Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിലും തിളക്കം; ടെക്‌നോപാർക്കിന് ഉയർന്ന ക്രിസിൽ റേറ്റിങ്

കോവിഡിലും തിളക്കം; ടെക്‌നോപാർക്കിന് ഉയർന്ന ക്രിസിൽ റേറ്റിങ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കുകളിൽ ഒന്നായ തിരുവനന്തപുരം ടെക്‌നോപാർക്കിന് മികച്ച ക്രെഡിറ്റ് റേറ്റിങ് ലഭിച്ചു. ക്രിസിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിങ്ങിൽ ടെക്‌നോപാർക്കിന് 'എ പ്ലസ്/സ്റ്റേബ്ൾ' ലഭിച്ചു. ആദ്യമായാണ് ടെക്‌നോപാർക്കിന് ഉയർന്ന ക്രിസിൽ റേറ്റിങ് ലഭിക്കുന്നത്. ദീർഘകാല സാമ്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്‌നോപാർക്കിന് ഉയർന്ന സുരക്ഷിതത്വമുള്ള റേറ്റിങ് നേടിക്കൊടുത്തത്. രണ്ടു വർഷമായി 'എ/സ്റ്റേബ്ൾ' ആയിരുന്ന റേറ്റിങ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്‌നോപാർക്ക് മെച്ചപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ടെക്‌നോപാർക്ക് കാഴ്ചവച്ച വായ്പാ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ഫെയ്‌സ് ഒന്നിലേയും ഫെയ്‌സ് മൂന്നിലേയും ഐടി ഇടങ്ങൾ പൂർണമായും വാടകയ്ക്ക് നൽകിയതും മുടക്കമില്ലാത്ത പണലഭ്യതയും വൈവിധ്യമാർന്ന ഇടപാടുകാരും ദീർഘ കാല പാട്ടക്കരാറുകളുമാണ് ടെക്‌നോപാർക്കിന്റെ കരുത്ത്.

'ആഗോള തലത്തിൽ തന്നെ കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ടെക്‌നോപാർക്കിന് സ്വന്തം കരുത്തിലൂടെ സാമ്പത്തിക സ്ഥിരതയും പ്രകടന മികവും നിലനിർത്താനായി. ഈ മഹാമാരിക്കാലത്തും നാൽപതോളം പുതിയ കമ്പനികൾ ടെക്‌നോപാർക്കിലെത്തിയത് ഇവിടുത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണ്'- ടെക്‌നോപാർക്ക് സിഇഒ ജോൺ.എം.തോമസ് പറഞ്ഞു.

'കരുത്തുറ്റ വായ്പാ സുരക്ഷാ ക്രമീകരണങ്ങളും പണലഭ്യതയും ഒപ്പം ആരോഗ്യകരമായ പ്രവർത്തനക്ഷമതയും കമ്പനികളുടെ വൈവിധ്യവുമാണ് റേറ്റിങ് മെച്ചപ്പെടുത്താൻ സഹായിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കമ്പനികൾക്ക് ആശ്വാസമെന്ന നിലയിൽ വാടക ഇളവ് നൽകുകയും വാർഷിക വർധന ഒഴിവാക്കുകയും ചെയ്‌തെങ്കിലും ടെക്‌നോപാർക്കിന്റെ പണലഭ്യത മികച്ച നിലയിൽ തന്നെയായിരുന്നു'- ടെക്‌നോപാർക്ക് ചീഫ് ഫിനാൻസ് ഓഫീസർ എൽ. ജയന്തി പറഞ്ഞു.

ടെക്‌നോപാർക്ക് ഒന്ന്, മൂന്നു ഫേസുകൾ പൂർണമായും പ്രവർത്തനക്ഷമമാണ്. ഇൻഫോസിസ്,യുഎസ്‌ടി ഗ്ലോബൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഏണസ്റ്റ് & യംഗ്, അലയൻസ്, ഐബിഎസ് സോഫ്‌റ്റ്‌വെയർ, ഒറക്കിൾ, നിസ്സാൻ, ഗൈഡ് ഹൗസ്,സൺ ടെക് , ടാറ്റ എൽക്‌സി, ഇൻവെസ്റ്റ് നെറ്റ്, ക്വസ്റ്റ് ഗ്ലോബൽ, തുടങ്ങിയ പ്രശസ്ത കമ്പനികളും നിലവിൽ ടെക്‌നോപാർക്കിലെ കമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ ടെക്‌നോപാർക്കിന്റെ വർദ്ധിച്ചുവരുന്ന ഐടി ഇൻഫ്രാസ്ട്രക്ചർ സൗകര്യത്തിൽ കോ-ഡവലപ്പർമാരായ എംബസി-ടോറസ്, ബ്രിഗേഡ് എന്റർപ്രൈസസ്, കാർണിവൽ ഇൻഫോപാർക്ക്, സീവ്യൂ, ആംസ്റ്റർ ഹൗസ് , എം-സ്‌ക്വയർ എന്നിവയുടെ ശക്തമായ പിന്തുണയുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP