Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വെള്ളി നേട്ടത്തിന് പിന്നാലെ ആദ്യദിനത്തിൽ ഇന്ത്യക്ക് നിരാശ; ബോക്‌സിങ്ങിലെ പ്രതീക്ഷയായ വികാസ് കൃഷ്ണനും ഷൂട്ടിങ്ങിൽ സൗരഭ് ചൗധരിക്കും കാലിടറി; അമ്പെയ്ത്തിലും ഗ്രൂപ്പിനത്തിൽ ഇന്ത്യൻ താരങ്ങൾ പുറത്ത്; ആശ്വാസമായി പുരുഷ ഹോക്കിയിലെയും ടേബിൾ ടെന്നീസിലെയും വിജയം; ഇന്ത്യയുടെ ആദ്യ ദിനം ഇങ്ങനെ

വെള്ളി നേട്ടത്തിന് പിന്നാലെ ആദ്യദിനത്തിൽ ഇന്ത്യക്ക് നിരാശ;  ബോക്‌സിങ്ങിലെ പ്രതീക്ഷയായ വികാസ് കൃഷ്ണനും ഷൂട്ടിങ്ങിൽ സൗരഭ് ചൗധരിക്കും കാലിടറി;   അമ്പെയ്ത്തിലും ഗ്രൂപ്പിനത്തിൽ ഇന്ത്യൻ താരങ്ങൾ പുറത്ത്;  ആശ്വാസമായി പുരുഷ ഹോക്കിയിലെയും ടേബിൾ ടെന്നീസിലെയും വിജയം;  ഇന്ത്യയുടെ ആദ്യ ദിനം ഇങ്ങനെ

സ്പോർട്സ് ഡെസ്ക്

ടോക്യോ: വെള്ളിത്തിളക്കത്തിന് പിന്നാലെ ടീം ഇന്ത്യയ്ക്ക് അത്ര മികച്ച ദിനമായിരുന്നില്ല ടോക്യോ ഒളിംപിക്‌സിന്റെ ഒന്നാം ദിനമായ ഇന്ന്.ആദ്യ ദിനം തന്നെ മെഡൽ നേടുക എന്ന ചരിത്രനേട്ടത്തിന് പിന്നാലെ പ്രതീക്ഷയയായിരുന്ന പല താരങ്ങൾക്കും കാലിടറി. ബോക്സിങ്ങിൽ പ്രതീക്ഷയോടെ ടോക്യോയിലേക്ക് പറന്ന ഇന്ത്യക്ക് തിരിച്ചടി. പുരുഷന്മാരുടെ 69 കിലോ ഗ്രാം വെൽറ്റർ വിഭാഗത്തിൽ ആദ്യറൗണ്ടിൽ ഇന്ത്യയുടെ വികാസ് കൃഷ്ണയക്ക് പരാജയം. ജപ്പാന്റെ ഒകസാവയാണ് വികാസിനെ തോൽപ്പിച്ചത്.ഒകസാവയ്ക്കു മുന്നിൽ പൊരുതാൻ പോലുമാകാതെ വികാസ് കീഴടങ്ങുകയായിരുന്നു. ഒരു റൗണ്ട് പോലും വിട്ടുകൊടുക്കാതെയാണ് വികാസിനെ ജാപ്പനീസ് താരം പരാജയപ്പെടുത്തിയത്.

മൂന്നു തവണ ഒളിമ്പിക്സിൽ പങ്കെടുത്ത വികാസിന്റെ തോൽവി ഇന്ത്യക്ക് തിരിച്ചടിയാണ്. 2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും വികാസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താരത്തിന്റെ ആദ്യ ഒളിമ്പിക്സാണിത്. യോഗ്യതാ റൗണ്ടിൽ 586 പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയ ശേഷമാണ് ഫൈനലിൽ സൗരഭിന്റെ വീഴ്ച. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, ലോക റെക്കോഡ് നേടിയ അപൂർവി ചന്ദേല എന്നിവർ ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായിരുന്നു.

അമ്പെയ്ത്ത് മിക്സഡ് ഡബിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യത്തെ റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യമാണ് തോൽപ്പിച്ചത്. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. പ്രീക്വാർട്ടറിൽ പുറത്തെടുത്ത മികവ് ക്വാർട്ടർ ഫൈനലിൽ ആവർത്തിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല. മൂന്നാം സെറ്റിൽ മുന്നിലെത്തിയെങ്കിലും നിർണായകമായ നാലാം സെറ്റിൽ ശരാശരി പ്രകടനം മാത്രമാണ് ദീപിക കുമാരിക്കും പ്രവീൺ യാദവിനും പുറത്തെടുക്കാനായത്. ബാറ്റ്്മിറ്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സായ് പ്രണീതും പുറത്തായി

വനിതാ ഹോക്കിയിലും ഇന്ത്യക്ക് തോൽവിയോടെയായിരുന്നു തുടക്കം. നെതർലാൻഡ്‌സിനോട് ഒന്നിനെതിരെ അഞ്ചുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം.ഒന്നാം ക്വാർട്ടറിലും രണ്ടാം ക്വാർട്ടറിലും മത്സരം 1-1ന് സമനിലയിൽ ആയിരുന്നു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇന്ത്യ മത്സരം കൈവിട്ടു. മൂന്നു ഗോളുകളാണ് നെതർലൻഡ്സ് ഇന്ത്യൻ വലയിലെത്തിച്ചത്. ഇതോടെ 4-1ന്റെ ലീഡ് നേടി. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി നേടി നെതർലൻഡ്സ് മത്സരം 5-1ന് വിജയിച്ചു.

അതേസമയം ചില ഉജ്ജ്വല വിജയങ്ങളും ഇന്ത്യയുടെ ആദ്യ ദിനത്തെ സമ്പന്നമാക്കി.ടേബിൾ ടെന്നീസ് ആദ്യ റൗണ്ടിൽ മണിക ബത്രയ്ക്ക് പിന്നാലെ സുതിർഥ മുഖർജിയും വിജയം കൊയ്തു.കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്വീഡിഷ് താരം ലിന്റ ബെർസ്റ്റോമറിനെ 4-3ന് സുതിർഥ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ സ്വീഡിഷ് താരമാണ് ആധിപത്യം കാണിച്ചത്. ആദ്യ ഗെയിം 11-5ന് ലിന്റ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ രണ്ടാം ഗെയിമിൽ സുതിർഥ തിരിച്ചടിച്ചു. 11-9 ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമിൽ കടുത്ത പോരാട്ടം കണ്ടു. ഒടുവിൽ 13-11ന് ലിന്റയ്ക്ക് വിജയം. നാലാം ഗെയിമും 11-9ന് ലിന്റ് സ്വന്തമാക്കി. ഇതോടെ പരാജയം മണത്ത സുതിർഥ തിരിച്ചടിച്ചു. അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും ഇന്ത്യൻ താരം സ്വന്തമാക്കി.

നേരത്തെ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം മണിക ബത്രയും വിജയിച്ചിരുന്നു.ബ്രിട്ടണിന്റെ ഹോ ടിൻ ടിന്നിനെയാണ് ബത്ര പരാജയപ്പെടുത്തിയത്.നേരിട്ടുള്ള സെറ്റുകൾക്കാണ് ബത്രയുടെ വിജയം. സ്‌കോർ: 11-7, 11-6, 12-10, 11-9. ആദ്യ രണ്ട് സെറ്റുകൾ അനായാസം നേടിയ ഇന്ത്യൻ താരം രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും വിയർത്തു. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് മണിക ബത്ര. മത്സരം വെറും 30 മിനിട്ടുകൊണ്ട് അവസാനിച്ചു.

ബാഡ്മിന്റൺ ഡബിൾസ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. പുരുഷ ഡബിൾസിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ചൈനീസ് തായ്‌പേയിയുടെ ലീ യാങ്-വാങ് ചി ലിൻ സഖ്യത്തെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ട് സെറ്റുകൾ വിജയിച്ചാണ് ഇന്ത്യൻ സഖ്യം വിജയം ആഘോഷിച്ചത്. സ്‌കോർ: 21-16, 16-21, 27-25.ആദ്യ സെറ്റ് അനായാസം നേടിയ ഇന്ത്യയെ രണ്ടാം സെറ്റിൽ അതേ സ്‌കോറിന് ചൈനീസ് തായ്‌പേയ് വീഴ്‌ത്തി. ഇതോടെ നിർണായകമായ മൂന്നാം സെറ്റിലേക്ക് കളി നീണ്ടു. വാശിയേറിയ മൂന്നാം സെറ്റിൽ മത്സരം 27 പോയന്റുകൾ വരെ നീണ്ടു. ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ സഖ്യം വർധിതവീര്യത്തോടെ തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.69 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം സ്വന്തമാക്കിയത്.

രണ്ടാം ദിനത്തെ സമ്പന്നമാക്കിയ മറ്റൊരു വിജയമായിരുന്നു പുരുഷ ഹോക്കിയിലേത്. പൂൾ എ യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ രണ്ടിനെതിരേ മൂന്നുഗോളുകൾക്ക് ന്യൂസീലൻഡിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തുടർച്ചയായി മൂന്നു ഗോളുകൾ നേടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിങ്ങും സ്‌കോർ ചെയ്തു. ന്യൂസീലൻഡിനായി റസ്സലും ജെന്നെസ്സും ഗോൾ കണ്ടെത്തി.

ആറാം മിനിറ്റിൽ റസ്സലിലൂടെ ന്യൂസീലൻഡാണ് മത്സരത്തിൽ ലീഡെടുത്തത്. എന്നാൽ 13-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് രൂപീന്ദർ ഇന്ത്യയ്ക്ക് സമനില ഗോൾ നേടി. പിന്നാലെ 26-ാം മിനിറ്റിലും 33-ാം മിനിട്ടിലും കോർണർ വഴി ഹർമൻ പ്രീത് ഇന്ത്യയ്ക്ക് 3-1 എന്ന ലീഡ് സമ്മാനിച്ചു.

രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്നതോടെ ന്യൂസീലൻഡ് ടീം ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ഇന്ത്യൻ നായകൻ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ന്യൂസീലൻഡിന് തടസമായി. ന്യൂസീലൻഡിന്റെ ഗോളെന്നുറച്ച നാല് ഷോട്ടുകൾ ശ്രീജേഷ് തട്ടിയകറ്റി. ഒടുവിൽ 43-ാം മിനിറ്റിൽ ന്യൂസീലൻഡ് മത്സരത്തിലെ രണ്ടാം ഗോൾ നേടി. ഈ വിജയത്തോടെ പൂൾ എയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്തെത്തി.

ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും തുല്യ പോയന്റുകളാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാമതായത്. ഓസ്ട്രേലിയ ജപ്പാനെയാണ് തോൽപ്പിച്ചത്. ഞയറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP