Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാബരി തകർച്ചയിൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭരണഘടനയും പേരും നൽകിയത് ഇഎംഎസ്; കാൽനൂറ്റാണ്ടിന് ശേഷം ഇടതുമുന്നണിയിൽ കയറിയത് രണ്ട് വർഷങ്ങൾക്ക് മുമ്പ്; കർണാടകയിലും തമിഴ്‌നാട്ടിലും എംഎൽഎമർ ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ വേരുള്ളത് കേരളത്തിൽ; അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിൽ അടിച്ചു പിരിയുന്ന ഐഎൻഎല്ലിന്റെ കഥ

ബാബരി തകർച്ചയിൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭരണഘടനയും പേരും നൽകിയത് ഇഎംഎസ്; കാൽനൂറ്റാണ്ടിന് ശേഷം ഇടതുമുന്നണിയിൽ കയറിയത് രണ്ട് വർഷങ്ങൾക്ക് മുമ്പ്; കർണാടകയിലും തമിഴ്‌നാട്ടിലും എംഎൽഎമർ ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ വേരുള്ളത് കേരളത്തിൽ; അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിൽ അടിച്ചു പിരിയുന്ന ഐഎൻഎല്ലിന്റെ കഥ

ജാസിം മൊയ്തീൻ

കോഴിക്കോട്: കാൽ നൂറ്റാണ്ടിലേറെ കാലമായി ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ നൽകി വരുന്ന പാർട്ടിയാണ് ഐഎൻഎൽ. ചില ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളൊഴിക ഇക്കാലമത്രയും പറയത്തക്ക അധികാര കേന്ദ്രങ്ങളിലൊന്നും ഐഎൻഎൽ ഉണ്ടായിരുന്നില്ല. എന്നാൽ അധികാരമൊന്നുമില്ലാതിരുന്ന കാൽ നൂറ്റാണ്ട് കാലത്തോളം വലിയ പൊട്ടിത്തെറികളോ അസംതൃപ്തരോ ഇല്ലാതിരുന്ന പാർട്ടിക്ക് ഇപ്പോൾ ഒരു മന്ത്രി സ്ഥാനം ലഭിച്ചതോടെ ആ പാർട്ടി തന്നെ പിളർന്ന് രണ്ടായിരിക്കുന്നു.

മുമ്പും പല പിളർപ്പുകളും ഇറങ്ങിപ്പോക്കുകളും ഐഎൻഎല്ലിൽ സംഭവിച്ചിരുന്നെങ്കിലും അതെല്ലാം ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടായിരുന്നു. അവരെല്ലാം തന്നെ മുസ്ലിം ലീഗിൽ കൂടണയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ പിളർപ്പ് അത്തരത്തിലുള്ളതല്ല. ഇത് അധികരത്തിന്റെ അപ്പക്കഷണം നുണയാൻ വേണ്ടിയുള്ള ആർത്തിയുടെ ഭാഗമായുണ്ടായതാണെന്ന് നിസംശയം പറയാൻ കഴിയും.

ബാബറി തകർച്ചയിൽ ഉദയം കൊണ്ടപാർട്ടിക്ക് ഭരണ ഘടന എഴുതി നൽകിയത് ഇഎംഎസ്

1994 ഏപ്രിൽ 23ന് ഇന്ത്യയിൽ രൂപീകൃതമായ രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ് അഥവാ ഐഎൻഎൽ. ബാബരി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗും കോൺഗ്രസും കൈകൊണ്ട നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ ഇന്ത്യയിലെ തന്നെ സമുന്നതനായ നേതാവും മൂന്നര പതിറ്റാണ്ട് കാലം ഇന്ത്യൻ പാർലമെന്റിലെ അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠാണ് മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 700ൽ അധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡൽഹിയിലെ ഐവാനെ ഗാലിബ് ഹാളിൽ വെച്ച് പുതിയ പാർട്ടിക്ക് രൂപം കൊടുക്കുന്നത്. അന്നാപാർട്ടിക്ക് പേരും ഭരണഘടനയുമൊക്കെ ഉണ്ടാക്കിക്കൊടുത്തതാകട്ടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇഎംഎസും.

മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു അത്. ഇബ്രാഹിം സുലൈമാൻ സേഠിനെ പാർട്ടിൽ നിന്നും പുറത്താക്കാൻ മുസ്ലിം ലീഗ് കുറ്റപത്രമിറക്കിയപ്പോൾ അതിലെ പ്രധാന പരമാർശങ്ങളിലൊന്ന് അദ്ദേഹം വിപി സിങ്ങിന്റെ രാജി ആവശ്യപ്പെട്ടു എന്നായിരുന്നു. മറ്റൊന്ന് രാജ്യത്ത് ആർഎസ്എസിനെ വിലിക്കിയതിനോടൊപ്പം ജമാഅത്തെ ഇസ്ലാമിയെയും മഅദനിയുടെ സംഘടനയെയും വിലക്കിയതിനെ അദ്ദേഹം അപലപിച്ചു എന്നതുമായിരുന്നു. അതോടൊപ്പം തന്നെ ആ കുറ്റപത്രത്തിലുണ്ടായിരുന്ന മറ്റൊരു കാര്യം മാധ്യമം ദിനപത്രത്തിൽ പരസ്യം നൽകിയെന്നതുമായിരുന്നു.

കാൽനൂറ്റാണ്ടിന് ശേഷമുള്ള മുന്നണി പ്രവേശനം

കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളം കേരളത്തിലെ ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ നൽകുന്ന പാർട്ടിയെ രണ്ട് വർഷങ്ങൾക്ക് മുമ്പാണ്് ഔദ്യോഗികമായി ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ എൻ എല്ലിന് ശേഷം വന്ന പല ചെറുപാർട്ടികൾക്കും, പിസി തോമസിന്റെ ഒറ്റയാൾ കേരള കോൺഗ്രസിനുമടക്കം ഇടതുമുന്നണിയിൽ പ്രവേശനം നൽകിയപ്പോഴും 1994 മുതൽ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്ന ഐഎൻഎല്ലിനെ മുന്നണിയിലെടുത്തിരുന്നില്ല.

മലപ്പുറത്തും കാസർകോഡുമെല്ലാം ഇടതുമുന്നണിക്ക് വിശിഷ്യ സിപിഎമ്മിന് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന പലമേഖലകളിലും മുന്നണി സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ പ്രധാന പങ്ക് വഹിച്ചത് ഐ എൻ എല്ലായിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം എം എൽ എമാരുണ്ടായിരുന്ന പ്രതാപ കാലത്തും കേരളത്തിൽ ഐ എൻ എല്ലിന് വേണ്ട പരിഗണന ഇടതുമുന്നണി നൽകിയിരുന്നില്ല. ഇന്നും മലപ്പുറത്തും, കോഴിക്കോടും, കാസർകോഡുമൊക്കെ മുസ്ലിം ലീഗിന് ഭീഷണിയുയർത്താൻ ഇടതുമുന്നണിക്കുള്ള ഏക തുറുപ്പ് ചീട്ടും ഐഎൻഎല്ലാണ്.

പിഎം അബൂബക്കിറിന്റെ നിര്യാണത്തെ തുർന്ന് 1994ൽ നടന്ന ഗുരുവായൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമദാനിയെ തോൽപിച്ച് പിടി കുഞ്ഞുമുഹമ്മദ് ഇടത് സ്വതന്ത്രനായി ജയിച്ചപ്പോഴും നിർണ്ണായകശക്തിയായരുന്നത് ഐഎൻഎല്ലായിരുന്നു. അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇടത് മുന്നണിയിൽ അടുത്തതായി ആരെയെങ്കിലും ഇനിയെടുക്കുന്നുണ്ടങ്കിൽ അത് ഐ എൻ എല്ലിനെയായിരിക്കുമെന്ന്. അതിന് ശേഷം നിരവധി അവസരവാദ, ഒറ്റയാൾ രാഷ്ട്രീയ പാർട്ടികൾ ഇടതുമുന്നണിയൽ വരികയും പോവുകയും ചെയതപ്പോഴും നീണ്ട കാൽനൂറ്റാണ്ട് കാലം ഇടത് മുന്നണിക്കൊപ്പം നിന്ന ഐ എൻ എല്ലിനെ മാത്രം മുന്നണിയിലെടുത്തിരുന്നിരുന്നില്ല. ഇതിനിടയിൽ ചരിത്രത്തിലാദ്യമായി 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി സ്ഥാനാർത്ഥിയായി പി എം സലാം കോഴിക്കോട് സൗത്തിൽ പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം എൽ എയായി ജയിച്ചു. അന്നും ഈ പതിവ്് പല്ലവി ആവർത്തിച്ചു.

അടുത്ത് മുന്നണിലെത്തുന്നെത് ഐഎൻഎല്ലായിരിക്കുമെന്ന്. യു ഡി എഫിന്റെ രൂപീകരണകാലം തൊട്ട് യുഡിഎഫിലുണ്ടായിരുന്ന ബാലകൃഷണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നാക്ക കോർപറേഷൻ ചെയർമാൻ സ്ഥാനവും ഇടത് മുന്നണി നൽകി. അവസരത്തിനൊത്ത് കളംമാറിക്കളിക്കുന്ന പലപാർട്ടികളെയും സിപിഎം നേതൃത്വം മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും ഐഎൻഎല്ലിന്റെ കാര്യം ചർച്ചയിൽപോലും വന്നില്ല. വിരേന്ദ്രകുമാറിന്റെ ജനദാദളും, ആർഎസ്‌പിയുമൊക്കെ മുന്നണിയിൽ വരണമെന്ന് കോടിയേരി ഇടക്കിടെ പറയുമ്പോഴും കാൽനൂറ്റാണ്ട് കാലം തങ്ങളുടെ കൂടെ നിന്ന പലനിർണായക തെരഞ്ഞെടുപ്പുകളിലും കരുത്തായ ഐഎൻഎല്ലിന്റെ കാര്യത്തിൽ ഇടത് മുന്നണി മൗനം തുടരുകയായിരുന്നു.

ഇതിനിടെ അവഗണനയിൽ മനംമടുത്ത് നിരവധി നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിലേക്ക് തന്നെ മടങ്ങി. അതുവരെയുണ്ടായിരുന്നു ആ പാർട്ടിയുടെ കേരളത്തിലെ ഏക എംഎൽഎ പിഎംഎ സലാം മുസ്ലിം ലീഗിലേക്ക് തിരികെ പോവുകയും അദ്ദേഹംല മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വരെ ആവുകയും ചെയ്തു.ഇങ്ങനെ ഓരോരുത്തരായി പലയിടങ്ങളിലേക്ക് പിരിഞ്ഞ് പോയി പാർട്ടി തന്നെ ഇല്ലാതാകുമെന്ന ഘട്ടിത്തിലാണ് ഐഎൻഎല്ലിന് മുന്നണിപ്രവേശനം സാധ്യമായത്.

പുതിയ പ്രശ്നങ്ങളുടെ തുടക്കം

അഹമ്മദ് ദേവർകോവിലിന്റെ സ്ഥാനാർത്ഥിത്വം മുതൽ ഐഎൻഎല്ലിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ചിരുന്നത് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടായിരുന്നു എപി അബ്ദുൽ വഹാബായിരുന്നു. എന്നാൽ വിജയ സാധ്യതയുള്ള ഈ തെരഞ്ഞെടുപ്പിൽ കോവിക്കോട് സൗത്ത് സീറ്റ് കാസിം ഇരിക്കൂർ ഇടപെട്ട് അഹമ്മദ് ദേവർകോവിലിന് നൽകുകയായിരുന്നു. മുസ്ലിം ലീഗിന് എതിർപ്പില്ലാത്ത അപൂർവ്വ ഐഎൻഎൽ നേതാക്കളിൽ ഒരാൾ കൂടിയായ അഹമ്മദ് ദേവർകോവിൽ ലീഗിന്റെ വോട്ട് കൂടി വാങ്ങിയാണ് കോഴിക്കോട് സൗത്തിൽ ഇത്തവണ ജയിച്ചിരിക്കുന്നത്.

അഹമ്മദ് ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മുസ്ലിം ലീഗ് എംപി സംഭാവന നൽകിയെന്ന വിവാദം ഈ ബന്ധത്തിന്റെ തെളിവായിരുന്നു. അഹമ്മദ് ദേവർകോവിൽ വിജയിക്കുകുയം അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തത് മുതൽ കാസിം ഇരിക്കൂറാണ് മന്ത്രിയുടെ സ്റ്റാഫിലേക്കുള്ള നിയമനം അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചത്. സിപിഐഎം നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാവാണ് കാസിം ഇരിക്കൂർ എന്നതും മന്തിയുടെ സ്റ്റാഫ് നിയമനങ്ങൾ തീരുമാനിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. സംസ്ഥാന പ്രസിഡണ്ടായ അബ്ദുൽ വഹാബിനെ മറികടന്ന് കൊണ്ട് കാസി ഇരിക്കൂർ നടത്തിയ ഈ ഇടപെടലുകളാണ് ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇതിനിടയിൽ പിഎസ്‌സി അംഗത്വം കാസിം ഇരിക്കൂർ നാൽപത് ലക്ഷം രൂപക്ക് വിറ്റു എന്ന ആരോപണവും അത് സംബന്ധിച്ച ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നതും പ്രതിസന്ധിക്ക് മൂർച്ഛ കൂട്ടി.

പാർട്ടിയുടെ ഏക മന്ത്രിയായ അഹമ്മദ് ദേവർകോവിലിനെ നിയന്ത്രിക്കുന്നത് നിലവിൽ കാസിം ഇരിക്കൂറാണ്. അഹ്മദ് ദേവർകോവിൽ ദേശീയ, സംസ്ഥാന തലത്തിൽ ഇന്ത്യൻ നാഷനൽ ലീഗിന്റെ മുൻനിര നേതാവാണ്. കോഴിക്കോട് കുറ്റ്യാടിക്കടുത്ത ദേവർകോവിൽ സ്വദേശിയായ അദ്ദേഹം എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.അടിയന്തരാവസ്ഥ കാലത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ജയിൽവാസം അനുഷ്ഠിച്ചിട്ടുമുണ്ട്. 1994ൽ ഡൽഹിയിൽ ചേർന്ന ഐഎൻഎൽ രൂപീകരണ കൺവൻഷൻ മുതൽ തുടങ്ങിയതാണ് അഹമ്മദ് ദേവർകോവിലിന് പാർട്ടിയുമായുള്ള ബന്ധം.

#ഇടതു മുന്നണിയുടെ അവഗണനയിൽ മനം മടുത്ത് പലരും പാർട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് തിരികെ പോയപ്പോഴും അദ്ദേഹം പാർട്ടിയിൽ ഉറച്ചു നിന്നു. പ്രാദേശിക തലം മുതൽ ദേശീയ തലംവരെ ഉയർന്ന വരികയും ചെയ്തു. ഐഎൻഎൽ നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. നിലവിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ എന്നീ പദവികൾ വഹിച്ചു. നിലവിൽ കോഴിക്കോട്ടെ സരോവരം പാർക്കിലെ സ്പോർട്സ് വിങിന്റെ സരോവരവാരം ഗ്രീൻ എക്സ്പ്രസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ് അഹ്മദ് ദേവർകോവിൽ.

ഇതൊക്കെയാണ് അഹമ്മദ് ദേവർകോവിലിന്റെ രാഷ്ട്രീയ പാരമ്പര്യമെങ്കിലും കാസിം ഇരിക്കൂറിന്റെയും ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെയും നിയന്ത്രണത്തിലാണ് ഇപ്പോഴും മന്ത്രിയുള്ളത്. അതുകൊണ്ട് തന്നെ വഹാബിനെ അനുകൂലിക്കുന്നവർക്ക് മന്ത്രിയുമായ ബന്ധപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാൻ ഇടയില്ലെന്ന് ഏതാണ്ട് ഉറപ്പായ അവസ്ഥയിലാണ് ഇപ്പോൾ പാർട്ടി പിളർപ്പിലേക്ക് എത്തിയിരിക്കുന്നത്. ഇതിനിടയിൽ വിഷയത്തിൽ ദേശീയ നേതൃത്വം സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും അതു ഫലം കണ്ടില്ല. മുന്നണിയിൽ ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്.

പതിവിൽ വിപരീതമായ പാർട്ടി സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ചെയ്തു. വിജയിക്കുക മാത്രമല്ല മന്ത്രിയാവുക കൂടി ചെയ്തതോടെ ആ പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളർപ്പിലേക്ക് ആ വിജയവും മന്ത്രി സ്ഥാനവും വഴിയൊരുക്കി എന്നതാണ് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP