Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'റെഡ് ആർമി കണ്ണൂർ ആൻഡ് പി.ജെ ബോയ്സ്' ഈ സംഘത്തെ കണ്ടെത്താൻ അന്വേഷണം; പോസ്റ്റ് ചെയ്തത് വടകരയിലെ നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് പരിധിയിൽ നിന്ന്; സിസിടിവികൾ അരിച്ചു പെറുക്കുന്നു; രമയ്ക്ക് കിട്ടിയ ഭീഷണി കത്തുമായി പൊലീസ് കണ്ണൂരിലേക്ക്

'റെഡ് ആർമി കണ്ണൂർ ആൻഡ് പി.ജെ ബോയ്സ്' ഈ സംഘത്തെ കണ്ടെത്താൻ അന്വേഷണം; പോസ്റ്റ് ചെയ്തത് വടകരയിലെ നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് പരിധിയിൽ നിന്ന്; സിസിടിവികൾ അരിച്ചു പെറുക്കുന്നു; രമയ്ക്ക് കിട്ടിയ ഭീഷണി കത്തുമായി പൊലീസ് കണ്ണൂരിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

വടകര: കെ.കെ.രമയ്ക്ക് ലഭിച്ച ഭീഷണിക്കത്തിൽ പൊലീസിന്റെ അതിവേഗ അന്വേഷണം. നേരത്തെ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിന് കിട്ടിയ ഭീഷണിയിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. എന്നാൽ കത്തിന് പിന്നിൽ കണ്ണൂരിലെ പിജെ ബോയിസ് ആണെന്ന സംശയത്തിൽ കാര്യക്ഷമമായ ഇടപെടലാണ് പൊലീസ് നടത്തുന്നത്. വടകര പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

രമയ്ക്ക് അയച്ച ഭീഷണി കത്ത് വടകരയിലെ നട്ട് സ്ട്രീറ്റ് തപാൽ ഓഫിസിന്റെ പരിധിയിയിൽനിന്നു പോസ്റ്റ് ചെയ്തതാണെന്നു പൊലീസ് കണ്ടെത്തി. അന്വേഷണ സംഘം തപാൽ ഓഫിസിൽ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കത്തിന്റെ പുറത്തുള്ള സീലിൽ കോഴിക്കോട് എന്നതിനു പുറമേ സ്ട്രീറ്റ് എന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ.

തുടർന്ന് ജില്ലയിലുള്ള തപാൽ ഓഫിസുകളിൽ സ്ട്രീറ്റ് എന്ന പേരു വരുന്ന സ്ഥലങ്ങൾ അന്വേഷിച്ച ശേഷമാണ് നട്ട് സ്ട്രീറ്റിലാണെന്നു കണ്ടെത്തിയത്. ഈ ഓഫിസിൽ സ്ഥാപിച്ച ഒരു തപാൽ പെട്ടിക്കു പുറമേ 3 എണ്ണം കൂടി സമീപത്തെ റോഡരികിലുമുണ്ട്. ഇതിൽ ഏതിൽ ആരാണ് പോസ്റ്റ് ചെയ്തതെന്നു കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിക്കും. എല്ലാ പെട്ടികൾക്കു സമീപവും ക്യാമറകളുള്ള സ്ഥാപനമില്ലാത്തതു തിരിച്ചടിയാകും.

കത്തിന്റെ ഉറവിടം തേടി പൊലിസ് അന്വേഷണം കണ്ണുർ ജില്ലയിലേക്കും എത്തിയിട്ടുണ്ട്. റെഡ് ആർമി കണ്ണൂർ ആൻഡ് പി.ജെ ബോയ്സ് എന്ന പേരിലുള്ള കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ പരാമർശിക്കുന്ന ചില കാര്യങ്ങൾ കണ്ണുരുമായി ബന്ധപ്പെട്ടുള്ളതുകൊണ്ടാണ് അന്വേഷണം കണ്ണുരിലേക്ക് നീട്ടാൻ പൊലിസ് തീരുമാനിച്ചത്.

നിലവിൽ വടകര പൊലിസാണ് കേസ് അന്വേഷിക്കുന്നത്.നേരത്തെ ടി.പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട പ്രതികൾക്കോ മറ്റുള്ളവർക്കോ ഇപ്പോൾ ലഭിച്ച ഭീഷണിക്കത്തുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. തലശേരി, ന്യുമാ ഹി, പാനൂർ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. സിപിഎമ്മിന് തലവേദനയാകുന്ന സംഘങ്ങളുണ്ടെങ്കിൽ അവരെ പിടിക്കാനാണ് നീക്കം. ആകാശ് തില്ലങ്കേരി ഗ്യാങിന് കത്ത് അയയ്ക്കലിൽ പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

അതിനിടെ രമയ്ക്കു കിട്ടിയതായി പറയുന്ന ഭീഷണി കത്തിനു പിറകിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണെന്ന സംശയം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഫേസ്‌ബുക് പോസ്റ്റും വന്നു കഴിഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റ് വന്നപ്പോൾ കോൺഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണി കത്ത് വന്ന കാര്യവും രാഷ്ട്രീയ നേതാവിന്റെ (പിണറായി വിജയൻ) മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവും ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ പരോക്ഷ വിമർശനം.

ടി.പി. വധക്കേസ് ജനങ്ങൾ മറന്നു പോയ സംഭവമാണെന്നും ജയരാജൻ പറയുന്നു. അക്കാര്യം ലൈവാക്കി നിർത്താനും നിയമസഭയിലെ വിഷയ ദാരിദ്ര്യം പരിഹരിക്കാനുമാണ് യുഡിഎഫിലെ ക്രിമിനൽ രാഷ്ട്രീയ നേതൃത്വം ഇതു ചെയ്തിട്ടുണ്ടാവുകയെന്ന സംശയമാണ് ജയരാജൻ പ്രകടിപ്പിച്ചിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്ത് കെ.കെ രമയുടെ എംഎ‍ൽഎ ഓഫിസിലാണ് വന്നത്. കത്തിൽ രമയ്ക്കെതിരേയും ആർ.എംപി നേതാവ് എൻ.വേണുവിനും ഭീഷണിയുണ്ട്.

മകൻ അഭിനന്ദിനു പുറമേ ആർ.എംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്നും കത്തിലുണ്ട്. ടി.പി വധത്തിന് കാരണം മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണെന്നും കത്തിൽ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എൻ.വേണു വടകര എസ്‌പിക്ക് പരാതി നൽകുകയായിരുന്നു.

ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾക്കെതിരെ വിമർശനമുന്നയിച്ചതിനാണ് തനിക്കെതിരെ ക്വട്ടേഷൻ സംഘങ്ങൾ ഭീഷണി മുഴക്കുന്നതെന്നാണ് വേണുവിന്റെ ആരോപണം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP