Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ അഭിഭാഷക ആലപ്പുഴയിൽ മുങ്ങി പൊങ്ങി കളിക്കുന്നു; കോടതിയിൽ നിന്നും മുങ്ങിയ പ്രതിയെ പിടികൂടാൻ ആകാതെ പൊലീസ്; രാമങ്കരിയിലെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് രേഖകൾ പിടിച്ചെടുത്തു; സെസി സേവ്യർ നൽകിയ കമ്മിഷൻ റിപ്പോർട്ടുകൾ റദ്ദാക്കേണ്ടി വരുമോ എന്നതിൽ ആശങ്ക

വ്യാജ അഭിഭാഷക ആലപ്പുഴയിൽ മുങ്ങി പൊങ്ങി കളിക്കുന്നു; കോടതിയിൽ നിന്നും മുങ്ങിയ പ്രതിയെ പിടികൂടാൻ ആകാതെ പൊലീസ്; രാമങ്കരിയിലെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് രേഖകൾ പിടിച്ചെടുത്തു; സെസി സേവ്യർ നൽകിയ കമ്മിഷൻ റിപ്പോർട്ടുകൾ റദ്ദാക്കേണ്ടി വരുമോ എന്നതിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകയായി ജോലി ചെയ്ത കേസിലെ പ്രതി സെസി സേവ്യറുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ് രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ വീട്ടിൽ നോർത്ത് സിഐ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നിയമപഠനവുമായി ബന്ധപ്പെട്ടതും ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതുമായ വിവിധസർട്ടിഫിക്കറ്റുകളുടെ പകർപ്പുകളാണ് പിടിച്ചെടുത്തത്. അതേസമയം ഒളിവിൽപോയ സെസിസേവ്യറെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ബാർ അസോസിയേഷൻ ഭാരവാഹികളോട് സെസി സേവ്യർ അംഗത്വം നേടിയതിന്റെയും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതടക്കമുള്ള കാര്യങ്ങളുടെ മിനിറ്റ്‌സ് അടക്കമുള്ള രേഖകൾ തിങ്കളാഴ്ച ഹാജരാക്കാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, സെസി സേവ്യർ ആലപ്പുഴ നഗരം വിട്ടു പോയിട്ടില്ലെന്നും ഇവരെ പിടികൂടാൻ പൊലീസ് കാര്യമായൊന്നും ചെയ്യുന്നില്ലെന്നും ഒരുവിഭാഗം അഭിഭാഷകർ ആരോപിച്ചു. വ്യക്തമായ തെളിവുകൾ ശേഖരിച്ചാലേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്ന നിലപാടിലാണു പൊലീസ്. കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങാനെത്തിയ സെസി ജാമ്യം ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ കോടതി പരിസരത്തുനിന്നു മുങ്ങിയിരുന്നു.

അതിനിടെ സെസി സേവ്യർ, മജിസ്‌ട്രേട്ട് കോടതികളിൽ സമർപ്പിച്ച അഭിഭാഷക കമ്മിഷൻ റിപ്പോർട്ടുകൾ അതേപടി റദ്ദാക്കേണ്ട നിയമപരമായ സാഹചര്യമില്ലെന്നു കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ പറഞ്ഞു. സിവിൽ നടപടി ചട്ടം ഓർഡർ 26 റൂൾ 9 പ്രകാരം തർക്ക വിഷയങ്ങളിൽ തെളിവെടുപ്പു നടത്താൻ കോടതി കമ്മിഷനായി നിയോഗിക്കുന്ന വ്യക്തി അഭിഭാഷകൻ ആയിരിക്കണമെന്നു നിഷ്‌കർഷിച്ചിട്ടില്ല.

കോടതികൾക്ക് ഉചിതമെന്നു തോന്നുന്ന ആരെയും കമ്മിഷനായി നിയോഗിച്ച് അവരുടെ റിപ്പോർട്ട് പരിശോധിച്ചു വിധി പ്രസ്താവിക്കാം. കേരളത്തിലെ കോടതികൾ കോർട്ട് ഓഫിസർ എന്ന നിലയിൽ അഭിഭാഷകരെ കമ്മിഷനായി നിയോഗിക്കുന്ന കീഴ്‌വഴക്കം ഉണ്ടെങ്കിലും അതാണു ചട്ടമെന്നു പറയാൻ കഴിയില്ല. അഭിഭാഷക ചമഞ്ഞു സെസി റിപ്പോർട്ട് സമർപ്പിച്ച കേസുകളിൽ തർക്കം ഉന്നയിക്കാൻ കക്ഷികൾക്ക് അവകാശമുണ്ട്. ഈ സാഹചര്യത്തിൽ ആ റിപ്പോർട്ട് വീണ്ടും പരിശോധിച്ചു കോടതികൾക്കു തീരുമാനം എടുക്കാം.

റിപ്പോർട്ട് തയാറാക്കിയ വ്യക്തി തട്ടിപ്പു കേസിൽ പ്രതിയായതു കൊണ്ടുമാത്രം റിപ്പോർട്ട് അസാധുവാക്കേണ്ടതില്ല. തർക്കം ഉന്നയിക്കപ്പെടുന്ന കേസുകളിൽ സെസിയുടെ റിപ്പോർട്ട് വസ്തുതാപരമല്ലെന്നു കോടതികൾക്കു ബോധ്യപ്പെട്ടാൽ പുതിയ കമ്മിഷനെ നിയോഗിച്ചു റിപ്പോർട്ട് തേടാനും തെളിവെടുപ്പു നടത്താനും വിധി പുറപ്പെടുവിക്കുവാനും കഴിയും ജോസഫ് ജോൺ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP