Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

50 ലക്ഷം രൂപയുടെ സെറ്റ് തകർത്ത് ഒരുവർഷം പിന്നിടുമ്പോൾ 'മിന്നൽ മുരളിക്ക്' വീണ്ടും ലോക്ക്; ടോവിനോ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിരെ നാട്ടുകാർ; ഡി കാറ്റഗിയിൽ പെട്ട തൊടുപുഴ കുമാരമംഗലത്തെ ചിത്രീകരണം നിർത്തി വച്ചു; അണിയറ പ്രവർത്തകർക്ക് എതിരെ കേസ്

50 ലക്ഷം രൂപയുടെ സെറ്റ് തകർത്ത് ഒരുവർഷം പിന്നിടുമ്പോൾ 'മിന്നൽ മുരളിക്ക്' വീണ്ടും ലോക്ക്; ടോവിനോ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിരെ നാട്ടുകാർ;  ഡി കാറ്റഗിയിൽ പെട്ട തൊടുപുഴ കുമാരമംഗലത്തെ ചിത്രീകരണം നിർത്തി വച്ചു; അണിയറ പ്രവർത്തകർക്ക് എതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ മിന്നൽ മുരളിയുടെ ഷൂട്ടിങ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വച്ചു. തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്താണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പഞ്ചായത്തിൽ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാർ രംഗത്തെത്തിയത്.

ബേസിൽ ജോസഫാണ് 'മിന്നൽ മുരളി' സംവിധാനം ചെയ്യുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.ഡി വിഭാഗത്തിലുള്ള പഞ്ചായത്തിൽ ചിത്രീകരണം അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനേത്തുടർന്ന് ചിത്രീകരണം അവസാനിപ്പിച്ചു. സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു.

അനുമതിയില്ലായിരുന്നുവെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് സിനിമാ സംഘം കുമാരമംഗലത്ത് എത്തിയത്. ഇന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് കുമാരമംഗലം. ഇവിടെ ചിത്രീകരണം ആരംഭിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് പൊലീസും സ്ഥലത്തെത്തി.

സിനിമയുടെ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന അവകാശവാദമാണ് അണിയറപ്രവർത്തകർ ആദ്യം മുന്നോട്ട് വെച്ചത്. പിന്നീട് അനുമതിയില്ലെന്ന് ബോധ്യമായി. തുടർന്ന് പൊലീസിന്റെ ഇടപെടലോടെ ചിത്രീകരണം നിർത്തിവെയ്ക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയിൽ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇൻഡോർ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയത്. സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആർടിപിസിആർ നെഗറ്റീസ് സർട്ടിഫിക്കറ്റ് വേണമെന്നത് ഉൾപ്പടെയുള്ള നിബന്ധനകൾ പാലിച്ചാണ് ഷൂട്ടിങ് നടത്തേണ്ടത്.

നേരത്തെയും മിന്നൽ മുരളിയുടെ ചിത്രീകരണം വിവാദത്തിൽ പെട്ടിരുന്നു. കഴിഞ്ഞ വർഷം മെയിൽ 'മിന്നൽ മുരളി'യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റൻ സെറ്റ് ബജ്‌റംഗദൾ പ്രവർത്തകർ തകർത്തിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ മാസങ്ങളെടുത്ത് തയാറാക്കിയ കൂറ്റൻ കെട്ടിടത്തിന്റെ സെറ്റാണ് തകർത്തത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. അഖിലകേരള ഹിന്ദു പരിഷത്താണ് സെറ്റ് തകർത്തത്. കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുന്നിൽ പള്ളിയുടെ സെറ്റിട്ടുവെന്നായിരുന്നു വിവാദം.

'ഗോദ'യ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നൽ മുരളി' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്‌ളാഡ് റിംബർഗാണ്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP