Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള തീരത്തെ നീലത്തിമിംഗല സാന്നിധ്യത്തിൽ ചർച്ച കൊഴുക്കുന്നു; കൊഞ്ച് കൊതിയനെന്നും ദിവസേന അകത്താക്കുന്നത് നാലുടൺ ചെമ്മീനെന്നും ഗവേഷകർ; ഹൈഡ്രോ ഫോണിലൂടെ ശബ്ദംകേട്ട തിമിംഗലത്തെ കണ്ടെത്തുക ശ്രമകരം; കടൽരാജാവിൽ കൂടുതൽ പഠനം

കേരള തീരത്തെ നീലത്തിമിംഗല സാന്നിധ്യത്തിൽ ചർച്ച കൊഴുക്കുന്നു; കൊഞ്ച് കൊതിയനെന്നും ദിവസേന അകത്താക്കുന്നത് നാലുടൺ ചെമ്മീനെന്നും ഗവേഷകർ; ഹൈഡ്രോ ഫോണിലൂടെ ശബ്ദംകേട്ട തിമിംഗലത്തെ കണ്ടെത്തുക ശ്രമകരം; കടൽരാജാവിൽ കൂടുതൽ പഠനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. തിമിംഗല സാന്നിധ്യം വ്യക്തമാക്കുന്ന ശബ്ദമേണ് ഗവേഷകർ കണ്ടെത്തിയത്. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ മുഖേനയാണിത് സാധ്യമായത്. കേരള തീരത്ത് നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ-നിരീക്ഷണങ്ങൾക്കും വഴി തെളിഞ്ഞു. ഇതിൽ കൂടുതൽ പഠനങ്ങൾക്ക് ഒരുങ്ങുകയാണ് ഗവേഷകർ.

അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ.ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയിൽ വിജയം കണ്ടത്. സമുദ്ര ജീവശാസ്ത്രജ്ഞനും തലസ്ഥാന തീരദേശവാസിയുമായ കുമാർ സഹായരാജുവിന്റെ പിന്തുണയുമുണ്ടായി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർച്ചിൽ ആണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിൽ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സമുദ്ര ശാസ്ത്ര ഗവേഷക വിദ്യാർത്ഥിനി ദിവ്യ പണിക്കർ ലക്ഷദ്വീപ് കടലിൽ നിന്നുള്ള 'നീല തിമിംഗല ഗാനം' റെക്കോർഡു ചെയ്തതാണ് ഈ രംഗത്ത് സമീപ കാലത്തെ ശ്രദ്ധേയ സംഭവം. അതിനു പിന്നാലെയാണ് വിഴിഞ്ഞത്തെ 'നീല' ശബ്ദം. വലിപ്പത്തിൽ ഭീമനാണെങ്കിലും കൊഞ്ച് (ചെമ്മീൻ) കൊതിയനാണ് നീലത്തിമിംഗലം. വേറെ ഒരു മീനിനെയും തിന്നില്ലെന്ന പ്രത്യേകതയുമുണ്ട്. ദിവസേന നാലുടൺ ചെമ്മീൻ അകത്താക്കുന്ന ഇനത്തിൽപ്പെട്ട രണ്ട് തിമിംഗിലങ്ങളാണ് വിഴിഞ്ഞം തീരത്തുകൂടി കടന്നുപോയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ കൊഞ്ചുകൊതിയൻ തിമിംഗിലങ്ങൾ ധാരാളമുണ്ട്. മറ്റൊരിനം തിമിംഗലത്തിനിഷ്ടം കണവയാണ്. എന്നാൽ കില്ലർ വെയ്ൽ എന്നയിനം തിമിംഗലങ്ങൾ ഏതുതരം മീനുകളെയും വായ്ക്കുള്ളിലാക്കും. വിഴിഞ്ഞം കടൽ തിമിംഗിലങ്ങളുടെ ആവാസകേന്ദ്രമല്ല, യാത്രാപാത മാത്രമാണെന്ന് തിമിംഗില ഗവേഷണം നടത്തുന്ന കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ പറഞ്ഞു.

തിമിംഗലങ്ങൾക്ക് പ്രത്യേക ആവാസവ്യവസ്ഥ വേണ്ടെങ്കിലും അന്റാർട്ടിക്കയാണ് ഏറ്റവുമിഷ്ടം. മഞ്ഞുപാളികളും ചെമ്മീൻ പോലുള്ള ക്രിൽ എന്ന ചെറുജീവികൾ ഏറെയുള്ളതുമാണ് കാരണം. ഇന്ത്യയിൽ തിമിംഗലങ്ങളുടെ സാന്നിദ്ധ്യം ഏറെ കണ്ടെത്തിയത് ലക്ഷദ്വീപിലാണ്. എന്നാൽ അവിടെയും ഇവയ്ക്ക് ആവാസമില്ല. കരയിൽ നിന്ന് 20 കിലോമീറ്ററും അതിലധികവും ദൂരത്തിലൂടെയാണ് ഇതിന്റെ യാത്ര. 100 അടി നീളവും 200 ടൺ ഭാരവുമുള്ള (33 ആനകളുടേതിന് സമം) ശരീരവുമായി ആഴം കുറഞ്ഞിടത്തെത്താൻ ഇവയ്ക്ക് കഴിയില്ല. അതിനാൽ മത്സ്യത്തൊഴിലാളികൾ ഭയക്കേണ്ട കാര്യവുമില്ല. കടൽരാജാവ് എന്നാണ് മത്സ്യത്തൊഴിലാളികൾ ഇതിനെ വിളിക്കാറുള്ളതെന്ന് ഡോ.എ. ബിജുകുമാർ പറഞ്ഞു.

വിഴിഞ്ഞം തീരത്തെ തിമിംഗല സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. എത്ര തിമിംഗലങ്ങൾ ഇതുവഴി വരുന്നെന്ന് കണ്ടെത്തണം. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിനുള്ള മറൈൻ നെറ്റ്‌വർക്ക് ഫണ്ടിങ് മാത്രമാണ് തിമിംഗില ഗവേഷണത്തിന് ഇപ്പോൾ ലഭ്യമാകുന്നത്. സർക്കാരിന്റെയോ കേരള സർവകലാശാലയുടെയോ കൂടുതൽ ഫണ്ടിംഗുണ്ടെങ്കിൽ ഗവേഷണം കാര്യക്ഷമമാക്കാം. 2014ൽ കൊല്ലം തങ്കശേരിയിൽ ചത്ത നീലത്തിമിംഗിലം കരയ്ക്കടിഞ്ഞിരുന്നു.തിമിംഗലത്തെ കണ്ടെത്തുന്നത് ഇങ്ങനെകടലിനടിയിൽ നൂറുമീറ്റർ വരെ താഴ്ചയിൽ പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് ഗവേഷണം നടത്തിയത്.

ഇവയുടെ ശബ്ദം റെക്കാഡ് ചെയ്യുന്നത്. ഇത് ഒരെണ്ണത്തിന് ഒന്നരലക്ഷത്തിലേറെ ചെലവുണ്ട്. 10 കിലോമീറ്റർ അകലെ വച്ച് ശബ്ദമുണ്ടാക്കിയാലും ഇതിൽ റെക്കാഡ് ചെയ്യാം. മൂന്നുമാസം വരെ ശബ്ദം റെക്കാഡ് ചെയ്തശേഷം ഡൈവിങ് വിദഗ്ദ്ധരുടെ സഹായത്തോടെ യന്ത്രം തിരിച്ചെടുക്കും.ഇത്രകാലത്തെ ശബ്ദറെക്കാഡിങ് ഡൗൺലോഡ് ചെയ്ത് ഗവേഷകർ ശബ്ദം വിശകലനം ചെയ്താണ് തിമിംഗിലത്തിന്റേത് കണ്ടെത്തുക അഞ്ച് മീറ്ററിനുള്ളിൽ വന്നാലേ വീഡിയോയിൽ കിട്ടൂ,

അതിനാൽ തിമിംഗല സാന്നിദ്ധ്യം കണ്ടെത്താൻ വീഡിയോ ഉപകരണം സ്ഥാപിക്കുക പ്രായോഗികമല്ല. 'തിമിംഗിലങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതൽ പഠനം നടത്തുമെന്നും ഡോ. എ ബിജുകുമാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP