്ക് നഷ്ടമായി എന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ശിവൻകുട്ടി രാജിവെക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

2015 മാർച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎൽഎമാർ നിയമസഭയിൽ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാർ കോഴ വിവാദത്തിൽ ഉൾപ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന എൽ.ഡി.എഫ്. എംഎൽഎമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

നിലവിലെ മന്ത്രി വി ശിവൻകുട്ടി, മുന്മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ, എംഎൽഎമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP