Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണമെന്ന് കരുതിയിരുന്ന താരം വെള്ളിയാണെന്നറിഞ്ഞ നിമിഷം; സ്റ്റാർട്ട് വെടി പൊട്ടിയപ്പോൾ ട്രാക്കിൽ ബോട്ട് കണ്ട് അത്ലറ്റുകൾ ചെയ്തത്: രണ്ട് ഒളിംപിക്സ് കൗതുകങ്ങളുടെ വീഡിയോ കാണാം

സ്വർണ്ണമെന്ന് കരുതിയിരുന്ന താരം വെള്ളിയാണെന്നറിഞ്ഞ നിമിഷം; സ്റ്റാർട്ട് വെടി പൊട്ടിയപ്പോൾ ട്രാക്കിൽ ബോട്ട് കണ്ട് അത്ലറ്റുകൾ ചെയ്തത്: രണ്ട് ഒളിംപിക്സ് കൗതുകങ്ങളുടെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: ഒളിംപിക്സ് എന്നത് കേവലം ഒരു കായിക മത്സരവേദിയല്ല. ലോകത്തിന്റെ സ്പന്ദനമാണ്. ആശയും, നിരാശയും, സ്നേഹവും, കരുതലും ഒക്കെ നിറഞ്ഞാടുന്ന ലോകമാനവികതയുടെ ഉത്സവപ്പറമ്പാണ് ഒളിംപിക്സ്. അതുകൊണ്ടുതന്നെ മറ്റു കായിക മാമാങ്കങ്ങളോട് തോന്നുന്നതിലേറെ മാനസികമായ ഒരു അടുപ്പവും സ്നേഹവും കായികതാരങ്ങൾക്കെന്ന പോലെ സാധാരണക്കാർക്കും ഉണ്ടാകാറുണ്ട്. കോവിഡ് പ്രതിസന്ധി മൂലം നീട്ടിവച്ച ടോക്കിയോ ഒളിംപിക്സ് ഒരു വർഷത്തിനിപ്പുറം, ആളൊഴിഞ്ഞ വേദികളിൽ നടത്തുമ്പോഴും ലോകജനതയുടെ ആവേശം ചോർന്നുപോകാതിരിക്കാനുള്ള കാരണവും അതുതന്നെയാണ്.

ഒളിംപിക്സ് വേദിയിൽ നിന്നുള്ള വാർത്തകൾക്കായി കാത്തിരിക്കാൻ ഇന്നും ജനങ്ങളേറെയുണ്ട്. അത്തരത്തിൽ കൗതുകമേകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വനിതകളുടെ റോഡ് റേസിൽ ഫിനിഷിങ് ലൈൻ കടന്നുപോയ ഡച്ച് സൈക്കിളിങ് താരം അമിതാവേശത്തോടെയാണ് ഇരുകൈകളും ഉയർത്തി സന്തോഷം പ്രകടിപ്പിച്ചത്. പത്തരമാറ്റിന്റെ ഒളിംപിക്സ് ഗോൾഡിന്റെ തിളക്കമുണ്ടായിരുന്നു ആ സന്തോഷ പ്രകടനത്തിന്. പക്ഷെ, ആയുസ്സുകുറവായിരുന്നു എന്നു മാത്രം.

ആസ്ട്രിയൻ താരം അന്ന കീസൻഹോവർ ഒരു മിനിറ്റും 15 സെക്കന്റും മുൻപ് തന്നെ ഫിനിഷിങ് പോയിന്റ് കടന്ന് സ്വർണം കൈക്കലാക്കിയ കാര്യം അറിഞ്ഞ വ്ളൂട്ടന്റെ ആഹ്ലാദം പൊട്ടിക്കരച്ചിലിന് വഴിമാറുകയായിരുന്നു. സ്വർണ്ണത്തിനു പകരം വെള്ളിയാൺ' ലഭിച്ചതെന്നറിഞ്ഞപ്പോഴുള്ള കരച്ചിലിന്റെ വീഡിയോ വൈറലാവുകയാണ്. മത്സരത്തിനു മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഡച്ചുതാരംസ്വർണ്ണമെഡൽ നേടുമെന്ന് എല്ലാവരും കരുതിയിരുന്നു.മറ്റ് പ്രൊഫഷണൽ മത്സരങ്ങൾക്ക് ഉള്ളതുപോലെ ഓളിംപിക്സിലെ മത്സരാർത്ഥികൾക്ക് റേഡിയോ സഹായം ഇല്ല. അതുകൊണ്ടുതന്നെ മറ്റുള്ള മത്സരാർത്ഥികളെ കുറിച്ച് അറിയാൻ സാധ്യതയുമില്ല.

കല്യാണപ്പന്തലിലും മറ്റും വേദികൾക്ക് മുന്നിൽ നിറഞ്ഞുനിന്ന് കാണികൾക്ക് ദൃശ്യങ്ങൾ കാണുവാൻ തടസ്സം സൃഷ്ടിക്കുന്ന കാമറാമാന്മാരേയും വീഡിയോഗ്രാഫർമാരേയും നമുക്ക് പരിചയമുണ്ട്. എന്നാൽ മത്സരം മുടക്കികളായ കാമറാമാന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു കഥയാണ് ഒളിംപിക്സ് ഗ്രാമത്തിൽ നിന്നും ഇനി വരുന്നത്. ട്രയാത്തലൺ മത്സരങ്ങളുടെ വേദിയിലാണ് സംഭവം നടന്നത്. ടോക്ക്യോ ബേയിൽ നിർമ്മിച്ച വേദിയിൽ 56 മത്സരാർത്ഥികൾ നിരന്നുനിൽക്കുകയാണ്. ട്രയാത്തലണിന്റെ ആദ്യ ഘട്ടമായ 1500 മീറ്റർ നീന്തൽ ആണ് ആരംഭിക്കാൻ പോകുന്നത്.

മത്സരം ആരംഭിക്കാനുള്ള വെടിപൊട്ടിയപ്പോൾ കാണുന്നത് ഏകദേശം മൂന്നിലൊന്ന് മത്സരാർത്ഥികളുടെ വഴി മുടക്കുന്ന വിധത്തിൽ ഒരു ബോട്ട് നീന്തൽ ട്രാക്കിൽ കുറുകെ എത്തിയതാണ്. മത്സരം ചിത്രീകരിക്കാൻ എത്തിയ ഫോട്ടോഗ്രാഫർമാരും വീഡിയോ ഗ്രാഫർമാരും ആയിരുന്നു അതിൽ. അത് ശ്രദ്ധിക്കാതെ മത്സരം ആരംഭിക്കുന്നതിനുള്ള വെടിപൊട്ടിയതും മത്സരാർത്ഥികൾ വെള്ളത്തിലേക്ക് എടുത്തുചാടി. ബോട്ട് വഴിമുടക്കിയ ഇടത്തെ മത്സരാർത്ഥികൾക്ക് പക്ഷെ അതിനാവുമായിരുന്നില്ല.

ഏതായാലും നീന്തൽ ആരംഭിച്ചവരെ അധികം വൈകാതെ തിരികെ വേദിയിലേക്ക് വിളിപ്പിച്ചു. നിനച്ചിരിക്കാതെ ഒരു 200 മീറ്റർ വാം അപ് ലഭിച്ച സന്തോഷത്തിൽ അവർ തിരികെ വേദിയിലെത്തി. പത്ത് മിനിറ്റുകൾക്ക് ശേഷം മത്സരം സുരക്ഷിതമായി പുനരാരംഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP