Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുവന്നൂർ ബാങ്കിൽ ക്രമക്കേടു നടന്നെന്നു നിയമസഭയെ അറിയിച്ചത് രണ്ട് പ്രാവശ്യം; ഇടതു ഭരണമായതിനാൽ സർക്കാർ തിരിഞ്ഞു നോക്കിയില്ല; നടന്നത് 300 കോടിയുടെ തട്ടിപ്പെന്ന് കണക്കുകൾ; വമ്പൻ ക്രമക്കേട് പുറംലോകം അറിയാൻ വൈകിയത് ബാങ്കിൽ അടിമുടിയുള്ള പാർട്ടി സ്വാധീനം

കരുവന്നൂർ ബാങ്കിൽ ക്രമക്കേടു നടന്നെന്നു നിയമസഭയെ അറിയിച്ചത് രണ്ട് പ്രാവശ്യം; ഇടതു ഭരണമായതിനാൽ സർക്കാർ തിരിഞ്ഞു നോക്കിയില്ല; നടന്നത് 300 കോടിയുടെ തട്ടിപ്പെന്ന് കണക്കുകൾ;  വമ്പൻ ക്രമക്കേട് പുറംലോകം അറിയാൻ വൈകിയത് ബാങ്കിൽ അടിമുടിയുള്ള പാർട്ടി സ്വാധീനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വായാപ്പാ തട്ടിപ്പിൽ കുടുങ്ങിയവർക്ക് നീതി ലഭിക്കുമോ? അടിമുടി പാർട്ടി വൽക്കരികകപ്പെട്ട ഈ പ്രശ്‌നം വലിയ തലവേദനയാണ് സിപിഎമ്മിന് ഉണ്ടാക്കിയിരിക്കുന്നത്. പലതവണ മുന്നറിയിപ്പ് കിട്ടിയിട്ടും പാർട്ടി മൂടിവെച്ച പ്രശ്‌നമാണ് ഇപ്പോൾ വമ്പൻ തട്ടിപ്പായി അവർക്ക് മുന്നിൽ ഫണം വിടർത്തി നിൽക്കുന്നത്. വർഷങ്ങളായി ഈ ബാങ്ക് സർക്കാറിന്റെ നോട്ടപ്പുള്ളി ആണെന്നതും ശ്രദ്ധേയമാണ്. വിഷയം നിയമസഭയിലും എത്തിയിരുന്നു. എന്നിട്ടും പാർട്ടി ബലത്തിൽ നടപടി എങ്ങുമെത്താതെ പോയി.

ബാങ്കിൽ സാമ്പത്തിക തിരിമറിയും അഴിമതിയും നടന്നതായി 2019 ലും 2020 ലും സഹകരണ വകുപ്പ് നിയമസഭയിൽ അറിയിച്ചിരുന്നു. എന്നിട്ടും സർക്കാർ കർശന നടപടിയെടുത്തില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണം. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടു 121 സഹകരണ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തെന്ന് 2019 നവംബറിൽ അന്നത്തെ സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. മന്ത്രിയുടെ മറുപടിക്കൊപ്പം അനുബന്ധമായി ചേർത്ത പട്ടികയിൽ തൃശൂർ ജില്ലയിലെ 17 സഹകരണ സ്ഥാപനങ്ങളുമുണ്ടായിരുന്നു.

ഇതിൽ ഒന്നാമതായാണു കരുവന്നൂർ ബാങ്കിനെ ഉൾപ്പെടുത്തിയിരുന്നത്. സാമ്പത്തിക തിരിമറി വഴി ഈ സഹകരണ സ്ഥാപനങ്ങൾക്കാകെ 243.05 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അന്നു സഭയെ അറിയിച്ചു. റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടികളും ഭാവിയിൽ ക്രമക്കേട് ഒഴിവാക്കാൻ സത്വര നടപടികളും സ്വീകരിച്ചു വരുന്നെന്നാണു സഭയിൽ സർക്കാർ വിശദീകരിച്ചത്. അഴിമതി നടത്തിയതിനു സഹകരണ വകുപ്പ് നടപടിയെടുത്ത 168 സഹകരണ സ്ഥാപനങ്ങളുടെ പട്ടിക 2020 മാർച്ചിൽ മന്ത്രി നിയമസഭയ്ക്കു നൽകിയപ്പോഴും അക്കൂട്ടത്തിൽ കരുവന്നൂർ ബാങ്കുണ്ടായിരുന്നു. അന്നും ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങൾ (51 എണ്ണം) ഉൾപ്പെട്ടതു തൃശൂർ ജില്ലയിൽ നിന്നുതന്നെ.

കേസെടുത്തെന്നും സത്വര നടപടി സ്വീകരിച്ചെന്നും അഴിമതി കണ്ടെത്തിയെന്നുമെല്ലാം സഭയിൽ അറിയിച്ചെങ്കിലും ബാങ്ക് ഭരണസമിതിക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നതാണു വസ്തുത. അസി.രജിസ്റ്റ്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാനേജരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ഭരണസമിതിയെയും മറ്റുദ്യോഗസ്ഥരെയും അതേപടി തുടരാൻ അനുവദിച്ച് പുതിയൊരു സംഘത്തെ അന്വേഷണം ഏൽപിക്കുകയാണു ചെയ്തത്.

ഇതിനെക്കാൾ കുറഞ്ഞ തുകയുടെ ക്രമക്കേടും ചട്ടലംഘനവും കണ്ടെത്തിയ മുപ്പതിലേറെ സഹകരണ സംഘങ്ങളെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു പിരിച്ചുവിട്ടപ്പോഴാണ് കരുവന്നൂർ ബാങ്കിനു സംരക്ഷണം ലഭിച്ചത്. സിപിഎം. നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിലെ കുഴപ്പങ്ങൾ മിക്കതിനും പ്രധാനപ്പെട്ട ഒരു കാരണമുണ്ട്. കാലാകാലങ്ങളായി തുടരുന്ന പ്രവണതയാണ് ഇത്തരം സംഘങ്ങളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കുകയെന്നത്. ഇതോടെ എതിർശബ്ദം ഉയർത്താൻ ആരും ഉണ്ടാകാറില്ല. എന്തു തന്നെ നടന്നാലും അതെല്ലാം മൂടിവെക്കപ്പെടുകയും ചെയ്യും.

സഹകരണ ബാങ്കുകളിൽ ജീവനക്കാരായി നിർദ്ദേശിക്കപ്പെടുന്നത് സിപിഎം. നേതാക്കളാണ്. ഇതിൽ പലപ്പോഴും ഏരിയാ കമ്മിറ്റി അംഗങ്ങളാകും പരിഗണനയിൽ വരുക. ബാങ്കിന്റെ ഭരണസമിതിയിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരാകും ഭൂരിപക്ഷവും. ഇവിടെയാണ് പ്രശ്നം ആരംഭിക്കുക. മേൽഘടകത്തിലെ അംഗങ്ങളായ ജീവനക്കാർക്കുമേൽ താഴെഘടകങ്ങളിലെ അംഗങ്ങളായ ഭരണസമിതിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത നിലയും ഉണ്ടാകും. കരുവന്നൂർ സഹകരണബാങ്കിൽ പാർട്ടി പ്രതിസന്ധിയിലായതും ഇത്തരം ചില കാരണങ്ങൾകൊണ്ടാണ്. ഇത്തരം നിയമനങ്ങൾ മറ്റു കക്ഷികളും നടത്താറുണ്ടെന്നതും വാസ്തവം. കോൺഗ്രസ് ഭരിക്കുന്ന സഹകരണസംഘങ്ങളിലാകട്ടെ ജീവനക്കാരെ നിയമിക്കുന്നതിൽ പണത്തിനാണ് സ്വാധീനമെന്നാണ് ആരോപണം.

ഇപ്പോൾ സഹകരണസംഘങ്ങളിൽ ജീവനക്കാരുടെ നിയമനം സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ്. എന്നാൽ, ഈ നിയമനങ്ങളിൽ പാർട്ടികളുടെ ഇടപെടൽ വ്യാപകമാണെന്നതാണ് വസ്തുത. താഴേത്തട്ടിലുള്ള നിയമനങ്ങളിൽ സിപിഎം. പാർട്ടിതലത്തിൽത്തന്നെ ഇടപെടലുണ്ട്. നിയമനം ലഭിച്ച പാർട്ടി പ്രവർത്തകർ ബാങ്കിൽ ജോലിചെയ്യാതെ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങും. അതോടെ ബാങ്ക് പ്രതിസന്ധിയിലാകും. വായ്പാ അപേക്ഷകൾ പാസാക്കിവിടാനുള്ള സമ്മർദം പാർട്ടിയിൽനിന്നുണ്ടാകുകയും ചെയ്യും.

അതിനിടെ കരുവന്നൂർ സഹകരണബാങ്ക് വായ്പത്തട്ടിപ്പുകേസിലെ പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ബിനാമി ഇടപാടുൾപ്പെടെയുള്ള രേഖകൾ കണ്ടെത്തി. ബിജു കരീം, റെജി അനിൽകുമാർ, കിരൺ, എ.കെ. ബിജോയ്, ടി.ആർ. സുനിൽകുമാർ, സി.കെ. ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. 29 വായ്പകളിൽനിന്നായി 14.5 കോടി രൂപ വകമാറ്റിയിട്ടുണ്ട്. ബിജോയിയുടെ വീട്ടിൽനിന്നാണ് രേഖകളേറെയും കണ്ടെടുത്തത്.

പ്രതികളെ വീട്ടിലെത്തിച്ചും ക്രൈംബ്രാഞ്ച് തെളിവെടുത്തു. ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. പ്രതികളുടെ വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിക്ഷേപം നടത്തിയതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ പ്രതികളുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത നാല് സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്. പെസോ ഇൻഫ്രാസ്ട്രക്ചേഴ്സ്, സി.സി.എം. ട്രേഡേഴ്സ്, മൂന്നാർ ലക്സ്വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകൾക്കായിട്ടായിരുന്നു പരിശോധന.

ബാങ്കിലെ വായ്പത്തട്ടിപ്പിനെക്കുറിച്ചു പരിശോധിക്കാൻ സർക്കാർ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് ജോയന്റ് സെക്രട്ടറി പി.കെ. ഗോപകുമാർ, സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതിയാണ് അന്വേഷിക്കുന്നത്. പത്തുദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും ഒരുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നൽകാനാണു നിർദ്ദേശം.

ജനങ്ങളിൽനിന്നു സ്വീകരിച്ച പണത്തിൽനിന്ന് വ്യാപകമായ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സമിതി രൂപവത്കരിക്കാൻ കാരണമായ ഉത്തരവിൽ പറയുന്നത്. 300 കോടിരൂപയുടെ വായ്പത്തട്ടിപ്പ് ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാരിനു ലഭിച്ച കണക്ക്. 104 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സഹകരണ മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞത്. അതിലുമേറെയാണ് വെട്ടിപ്പിന്റെ തോത് എന്നതുകൊണ്ടാണ് പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതിക്കു രൂപംനൽകാൻ കാരണം.

സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ച എല്ലാ മാർഗരേഖയും ലംഘിച്ചാണ് വായ്പ നൽകിയിട്ടുള്ളതെന്നാണ് ജോയന്റ് രജിസ്ട്രാർ സർക്കാരിനു നൽകിയ റിപ്പോർട്ട്. ബാങ്കിലെ കംപ്യൂട്ടർ രേഖകളടക്കം ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ അന്വേഷണത്തിനൊപ്പം, സംസ്ഥാനത്തെ മറ്റു ബാങ്കുകൾക്കും സംഘങ്ങൾക്കുമെതിരേ ഉയർന്ന പരാതികളും ഈ സമിതി തന്നെ പരിശോധിക്കാനാണു തീരുമാനം. അതുപക്ഷേ, ഉത്തരവിന്റെ ഭാഗമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP