Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടംകയറി മുടിയാൻ കാരണം മങ്ങാട്ട് സഹോദരന്മാർ; തട്ടിപ്പിന് കൂട്ടുനിന്നത് ഓഡിറ്റർമാരായ എൺസ്റ്റ് ആൻഡ് യങ്; സാമ്പത്തിക ഇടനിലക്കാരായത് ബാങ്ക് ഓഫ് ബറോഡ; എൻഎംസി ഹെൽത്ത് കെയറിലെ ക്രമക്കേടുകൾക്ക് 8 ബില്യൻ ഡോളറിന്റെ നഷ്ടപരിഹാര കേസ് നൽകി ബി.ആർ.ഷെട്ടി

കടംകയറി മുടിയാൻ കാരണം മങ്ങാട്ട് സഹോദരന്മാർ; തട്ടിപ്പിന് കൂട്ടുനിന്നത് ഓഡിറ്റർമാരായ എൺസ്റ്റ് ആൻഡ് യങ്; സാമ്പത്തിക ഇടനിലക്കാരായത് ബാങ്ക് ഓഫ് ബറോഡ; എൻഎംസി ഹെൽത്ത് കെയറിലെ ക്രമക്കേടുകൾക്ക് 8 ബില്യൻ ഡോളറിന്റെ നഷ്ടപരിഹാര കേസ് നൽകി ബി.ആർ.ഷെട്ടി

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: കടം കയറി വശം കെട്ട എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനായ പ്രവാസി വ്യവസായി ബി.ആർ.ഷെട്ടി 8 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടപരിഹാര കേസ് നൽകി. പ്രമുഖ ഓഡിറ്റർമാരായ എൺസ്റ്റ് ആൻഡ് യങ് (ഇവൈ), എൻഎംസിയുടെ രണ്ട് മുൻ ഉന്നത ഉദ്യോഗസ്ഥർ, രണ്ടുബാങ്കുകൾ എന്നിവർക്ക് എതിരെയാണ് കേസ്. യുഎസ് കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. എൻഎംസി ഗ്രൂപ്പിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. കേസിൽ ഒരു കഴമ്പുമില്ലെന്നും തങ്ങൾ അതിനെ ശക്തമായി നേരിടുമെന്നും 'ഇവൈ' പ്രതികരിച്ചു.

എൻഎംസിയുടെ സാമ്പത്തിക അച്ചടക്കത്തെ ഷോർട്ട് സെല്ലറായ മഡി വാട്ടേഴ്‌സ് കഴിഞ്ഞ വർഷം ചോദ്യം ചെയ്തതോടെയാണ് ഇന്ത്യൻ വ്യവസായിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ കുഴപ്പത്തിലേക്ക് നീങ്ങിയത്. പിന്നീട് ആദ്യം കണ്ടെത്തിയതിനേക്കാൽ വലിയ സാമ്പത്തിക തട്ടിപ്പ് ആണ് എൻഎംസിയിൽ നടന്നതെന്നും ഷെട്ടിക്കും തട്ടിപ്പ് അറിയാമായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ, തന്റെ വിശ്വസ്തരായ ചിലരുടെ വഞ്ചനയാണ് തട്ടിപ്പെന്നും താൻ നിരപരാധിയെന്നും ആണ് ഷെട്ടി ആവർത്തിച്ച് സ്വീകരിച്ച് നിലപാട്.

വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ഷെട്ടിയുടെ ആസ്തികൾ മരവിപ്പിക്കാൻ യുകെ കോടതി ഉത്തരവിട്ടതിന് പിന്നാലെയുള്ള നീക്കമാണ് ഇപ്പോൾ ഷെട്ടി നടത്തിയിരിക്കുന്നത്. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ അപേക്ഷ പ്രകാരമായിരുന്നു കോടതി വിധി. ഇന്ത്യയിലും ദുബായിലും ഷെട്ടിയുടെ കമ്പനികൾ വാങ്ങിയ വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ നിയമപോരാട്ടം നടത്തി വരുന്നു. കഴിഞ്ഞ വർഷം യുഎഇ സെൻട്രൽ ബാങ്ക് ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ എൻഎംസിയിലെയും ഫിനാബ്ലറിലെയും തന്റെ മുൻ സിഇഒ മാരും മലയാളികളുമായ പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവർക്കെതിരെ ഷെട്ടി ഇന്ത്യയിൽ പരാതി നൽകിയിരുന്നു. 2012 മുതൽ ഇവർ തന്റെ കമ്പനിയിൽ സാമ്പത്തിക ക്രമക്കേട് കാട്ടിയെന്നായിരുന്നു പരാതി.

എല്ലാറ്റിനും കാരണം മങ്ങാട്ട് സഹോദരന്മാരെന്ന് ഷെട്ടി

കഴിഞ്ഞാഴ്ച ന്യൂയോർക്കിലെ യുഎസ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും മങ്ങാട്ട് സഹോദരന്മാർക്ക് എതിരായ ആരോപണങ്ങൾ ഷെട്ടി ആവർത്തിച്ചു. അനധികൃതമായി നേടിയെടുത്ത വായ്പാ തട്ടിപ്പിനെ കുറിച്ച് വിവരം കിട്ടിയിട്ടും എൺസ്റ്റ് ആൻഡ് യങ് വ്യാജ ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക റിപ്പോർട്ടുകളും ഇറക്കി എന്നും പരാതിയിൽ ആരോപിക്കുന്നു. മങ്ങാട്ട് സഹോദരന്മാരുമായി ചേർന്ന് ഇവൈ, തട്ടിപ്പ് മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നും 105 പേജുള്ള ഹർജിയിൽ പറയുന്നു.

തങ്ങളുടെ ന്യൂയോർക്കിലെയും യുഎഇയിലെയും ബ്രാഞ്ചുകൾ വഴി ബാങ്ക് ഓഫ് ബറോഡയും ഈ തട്ടിപ്പിന്റെ മുഖ്യഇടനിലക്കാരായി. നെതർലൻഡ്‌സിലെ ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് തട്ടിപ്പ് ബോധ്യമായിട്ടും വായ്പ നൽകുന്നതും ഫീസ് ഈടാക്കുന്നതും തുടർന്നുവെന്നും ബി.ആർ.ഷെട്ടിയുടെ യുഎസ് സുപ്രീം കോടതിയിലെ പരാതിയിൽ ആരോപിക്കുന്നു.

ആരോപണങ്ങൾ നിഷേധിച്ച് മങ്ങാട്ട് സഹോദരന്മാരും ബാങ്കുകളും

മങ്ങാട്ട് സഹോദരന്മാരുടെ വക്താവ് ഈ ആരോപണങ്ങൾ നേരത്തെ നിഷേധിച്ചിരുന്നു. പുതിയ സംഭവ വികാസത്തോട് അവർ പ്രതികരിച്ചിട്ടില്ല. ബാങ്ക് ഓഫ് ബറോഡയും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം, ഷെട്ടിയുടെ ആരോപണങ്ങൾക്ക് നിയമപരമായോ വസ്തുതാപരമായോ സാധുതയില്ലെന്ന് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പറഞ്ഞു.

എൻഎംസിയിലെ സാമ്പത്തിക തട്ടിപ്പ് തന്നെ സാമ്പത്തികമായി തകർത്തുകളഞ്ഞുവെന്നും 7 ബില്യൺ യുഎസ് ഡോളറിലേറെ നഷ്ടം വരുത്തിയെന്നും ഷെട്ടി പരാതിയിൽ പറഞ്ഞു. ഷെട്ടിക്ക് 49 ശതമാനം ഓഹരിയുള്ള നിയോഫാർമയ്ക്ക് ഒരുബില്യൺ യുഎസ് ഡോളറും നഷ്ടമുണ്ടായതായാണ് വാദം.

ഷെട്ടിയെ പൂട്ടിയത് ലണ്ടൻ കോടതി ഉത്തരവ്

അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയർ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഷെട്ടിയുടെ മാത്രമല്ല, മറ്റുഓഹരി ഉടമകളുടെയും മലയാളിയായ പ്രശാന്ത് മങ്ങാട്ട് അടക്കം മുൻ ഉന്നത എക്ലിക്യൂട്ടീവുകളുടെയും ആസ്തികൾ മരവിപ്പിക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടിരുന്നു. പ്രശാന്ത് മങ്ങാട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്. ഉത്തരവിൽ പരാമർശിച്ചിട്ടുള്ള ഷെട്ടി അടക്കം ഒരുവ്യക്തിക്കും, ലോകത്തെവിടെയും ഉള്ള ആസ്തികൾ വിറ്റഴിക്കാനാവില്ല. ഷെട്ടിയുടെ ആസ്തികൾ മരവിപ്പിക്കാൻ ദുബായ് കോടതിയും ഉത്തരവിട്ടിരുന്നു. പണം വായ്പ നൽകിയവർ കേസ് കൊടുത്തതോടെയാണ് എൻഎംസിയുടെയും, ഷെട്ടിയുടെയും ആസ്തികൾ മരവിപ്പിച്ചത്.

ലണ്ടൻ കോടതി ഉത്തരവ് ഷെട്ടിയെയും മുൻ എക്സിക്യൂട്ടീവുകളെയും കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രശാന്ത് മങ്ങാട്ട് പാലക്കാട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി അടക്കം നിരവധി ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ഉടമസ്ഥനാണ്. പ്രശാന്ത് മങ്ങാട്ടും എൻഎംസിയിലെ മറ്റ് മുൻ എക്സിക്യട്ടീവുകളും ഇന്ത്യയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എൻഎംസി സാമ്പത്തിക ക്രമക്കേട് വിവാദമായതോടെ ഇവരെല്ലാം ഗൾഫിൽ നിന്ന് മുങ്ങി.

എൻഎംസിക്ക് ഏറ്റവുമധികം വായ്പ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു യുകെ കോടതി നടപടി. 4 ബില്യൻ ദിർഹമാണ് അബുദാബി കൊമേഴ്സ്യൽ ബാങ്കിന് എൻഎംസി നൽകാനുള്ളത്. ഫിനാൻഷ്യൽ ടൈംസിലെ റിപ്പോർട്ട് പ്രകാരം അബുദാബി ബാങ്കിന്റെ പരാതിയിൽ സ്ഥാപക ഉടമയായ ബി.ആർ.ഷെട്ടിയെയാണ് സാമ്പത്തിക തട്ടിപ്പിൽ സൂത്രധാര സ്ഥാനത്ത് നിർത്തുന്നത്. മുൻ മാനേജ്മെന്റിന്റെ കൊള്ളരുതായ്മകൾ തന്റെ അറിവോടെ അല്ലെന്ന ഷെട്ടിയുടെ അവകാശവാദമാണ് അബുദാബി കൊമേഴ്സ്യൽ ബാങ്ക് പരാതിയിൽ തള്ളിക്കളഞ്ഞത്.

കഴിഞ്ഞ വർഷമാദ്യം ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി ഇറക്കിയ പ്രസ്താവനകളിൽ എല്ലാം താൻ നിരപരാധിയെന്നും പ്രശാന്ത് മങ്ങാട്ടും കൂട്ടരുമാണ് കുഴപ്പക്കാരെന്നുമാണ് സമർത്ഥിക്കാൻ ശ്രമിച്ചത്. നവംബറിൽ യുഎഇയിലേക്ക് മടങ്ങാനും ഷെട്ടി ശ്രമിച്ചിരുന്നു.

എന്നാൽ, ഇന്ത്യയിലെ ഒരുകോടതി ഉത്തരവിന്റെ പേരിൽ ബംഗളൂരു വിമാനത്താവളത്തിൽ ഷെട്ടിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തന്റെ മുൻ എക്സ്‌കിക്യൂട്ടീവുകൾ കാട്ടിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും ഷെട്ടി ഇന്ത്യൻ അധികൃതരോട് ഔദ്യോഗികമായി ആഭ്യർത്ഥിച്ചിരുന്നു.

എൻഎംസിയിലെ ക്രമക്കേട് കണ്ടുപിടിച്ചത് ഒരുവർഷം മുമ്പ്

ബില്യൺ കണക്കിന് ദിർഹം എൻഎംസിയുടെ ബാങ്ക് വായ്പകളിൽ നിന്നും മറ്റും വക മാറ്റി ചെലവഴിക്കുകയായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ എൻഎംസിയിൽ വർഷങ്ങളായി നടന്ന ക്രമക്കേടുകളാണ് കഴിഞ്ഞ വർഷം പൊന്തി വന്നത്. എത്ര തുകയുടെ വെട്ടിപ്പാണ് നടന്നത് എന്നതിന്റെ ക്യത്യമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളു. ചില കണക്കുകൾ പ്രകാരം 4 ബില്യൻ ഡോളറിലധികം തുകയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്.

2020 ൽ എൻഎംസിയുടെ പ്രവർത്തനത്തിൽ ആരോഗ്യകരമായ പ്രകടനം കാഴ്ച വച്ചു. നടത്തിപ്പിൽ മാത്രമല്ല, അപ്രധാന ആസ്തികൾ വിറ്റ് മാറ്റുന്നതിനും കടം തീർക്കുന്നതിലുമാണ് ഗ്രൂപ്പ് ശ്രദ്ധ പുലർത്തിയത്. കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, ഷെട്ടിക്കും കൂട്ടർക്കും എതിരെ നടക്കുന്ന അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കാൻ എൻഎംസി മാനേജ്മെന്റ് വിസമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP