Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലും പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലും പ്രതി ആയപ്പോൾ തള്ളിപ്പറഞ്ഞത് വെറും ബഡായി; നസീമിന് കുരുക്ക് മുറുകിയപ്പോൾ കേസ് പിൻവലിച്ചു; പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി

യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലും പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലും പ്രതി ആയപ്പോൾ തള്ളിപ്പറഞ്ഞത് വെറും ബഡായി; നസീമിന് കുരുക്ക് മുറുകിയപ്പോൾ കേസ് പിൻവലിച്ചു; പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: പൊലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതു മുതൽ നശിപ്പിച്ച കേസിൽ നസീമടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി. യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ മുൻ സെക്രട്ടറി നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നിലനിന്ന കേസിലാണ് വിട്ടയച്ചത്. എഫ്. ഐ. ആറിൽ പ്രതികളുടെ പേര് എഴുതാത്തതിനും പ്രതികളെ സ്‌പോട്ട് അറസ്റ്റ് ചെയ്യാത്തതിനും കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തി സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കാതെ കുറ്റപത്രം സമർപ്പിച്ചതിനും പൊതുസ്ഥലത്ത് പട്ടാപ്പകൽ നടന്ന കൃത്യത്തിന് സ്വതന്ത്ര സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തതിനും സിറ്റി മ്യൂസിയം പൊലീസിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ശകാരവർഷം കിട്ടി.

എഫ്‌ഐആറിൽ 20 വനിതാ പ്രവർത്തകരടക്കം കണ്ടാലറിയാവുന്ന 200 എസ് എഫ്‌ഐ പ്രവർത്തകരെന്ന് രേഖപ്പെടുത്തുകയും അന്തിമ കുറ്റപത്രത്തിൽ വെറും 10 പ്രതികളെ മാത്രം പ്രതികളാക്കിയതിനും കേസ് ചാർജിങ് ഓഫീസറായ മ്യൂസിയം എസ് ഐയെ സിജെഎം ആർ.രേഖ രൂക്ഷമായി വിമർശിച്ചു. പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയുള്ള സർക്കാരിന്റെ പിൻവലിക്കൽ ഹർജി അംഗീകരിച്ചാണ് കോടതി നിരുപാധികം 10 പ്രതികളെയും വിട്ടയച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പിൻവലിക്കൽ ഉത്തരവ് ഇറങ്ങിയെന്നും പിൻവലിക്കൽ ഹർജി സമർപ്പിക്കാൻ പോകുകയാണെന്നും സർക്കാർ അഭിഭാഷക ബോധിപ്പിച്ചു.

തുടർന്ന് കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രോസിക്യൂഷൻ സാക്ഷികളായ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറടക്കമുള്ള പൊലീസുദ്യോഗസ്ഥർ 2020 നവംബർ 11 ന് കോടതിയിൽ ഹാജരാകാൻ സി ജെ എം ആർ. ജയകൃഷ്ണൻ ഉത്തരവിട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി എസ് സി നടത്തിയ കെ എ പി ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലും ഉൾപ്പെട്ട നസീമിനെ സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് രക്ഷിക്കാൻ എത്തുകയായിരുന്നു.

പിണറായി വിജയന്റെ ഉത്തരവ് പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് പിൻവലിക്കൽ ഉത്തരവ് ഇറക്കിയത്. സർക്കാർ കേസ് പിൻവലിക്കൽ ഉത്തരവ് ഇറക്കിയാലും കോടതിയാണ് കേസ് പിൻവലിക്കാൻ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സർക്കാരിന്റെ പിൻവലിക്കൽ ഹർജി അനുവദിക്കുന്ന പക്ഷം പ്രതികളെ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമുള്ള ഹർജി തള്ളിയാൽ പ്രതികൾ വിചാരണ നേരിടാൻ കോടതി ഉത്തരവിടുന്നതാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണോ , സർക്കാർ തീരുമാനത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായി തീരുമാനമെടുത്താണോ പിൻവലിക്കൽ ഹർജി സമർപ്പിച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമേ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുള്ളു.

2016ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ നാലു വർഷത്തോളം കോടതിയിൽ ഹാജരാകാത്തതിനാൽ നസീമിന്റെയും എസ് എഫ് ഐ പ്രവർത്തകരായ ഏഴ് കൂട്ടാളികളുടെയും മുൻകൂർജാമ്യ ബോണ്ട് കോടതി റദ്ദാക്കിയിരുന്നു. 2020 ഓഗസ്റ്റ് ഒന്നിനകം നസീമടക്കം എട്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും സിജെഎം ഉത്തരവിട്ടിരുന്നു. മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. നസീമിനെതിരെ കുരുക്ക് മുറുകുന്നുവെന്ന് മനസിലാക്കിയ പിണറായി സർക്കാർ കേസ് അപ്പാടെ പിൻവലിക്കാൻ ഉത്തരവ് ഇറക്കുകയായിരുന്നു. നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തിൽ സർക്കാരിനെതിരായ സമരത്തിൽ പൊതുമുതൽ നശിപ്പിക്കുന്ന പക്ഷം കർശന നടപടിയെടുക്കുമെന്ന് 6 മണി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച അതേ ആഭ്യന്തര മന്ത്രി പിണറായി വിജയൻ തന്നെയാണ് തന്റെ സ്വന്തം പാർട്ടിക്കാരുൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

അതേ സമയം നസീമിനെ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ വധശ്രമ കേസിൽ കന്റോൺമെന്റ് പൊലീസ് ജൂലൈ 15 ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ വേളയിൽ റിമാന്റ് റിപ്പോർട്ടിൽ ഈ കേസിന്റെ വിവരം പൊലീസ് മറച്ച് വച്ചു. വാറണ്ട് പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടു പോലും മ്യൂസിയം പൊലീസ് കണ്ണടച്ച് ഇരുട്ടാക്കി. ഭരണ കക്ഷിയുടെ മാനസ പുത്രനായതിനാലാണ് മ്യൂസിയം പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

തന്റെ അതിർത്തി സ്റ്റേഷനിൽ ലഭിച്ച വാറണ്ട് പ്രതിയെ മറ്റൊരു കോടതിയിൽ ഹാജരാക്കിയതറിഞ്ഞാൽ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ച കോടതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ സമർപ്പിച്ച് ജയിലിൽ നിന്നും പ്രതിയെ കോടതിയിൽ വരുത്തി അറസ്റ്റ് രേഖപ്പെടുത്തണമെന്നതാണ് കേരള പൊലീസ് മാന്വലിലും ക്രിമിനൽ റൂൾസ് ഓഫ് പ്രാക്റ്റീസിലും നിഷ്‌ക്കർഷിക്കുന്നത്. ഭരണകക്ഷിക്ക് വേണ്ടി ചട്ടങ്ങളെല്ലാം പൊലീസ് കാറ്റിൽ പറത്തി.

2017 ഏപ്രിൽ 10 മുതൽ 2019 ജൂൺ 10 വരെ വിവിധ മാസങ്ങളിലായി 13 തവണ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടു പോലും നസീമിനെയും കൂട്ടാളികളെയും പിടികൂടാൻ മുട്ടുവിറച്ച മ്യൂസിയം പൊലീസ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ വാറണ്ടുകൾ ഒന്നൊന്നായി പല പല കാരണങ്ങൾ എഴുതി കോടതിക്ക് തിരിച്ചയച്ചു. പ്രതികളുടെ വീട് താഴിട്ടു പൂട്ടിയിരിക്കുന്നു , കേസ് വിവരം മനസ്സിലാക്കി ഒളിവിൽ പോയി , താമസം മാറി പോയി സ്ഥലവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നറിയില്ല , വിഐപി ഡ്യൂട്ടിയുള്ളതിനാൽ സമയം കിട്ടിയില്ല സാവകാശം വേണം തുടങ്ങിയ കാരണങ്ങൾ രേഖപ്പെടുത്തിയാണ് വാറണ്ടുകൾ മടക്കിയത്. പ്രതിയെ സ്ഥലത്ത് പോയി തിരക്കാതെ സ്റ്റേഷൻ റൈറ്റർ സ്റ്റേഷനിൽ ഇരുന്ന് എഴുതി സി ഐ ഒപ്പിട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു എന്ന ആരോപണമാണുയർന്നിരിക്കുന്നത്.

പൊതു മുതൽ നശിപ്പിച്ചതിന് നസീമിനും കൂട്ടാളികൾക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസിന്റെ അനാസ്ഥയും അലംഭാവവും കാരണം ഓരോ തവണയും വാറണ്ട് എഴുതിയെഴുതി കൈ കുഴയുന്നത് കോടതിയിൽ വാറണ്ട് എഴുതുന്ന പ്രോസസ്സ് ക്ലാർക്കിനാണ്. കൂടാതെ ഓരോ തവണയും കേസും പ്രതികളുടെ പേരും വിളിച്ച് കോടതിയുടെ വിലപ്പെട്ട സമയവും പാഴാകുന്നു. സമയക്കുറവ് കാരണം സാക്ഷി വിസ്താരങ്ങളും മൊഴിയെടുപ്പും പൂർത്തീകരിക്കാതെ മറ്റു തീയതികളിലേക്ക് മാറ്റി വയ്‌ക്കേണ്ടിയും വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP