Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആത്മീയ വ്യാപാരം, ധ്യാനം, അത്ഭുത രോഗശാന്തി, ബാധ ഒഴിപ്പിക്കൽ പോരാത്തതിന് തിരുശേഷിപ്പ് കച്ചവടവും; തോമസ് മാർ ഒസ്താത്തിയോസ് എന്ന നിരണം തോമാച്ചന്റെ കളികൾ വിശ്വാസികൾ കാണാൻ പോകുന്നതേയുള്ളൂ; കെണിയിൽ വീണത് നിരവധി പേർ

ആത്മീയ വ്യാപാരം, ധ്യാനം, അത്ഭുത രോഗശാന്തി, ബാധ ഒഴിപ്പിക്കൽ പോരാത്തതിന് തിരുശേഷിപ്പ് കച്ചവടവും; തോമസ് മാർ ഒസ്താത്തിയോസ് എന്ന നിരണം തോമാച്ചന്റെ കളികൾ വിശ്വാസികൾ കാണാൻ പോകുന്നതേയുള്ളൂ; കെണിയിൽ വീണത് നിരവധി പേർ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: തട്ടിപ്പുകാർക്ക് ഏറ്റവുമധികം വിലസാൻ ഇന്നത്തെ കാലത്ത് പറ്റുന്നത് ആത്മീയ രംഗത്താണ്. ശാസ്ത്രം പുരോഗമിച്ചിട്ടും അന്ധവിശ്വാസികൾ കുറയാത്തത് ആത്മീയ തട്ടിപ്പുകാർക്ക് തുണയാകുന്നു. എല്ലാ മതത്തിലുമുണ്ട് തട്ടിപ്പുകാർ. പല വേഷത്തിൽ, ഭാവത്തിൽ, രൂപത്തിൽ അവർ പ്രത്യക്ഷപ്പെടും. അങ്ങനെ ഒരാളാണ് ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ എന്ന പേരിൽ തോട്ടഭാഗത്ത് താവളമടിച്ചിരിക്കുന്നത്. തോമസ് മാർ ഒസ്താത്തിയോസ് എന്നാണ് ഈ മെത്രാന്റെ പേര്. യഥാർഥ നാമധേയം നിരണം തോമാച്ചൻ. മെത്രാൻ ആയത് എങ്ങനെയാണെന്ന് പിന്നാലെ പറയാം. ആരെയും അമ്പരിപ്പിക്കുന്ന ആത്മീയ വ്യാപാരമാണ് തോമാച്ചനുള്ളത്. ധ്യാനം, അത്ഭുത രോഗശാന്തി ശുശ്രൂഷ, ബാധ ഒഴിപ്പിക്കൽ ഇതൊന്നും പോരാഞ്ഞ് തിരുശേഷിപ്പ് കച്ചവടവും. തന്റെ വാസസ്ഥലത്ത് നൂറിലധികം വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതു കാണിച്ചാണ് അന്ധവിശ്വാസികളിൽ പലരെയും കെണിയിൽ വീഴ്‌ത്തുന്നത്.

ലോകത്ത് ഒരു സഭയും വ്യക്തികൾക്ക് തിരുശേഷിപ്പ് നൽകാറില്ല. വിശുദ്ധന്മാർ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മോണാസ്ട്രികളിലാണ് ഇവ സൂക്ഷിക്കുന്നത്. അംഗീകൃത സഭകൾക്ക് മാത്രം നൽകും. തിരുശേഷിപ്പ് ലഭിക്കണമെങ്കിൽ സഭാ തലവൻ മുഖാന്തരം മോണാസ്ട്രികൾക്ക് അപേക്ഷ നൽകണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ മോണാസ്ട്രി അധികൃതർ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാകും വസ്തുക്കൾ കൈമാറുക.

തിരുശേഷിപ്പുകളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒന്നാംതരം തിരുശേഷിപ്പുകൾ വിശുദ്ധരുടെ ഭൗതിക ശരീരത്തിന്റെ ഭാഗങ്ങൾ തന്നെയാണ്. അസ്ഥികൾ, മുടി, രക്തം എന്നിവയാണ് ഈ വിഭാഗത്തിൽ വരുന്നത്. രണ്ടാംതരത്തിൽ വരുന്നവ പ്രധാനമായും വിശുദ്ധരായ വ്യക്തികൾ അവർ ജീവിച്ചിരുന്ന കാലത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ, വസ്തുക്കൾ എഴുത്തുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയാണ്.

അവസാനത്തെ വിഭാഗമാണു മൂന്നാംതരം തിരുശേഷിപ്പ്. ഇവ ഒന്ന്, രണ്ട് തരത്തിൽപ്പെട്ട തിരുശേഷിപ്പുകളെ സ്പർശിച്ചിട്ടുള്ള വസ്തുക്കളാണ്. ഇതിൽ ദേവാലയങ്ങളിൽ പ്രതിഷ്ഠിക്കുക ഒന്നാംതരത്തിൽപ്പെട്ടവയാണ്. ഇവ യഥാർഥമാണെന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകുന്നതു മോണാസ്ട്രി പ്രവർത്തിക്കുന്ന സ്ഥലത്തെ രൂപതാ മെത്രാനാണ്. വസ്തുത ഇതൊക്കെയാണെങ്കിലും വിശ്വാസികളുടെ അജ്ഞത മുതലെടുത്ത് തട്ടിപ്പ് നടത്തുകയാണ് സ്വയം പ്രഖ്യാപിത മെത്രാനായ നിരണം തോമാച്ചൻ.

കാൽ നൂറ്റാണ്ട് മുൻപ് ശെമ്മാശനായാണ് ഇയാൾ ചങ്ങനാശേരി ടൗണിന് സമീപം ഫാത്തിമാപുരത്ത് എത്തുന്നത്. ആ കാലത്ത് ഇയാളുടെ കൈവശം സെന്റ് തോമസിന്റെ തിരുശേഷിപ്പ് എന്നെഴുതി വച്ചിരുന്ന വസ്തു മാത്രമെ ഉണ്ടായിരുന്നുള്ളു. ഇവിടെ വാടക വീട് സംഘടിപ്പിച്ചായിരുന്നു തോമാച്ചന്റെ ആദ്യ കാല പ്രവർത്തനം. ശെമ്മാശനും വൈദികനുമൊക്കെയായി നിറഞ്ഞാടി. വാടക വീടിന്റെ മുറ്റത്ത് വലിയ പന്തൽ സ്ഥാപിച്ചായിരുന്നു പ്രകടനങ്ങൾ. ഇതിനിടയിൽ ഒറിജിനൽ വൈദികനാണെന്ന് ധരിച്ച് ചില പള്ളികളിൽ ഇയാളെ ക്ഷണിക്കുകയും അബദ്ധം മനസിലാക്കിയ ഇവർ വിവരം മറ്റു പള്ളിക്കാരെ അറിയിക്കുകയും ചെയ്തതോടെ തോമാച്ചന് നില നില്പില്ലാതെ വന്നു.

പിന്നീട് വൈദിക ജോലി ഉപേക്ഷിച്ച് സൗദി അറേബ്യയിലേക്ക് പോയി. മൂന്ന് വർഷത്തിലധികം അവിടെ തങ്ങിയ ഇയാൾക്ക് ചാകരയായിരുന്നു. മറ്റു മതങ്ങളുടെ ആരാധനകൾക്ക് കർശന നിയന്ത്രണങ്ങളുള്ള രാജ്യമായതിനാൽ തോമാച്ചന്റെ ശുക്രദശ തെളിഞ്ഞു.
വൈദികനാണെന്ന് വിശ്വസിപ്പിച്ച് പല വീടുകളിലും കയറിയിറങ്ങി. പ്രാർത്ഥനയും അത്ഭുത പ്രവർത്തികളും പണപ്പിരിവുമായി വിരാജിക്കവേ തോമച്ചൻ വ്യാജനാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. പിടി വീഴുമെന്ന് ഉറപ്പായപ്പോൾ ഒരു പാതിരയ്ക്ക് മുങ്ങി. തമിഴ്‌നാട്ടിലും മംഗലാ പുരത്തും ചുറ്റിക്കറങ്ങിയ ഇയാൾ മെത്രാൻ പദവി സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

ഇതിനായി പല സഭകളെയും സമീപിച്ചു. ആരും വഴങ്ങിയില്ല. അടുത്തിടെ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ മെത്രാനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു എന്നാണ് ഇയാൾ പല സഭാ അധികൃതരോടും പറഞ്ഞിരുന്നത്. മെത്രാൻ പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ റമ്പാൻ വേഷത്തിൽ ഫാത്തിമാപുരത്ത് വീണ്ടും അവതരിച്ചു. ധ്യാനം, രോഗശാന്തി, ബാധ ഒഴിപ്പിക്കൽ, ചരട് ജപിക്കൽ എന്നിവയ്ക്ക് പുറമെ തിരുശേഷിപ്പ് കാണിച്ചും ആത്മീയ കച്ചവടം തകർത്തു വാരി. കൂടുതൽ വിശ്വാസ്യത നേടിയെടുക്കുന്നതിനായി സ്വന്തമായി മെത്രാൻ വേഷവും ധരിച്ചു. നസ്രാണി ഓർത്തഡോക്സ് മിഷിനറി സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസന മെത്രാപ്പൊലീത്തായെന്ന പേരിൽ തിരുവല്ലാ ടൗണിലും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് ഫ്ളക്സ് ബോർഡുകളും ഇയാൾ സ്ഥാപിച്ചിരുന്നു.

കവിയൂർ കേന്ദ്രമാക്കി പ്രവർത്തനം വ്യാപിപ്പിച്ചു. ഓർത്തഡോക്സ് സഭയുടെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്ന പരാതി വ്യാപകമായതോടെ സഭാ നേതൃത്വം ഇടപെട്ടു. ഇതേ തുർന്ന് ഇവിടെ നിന്നും മുങ്ങിയ ഇയാൾ പിന്നെ പൊങ്ങിയത് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്ത എന്ന പേരിലായിരുന്നു. പാലക്കാട് ആയിരുന്നു ആസ്ഥാനം. പാലക്കാട് നിന്നും വീണ്ടും ഫാത്തിമാപുരത്ത് മടങ്ങി എത്തി ധ്യാന കേന്ദ്രവും തുടങ്ങി. മറ്റു പരിപാടികൾക്ക് പുറമെ തിരുശേഷിപ്പ് കച്ചവടവും ആരംഭിച്ചതോടെ നിരവധി പേർ ഇയാളെ തേടി എത്തിയിരുന്നു. ലോക്കറ്റുകൾക്കുള്ളിൽ തിരുശേഷിപ്പുകൾ സ്ഥാപിച്ച് വില്പനയും നിർബാധം തുടർന്നു. ഇതോടെ ഇയാൾക്ക് ആരാധകരും വർധിച്ചു. പല തിരു ശേഷിപ്പുകളും ഉയർന്ന വിലയ്ക്കായിരുന്നു ഇയാൾ നല്കിയിരുന്നതെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.

നിരണം ഓർത്തഡോക്സ് വലിയ പള്ളി ഇടവകയിലെ സാധാരണ അംഗമായിരുന്ന തോമസിനെ 25 വർഷം മുമ്പ് സഭ പുറത്താക്കിയിരുന്നു. വൈദിക വേഷം കെട്ടി നടന്ന് വിശ്വാസികളെ പറ്റിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു നടപടി. തനിക്ക് ശെമ്മാശ പട്ടം നല്കിയത് തിരുവനന്തപുരം ഭദ്രാസന അധിപനായ മാർ ദിയറസ്‌കോറസ് മെത്രാപ്പൊലീത്തായാണെന്നായിരുന്നു ഇയാൾ പറഞ്ഞു നടന്നിരുന്നത്.
ഇയാൾ പറഞ്ഞ കാലഘട്ടത്തിന് മുമ്പ് തന്നെ തിയറസ്‌കോറസ് കാലം ചെയ്തിരുന്നു. ഇത് സഭാ അധികൃതർ തിരിച്ചറിഞ്ഞതോടെ തോമസ് ചുവടു മാറ്റി. മാർ സേവറിയോസാണ് പട്ടം നല്കിയതെന്നായിരുന്നു തുടർന്നുള്ള പ്രചാരണം. പരാതി വ്യാപകമായതോടെ പട്ടം കൊടുക്കൽ രജിസ്റ്റർ പരിശോധിച്ചു. കള്ളി വെളിച്ചത്തായി. ഇങ്ങനെ ഒരാൾക്ക് പട്ടം നൽകിയതായി രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഓരോ പൗരോഹിത്യം നൽകുമ്പോഴും കൈവയ്പ് നൽകുന്ന മേൽപട്ടക്കാരനും സ്ഥാനാർത്ഥിയും ഈ രജിസ്റ്ററിൽ ഒപ്പ് വയ്ക്കണമെന്നും വിവരങ്ങൾ രേഖപ്പെടുത്തണം എന്നുമാണ് സഭാ നിയമം.

ഇയാൾ സ്വയം പ്രഖ്യാപിത വൈദികനാണെന്ന് ബോധ്യമായതോടെ നിരണം ഭദ്രാസന മെത്രാപ്പൊലീത്തായായിരുന്ന ഗീവറുഗീസ് മാർ ഒസ്താത്തിയോസ് തോമസിനെ സഭയിൽ നിന്നും മുടക്കി കല്പന പുറപ്പെടുവിച്ചിരുന്നു. കല്പന ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വായിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഗ്രീക്ക് ഓർത്തഡോക്സിന് രാജ്യത്ത് ഒരിടത്തും ഭദ്രാസനങ്ങളില്ലെന്ന അറിയിപ്പുമായി സഭാധികൃതരും രംഗത്തു വന്നിരുന്നു. ഇന്ത്യയിൽ ആകെ ഒരു പള്ളിയുള്ളത് വെസ്റ്റ് ബംഗാളിലെ കാളീഘട്ടിലാണ്. പള്ളിയോട് അനുബന്ധിച്ച് സ്‌കൂളും രണ്ട് അനാഥ മന്ദിരങ്ങളും പ്രവർത്തിക്കുന്നത് ഒഴിച്ചാൽ മറ്റെങ്ങും സ്ഥാപനങ്ങളില്ല. ഗ്രീക്ക് ഓർത്തഡോക്സ് ജീവകാരുണ്യ വിഭാഗമായ പോസ്‌കിന്റെ നിയന്ത്രണത്തിലാണ് പള്ളിയും മറ്റു സ്ഥാപനങ്ങളുമെന്നും തങ്ങൾക്ക് രാജ്യത്ത് ഒരിടത്തും ഭദ്രാസനങ്ങളും മെത്രാന്മാരുമില്ലെന്ന് സഭയിലെ മുതിർന്ന കന്യാസ്ത്രീ സിസ്റ്റർ നെക്താരിയ പാരിദിസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP