Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വെള്ളിയിലും വളരെയധികം സന്തോഷം; റിയോയിലെ പരാജയത്തിന് ശേഷം പരിശീലനത്തിലും, ടെക്നിക്കുകളിലും മാറ്റം വരുത്തി; പട്യാലയിൽ വെച്ച് കർണം മല്ലേശ്വരിയെ കണ്ടത് പ്രചോദനമായി; ഏറ്റവും സന്തോഷം തോന്നിയത് പ്രധാനമന്ത്രി അഭിനന്ദിച്ചപ്പോൾ; സ്വപ്‌നക്കുതിപ്പിന്റെ ഓർമ പങ്കുവച്ച് ചാനു

'വെള്ളിയിലും വളരെയധികം സന്തോഷം; റിയോയിലെ പരാജയത്തിന് ശേഷം പരിശീലനത്തിലും, ടെക്നിക്കുകളിലും മാറ്റം വരുത്തി; പട്യാലയിൽ വെച്ച് കർണം മല്ലേശ്വരിയെ കണ്ടത് പ്രചോദനമായി; ഏറ്റവും സന്തോഷം തോന്നിയത് പ്രധാനമന്ത്രി അഭിനന്ദിച്ചപ്പോൾ; സ്വപ്‌നക്കുതിപ്പിന്റെ ഓർമ പങ്കുവച്ച് ചാനു

സ്പോർട്സ് ഡെസ്ക്

ടോക്യോ: റിയോ ഒളിംപിക്സിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ മീരാഭായ് ചാനുവിന് കഴിഞ്ഞിരുന്നില്ല. അടുത്ത ഒളിമ്പിക്‌സ് വീണ്ടും ടോക്യോയിൽ എത്തി നിൽക്കെ തിളക്കമാർന്ന വെള്ളി മെഡലുമായി ചാനു ഇന്ത്യയുടെ മെഡൽ സ്വപ്‌നങ്ങൾക്ക് ചാരുത നൽകുകയാണ്. ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തിൽ തന്നെ ഒരു മെഡൽ എന്ന സ്വപ്‌നനേട്ടത്തിലേക്ക് ഇന്ത്യയുടെ പേര് എഴുതിച്ചേർക്കാൻ ചാനുവിന് കഴിഞ്ഞു.

റിയോയിൽ ക്ലീൻ ആൻഡ് ജെർക്കിൽ മൂന്ന് ശ്രമങ്ങളിലും താരം പരാജയപ്പെട്ടതോടെയാണ് മെഡൽ നേട്ടമെന്ന സ്വപ്‌നം പൊലിഞ്ഞത്. അന്ന് താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്. നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം അടുത്ത ഒളിമ്പിക്‌സ് വേദിയിൽ വെള്ളിത്തിളക്കവുമായി ചാനു നിൽക്കുന്നു. 2016 ഒളിംപിക്സിന് ശേഷം ടെക്നിക്കൽ നടത്തിയ മാറ്റങ്ങളാണ് ചാനുവിന് വെള്ളി നൽകിയത്. കൂടാതെ അമേരിക്കയിലെ പരിശീലനവും ഗുണം ചെയ്തുവെന്ന് ചാനു ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.

ഒരു ഒളിംപിക് മെഡൽ സ്വപ്നമായിരുന്നു എന്ന് പറഞ്ഞാണ് ചാനു തുടങ്ങിയത്. ''സ്‌നാച്ച് കഴിഞ്ഞപ്പോഴേക്കും വെള്ളി ഉറപ്പിച്ചിരുന്നു. സ്വർണം നേടാനാണ് പിന്നീടുള്ള ശ്രമം. എന്നാൽ ക്ലീൻ ആൻഡ് ജെർക്ക് പ്രതീക്ഷിച്ചത്ര നന്നായില്ല. അതോടെ സ്വർണം നേടാമെന്ന മോഹം പൊലിഞ്ഞു. വെള്ളിയിലും വളരെയധികം സന്തോഷമുണ്ട്. അടുത്ത ഗെയിംസിൽ സ്വർണമാണ് ലക്ഷ്യം. റിയോയിലെ പരാജയത്തിന് ശേഷം വലിയ മാറ്റങ്ങൾ വരുത്തി. പരിശീലനത്തിലും, ടെക്നിക്കുകളിലും മാറ്റം വരുത്തി. പോരാത്തതിന് അമേരിക്കയിൽ നടത്തിയ പരിശീലനം ഏറെ ഗുണം ചെയ്തു. ഒരിക്കൽ പട്യാലയിൽ വെച്ച് കർണം മല്ലേശ്വരിയെ കണ്ടത് ഏറെ പ്രചോദനം നൽകിയിരുന്നു.'' ചാനു പറഞ്ഞു.

തുടക്കകാലത്ത് നേരിട്ട പ്രയാസങ്ങളെ കുറിച്ചും ചാനു വാചാലയായി. ''ആദ്യം അമ്പെയ്ത്തിൽ ആയിരുന്നു എനിക്ക് താൽപര്യം. പിന്നീട് ഒരിക്കൽ വെയ്റ്റ് ലിഫ്റ്റിംഗിന്റെ ട്രെയിനിങ് കണ്ട് ഇഷ്ടപ്പെട്ട് അതിൽ പരിശീലനം തുടങ്ങുകയായിരുന്നു. ഗ്രാമത്തിൽ നിന്ന് പരിശീലനത്തിന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പോവണമായിരുന്നു. വലിയ പ്രയാസങ്ങൾ അന്നുണ്ടായിരുന്നു.'' ചാനു വ്യക്തമാക്കി.

പ്രധാനന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചപ്പോൾ അളവില്ലാത്ത സന്തോഷം തോന്നിയെന്നും ചാനു പറഞ്ഞു. ''വീട്ടിലുള്ളവർ മത്സരം നടന്ന അന്ന് രാവിലെ മുതൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നു. ഏറ്റവും സന്തോഷം തോന്നിയത് പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചപ്പോഴാണ്. സ്വപ്നമാണ് എന്നുപോലും തോന്നി.'' ചാനു പറഞ്ഞുനിർത്തി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ആശങ്ക ഉയർത്തിയതോടെ മണിപ്പുരിന്റെ തലസ്ഥാനവും പരിസരവുമെല്ലാം കർശന നിയന്ത്രണത്തിലാണ്. ജനജീവിതം സാധാരണനിലയില്ല പലയിടത്തും. പക്ഷേ, തലസ്ഥാനനഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെ നാങ്‌പോക് കാക്ചിങ് ഗ്രാമത്തിലെ ചാനു കുടുംബവീട്ടിൽ ഉത്സവാന്തരീക്ഷമാണ്. ഈ വീട്ടിലെ പെൺകുട്ടിയായ മീരാബായ് രാജ്യത്തിന്റെ അഭിമാനതാരമായി മാറിയതിന്റെ ആഹ്ലാദമാണ് ആ ഗ്രാമത്തെ ഒന്നാകെ ഉത്സവ ലഹരിയിലാക്കുന്നത്.

അങ്ങകലെ ടോക്കിയോയിലെ മത്സരവേദിയിൽ മീര വിജയപീഠത്തിലേറുന്ന ദൃശ്യം ടിവിയിൽ മിന്നിമറഞ്ഞപ്പോൾ അമ്മ ടോംബി ലെയ്മയും പിതാവ് ക്രിതി മെയ്‌തോയും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കരഘോഷം മുഴക്കി.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കർഫ്യൂ നിലവിലുണ്ടായിട്ടും ഒട്ടേറെപ്പേർ വെള്ളിയാഴ്ച തന്നെ വീട്ടിലെത്തിയിരുന്നു. മീരയുടെ വിജയനിമിഷത്തിൽ അമ്മയും അച്ഛനും അഭിമാനപൂർവം കണ്ണീരണിഞ്ഞു നിന്നു. 5 വർഷം മുൻപ് റിയോ ഒളിംപിക്‌സിലെ പരാജയത്തിനു പിന്നാലെ മത്സരരംഗത്തുനിന്ന് വിട വാങ്ങാൻ ആലോചിച്ച മകൾ പ്രതിസന്ധികളെല്ലാം മറികടന്ന് ഇന്ത്യയുടെ മൊത്തം പ്രിയപുത്രിയായി മാറിയ മുഹൂർത്തത്തിൽ അവർ ആനന്ദക്കണ്ണീർ പൊഴിക്കുകയാണ്. വലിയ ലക്ഷ്യത്തിലേക്ക് അടിപതറാതെ മുന്നേറിയ മകളെയോർത്ത് അഭിമാനത്തോടെ.

ഇക്കുറി ഒരു മെഡൽ ഉറപ്പാണെന്ന് മീര വാക്കു നൽകിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരുമടക്കം അൻപതിലേറെ പേരുണ്ടായിരുന്നതിനാൽ ടിവി വീടിന്റെ വരാന്തയിലേക്കു മാറ്റി വച്ചാണു മത്സരം തത്സമയം കണ്ടത്. ടോംബി പറഞ്ഞു.

ഇന്നലെ മത്സരത്തിനു മുൻപു മീര ബന്ധുക്കളുമായി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം തേടി ശേഷമാണു മത്സര വേദിയിലേക്കു പോയത്. എല്ലാവർക്കും എന്തെങ്കിലും സമ്മാനങ്ങളുമായാകും മീര തിരിച്ചുവരികയെന്നു ടോംബി പറഞ്ഞു. മകൾ വാക്കുപാലിച്ചതിന്റെ അഭിമാനം ആ അമ്മയുടെ മിഴികളിൽ നിറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP