Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കള്ളപണ നിക്ഷേപം കണ്ടെത്തിയ എആർ നഗർ ബാങ്ക് നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധു; ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ഹരികുമാറിനെ വീണ്ടും ബാങ്കിൽ തന്നെ നിർത്തിയത് ലീഗ് ഭരണസമിതിയുടെ തട്ടിപ്പുകൾ പുറത്തറിയാതിരിക്കാൻ; ചട്ടം മറികടന്ന് ഹരികുമാറിനെ നിയമിച്ചത് മുൻ സഹകരണ മന്ത്രിയും

കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കള്ളപണ നിക്ഷേപം കണ്ടെത്തിയ എആർ നഗർ ബാങ്ക് നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധു; ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ഹരികുമാറിനെ വീണ്ടും ബാങ്കിൽ തന്നെ നിർത്തിയത് ലീഗ് ഭരണസമിതിയുടെ തട്ടിപ്പുകൾ പുറത്തറിയാതിരിക്കാൻ; ചട്ടം മറികടന്ന് ഹരികുമാറിനെ നിയമിച്ചത് മുൻ സഹകരണ മന്ത്രിയും

ജാസിം മൊയ്തീൻ

മലപ്പുറം; കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയ മലപ്പുറം ജില്ലയിലെ എആർ നഗർ സഹകരണ ബാങ്കിനെ നിയന്ത്രിക്കുന്നത് സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയുടെ ബന്ധുവായ ഹരികുമാർ. ബാങ്കിൽ നിന്നും സെക്രട്ടറിയായി വിരമിച്ച ഹരികുമാറിനെ സഹകരണ ചട്ടങ്ങൾ മറികടന്നാണ് വീണ്ടും ബാങ്കിന്റെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്. മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ എആർ നഗർ ബാങ് ഭരിക്കുന്നതെങ്കിലും ഈ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയാണ് ഹരികുമാർ വീണ്ടും ബാങ്കിൽ തന്നെ തുടരുന്നത്.

ലീഗ് നേതാക്കളുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കുമന്നാണ് ഹരികുമാർ ബാങ്ക് ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയത്. ഭരണ സമിതിയുടെ തട്ടിപ്പുകളെ കുറിച്ച് പുറത്തറിയുമെന്ന ഭയത്താൽ ഹരികുമാറിനെ വീണ്ടും ബാങ്കിൽ തന്നെ പുതിയ തസ്തിക സൃഷ്ടിച്ച് നിയമിക്കാൻ ബാങ്ക് ഭരണ സിമിതി സംസ്ഥാന സഹകരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയെ തുടർന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സഹകരണ ചട്ടങ്ങൾ മറികടന്ന് ഹരികുമാറിനെ ബാങ്കിൽ തന്നെ വീണ്ടും നിയമിക്കാൻ ഉത്തരവിട്ടത്.

ബാങ്കിൽ നിന്നും സെക്രട്ടറിയായി വിരമിച്ച ഹരികുമാറിനെ വീണ്ടും അതേ ബാങ്കിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിലനിർത്തുകയാണ് ബാങ്ക് ഭരണ സമിതി ചെയ്തത്. വിരമിച്ച ജീവനക്കാരന് പുനർനിമയനം നൽകാൻ സഹകരണ നിയനം അനുവദിക്കില്ലെന്ന് സഹകരണ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. മാത്രവുമല്ല ഇതേ ബാങ്കിൽ ഹരികുമാറിന് നിരവധി ബിനാമി അക്കൗണ്ടുകളുണ്ടെന്നും ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഹരികുമാർ നടത്തിയിട്ടുണ്ടെന്നും വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഹരികുമാറിനെ പുനർനിയമിക്കാൻ കഴിയില്ലെന്നും സഹകരണ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ സഹകരണ വകുപ്പിന്റെ ഉത്തരവിനെതിരെ ബാങ്ക് ഭരണ സമിതി ഹരികുമാറിന് വേണ്ടി സർക്കാറിൽ അപ്പീൽ നൽകി.

ബാങ്കിന്റെ സുഗമമായ നടത്തിപ്പിന് വളരെയേറെ കാലം ബാങ്കിൽ ജോലി ചെയ്ത് പരിചയമുള്ള ഹരികുമാറിന്റെ സേവനം ആവശ്യമുണ്ടെന്നാണ് ബാങ്ക് ഭരണ സമിതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ചട്ടങ്ങളും മറികടന്ന് ഹരികുമാറിനെ വീണ്ടും ബാങ്കിൽ നിയമിക്കാൻ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്‌തെങ്കിലും ഹരികുമാർ ഇപ്പോഴും ബാങ്കിന്റെ ചുമതലകൾ വഹിക്കുകയും പ്രതിമാസം 60000 രൂപ ശമ്പളം കൈപറ്റുകയും ചെയ്യുന്നുണ്ട്. ഹരികുമാർ സെക്രട്ടറിയായിരുന്ന കാലത്ത് നടത്തിയ ക്രമക്കേടുകളെല്ലാം ഭരണ സമിതികൂടി അറിഞ്ഞാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഹരികുമാർ ബാങ്കിൽ നിന്നും പുറത്ത് പോയാൽ ഈ ക്രമക്കേടുകളെല്ലാം പുറത്തറിയും എന്നതിനാലാണ് എല്ലാ ചട്ടങ്ങളും മറി കടന്ന് ഇപ്പോഴും ഹരികുമാറിനെ ഇവിടെ തന്നെ നിലനിർത്തിയിരിക്കുന്നത്.

പുറത്താക്കിയാൽ് ക്രമക്കേടുകൾക്ക് കൂട്ടുനിന്ന വിവരം പുറം ലോകത്തെ അറിയിക്കുമെന്ന് ഹരികുമാർ ബാങ്ക് ഭരണ സമിതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയുടെ ബന്ധുവാണ് ഹരികുമാർ. ഈ സ്വാധീനം ഉപയോഗിച്ചാണ് അനധികൃത പുനർനിയമനത്തിന് സഹകരണ വകുപ്പ് മന്ത്രിയിൽ നിന്നും അനുകൂല കത്ത് ലഭ്യമാക്കിയത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എംവി ജയരാജൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി, സിപിഐഎം കോഴിക്കോട് ജില്ല കമ്മറ്റി എന്നിവർക്കെല്ലാം നേരത്തെ ഈ ബാങ്കിന്റെ തട്ടിപ്പുകൾക്ക് ഇരയായ കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ അശോകൻ എന്നയാൾ പരാതി നൽകിയിരുന്നെങ്കിലും പരാതിയിൽ തുടർ നടപടികളൊന്നുമുണ്ടായിരുന്നില്ല.

മാസങ്ങൾക്ക് മുമ്പ് ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഹരികുമാറിന്റെ വീട്ടിലും അന്ന് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പരിശോധനക്ക് കള്ക്ടറേറ്റിൽ നിന്നും വന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് ബാങ്കിൽ റെയ്ഡ് നടന്നിരുന്നത്. പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് അന്ന ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഹരികുമാറിന്റെ പേരിൽ നേരത്തെ തന്നെ നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു ഹരികുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയത്. മരണപ്പെട്ടവരുടെ പേരിലുള്ള അക്കൗണ്ടുകൾ ഇപ്പോഴും നിലനിൽക്കുന്നതായും ഈ അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. പല അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സ്ലിപ്പുകളിലെ ഒപ്പുകൾ ഹരികുമാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.നോട്ട് നിരോധന കാലത്തും ഈ ബാങ്ക് വഴി അനധികൃത ഇടപാടുകൾ നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP