Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർദ്ധ സെഞ്ചുറിയുമായി സൂര്യകുമാർ; നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ദീപക് ചാഹർ; വാലറ്റത്തെ ചുരുട്ടിക്കൂട്ടി ഭുവനേശ്വറും; ട്വന്റി 20 പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ കീഴടക്കിയത് 38 റൺസിന്

അർദ്ധ സെഞ്ചുറിയുമായി സൂര്യകുമാർ; നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ദീപക് ചാഹർ; വാലറ്റത്തെ ചുരുട്ടിക്കൂട്ടി ഭുവനേശ്വറും; ട്വന്റി 20 പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ കീഴടക്കിയത് 38 റൺസിന്

സ്പോർട്സ് ഡെസ്ക്

കൊളംബൊ: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ തകർപ്പൻ ജയം. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ബാറ്റിങ് നിര 18.3 ഓവറിൽ 126 റൺസിന് ഓൾഓട്ടായി.

3.3 ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിന്റെയും മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെയും മികച്ച ബൗളിംഗാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.ഭുവനേശ്വർ കുമാറാണ് കളിയിലെ താരം.

ശ്രീലങ്കൻ നിരയിൽ തകർപ്പൻ ഫോമിലായിരുന്ന ചാരിത് അസലങ്കയെയും തൊട്ടുപിന്നാലെ വാനിന്ദു ഹസരംഗയേയും ഒരേ ഓവറിൽ പുറത്താക്കിയ ദീപക് ചാഹറിന്റെ പ്രകടനം മത്സരത്തിൽ വഴിത്തിരിവായി. ക്രുണാൽ പാണ്ഡ്യ, വരുൺ ചക്രവർത്തി, യുസ്വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 164 റൺസ്. ശ്രീലങ്കയുടെ മറുപടി 18.3 ഓവറിൽ 126 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 10ന് മുന്നിലെത്തി. രണ്ടാം ഏകദിനം ചൊവ്വാഴ്ച നടക്കും.

26 പന്തിൽ മൂന്നു വീതം സിക്‌സും ഫോറും സഹിതം 44 റൺസെടുത്ത ചാരിത് അസലങ്കയാണ് ശ്രീലങ്കയുെട ടോപ് സ്‌കോറർ. അസലങ്കയ്ക്കു പുറമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. ഓപ്പണർ ആവിഷ്‌ക ഫെർണാണ്ടോ (23 പന്തിൽ 26), മിനോദ് ഭാനുക (ഏഴു പന്തിൽ 10), ക്യാപ്റ്റൻ ദസൂൺ ഷാനക (14 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കണ്ടവർ. ധനഞ്ജയ ഡിസിൽവ (10 പന്തിൽ 9), ആഷൻ ബണ്ഡാര (19 പന്തിൽ 9), വാനിന്ദു ഹസരംഗ (0), ചാമിക കരുണരത്നെ (3), ഇസൂരു ഉഡാന (1), ദുഷ്മന്ത ചമീര (1) എന്നിവർ നിരാശപ്പെടുത്തി.

ശ്രീലങ്കൻ ബോളർമാർ തകർപ്പൻ ബോളിങ് കാഴ്ചവച്ചതോടെ ഡെത്ത് ഓവറുകളിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെങ്കിലും ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

34 പന്തുകൾ നേരിട്ട യാദവ് അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ശിഖർ ധവാൻ അർധസെഞ്ചുറിക്ക് അരികെ പുറത്തായി. 36 പന്തുകൾ നേരിട്ട ധവാൻ, നാലു ഫോറും ഒരു സിക്‌സും സഹിതം 46 റൺസെടുത്തു.

ആദ്യ പന്തിൽത്തന്നെ അരങ്ങേറ്റ താരം പൃഥ്വി ഷാ ഗോൾഡൻ ഡക്കാകുന്ന കാഴ്ചയോടെ തുടക്കമായ ഇന്ത്യൻ ഇന്നിങ്‌സിന് രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് സഞ്ജു സാംസൺ ശിഖർ ധവാൻ സഖ്യവും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി ശിഖർ ധവാൻ സൂര്യകുമാർ യാദവും രക്ഷപ്പെടുത്തിയതാണ്. എന്നാൽ, ഡെത്ത് ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ ശ്രീലങ്കൻ ബോളർമാർ ഇന്ത്യയെ 164 റൺസിൽ ഒതുക്കി. അവസാന രണ്ട് ഓവറിൽ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് നേടാനായത് 17 റൺസ് മാത്രം.

രണ്ടാം വിക്കറ്റിൽ ധവാൻ സഞ്ജു സഖ്യം 36 പന്തിൽ 51 റൺസും, മൂന്നാം വിക്കറ്റിൽ ധവാൻ സൂര്യകുമാർ സഖ്യം 48 പന്തിൽ 62 റൺസും നേടി. മലയാളി താരം സഞ്ജു സാംസൺ 20 പന്തിൽ 27 റൺസെടുത്തു. മോശം ഫോമിലുള്ള ഹാർദിക് പാണ്ഡ്യയ്ക്കും മികവു കാട്ടാനായില്ല. 12 പന്തിൽ പാണ്ഡ്യയ്ക്ക് നേടായത് 10 റൺസ് മാത്രം. ഒരു ബൗണ്ടറി പോലും കണ്ടെത്താനുമായില്ല. ഇഷൻ കിഷൻ 14 പന്തിൽ ഒരു ഫോറും സിക്‌സും സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. ക്രുണാൽ പാണ്ഡ്യ മൂന്നു റൺസുമായി കൂട്ടുനിന്നു.

അവസാന അഞ്ച് ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് രണ്ട് സിക്‌സും ഒരേയൊരു ഫോറും മാത്രമാണ്. ആകെ നേടിയത് 43 റൺസ് മാത്രം. പൃഥ്വി ഷാ, വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യയുടെ ട്വന്റി 20 ജേഴ്സിയിൽ അരങ്ങേറി.

ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര നാല് ഓവറിൽ 24 റൺസ് വഴങ്ങിയും വാനിന്ദു ഹസരംഗ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ചാമിക കരുണരത്നെയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP