Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; സുചിത്രയുടെ ജീവനെടുത്തത് സ്ത്രീധനക്കൊതി തന്നെ; വള്ളിക്കുന്നത്തേത് ആത്മഹത്യയെന്ന് പൊലീസ്; ഉത്തമനും സുലോചനയും അഴിക്കുള്ളിൽ; കൊലയെന്ന് ഇപ്പോഴും വിശ്വസിച്ച് സുചിത്രയുടെ കുടുംബം

'സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; സുചിത്രയുടെ ജീവനെടുത്തത് സ്ത്രീധനക്കൊതി തന്നെ; വള്ളിക്കുന്നത്തേത് ആത്മഹത്യയെന്ന് പൊലീസ്; ഉത്തമനും സുലോചനയും അഴിക്കുള്ളിൽ; കൊലയെന്ന് ഇപ്പോഴും വിശ്വസിച്ച് സുചിത്രയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വള്ളികുന്നത്ത് പത്തൊൻപതുകാരിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ സ്ത്രീധനപീഡനത്തിന് അറസ്റ്റിൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ മാതാപിതാക്കൾ മാനസികമായി പീഡിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് സുചിത്ര ആത്മഹത്യചെയ്തതെന്നു തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്‌പി. ഡോ. ആർ. ജോസ് പറഞ്ഞു.

വള്ളികുന്നം കടുവിനാൽ ലക്ഷ്മിഭവനത്തിൽ ഉത്തമൻ (51), ഭാര്യ സുലോചന (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മകനും സൈനികനുമായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര(19)യെ ജൂൺ 22-നാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മരണം കൊലപാതകമാണെന്ന് സുചിത്രയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട വിസ്മയയുടെ മരണത്തിന് തൊട്ടു പിന്നാലെയായിരുന്നു സുചിത്രയുടെ മരണവും. അറസ്റ്റിലായ ഉത്തമനെയും സുലോചനയെയും കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

മാർച്ച് 21-നായിരുന്നു സുചിത്രയുടെ വിവാഹം. ഒരുമാസം കഴിഞ്ഞ് വിഷ്ണു ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്കു പോയി. ഭാര്യ ആത്മഹത്യചെയ്ത തൊട്ടടുത്തദിവസം വിഷ്ണു നാട്ടിലെത്തി. സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടും സ്വർണം ലോക്കറിൽ സൂക്ഷിക്കുന്നതിനെച്ചൊല്ലിയും മകളെ ഭർത്തൃവീട്ടുകാർ ശല്യപ്പെടുത്തിയിരുന്നതായി സുചിത്രയുടെ അമ്മ സുനിത പൊലീസിനു മൊഴിനൽകിയിരുന്നു. അച്ഛൻ കൃഷ്ണപുരം തെക്ക് കൊച്ചുംമുറി വീട്ടിൽ സുനിൽ സൈനികനാണ്.

'ഈ ജന്മദിനം നമുക്ക് നന്നായി ആഘോഷിക്കണം. വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനമല്ലേ... ഒരു സ്വർണ്ണമാല സർപ്രൈസായി നൽകണം. കേക്കും നമുക്ക് ഇവിടെ നിന്നും കൊണ്ടു പോകണം.' വള്ളികുന്നത്ത് 19 കാരിയായ സുചിത്ര ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാതാവ് സുനിത സൈനികനായ ഭർത്താവ് സുനിലിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇതിനായി കായംകുളത്തെ പ്രമുഖ ജൂവലറിയിൽ മാലയും ബേക്കറിയിൽ കേക്കും ബുക്കു ചെയ്തു. ജൂലൈ 20 ന് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് സുചിത്ര ആത്മഹത്യ ചെയ്തു എന്ന വിവരം അറിയുന്നത്. അതുകൊണ്ട് തന്നെ മകളുടെ ആത്മഹത്യ ഇനിയും കുടുംബം വിശ്വാസത്തിൽ എടുത്തിട്ടില്ല.

വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്‌കൂട്ടറുമായിരുന്നു വാഗ്ദാനം. സ്‌കൂട്ടർ പോര കാർ വേണമെന്ന ആവശ്യത്തിനും വഴങ്ങി. വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. സുചിത്രയുടെ സ്വർണത്തിൽ കുറച്ച് ഭർത്താവിന്റെ വീട്ടുകാർ പണയം വച്ചു. ബാക്കി സ്വർണം ലോക്കറിൽ വയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രശ്‌നം വഷളായി. സൈനികനായ ഭർത്താവ് ജോലി സ്ഥലത്തേക്കു മടങ്ങിയതോടെയാണു മകൾ കൂടുതൽ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു സുചിത്രയുടെ മരണം.

വിവാഹ ശേഷം വിഷ്ണുവിന്റെ മാതാവ് ക്രൂരമായ രീതിയിലാണ് ഇടപെട്ടിരുന്നതെന്ന് സുചിത്രയുടെ അമ്മ ആരോപിച്ചിരുന്നു. വിഷ്ണുവിന്റെ സഹോദരിക്ക് പണം കൊടുക്കാനായാണ് 10 ലക്ഷം രൂപ ഇവർ വീണ്ടും ആവശ്യപ്പെട്ടത്. പണം തരുമ്പോൾ വസ്തു സുചിത്രയുടെ പേരിൽ എഴുതി വയ്ക്കണമെന്ന് പറഞ്ഞപ്പോൾ അതു നടക്കില്ലെന്നും സ്ഥലം ബാങ്കിൽ പണയത്തിലാണെന്നുമാണ് അറിയിച്ചത്. ഇതേ തുടർന്ന് പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്നാണ് സുചിത്രയുടെ മരണം നടക്കുന്നത്.

മരണം നടക്കുമ്പോൾ ഇവരുടെ ബന്ധു ഇവിടെയുണ്ടായിരുന്നു എന്നും അയാൾ പിന്നീട് അവിടെ നിന്നും കടന്നു കളഞ്ഞതായും നാട്ടുകാർ പറഞ്ഞതായി സുചിത്രയുടെ ബന്ധുക്കൾ പറയുന്നു. സുചിത്രക്ക് ആത്മഹത്യ ചെയ്യാനുള്ള മനക്കട്ടിയൊന്നുമില്ല എന്നും അവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP