Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നാടകത്തോടുള്ള ആത്മാർഥത മൂലം സിനിമ പോലും വേണ്ടെന്ന് വെച്ച നടൻ; അഭിനയ പാഠവം കണ്ട് സിനിമയിലേക്ക് കൂട്ടിക്കൊണ്ടു വന്നത് രാജസേനൻ; കെ.ടി.എസ് പടന്നയിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ചത് കൈപ്പേറിയ ജീവിതാനുഭവങ്ങൾക്കിടയിൽ

നാടകത്തോടുള്ള ആത്മാർഥത മൂലം സിനിമ പോലും വേണ്ടെന്ന് വെച്ച നടൻ; അഭിനയ പാഠവം കണ്ട് സിനിമയിലേക്ക് കൂട്ടിക്കൊണ്ടു വന്നത് രാജസേനൻ; കെ.ടി.എസ് പടന്നയിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ചത് കൈപ്പേറിയ ജീവിതാനുഭവങ്ങൾക്കിടയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ് കെ.ടി.എസ് പടന്നയിൽ. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ മോണ കാട്ടിയുള്ള ചിരി തന്നെ കാണുന്നവരിൽ സന്തോഷവും ചിരിയും വിരിയിക്കുന്നതായിരുന്നു.

പക്ഷേ, ആ ചിരിക്കു പിന്നിൽ ജീവിതത്തിന്റെ കയ്പുണ്ടായിരുന്നു. ജീവിത ദുരിതങ്ങൾ ഒരുപാട് താണ്ടിയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത്. മൂന്ന് നാൾ അടുപ്പിച്ചു പട്ടിണി കിടന്ന ബാല്യത്തെപ്പറ്റി കെ.ടി.എസ്. പടന്നയിൽ പറഞ്ഞിട്ടുണ്ട്. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന കാലത്ത് താൻ അനുഭവിച്ച ദുരിതങ്ങൾ ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ലത്.

പണമില്ലാഞ്ഞതിനാൽ പഠിപ്പു നിർത്തി. മില്ലിൽ നൂൽ നൂൽക്കലും ചകിരിയെണ്ണലുമായി കൂലിപ്പണിയെടുത്തു. കല്ലു ചുമന്നു, കരിങ്കല്ലു തല്ലി... അതെ. നോവിച്ച ജീവിതം മറന്നാണു പടന്നയിൽ സിനിമയിൽ ചിരിച്ചതും ചിരിപ്പിച്ചതും. ' ഹ...ഹ....ഹ' എന്ന മോണകാട്ടിയുള്ള അദ്ദേഹത്തിന്റെ പൊട്ടിച്ചിരി പ്രേക്ഷകരുടെ മനസ്സിലേക്കാണ് ആഴ്ന്നിറങ്ങിയിട്ടുള്ളത്.

'എന്റെ മകനാണ് ഇവൻ... ഇവന്റെ മകനാണ് അവൻ... അവന്റെ മകനാണ് അവൻ, പ്രേമചന്ദ്രൻ....' 'അനിയൻ ബാവ, ചേട്ടൻ ബാവ' എന്ന ചിത്രത്തിലെ ഒറ്റ ഡയലോഗിലൂടെ ചലച്ചിത്രാസ്വാദകരെ കുടുകുടാ ചിരിപ്പിച്ച പടന്നയിലിനെ സിനിമ കണ്ടവർ മറക്കില്ല. 'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം' എന്ന സിനിമയിലെ 'ചിക്കൻ ഇച്ചിരി മുറ്റാ' എന്ന ഡയലോഗും സമൂസ ആണെന്നു കരുതി പന്നിപ്പടക്കം കടിക്കുന്ന 'വാമനപുരം ബസ് റൂട്ടി'ലെ കഥാപാത്രവും മലയാളിക്കു ചിരി സമ്മാനിച്ചു.

നാടകത്തിലെ കെ.ടി.എസിന്റെ അഭിനയം കണ്ടതാണു സംവിധായകൻ രാജസേനൻ 'അനിയൻ ബാവ, ചേട്ടൻ ബാവ'യിലൂടെ ചലച്ചിത്രലോകത്തേക്കു പടന്നയിലിനു കവാടം തുറന്നത്. എന്നാൽ നാടകത്തോടുള്ള ആത്മാർഥത മൂലം വർഷങ്ങൾക്ക് മുന്നേ സിനിമയിൽ കിട്ടിയ അവസരം വേണ്ടെന്നുവച്ച സന്ദർഭങ്ങളുമുണ്ട്.

ചങ്ങനാശ്ശേരി 'ഗീഥ'യിൽ അഭിനയിക്കുന്ന കാലത്ത് ഷീലയും സത്യനും നായികാനായകരായ സിനിമയിൽ സുഹൃത്ത് സി.പി. ആന്റണി പടന്നയിലിനു വേഷം നൽകിയെങ്കിലും പകരക്കാരനില്ലാതെ നാടകസമിതി വിഷമിക്കുമെന്നോർത്ത് അദ്ദേഹം സിനിമ വേണ്ടെന്നുവച്ചു. ഇതറിഞ്ഞ ആന്റണി പടന്നയിലിനോടു തെറ്റി. പിന്നീടു സിനിമയിൽ സജീവമായശേഷം പടന്നയിൽ ആന്റണിയെ കാണാൻ ചെന്നു. ആന്റണിയുടെ വെല്ലുവിളി തന്നെയൊരു വാശിക്കാരനാക്കിയ കാര്യം പറഞ്ഞു. സുഹൃത്തുക്കൾ പരസ്പരം ആശ്ലേഷിച്ചു.

കെ.ടി.എസ്.പടന്നയിലിന്റെ പിതാവ് കൊച്ചുപടന്നയിൽ തായി അറിയപ്പെടുന്ന ഉടുക്കു വാദകനും കോൽക്കളി, കാവടിച്ചിന്ത് കലാകാരനുമായിരുന്നു. ആരോടും പരാതി പറയാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതേ വഴിയിലാണു നാടകസിനിമാ രംഗത്തു കെ.ടി.എസും ജീവിച്ചത്.

ഒരിക്കലും അദ്ദേഹം കണക്കുപറഞ്ഞു പ്രതിഫലം വാങ്ങിയില്ല. ഒടുവിൽ ആ പൊട്ടിച്ചിരി തിരശ്ശീലയ്ക്ക് പിന്നിലൊളിപ്പിച്ച് അദ്ദേഹം യാത്രയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP