Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താം തരം തുല്യതാ പരീക്ഷ: മാവേലിക്കരയിൽ ഒരു വീട്ടിൽ നിന്നും നാല് പേർ പരീക്ഷ എഴുതും

പത്താം തരം തുല്യതാ പരീക്ഷ: മാവേലിക്കരയിൽ ഒരു വീട്ടിൽ നിന്നും നാല് പേർ പരീക്ഷ എഴുതും

സ്വന്തം ലേഖകൻ

ആലപ്പുഴ: തുല്യതാ പരീക്ഷ എഴുതാനായി പല പരീക്ഷാ കേന്ദ്രങ്ങളിലും എത്തുന്നത് ഒരു വീട്ടിൽ നിന്നുതന്നെയുള്ള ഉറ്റവർ. ഒരു വീട്ടിൽ നിന്നും നാല് പേർ പരീക്ഷ എഴുതുന്നത് മാവേലിക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ഇതിൽ ഇരട്ട സഹോദരിമാരുമുണ്ട്. ചെങ്ങന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പഠിതാക്കളായിരുന്ന അമലയും അഖിലയും ഇരട്ട സഹോദരിമാരാണ്. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ സ്വപ്നാരാജും സുജിതകുമാരിയും ഇവർക്കൊപ്പം പരീക്ഷ എഴുതും. ഇവർ നാലുപേരും കൊമേഴ്സ് വിഭാഗം ഒന്നാം വർഷ തുല്യതാ പഠിതാക്കളാണ്.

കൂടാതെ അമ്മയും മകളും, ഉമ്മയും മകനും, ഭാര്യയും ഭർത്താവും, ഇരട്ട സഹോദരങ്ങൾ തുടങ്ങി ഉറ്റവരായ നിരവധി പേർ ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതാനായി വിവിധ കേന്ദ്രങ്ങളിലെത്തും. ജൂലൈ 26 മുതൽ 31 വരെയാണ് തുല്യതാ പരീക്ഷ നടക്കുന്നത്. ഒന്നും രണ്ടും വർഷങ്ങളിലായി ആകെ 1559 പേരാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇതിൽ 1022 പേർ സ്ത്രീകളാണ്. എസ്.സി. വിഭാഗത്തിൽപ്പെട്ട 230 പേരും എസ്.ടി. വിഭാഗത്തിൽ നിന്നും രണ്ടുപേരും തുല്യതാ പരീക്ഷ എഴുതും.

പുലിയൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ പുലിയൂർ കിഴക്കതിൽ എം ടി. രാധാമണി തന്റെ മകൾ സുനിതയുടെ കൈ പിടിച്ചാവും പരീക്ഷയ്ക്ക് എത്തുക. അമ്മയും മകളും മാവേലിക്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പരീക്ഷ എഴുതുക. പൂച്ചാക്കൽ ഏലൂർ നികർത്തിൽ സൈനബ ബീവിയും മകൻ അബ്ദുൾ ഇർഫാനും തിരുനല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് തുല്യതാ പഠനം നടത്തിയത്. ഇരുവരും ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതും. ഭരണിക്കാവ് ബ്ലോക്കിലെ പഠിതാക്കളായിരുന്ന ജലജയും മകൾ ചിത്രയും മാവേലിക്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെത്തി പരീക്ഷ എഴുതും. ഇവർ പാലമേൽ പഞ്ചായത്തിലാണ് താമസിക്കുന്നത്.

പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ദമ്പതിമാരുമുണ്ട്. ചെങ്ങന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിച്ച് പരീക്ഷ എഴുതുന്ന ഷിബുരാജനും ഭാര്യ അശ്വതിയും ഹ്യുമാനിറ്റീസ് ബാച്ചിൽ ഒരേ ക്ലാസിലെ പഠിതാക്കളായിരുന്നു. ഇരുവരും രണ്ടാം വർഷ പരീക്ഷയാണ് എഴുതുന്നത്. മാവേലിക്കര സ്‌കൂളിലാണ് ഇവരുടെ പരീക്ഷാകേന്ദ്രം. ഭരണിക്കാവ് പഞ്ചായത്തിൽ നിന്നുള്ള ദമ്പതിമാരായ ശ്രീകുമാറും ശ്രീകുമാരിയും മാവേലിക്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെത്തി പരീക്ഷ എഴുതും. ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏംഗൽസ് ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷ എഴുതുമ്പോൾ തൊട്ടടുത്ത ബഞ്ചിലിരുന്ന് ഭാര്യ ദിവ്യ രണ്ടാം വർഷ പരീക്ഷ എഴുതും. തിരുനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പഠിതാക്കളായ ഇവർ തൈക്കാട്ടുശേരി പഞ്ചായത്തിലാണ് താമസിക്കുന്നത്. ഇതേ സ്‌കൂളിൽ തണ്ണീർമുക്കം സ്വദേശികളായ രജിമോനും ഭാര്യ നിഷയും തുല്യതാ പരീക്ഷ എഴുതും.

ചേർത്തല ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മൂന്ന് സഹോദരങ്ങൾ പരീക്ഷയ്ക്ക് എത്തും. പാണാവള്ളി നിധീഷ് ഭവനത്തിൽ നിസമോൾ പി.കെ, സരിഗ പി.കെ, നിധീഷ് കെ എന്നിവർ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയാണ് എഴുതുക. നിധീഷ് സാക്ഷരതാ മിഷന്റെ ഏഴാംതരം തുല്യതയും പത്താം തരം തുല്യതയും വിജയിച്ചാണ് ഇപ്പോൾ ഹയർ സെക്കണ്ടറിയിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP