Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളും മകളുടെ ഭർത്താവും സ്വന്തം വീട്ടിൽ കയറ്റാതെ അടിച്ചിറക്കി; ഹൈക്കോടതിയും ജില്ലാ കോടതിയും ഉത്തരവിട്ടിട്ടും ഗൗനിക്കാതെ കണ്ണൂർ പൊലീസ്; അർധ പ്രാണനായ 94 വയസുകാരി ആംബുലൻസിൽ കിടന്ന് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചത് മണിക്കൂറുകൾ

മകളും മകളുടെ ഭർത്താവും സ്വന്തം വീട്ടിൽ കയറ്റാതെ അടിച്ചിറക്കി; ഹൈക്കോടതിയും ജില്ലാ കോടതിയും ഉത്തരവിട്ടിട്ടും ഗൗനിക്കാതെ കണ്ണൂർ പൊലീസ്; അർധ പ്രാണനായ 94 വയസുകാരി ആംബുലൻസിൽ കിടന്ന് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചത് മണിക്കൂറുകൾ

അനീഷ് കുമാർ

കണ്ണൂർ: ജില്ലാ കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടിട്ടും കണ്ണൂർ പൊലിസിന് പുല്ലുവില. സ്വന്തം വീട്ടിൽ കയറി താമസിക്കാനുള്ള കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 94 വയസുകാരി വ്യദ്ധ മാതാവ് കണ്ണുർ നഗരത്തിലെ ടൗൺ പൊലിസ് സറ്റേഷന് മുൻപിൽ ആംബുലൻസിൽ കിടന്ന് പ്രതിഷേധിച്ചു. മകളും ഭർത്താവും വീട്ടിൽ നിന്നും അടിച്ചിറക്കിയെന്നാരോപിച്ചാണ് വൃദ്ധമാതാവ് അവശനിലയിൽ പൊലിസ് സ്റ്റേഷന് മുൻപിൽ നീതി തേടിയെത്തിയത്.

അത്താഴക്കുന്ന് റഹ്മാനിയ്യപള്ളിക്ക് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുഞ്ഞാമിനയാ (94) ണ് സ്വന്തം വീട്ടിൽ കയറാനുള്ള അവകാശത്തിനായി വാർധക്യസഹജമായ അസുഖങ്ങളും രോഗങ്ങളും വലയ്ക്കുന്നതിനിടയിലും നീതി തേടി പൊലിസ് സ്റ്റേഷനിലെത്തിയത്. ഹൈക്കോടതി വിധിയുണ്ടായിട്ടും മകളും മകളുടെ ഭർത്താവും സ്വന്തം വീട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്നാണ് ഈ ഉമ്മയുടെ പരാതി. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുമ്പോൾ വീണത് കാരണം ഇവർക്ക് നട്ടെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ട്.

ആഹാരം കഴിക്കാൻ ട്യൂബിട്ടിരിക്കുകയാണ്. 2017 മുതൽ ഉമ്മയെ രണ്ടാമത്തെ മകളും ഭർത്താവും പീഡിപ്പിക്കുകയാണെന്നും ഇതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നിരിക്കുകയാണെന്നും കൂടെയുള്ള മുത്തമകൾ ജമീല പറഞ്ഞു. തലശേരി ലാൻഡ് ട്രിബ്യൂണൽ കോടതിയുടെയും ജില്ലാ കോടതിയുടെയും വിധി വന്നിട്ടും പൊലിസ് നടപ്പിലാക്കാൻ തയ്യാറാവുന്നില്ല ഏറ്റവും ഒടുവിൽ ഹൈക്കോടതിയും കുഞ്ഞാമിനയെ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ ഈ കാര്യത്തിൽ പൊലിസ് നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇതിനു ശേഷം കലക്ടറെ കണ്ട് സങ്കടം ബോധിപ്പിച്ചതിനെ തുടർന്ന് പൊലിസ് നടപടി സ്വീകരിക്കാൻ കലക്ടർ 18 ദിവസം മുൻപ് കത്തു നൽകിയിട്ടും ഒന്നും സംഭവിച്ചില്ല. ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കാനാവില്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പൊലിസ് ചെയ്യുന്നതെന്ന് ജമീല പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി ഉമ്മയെ വീട്ടിൽ കയറാൻ വിടുന്നില്ല രണ്ടാമത്തെ മകളും ഭർത്താവും അടിച്ചു പുറത്താക്കിയതാണ്.

തറവാട് വീട്ടിൽ കഴിയുന്ന മകളുടെ ഭർത്താവ് കഞ്ചാവിന് അടിമയാണ്. പ്രായമായ ഉമ്മയെയും തന്നെയും കൈയിൽ കിട്ടിയതിനെ കൊണ്ടൊക്കെ അടിക്കും ഒടുവിൽ ശല്യം സഹിക്കാൻ കഴിയാതെയാണ് ഉമ്മയോടൊപ്പം അവിടെ നിന്നും ഇറങ്ങിയതെന്നും ജമീല പറഞ്ഞു. എന്നാൽ വാടക ക്വാർട്ടേഴ്‌സിൽ വാടക കൊടുത്തു നിൽക്കുന്നത് മറ്റുള്ളവർ സഹായിക്കുന്നതുകൊണ്ടാണ്.

ആകെയുള്ള വരുമാനം സാമുഹ്യ പെൻഷൻ മാത്രമാണ് മറ്റു വരുമാനമില്ലാത്തതിനാൽ ഏറെക്കാലം വാടക കൊടുത്ത് കഴിയാൻ കഴിയില്ലെന്നും ജമീല പറഞ്ഞു.ഹൈക്കോടതി ഉത്തരവുണ്ടായിട്ടും എന്തുകൊണ്ടാണ് കണ്ണുരിലെ പൊലിസ് നിയമം നടപ്പാക്കാതെ ഒഴിഞ്ഞു മാറുന്നത് മനസിലാവുന്നില്ലെന്നു കുഞ്ഞാമിനയുടെ ബന്ധുവായ നിസാർ പറഞ്ഞു. അവശനിലയിലായ ഇവരെയും കൂട്ടി പൊലിസ് സ്റ്റേഷന് മുൻപിൽ ആംബുലൻസിൽ കിടക്കുന്നത് നീതി നടപ്പിലാക്കാത്ത പൊലിസ് നടപടിയിൽ പ്രതിഷേധിച്ചാണ്.

ഇപ്പോൾ കുഞ്ഞാമിനയുടെ വീട് കൈയടക്കി വെച്ചിരിക്കുന്ന മകൾക്ക് ഭാഗപത്ര പ്രകാരം അഞ്ച് സെന്റ് സ്ഥലം എഴുതി നൽകിയതാണെന്നും അവർക്ക് മാറി താമസിക്കാൻ മറ്റൊരു വീടുണ്ടെന്നും നസീർ പറഞ്ഞു. നീതി നടപ്പിലാക്കാത്ത പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.

ഇനിയും പൊലിസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമിപിക്കുമെന്നും നസീർ പറഞ്ഞു. എന്നാൽ കൊ വിഡ് കാലമായതിനാൽ കോടതി ഉത്തരവുണ്ടായിട്ടും ബലപ്രയോഗത്തിലൂടെ താമസക്കാരെ ഇറക്കാൻ കഴിയാത്ത സാഹചര്യം ആണെന്നന്നാണ് ഈ വിഷയത്തിൽ പൊലിസിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP