Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ് ആർടിസിയിൽ നിന്നും ലീവെടുത്ത് വാറ്റ്; വീടിന് പിന്നിലുള്ള അഷ്ടമുടിക്കായൽ വഴി വള്ളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ച് കച്ചവടം പൊടിപൊടിച്ചു; നാട്ടുകാരുടെ ദുശ്ശീലങ്ങളില്ലാത്ത നല്ല പിള്ള; കരുനാഗപ്പള്ളിയെ ഞെട്ടിച്ച് സ്മിനുവിന്റെ ചാരായക്കച്ചവടം

കെഎസ് ആർടിസിയിൽ നിന്നും ലീവെടുത്ത് വാറ്റ്; വീടിന് പിന്നിലുള്ള അഷ്ടമുടിക്കായൽ വഴി വള്ളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ച് കച്ചവടം പൊടിപൊടിച്ചു; നാട്ടുകാരുടെ ദുശ്ശീലങ്ങളില്ലാത്ത നല്ല പിള്ള; കരുനാഗപ്പള്ളിയെ ഞെട്ടിച്ച് സ്മിനുവിന്റെ ചാരായക്കച്ചവടം

ആർ പീയൂഷ്

കൊല്ലം: വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയതിന് അറസ്റ്റ് ചെയ്തത് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനായ യുവാവിനെ. കരുനാഗപ്പള്ളി തേവലക്കര അരിനെല്ലൂർ മുട്ടത്ത് വീട്ടിൽ സ്മിനു രാജനെ(34)യാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരൻ സ്മിജോ രാജൻ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇയാളുടെ വീട്ടിൽ നിന്നും 150 ലീറ്റർ വാറ്റ് ചാരായവും 2,700 ലീറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.

കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോയിലെ കണ്ടക്ടറാണ് സ്മിനു രാജൻ. ഏറെ നാളായി സ്വന്തം വീട്ടിൽ ചാരായം വാറ്റി മൊത്ത വിൽപ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ കരുനാഗപ്പള്ളിയുടെ വിവിധ സ്ഥലങ്ങളിലേക്ക് വൻ തോതിൽ വ്യാജ വാറ്റ് സജീവമാണെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപകമായി റെയ്ഡുകൾ നടത്തുകയും വാറ്റു ചാരായം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ചാര്യത്തിന്റെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടായില്ല. ഇതിന്റെ അടിസഥാനത്തിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തേവലക്കര ഭാഗത്ത് കായൽ മാർഗ്ഗം വൻതോതിൽ ചാരായം കടത്തുന്നുണ്ട് എന്ന് വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് സംഘം നീരീക്ഷണം ശക്തമാക്കിയതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

സ്മിനു രാജനും സഹോദരൻ സ്മിജു രാജനും ചേർന്ന് വീടിന് പുറത്തെ ഗോഡൗണിലായിരുന്നു വാറ്റ് നടത്തിയിരുന്നത്. എക്സൈസ് സംഘം എത്തുമ്പോൾ സ്മിജു ഓടി രക്ഷപെട്ടു. ഗോഡൗമിനുള്ളിൽ വാറ്റിക്കൊണ്ടിരിക്കുകയായിരുന്ന സ്മിനുവിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗോഡൗണിൽ പരിശോധന നടത്തിയ സംഘം വാറ്റാനുള്ള സജ്ജീകരണങ്ങൾ കണ്ട് ഞെട്ടി. വാറ്റുന്നതിനാവശ്യമായ വെള്ളം എത്തിക്കുന്നതിനായി പ്രത്യേക പൈപ്പ്. വാറ്റുമ്പോൾ വെള്ളം മാറ്റാനായി മറ്റൊരു പൈപ്പ്.

പിന്നീട് വാറ്റിയ ശേഷം കോട ഒഴുക്കി കളയാനായി ഭൂമിക്കടിയിലൂടെ കായലിലേക്ക് തുറക്കുന്ന പൈപ്പ്. നിരവധി ഗ്യാസ് സിലിണ്ടറുകൾ. പിന്നീടി വാറ്റുപതരണങ്ങളും കോടകലക്കി വയ്ക്കാനുള്ള വമ്പൻ വീപ്പകളും. മദ്യം നിർമ്മിക്കുന്ന ചെറുകിട കമ്പനികളുടെ അത്രയും സജ്ജീകരണങ്ങളാണ് എക്സൈസ് സംഘം ഇവിടെ കണ്ടത്. ഇത്തരത്തിലുള്ള രണ്ട് ഗോഡൗണുകളാണ് ഇവിടെയുണ്ടായിരുന്നത്.

വാറ്റിയെടുക്കുന്ന ചാരായം നാട്ടുകാർ കാണാതെ വീടിന് പിന്നിലുള്ള അഷ്ടമുടിക്കായൽ വഴി വള്ളത്തിലാണ് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നത്. രാത്രികാലങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന രീതിയിൽ വള്ളത്തിൽ വലയും മറ്റു സാധനങ്ങളും കയറ്റിവച്ചതിന് ശേഷം 50 ലിറ്ററിന്റെ കന്നാസുകളിലായിരുന്നു ചാരായം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിരുന്നത്. പ്രാദേശികമായി വിൽപ്പന ഇല്ലാത്തതിനാൽ നാട്ടുകാർ ആരും തന്നെ ഇരുവരുടെയും ചാരായം വാറ്റിനെ പറ്റി അറിഞ്ഞിരുന്നില്ല. വാറ്റാനുള്ള ശർക്കരയുൾപ്പെടെയുള്ള സാധനങ്ങൾ കൊല്ലം, കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിലുള്ള മൊത്ത വിതരണക്കാരുടെ പക്കൽ നിന്നുമായിരുന്നു വാങ്ങിയിരുന്നത്. ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചിരുന്നത് നിർമ്മാണപ്രവർത്തനങ്ങൾക്കെന്ന പേരിലായിരുന്നു. ഇതിനായി ഇടയ്ക്ക് എന്തെങ്കിലുമൊക്കെ വെൽഡ് ചെയ്യുന്ന രീതിയിൽ നാട്ടുകാരെ കബളിപ്പിച്ചു വരികയായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സ്മിനു രാജൻ ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടത്തുമെന്ന് നാട്ടുകാരും എക്സൈസും കരുതിയിരുന്നില്ല. പലപ്പോഴും സംശയം തോന്നിയിരുന്നെങ്കിലും ഇവിടെ കയറി റെയ്ഡ് നടത്താൻ കഴിഞ്ഞിരുന്നില്ല. കാരണം ഇവർ ആരും തന്നെ മുൻപ് അബ്കാരി കേസിലോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിലോ ഉൽപ്പെട്ടിട്ടില്ലായിരുന്നു. നാട്ടുകാരുടെ മുന്നിൽ ഇരുവരും സത് സ്വഭാവികളായിരുന്നു. യാതൊരുവിധ ദുശീലങ്ങളോ അനാവശ്യ കൂട്ടുകെട്ടോ ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു വാറ്റ് ചാരായം വ്യാപകമായി വിൽപ്പന നടത്തി വന്നിരുന്നത്.

കെ.എസ്.ആർ.ടി.സിയിൽ നിന്നും ലീവെടുത്താണ് ഇയാൾ വാറ്റ് നടത്തി വന്നിരുന്നത്. മാസത്തിൽ മുക്കാൽ ഭാഗവും ലീവായിരിക്കും. പേരിന് മാത്രം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം സ്മിനുവിനെ പറ്റി എക്സൈസ് സംഘം അന്വേഷിച്ച് കായംകുളം ഡിപ്പോയിൽ എത്തിയപ്പോൾ സ്ഥിരമായി ജോലിക്ക് വരില്ലെന്നും പ്രശ്നക്കാരനാണെന്നും മനസ്സിലായി. ഡിപ്പോ അധികാരികൾക്ക് വലിയ തലവേദനയായിരുന്നു ഇയാൾ. മിക്ക ദിവസവും ഡിപ്പോയിലെത്തി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കി ജോലിക്ക് കയറാതെ തിരികെ പോകുകയായിരുന്നു രീതി.

സ്മിനുവും സഹോദരനും വിവാഹം കഴിച്ചിട്ടില്ല. മാതാവിന് മാനസിക പ്രശ്നമുള്ളവരാണ്. 34 കാരനായ സ്മിജു വിവാഹാലോചനകൾ നോക്കി വരികയായിരുന്നു എന്ന് പറഞ്ഞു. ഇതിനിടയിലാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. വളരെ തന്ത്രപരമായും ആരും കണ്ടെത്താത്ത രീതിയിലുമായിരുന്നു വാറ്റ് നടത്തിയിരുന്നത്. അതിനാൽ തന്നെ മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം പ്രതിയെ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ബി. സന്തോഷ്,സുധീർ ബാബു, എസ്.കിഷോർ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടരന്വേഷണം കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി മോഹൻ ഏറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP